UPDATES

ബലാകോട്ട് ആക്രമണം: എന്താണ് നടന്നതെന്നറിയാൻ ഒരേയൊരു മാർഗ്ഗം സാറ്റലൈറ്റ് ചിത്രങ്ങൾ

റിപ്പോർട്ടുകളിൽ കാണുന്ന കുഴികൾ ഭീകരർ തങ്ങളുടെ പരിശീലന സന്ദർഭങ്ങളിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതിന്റെയാകാമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

ബലാകോട്ടിൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ പുറംലോകത്തിന് ഒരു വ്യക്തതയും ഇതുവരെ വന്നിട്ടില്ല. നിയന്ത്രണരേഖ കടന്നുചെന്ന് ഇന്ത്യ നടത്തിയ ആക്രമണത്തെക്കുറിച്ച് ധാരണ വരുത്തുന്ന ചിത്രങ്ങളോ വീഡിയോകളോ പുറത്തുവിട്ടിട്ടില്ല. ബാലകോട്ടിൽ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തെ പ്രകീർത്തിച്ച് രംഗത്തെത്തിയ പ്രതിപക്ഷം ഇപ്പോൾ അതിന്റെ തെളിവുകളാവശ്യപ്പെടുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണ്. സൈന്യം മരിച്ചവരുടെ എണ്ണമെടുക്കാറില്ലെന്നും ആ ചുമതല സർക്കാരിനാണെന്നും പറഞ്ഞതിലൂടെ സൈന്യം നേരത്തെ വന്ന കണക്കുകളിൽ തങ്ങൾക്ക് പങ്കില്ലെന്ന സൂചനയും നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം 21 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ചേർന്ന് നടത്തിയ യോഗത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികനീക്കത്തെ രാഷ്ട്രീയ ലാക്കോടെ ഉപയോഗിക്കുന്നതായി നേതാക്കൾ ആരോപിക്കുകയുണ്ടായി.

ആക്രമണത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവിടുക എന്നതു മാത്രമാണ് ബലാകോട്ട് ആക്രമണത്തെക്കുറിച്ച് വ്യക്തത കിട്ടാനുള്ള ഏക മാർഗമെന്ന് എൻഡിടിവി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ വിവരങ്ങൾ സർക്കാർ അതീവരഹസ്യമായി സൂക്ഷിച്ചിരിക്കുകയാണിപ്പോൾ. ഏതാണ്ട് 19 മിനിറ്റ് നേരം നീണ്ടു നിന്ന ആക്രമണമാണ് ഇന്ത്യ നടത്തിയത്. ജെയ്ഷെ മൊഹമ്മദ് ഭീകരർ നടത്തിവരുന്ന ഭീകര ക്യാമ്പുകളായിരുന്നു ലക്ഷ്യം. ആറ് കെട്ടിടങ്ങളുൾപ്പെടുന്ന ലക്ഷ്യത്തെയാണ് വ്യോമസേന ആക്രമിച്ചത്.

മിറാഷ് വിമാനങ്ങൾ തൊടുത്തു വിട്ട സ്പൈസ് 2000 ഗൈഡഡ് ബോംബുകള്‍ ബലാകോട്ടിലെ അഞ്ച് കേന്ദ്രങ്ങളെ തകർത്തെന്നാണ് സർക്കാർ ഇതുവരെ പുറത്തുവിട്ട വിവരങ്ങളിൽ നിന്നും മനസ്സിലാക്കാനാകുന്നത്. അതെസമയം ഓസ്ട്രേലിയയിലെ ഇന്റർനാഷണൽ സൈബർ പോളിസി സെന്ററിന്റെ സാറ്റലൈറ്റ് സംവിധാനത്തിലൂടെ ലഭ്യമായ വിവരങ്ങൾ പ്രകാരം ഇന്ത്യൻ സർക്കാരിന്റെ അവകാശവാദങ്ങൾ തെറ്റാണ്. പ്ലാനറ്റ് ലാബ്സിന്റെ കൈവശമുള്ള സാറ്റലൈറ്റ് ചിത്രങ്ങൾ പ്രകാരം ജെയ്ഷെ മൊഹമ്മദിന്റെ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ വന്നതായി ചിത്രങ്ങളിൽ കാണാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ട് തയ്യാറാക്കിയ നഥാൻ റൂസർ പറയുന്നു. ഇതോടൊപ്പം ബലാകോട്ടിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വീഡിയോകൾ കൂടി റൂസർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിൽ ബോംബുകൾ വീണതിന്റെയെന്ന് സംശയിക്കാവുന്ന നിരവധി കുഴികൾ കാണാം.

എന്നാൽ തങ്ങൾക്ക് ലക്ഷ്യം പിഴച്ചിട്ടില്ലെന്നാണ് തങ്ങൾക്ക് ബന്ധപ്പെടാൻ കഴിഞ്ഞ മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് വിശദീകരിക്കുന്നു. റിപ്പോർട്ടുകളിൽ കാണുന്ന കുഴികൾ ഭീകരർ തങ്ങളുടെ പരിശീലന സന്ദർഭങ്ങളിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതിന്റെയാകാമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. പരസ്പരവിരുദ്ധമായ റിപ്പോർട്ടുകളാണ് ഇന്ത്യൻ മാധ്യമങ്ങളിലും പാകിസ്താൻ മാധ്യമങ്ങളിലും അന്തർ‌ദ്ദേശീയ മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്നത്. ഈ ആശയക്കുഴപ്പം ഒഴിവാക്കാൻ ഇന്ത്യ തങ്ങളുടെ പക്കലുള്ള സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവിടുക മാത്രമാണ് മാർഗം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍