UPDATES

ട്രെന്‍ഡിങ്ങ്

കുമാരസ്വാമിയുടെ സ്ഥാനാരോഹണച്ചടങ്ങിൽ പതുങ്ങിയും മുങ്ങിയും കെജ്രിവാൾ; ആംആദ്മി നേതാവിന് സംഭവിച്ചതെന്ത്?

സിആർ നീലകണ്ഠനെ മുഖ്യ ഉപദേശകനാക്കിയാൽ തീർക്കാവുന്ന ഒരു ചെറിയ പ്രശ്നം മാത്രമല്ലേ ഇത്?

കർ‌ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പ്രതിപക്ഷ ഐക്യം പ്രകടിപ്പിക്കാൻ കെജ്രിവാളിന്റെ കൂടി സാന്നിധ്യമുണ്ടാകണമെന്ന് എച്ച്ഡി കുമാരസ്വാമി ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ വിളി വന്നയുടനെ കെജ്രിവാൾ‌ സമ്മതവും മൂളി. പ്രതിപക്ഷ വിശാലസഖ്യത്തോട് തനിക്കുള്ള അനുഭാവം അദ്ദേഹം നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നതുമാണ്. ഒരുപക്ഷെ, തന്റെ രാഷ്ട്രീയജീവിതത്തിലിന്നു വരെ പങ്കെടുത്തിട്ടില്ലാത്ത തരം ചടങ്ങിലേക്കാണ് പോകുന്നതെന്ന് കെജ്രിവാളിനറിയാമായിരുന്നു. ഒറ്റപ്പെട്ടു നിൽക്കുന്നതിന്റെ അപകടത്തെക്കാൾ വലിയ അപകടമല്ല അതെന്ന ബോധ്യത്തോടെയാകണം ചടങ്ങിലേക്ക് ആംആദ്മി നേതാവ് എത്തിയത്.

ഉത്തർപ്രദേശിൽ വരാനിരിക്കുന്ന കൈരാന ലോകസഭാ ഉപതെരഞ്ഞെടുപ്പിനും, നൂർപുർ വിധാൻ സഭ തെരഞ്ഞെടുപ്പിനും തന്റെ പാര്‍ട്ടിയുടെ പിന്തുണ ഈ പ്രതിപക്ഷ വിശാല സഖ്യത്തിനാണെന്ന് കെജ്രിവാള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒറ്റപ്പെട്ടു നിൽക്കാനില്ല എന്ന പ്രഖ്യാപനം തന്നെയായിരുന്നു അത്.

ചടങ്ങിലേക്ക് കയറിവരുന്ന ഓരോരുത്തരുടെയും മുഖങ്ങൾ ദേശീയമാധ്യനമങ്ങളാകെ ഒപ്പിയെടുത്തു കൊണ്ടിരിരുന്നു. അഖിലേഷ് യാദവും മായാവതിയും രാഹുൽ ഗാന്ധിയും മമതാ ബാനർജിയും പിണറായി വിജയനുമെല്ലാം ചാനലുകളിൽ തുടർച്ചിത്രങ്ങളായി. ഡികെ ശിവകുമാറിന്റെ ഹീറോയിസം കലർന്ന നടപ്പും ഭാവങ്ങളും ക്യാമറകൾ ഒപ്പിയെടുത്തു. ഗവർണർ വാജുഭായി വാല എന്ന ഗുജറാത്തുകാരന്റെ മുഖത്തെ വിക്ലങ്കത വരെ ചാനലുകൾ ഒപ്പിയെടുത്ത് കാണിച്ചു. എന്നാൽ, ഒരാളെ മാത്രം ക്യാമറകൾക്ക് പിടികിട്ടുകയുണ്ടായില്ല.

അയാൾ തങ്ങിയും പൊങ്ങിയും, വിരണ്ടും പിരണ്ടും, പതുങ്ങിയും മുങ്ങിയും നിന്നു.

അഴിമതിയാരോപണങ്ങൾ കേൾക്കാത്ത ഒരാൾ പോലും വേദിയിലില്ല എന്നതായിരുന്നിരിക്കണം, കെജ്രിവാളിന്റെ വൈക്ലബ്യത്തിന് കാരണമായതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അഴിമതിവിരുദ്ധത എന്ന രാഷ്ട്രീയം മാത്രം മുന്നോട്ടു വെച്ച് അധികാരത്തിലെത്തിയ തനിക്ക് വന്നുപെട്ട ഗതികേടില്‍ അദ്ദേഹം ആത്മാർത്ഥമായി ഖേദിക്കുന്നതായി കാണപ്പെട്ടു.

അഴിമതിയാരോപണത്തിന്റെ മാത്രം കാര്യമെടുത്താൽ വേദിയിൽ ആരെയും ഒഴിവാക്കാനാകില്ല. പിണറായി വിജയനെതിരെ വന്ന ആരോപണം കോൺഗ്രസ്സിന്റെ രാഷ്ട്രീയ പകപോക്കലായിരുന്നെന്ന് വാദിച്ചാൽ പോലും അത് ബോധ്യപ്പെടുന്നവർ ഉത്തരേന്ത്യയിലെ ആംആദ്മി പാർട്ടിയിലുണ്ടാകണമെന്നില്ല. കേരളത്തിലാണെങ്കിൽ കടുത്ത പിണറായി വിരുദ്ധനാണ് ആംആദ്മിയുടെ സംസ്ഥാന കൺവീനറായ സിആർ നീലകണ്ഠൻ. സാക്ഷാൽ പടച്ചതമ്പുരാൻ പിണറായിയെ കുറ്റവിമുക്തനാക്കിയാൽപ്പോലും താൻ ദൈവവിശ്വാസിയല്ലെന്ന് പ്രഖ്യാപിക്കുകയല്ലാതെ അംഗീകരിക്കാൻ സാധ്യതയില്ലാത്ത കക്ഷിയാണ് അദ്ദേഹം.

ഇക്കാരണത്താലാകാം ശാരദ ചിട്ടിഫണ്ട് തട്ടിപ്പിൽ ആരോപണവിധേയയാണെങ്കിലും മമതാ ബാനർജിയോട് മാത്രം വേദിയിൽ വെച്ച് അർവിന്ദ് കെജ്രിവാൾ എന്തോ പറയുന്നതു പോലെ കാണപ്പെട്ടത്.

രാഹുൽ ഗാന്ധിക്കൊപ്പം നിന്ന് എല്ലാ നേതാക്കളും ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴും കെജ്രിവാളിനെ കാണാതായി. എത്രദൂരം ഇങ്ങനെ മുങ്ങിയും പൊങ്ങിയും പോകാൻ കഴിയും കെജ്രിവാളിന്? സിആർ നീലകണ്ഠനെ ദേശീയരാഷ്ട്രീയത്തിലേക്ക് ഉയർത്തിയോ മുഖ്യ ഉപദേശകനായി നിയമിച്ചോ പരിഹരിക്കാവുന്ന ഒരു ചെറിയ പ്രശ്നം മാത്രമല്ലേ ഇത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍