UPDATES

ട്രെന്‍ഡിങ്ങ്

പ്രത്യേക പദവി ഇല്ലാതായതോടെ ജമ്മു – കാശ്മീരില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെ? അറിയേണ്ടതെല്ലാം

ഏഴ് പതിറ്റാണ്ട് കാലമായി ആര്‍എസ്എസ് അക്ഷീണം പ്രയത്നിക്കുകയായിരുന്ന ഒരു കാര്യമാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഇന്നലെ നടപ്പാക്കിയത്

ഭരണഘടനയുടെ 370, 35 എ വകുപ്പുകൾ റദ്ദാക്കിക്കൊണ്ട് കാശ്മീരിനുണ്ടായിരുന്ന പദവികൾ എടുത്ത് മാറ്റിയതോടെ ഏഴ് പതിറ്റാണ്ട് കാലം സംസ്ഥാനം നിലനിർത്തിപ്പോന്ന പ്രത്യേക അധികാരങ്ങളാണ് ഇല്ലാതാവുന്നത്. ജമ്മു-കാശ്മീര്‍ എന്ന സംസ്ഥാനം ജമ്മു-കാശ്മീര്‍, ലഡാക്ക് എന്നെ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായി മാറി. ജമ്മു-കാശ്മീരിന് ഇന്ത്യയിലെ ഡല്‍ഹി, പുതുച്ചേരി ഉള്‍പ്പെടെയുള്ള മറ്റേതൊരു കേന്ദ്രഭരണപ്രദേശവും പോലെ സ്വന്തമായി നിയമസഭ ഉണ്ടായിരിക്കും. ലഡാക്ക് സ്വന്തമായി നിയമസഭയില്ലാത്ത ചണ്ഡീഗഡ്‌ പോലെ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കേന്ദ്രഭരണപ്രദേശമായിരിക്കും. ജമ്മു ഹിന്ദു ഭൂരിപക്ഷ മേഖലയും കാശ്മീര്‍ മുസ്ലീം ഭൂരിപക്ഷ മേഖലയും ലഡാക്ക് ബുദ്ധമത ഭൂരിപക്ഷ മേഖലയുമാണ്‌.  ജമ്മു-കാശ്മീരിന് പ്രത്യേകാവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയതോടെ  ഇതുവരെ ബാധകമല്ലാതിരുന്ന, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ബാധകമായ, നിലവിലുള്ള സ്വത്ത് നിയമം മുതൽ ക്രിമിനൽ നിയമം, വിവരാവകാശ നിയമം, വിദ്യാഭ്യാസ നിയമങ്ങൾ ഉൾപ്പെടെ ഇനി ജമ്മു-കാശ്മീരിനും ബാധകമാണ്.

സ്വന്തമായി ഭരണഘടനയും പതാകയുമുണ്ടായിരുന്ന കാശ്മീരിൽ അവിടത്തെ പൗരൻമാർ അനുഭവിച്ച് വന്നിരുന്ന വിശേഷാധികാരങ്ങൾ കൂടിയാണ് ഇല്ലാതാവുന്നത്. കാശ്മീനു പുറത്ത് ജനിച്ച് വളർന്നവര്‍ക്ക് അവിടെ ഭൂമിവാങ്ങിക്കാൻ മുമ്പ് അധികാരമില്ലായിരുന്നു. സംസ്ഥാനത്തെ സ്ഥിര താമസക്കാർക്ക് മാത്രമായിരുന്നു ഇതിന് അവകാശം. 35 എ റദ്ദാക്കിയതോടെ ഇതും ഇനിമുതൽ സാധ്യമാവും. സമാനമായ അവസ്ഥയായിരുന്നു സർക്കാർ ജോലി ഉൾപ്പെടെയുള്ളവയിലും. സംസ്ഥാനത്തെ സര്‍ക്കാര്‍ ജോലി അവിടുത്തുകാര്‍ക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. 370-ആം വകുപ്പ് എടുത്തു കളഞ്ഞതോടെ ഇന്ത്യയിൽ എവിടെയുള്ളവര്‍ക്കും ഇനി കാശ്മീരിലും സമാനമായ അവസരങ്ങൾ ലഭിക്കും.

ഇരട്ട പൗരത്വം, പ്രത്യേക പതാക, ഭരണഘടന, പോലീസ് ഭരണ സംവിധാനം, സാമ്പത്തിക അടയന്തിരാവസ്ഥ , ന്യൂനപക്ഷ സംവരണം, വിവരാവകാശ നിയമം, എന്നിവയായിരുന്നു മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാശ്മീരിന് അധികമായുണ്ടായിരുന്നത്. കാശ്മീർ നിയമസഭയുടെ കാലാവധി 6 വർഷവുമായിരുന്നു.

ആർട്ടിക്കിൾ 370 ഇല്ലാതായതോടെ കാശ്മീര്‍ നിവാസികൾ ഇന്ത്യക്കാര്‍ പൗരൻമാർ മാത്രമായിരിക്കും. ഇന്ത്യൻ പതാക മാത്രം ഔദ്യോഗികമാവും, പോലീസിനെ കേന്ദ്ര സര്‍ക്കാർ നിയന്ത്രിക്കും, സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചാൽ അതും ബാധകമായിരിക്കും. 10 ശതമാനം സാമ്പത്തിക സംവരണം ഉൾപ്പെടെ ന്യൂനപക്ഷ, പിന്നോക്ക സംവരണ സംവിധാനവും നിലവിൽ വരും. വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതിനൊപ്പം കാശ്മീരിലെ നിയമസഭയുടെ കാലാവധി അഞ്ച് വർഷമായി ചുരുങ്ങുകയും ചെയ്യും. ഇന്ത്യയില്‍ ഉടനീളം ബാധകമായ നിയമവ്യവസ്ഥ തന്നെയായിരിക്കും ഇനി കശ്മീരിലും ഉണ്ടാവുക. ഇതനുസരിച്ച് ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് തുടങ്ങിയവയും ഇനി കാശ്മീരില്‍ ബാധകമാവും.

ആർട്ടിക്കിൾ 370യുടെ ഭാഗമായാണ് ആർട്ടിക്കിൾ 35എ നിലവിൽ വന്നത്. ആരൊക്കെയാണ് ജമ്മു- കാശ്മീരിലെ സ്ഥിരം താമസക്കാർ എന്ന് നിർവ്വചിക്കാനുള്ള അധികാരം സംസ്ഥാന നിയമസഭയ്ക്ക് ആർട്ടിക്കിൾ 35എ പ്രകാരമുണ്ട്. സംസ്ഥാനത്തിനു പുറത്തുള്ളവർക്ക് ജമ്മു- കാശ്മീരിൽ ഭൂമി അടക്കമുള്ള ഏത് സ്ഥാവര വസ്തു വാങ്ങുന്നതിനും വിലക്കുണ്ട് ഈ വകുപ്പു പ്രകാരം. സംസ്ഥാനത്തിനു പുറത്തു നിന്നുള്ള ആരും കാശ്മീരിൽ സ്ഥിരമായി വന്നു പാർക്കുന്നതിനെയും തടയുന്നുണ്ട് ആർട്ടിക്കിൾ 35എ. സംസ്ഥാനത്തെ ട്രാന്‍സ്ഫര്‍ ഓഫ് പ്രോപ്പര്‍ട്ടി ആക്ടിലെ സെക്ഷന്‍ 139, 140 എന്നിവ ഇന്നലെ ഒഴിവാക്കിയതോടെ പുറത്തുനിന്നുള്ളവര്‍ക്കും ഇവിടെ ഭൂമി വാങ്ങിക്കാം എന്ന നിലയായി. അതുപോലെ ജമ്മു-കാശ്മീര്‍ ലാന്‍ഡ് ഗ്രാന്‍ഡ്‌സ് ആക്ടില്‍ കൊണ്ടുവന്ന ഭേദഗതി വഴി പുറത്തുനിന്നുള്ളവര്‍ക്ക് സ്വത്ത് പാട്ടത്തിനു നല്‍കാം. ഇന്ത്യയില്‍ നിലനില്‍ക്കുന്ന വഖഫ് നിയമവും ഇനി കാശ്മീരില്‍ ബാധകമാവും.

സംസ്ഥാനത്തിനു പുറത്തു നിന്നുള്ളയാളെ വിവാഹം ചെയ്യുന്ന കാശ്മീരി സ്ത്രീകൾക്ക് ഭൂമിക്കും സ്വത്തിന്മേലും ഉള്ള അവകാശം നഷ്ടമാകുന്ന വ്യവസ്ഥയും ഇതിലുണ്ടായിരുന്നു. ഈ സ്ത്രീയുടെ മക്കള്‍ക്കും ഈ സ്വത്തിന്മേല്‍ അവകാശമുണ്ടായിരുന്നില്ല. കാശ്മീരി സ്ത്രീകളോട് ചെയ്യുന്ന അനീതിയാണ് ഇതെന്ന് ബിജെപി ഏറെക്കാലമായി ഉന്നയിക്കുന്നതാണ്.

പുറത്തുനിന്നുള്ളവര്‍ക്കും കാശ്മീരില്‍ സ്വത്തുവകകള്‍ വാങ്ങാം എന്നായതോടെ ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് കാശ്മീരിലേക്കുള്ള കുടിയേറ്റം ഇനി സാധ്യമാകും. എന്നാല്‍, ഇത് കാശ്മീരിന്റെ ജനസംഖ്യാക്രമ (Demography) ത്തെ തകര്‍ക്കാനുള്ള ആശയമായാണ് ഇതിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

ജമ്മു, കശ്മീർ, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്നതാണ് ഭരണഘടനയിലെ 35എ വകുപ്പ്. 1954 മേയ് 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയതാണിത്. ജമ്മു- കാശ്മീരിൽ സ്ഥിരമായി വസിക്കുന്നവരെ നിർവചിക്കുകയും സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സർക്കാർ സർവീസുകളിൽ തൊഴിലവകാശവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാക്കുന്നതുമാണ് വകുപ്പ്. മറ്റു സംസ്ഥാനക്കാർക്ക് ജമ്മു-കാശ്മീരിലെ സ്കോളർഷിപ്പിനു പോലും അപേക്ഷിക്കുക സാധ്യമല്ല. ഭരണഘടനയിലെ താത്ക്കാലിക വ്യവസ്ഥ എന്ന നിലയിൽ കൊണ്ടുവന്നതാണു 370–ാം വകുപ്പെങ്കിലും 35എ വകുപ്പ് സ്ഥിരം വകുപ്പാണ്.

രാജ്യത്തെവിടെയും ജോലിയെടുക്കാനും ഭൂമി വാങ്ങാനുമുള്ള മൗലികാവകാശത്തെ 35എ വകുപ്പ് ലംഘിക്കുന്നുവെന്നു ആരോപിച്ച് നേരത്തേ സുപ്രീം കോടതിയില്‍ ഹർജി വന്നിരുന്നു. ആർഎസ്എസ് അനുഭാവമുള്ള സന്നദ്ധസംഘടന ജമ്മു കശ്മീർ സ്റ്റഡി സർക്കിളായിരുന്നു അതിന് പിന്നിൽ. എന്നാൽ പഞ്ചാബ് അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർ ജമ്മു കശ്മീരിൽ ഭൂമി സ്വന്തമാക്കുന്നതും സർക്കാർ സർവീസുകളിൽ ആധിപത്യം നേടുന്നതും തടയാൻ വേണ്ടി 19–ാം നൂറ്റാണ്ടു മുതൽക്കേ നിലവിലുള്ളതാണു പ്രത്യേക അവകാശ വ്യവസ്ഥയെന്നു പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു.

അതിനെ ബിജെപി എതിര്‍ക്കുന്നത് മറ്റു ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. ടൂറിസം മുഖ്യമായ ഒരു സംസ്ഥാനത്ത് വന്‍ നിക്ഷേപം നടത്താന്‍ കഴിയുന്ന ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ ഇല്ല എന്നതിന്റെ പ്രധാനം ഇവിടെ ഭൂമി വാങ്ങാനോ പാട്ടത്തിന് എടുക്കാനോ പോലും കഴിയാത്തതാണ് എന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലി പറഞ്ഞിരുന്നു. അതോടൊപ്പം, സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് മാത്രം ജോലി കൊടുക്കണം എന്ന സാഹചര്യം ഉള്ളപ്പോള്‍ പുറത്തു നിന്നുള്ള കമ്പനികളുടെ ഉത്പാദനക്ഷമതയെ അത് ബാധിക്കുമെന്നും ജെയ്റ്റ്ലി പറയുന്നു. ആത്യന്തികമായി ഇത് സംസ്ഥാനത്തിന്റെ വികസനത്തെ തന്നെയാണ് ബാധിക്കുന്നതെന്നും അതിനാലാണ് ഈ വകുപ്പുകള്‍ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ് എന്നുമാണ് ബിജെപിയുടെ വാദം.

Azhimukham EDITORIAL- 70,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കയില്‍ നിന്നു തുടങ്ങിയ മനുഷ്യകുലത്തിന്റെ യാത്രയിലെ ഏറ്റവും മഹത്തായ പരീക്ഷണങ്ങളിലൊന്ന് തകരുകയാണ്

എന്താണ് ആർട്ടിക്കിൾ 370?

ജമ്മു-കാശ്മീരിന് പ്രത്യേക സ്വയംഭരണ പദവി നൽകുന്ന ഭരണഘടനയിലെ വ്യവസ്ഥയാണ് ആർട്ടിക്കിൾ 370. ഇന്ത്യൻ ഭരണഘടനയുടെ 21ാം ഖണ്ഡത്തിലാണ് ഇത് വരുന്നത്. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ബാധകമായ ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും കാശ്മീരിന് ബാധകമല്ല. പ്രതിരോധം, വിദേശകാര്യം, ധനകാര്യം, വാർത്താവിനിമയം എന്നിവയൊഴികെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കുന്ന ഒരു നിയമവും ജമ്മു-കശ്മീർ നിയമസഭ അംഗീകരിക്കാത്തിടത്തോളം അവ സംസ്ഥാനത്ത് നടപ്പാക്കാനാകില്ല. 370ാം വകുപ്പ് സ്ഥാപിക്കാൻ ബിആർ അംബേദ്കർക്ക് താൽപര്യമുണ്ടായിരുന്നില്ല. കാശ്മീരിനെ ഇന്ത്യയുമായി ചെര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കരാറുകളുടെ ഭാഗമായാണ് ഒടുവിൽ ആർട്ടിക്കിൾ 370 ഭരണഘടനയിലുൾപ്പെട്ടത്.

പാകിസ്താന്‍ കാശ്മീര്‍ പിടിച്ചെടുക്കുമെന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ സഹായം തേടിയ അന്നത്തെ സ്വതന്ത്രമായി നിന്ന നാട്ടുരാജ്യത്തിന്റെ രാജാവ് ഹരിസിംഗിനു മുമ്പില്‍ വച്ച ഉപാധി ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ അവിടെ സൈനികമായി ഇടപെടാന്‍ കഴിയില്ല എന്നായിരുന്നു. ഒടുവില്‍ കടുത്ത സമ്മർദ്ദങ്ങളുടെ ഫലമായി  ഇന്ത്യൻ യൂണിയന്റെ ഭാഗമാകാൻ മഹാരാജാ ഹരിസിങ് സമ്മതിച്ചപ്പോൾ ഉണ്ടാക്കിയ ഉടമ്പടികളുടെ ഭാഗമായിരുന്നു ആർട്ടിക്കിൾ 370യിലെ വ്യവസ്ഥകൾ. 1952 ലെ ഡല്‍ഹി ഉടമ്പടി പ്രകാരം ജമ്മു- കാശ്മീരിന് ഇന്ത്യന്‍ ദേശീയ പതാകയ്ക്ക് പുറമേ തുല്യ പദവിയോടുകൂടി സ്വന്തം പതാകയും അനുവദിച്ചു. ഇന്ത്യൻ പൗരന്മാരുടെ മൗലികാവകാശങ്ങളും മറ്റും ജമ്മു കശ്മീർ ജനതയ്ക്കും ലഭ്യമായിരിക്കുമെന്നും സുപ്രീം കോടതിയുടെ അധികാരപരിധിയിൽ തന്നെയാണ് ഈ ഭൂപ്രദേശവും വരികയെന്നും രാഷ്ട്രപതിയുടെ ഉത്തരവ് അന്ന് സ്ഥാപിച്ചു. സംസ്ഥാന സർക്കാരിന്റെ കൂടി അറിവോടെ അവശ്യഘട്ടങ്ങളില്‍ സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനും കേന്ദ്ര സർക്കാരിന് കഴിയും.

ആർട്ടിക്കിൾ 370 നിലനിൽക്കേണ്ടത് ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ആവശ്യമാണെന്ന കോൺഗ്രസ് നിലപാട് സമയാസമയങ്ങളിൽ പുതുക്കി ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. 1974ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി, രാജാ ഹരിസിങ് നിയോഗിച്ച ജമ്മു-കാശ്മീര്‍ ഭരണാധികാരിയുമായി ചേർന്ന് ഈ ഉടമ്പടി ഒന്നുകൂടി പുതുക്കുകയുണ്ടായി.

അതേസമയം ഈ ആർട്ടിക്കിൾ നീക്കം ചെയ്യുന്നത് വലിയ നിയമ-ഭരണഘടനാ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ആർട്ടിക്കിൾ 370(1) നൽകുന്ന അധികാരങ്ങൾ വിനിയോഗിക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്നതാണ് 35എ. ഇവയിൽ വരുത്തുന്ന ഏത് മാറ്റവും മഹാരാജാ ഹരിസിങ്ങുമായി ഇന്ത്യൻ യൂണിയൻ ഏർപ്പെട്ട ട്രീറ്റി ഓഫ് ആക്സഷൻ അസാധുവാക്കുമെന്ന വാദമുണ്ട്.

1954നു ശേഷം ആർട്ടിക്കിൾ 370-നെ മാറ്റിപ്പണിയുന്ന 48-ഓളം രാഷ്ട്രപതി ഉത്തരവുകൾ വരികയുണ്ടായി. ഗണ്യമായ മാറ്റങ്ങളാണ് ഇവമൂലം ആർട്ടിക്കിൾ 370യിൽ വന്നത്. ഏഴ് പതിറ്റാണ്ട് കാലമായി ആര്‍എസ്എസ് അക്ഷീണം പ്രയത്നിക്കുകയായിരുന്ന ഒരു കാര്യമാണ് അമിത് ഷായുടെ ഇന്നലത്തെ പ്രഖ്യാപനത്തിലൂടെ നടപ്പിലാക്കിയിരിക്കുന്നത്.

Also Read: കാശ്മീർ: പ്രതിപക്ഷത്തെ ഞെട്ടിച്ച് അമിത് ഷായുടെ തന്ത്രം, കൃത്യമായ ആസൂത്രണം, കേന്ദ്ര മന്ത്രിമാർ പോലും അറിഞ്ഞത് അവസാന നിമിഷം

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍