UPDATES

മോദി സര്‍ക്കാരിന്റെ ഭേദഗതികള്‍ വിവരാവകാശ നിയമത്തെ മരവിപ്പിക്കുമോ?

സര്‍ക്കാര്‍ നീക്കത്തിനെതിരെ വിവരാവകാശ സംരക്ഷണ പ്രവര്‍ത്തകര്‍

വിവരാവകാശ നിയമത്തിലെ മൂന്നു വകുപ്പുകള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നു. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരുടെയും ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരുടെയും പദവി (rank) ശമ്പളം, കാലാവധി എന്നിവയുമായി ബന്ധപ്പെട്ട വിവരാവകാശ നിയമത്തിലെ മൂന്നു വകുപ്പുകള്‍ ഭേദഗതി ചെയ്യാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഈ വകുപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുമെന്നാണ് നിര്‍ദിഷ്ട ഭേദഗതി. 13, 16, 27 എന്നീ വകുപ്പുകള്‍ ഭേദഗതി ചെയ്യാനാണ് ശുപാര്‍ശ.

നിയമത്തിലെ 13(1), 13(2) വകുപ്പുകള്‍ പ്രകാരം ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍, കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാര്‍ എന്നിവരുടെ കാലാവധി അഞ്ചു വര്‍ഷമോ അല്ലെങ്കില്‍ 65 വയസുവരെയോ ആണ്. നിര്‍ദിഷ്ട ബില്‍ പ്രകാരം അത് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന കാലാവധിയായിരിക്കും.

വകുപ്പ് 13(5) പറയുന്നത് ‘ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ വേതനവും മറ്റു ആനുകൂല്യങ്ങളും, സേവന വ്യവസ്ഥകളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടേതിന് സമാനമായിരിക്കും; ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ഒരു തെരഞ്ഞെടുപ്പ് കമ്മീഷണറുടേതിന് തുല്യമായിരിക്കും.’ നിര്‍ദിഷ്ട ഭേദഗതി പറയുന്നത് അവരുടെ വേതനം ‘കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്നത് പോലെയാകും’ എന്നാണ്. വകുപ്പ് 27 അവരുടെ വേതനം സംബന്ധിച്ചാണ്.

ഈ ഭേദഗതിയുടെ ‘ഉദ്ദേശങ്ങളും കാരണങ്ങളും’ പറയുന്നിടത്ത് സര്‍ക്കാര്‍ പറയുന്നത് ഇങ്ങനെയാണ്. ‘ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈകാര്യം ചെയ്യുന്ന ചുമതലകളും, കേന്ദ്ര, സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരുടെ ചുമതലകളും തീര്‍ത്തും വ്യത്യസ്തമാണ്.. അതുകൊണ്ട് അവരുടെ പദവിയും സേവന വ്യവസ്ഥകളും അതിനനുസരിച്ച് രൂപപ്പെടുത്തേണ്ടതുണ്ട്.’

വിവരാവകാശ നിയമ സംരക്ഷണ (#SaveRTI) പ്രവര്‍ത്തകരുടെ പ്രതികരണം

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്തവും കൊണ്ടുവരാനും ഭരണനിര്‍വഹണത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്താനും പ്രവര്‍ത്തിക്കുന്ന സതര്‍ക് നാഗരിക് സംഘടന്‍ (SNS) പറയുന്നത്- ‘കേന്ദ്ര കമ്മീഷണര്‍മാരുടെ മാത്രമല്ല, സംസ്ഥാന കമ്മീഷണര്‍മാരുടെയും കാലാവധി നിശ്ചയിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതൊരു പിന്തിരിപ്പന്‍ നടപടിയാണ്, ഇപ്പോള്‍ത്തന്നെ ശ്വാസം മുട്ടിയ സംവിധാനത്തിനെ ഇത് കൂടുതല്‍ മരവിപ്പിക്കും.’ എസ് എന്‍ എസ് ട്വീറ്റില്‍ പറഞ്ഞു.

ഭേദഗതികള്‍ സംബന്ധിച്ച രഹസ്യാത്മകത അര്‍ത്ഥവത്തായ പൊതുസംവാദത്തെയോ ചര്‍ച്ചകളെയോ തടഞ്ഞു എന്നാണ് National Campaign for People’s Right to Information (NCPRI)-ലെ അഞ്ജലി ഭരദ്വാജിന്റെ അഭിപ്രായം. “ഭേദഗതിയിലൂടെ അറിയാനുള്ള മൗലികാവകാശങ്ങള്‍ക്കു മേല്‍ ആഘാതം ഉണ്ടാകുന്ന ദശലക്ഷക്കണക്കിനാളുകളുടെ അഭിപ്രായങ്ങള്‍ക്കു സര്‍ക്കാര്‍ ഒരു വിലയും കല്‍പ്പിക്കുന്നില്ല എന്നത് വളരെ ഗുരുതരമായ ഒരു അവസ്ഥയാണ്. കരട് നിയമങ്ങളുടെ പരസ്യമാക്കലും പൊതു സംവാദവും നടത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്ന, നിയമനിര്‍മാണത്തിന് മുമ്പുള്ള ഉപദേശ നയം-2014-ന്റെ നഗ്നമായ ലംഘനമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.”

വിവരാവകാശ നിയമത്തിന് 12 വയസ്; മരണമണി മുഴങ്ങു(ക്കു)ന്നോ?

“വിവരാവകാശനിയമം നല്‍കുന്ന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുടെ പരാതികളും അപ്പീലുകളും തീര്‍പ്പാക്കുന്ന ഇന്‍ഫര്‍മേഷന്‍ കമ്മീഷനുകളുടെ സ്വയംഭരണത്തെ നിര്‍ദിഷ്ട നിയമഭേദഗതി പൂര്‍ണമായും ഇല്ലാതാക്കും. ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരുടെയും കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെയും സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരുടെയും കാലാവധിയും വേതനവും ആനുകൂല്യങ്ങളും ചട്ടങ്ങള്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിന് നിശ്ചയിക്കാനുള്ള അധികാരമാണ് ഭേദഗതി നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഇത് അടിസ്ഥാനപരമായി ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ എന്ന സ്ഥാപനത്തെ ദുര്‍ബലമാക്കുകയും സ്വതന്ത്ര രീതിയില്‍ പ്രവര്‍ത്തിയ്ക്കാനുള്ള അതിന്റെ ശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.’ എന്ന് അഞ്ജലി പറയുന്നു.

വിവരാവകാശ നിയമത്തിലെ ഇപ്പോഴത്തെ വകുപ്പുകള്‍ അനുസരിച്ച് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ തലവന്റെ വേതനവും ആനുകൂല്യങ്ങളും മറ്റ് സേവന വ്യവസ്ഥകളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടേതിന് തുല്യമാണ്. മറ്റു കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരും സംസ്ഥാനത്തെ മുഖ്യ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് തുല്യവും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് സുപ്രീം കോടതി ന്യായാധിപന്റേതിന് തുല്യമായ വേതനമാണ് ലഭിക്കുക. ഇത് പാര്‍ലമെന്റാണ് നിശ്ചയിക്കുന്നത്. ഇതുകൂടാതെ വിവരാവകാശ നിയമ പ്രകാരം ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാര്‍ക്ക് 5 വര്‍ഷ കാലാവധിയാണുള്ളത് (65 വയസ് പ്രായപരിധിക്കുള്ളില്‍).

ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ പദവിയെക്കുറിച്ച് നിയമം ഉണ്ടാക്കുന്ന ഘട്ടത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റിയിലടക്കം വിശദമായ ചര്‍ച്ചകള്‍ നടന്നിരുന്നു. ചര്‍ച്ചയില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ അഭിപ്രായം- ‘നിയമത്തിനു കീഴിലെ പ്രധാനപ്പെട്ട ഒരു പദവിയാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍, ഇത് നിയമനിര്‍മാണത്തിന്റെ ഉദ്ദേശം നടപ്പാക്കുന്നതിന് വേണ്ടിയാണ്. അതുകൊണ്ടുതന്നെ ഇത് പരമാവധി സ്വാതന്ത്ര്യത്തോടും സ്വയംഭരണത്തോടും കൂടി പ്രവര്‍ത്തിക്കേണ്ടതുണ്ട്,’. ഈ ഉദ്ദേശം നടപ്പാക്കാനാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ പദവി നല്‍കിയത്. ഇത് സംബന്ധിച്ച സമിതിയുടെ ശുപാര്‍ശ പാര്‍ലമെന്റ് അംഗീകരിക്കുകയും ചെയ്തു.

“അതുകൊണ്ട്, വിവരാവകാശ നിയമം ഭേദഗതി ചെയ്യുന്നതിന് സര്‍ക്കാര്‍ പറയുന്ന യുക്തികള്‍ തീര്‍ത്തും വ്യാജമാണ്. ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരുടെ ഒഴിവുകള്‍ നികത്തുക, Whistleblowers Protection Act നടപ്പാക്കി വിവരങ്ങള്‍ ആവശ്യപ്പെടുന്നവരുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങി വിവരാവകാശ നിയമത്തില്‍ സര്‍ക്കാരിന്റെ അടിയന്തരശ്രദ്ധ പതിയേണ്ട ഒരുപാട് കാര്യങ്ങളുണ്ട് എന്നതാണ് വാസ്തവം. ഇത്തരം പ്രശ്‌നങ്ങളെ നേരിടാതെ വിവരാവകാശ നിയമം ദുര്‍ബലമാക്കാനാണ് സര്‍ക്കാരിന്റെ ഏക ശ്രദ്ധ എന്നത് ദുരൂഹമാണ്.” അഞ്ജലി പറഞ്ഞു.

ആര്‍ക്കാണ് RTI-യെ പേടി? ജനാധിപത്യത്തില്‍ ജനങ്ങളറിയേണ്ടാത്ത എന്തു രഹസ്യമാണുള്ളത്?

വിവരാവകാശ നിയമത്തിന് ചരമക്കുറിപ്പൊരുങ്ങുന്നു; മോദി അജണ്ട തുറന്നു കാട്ടി കരട് ഭേദഗതികള്‍

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍