UPDATES

കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന നമ്മുടെ മാധ്യമങ്ങള്‍

ഇന്ത്യന്‍ ന്യൂസ് റൂമുകളില്‍ ഇപ്പോള്‍ ആ ഇഴച്ചിലിന്റെ സീസണാണ്.

മാധ്യമ സ്ഥാപനങ്ങള്‍ കുനിയുക മാത്രമല്ല, മുട്ടിലിഴയാന്‍ കൂടി തുടങ്ങിക്കഴിഞ്ഞാല്‍ എന്തു സംഭവിക്കും?

അങ്ങനെ ഉണ്ടായാല്‍ എഡിറ്റര്‍മാരുടേയും റിപ്പോര്‍ട്ടര്‍മാരുടേയും രാവിലുത്തെ പണി നിലവിലെ ഭരണകൂടവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നല്ല കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് മാത്രം ചികഞ്ഞു പിടിച്ച് അവരോടുള്ള തങ്ങളുടെ പ്രതിബദ്ധത കാണിക്കുക എന്നതാവും. ഇന്ത്യന്‍ ന്യൂസ് റൂമുകളില്‍ ഇപ്പോള്‍ ആ ഇഴച്ചിലിന്റെ സീസണാണ്.

ഇന്ത്യന്‍ മാധ്യമങ്ങളുടെ ഇപ്പോഴത്തെ അത്യുത്സാഹം കണ്ടാല്‍ തങ്ങള്‍ ഏതോ സ്വേച്ഛാധിപതി രാജ്യത്തെ മാധ്യമങ്ങളാണ് എന്ന വിധത്തിലാണ് പെരുമാറ്റം; അത്രയ്ക്കുണ്ട് വിധേയത്വം. ഇതാ അതിന്റെ പുതിയ ഉദാഹരണം:

ജനാധിപത്യത്തോടും വിപണി സമ്പദ്‌വ്യവസ്ഥയോടും പ്രതിബദ്ധതയുള്ള 35 അംഗരാജ്യങ്ങളുടെ കൂട്ടായ്മയാണ് ഓര്‍ഗനൈസേഷന്‍ ഫോര്‍ എകണോമിക് കോ-ഓപറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (OECD). അവര്‍, ‘സര്‍ക്കാര്‍ – ഒറ്റ നോട്ടത്തില്‍’ എന്ന തങ്ങളുടെ റിപ്പോര്‍ട്ട് വെള്ളിയാഴ്ച പുറത്തുവിടുകയുണ്ടായി.

തങ്ങളുടെ സര്‍ക്കാരുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് മറ്റു കാര്യങ്ങള്‍ക്കൊപ്പം ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന പ്രധാന കാര്യങ്ങളിലൊന്ന്. വിശ്വാസ്യതയുടെ കാര്യത്തില്‍ പല രാജ്യങ്ങളിലുമുള്ള അന്തരം വലുതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഗ്രീസില്‍ 13 ശതമാനം ആളുകള്‍ക്ക് മാത്രമാണ് തങ്ങളുടെ സര്‍ക്കാരിലുള്ള വിശ്വാസം. മറ്റ് വികസിത രാജ്യങ്ങളുടെ കാര്യത്തില്‍ ഇതിലും കുറവാണ് താനും.

ഇന്ത്യയുടെ കാര്യവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിലെ കണക്കുകള്‍ അനുസരിച്ച് 73 ശതമാനം ഇന്ത്യക്കാര്‍ക്കും തങ്ങളുടെ സര്‍ക്കാരില്‍ വിശ്വാസമുണ്ട്. ഇതോടെ, ഇന്ത്യന്‍ മാധ്യമങ്ങള്‍ ഒട്ടും സമയം പാഴാക്കിയില്ല. ജനങ്ങളുടെ വിശ്വാസം നേടിയ സര്‍ക്കാരുകളില്‍ ലോകത്തിലെ മുമ്പന്തിയിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ എന്ന് ആര്‍ത്തലയ്ക്കുകയായിരുന്നു ഇവിടുത്തെ മാധ്യമങ്ങള്‍.

എന്നാല്‍ ഇതിലെ കണക്കുകള്‍ നോക്കിയാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല എന്നു വ്യക്തമാകും. OECD അഭിമുഖം നടത്തിയ 1000 ഇന്ത്യക്കാരില്‍ 73 ശതമാനവും പറഞ്ഞത് തങ്ങള്‍ക്ക് തങ്ങളുടെ സര്‍ക്കാരില്‍ വിശ്വാസമുണ്ടന്ന് തന്നെയാണ്. അവരോടുള്ള ചോദ്യം ഇങ്ങനെയായിരുന്നു: “നിങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ വിശ്വാസമുണ്ടോ?” അത് മോദിയെക്കുറിച്ചുള്ള ചോദ്യമായിരുന്നില്ല.

അതോടൊപ്പം, മൊത്തം കണക്കുകള്‍ എടുത്താല്‍ ചിത്രം വീണ്ടും മാറുന്നതു കാണാം. അതായത്, ജനങ്ങള്‍ക്ക് തങ്ങളുടെ സര്‍ക്കാരുകളിലുള്ള വിശ്വാസം സംബന്ധിച്ച താരതമ്യമാണത്. 2007-ലും 2016-ലും അതെങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നാണ് ചോദ്യം. അതായത്, മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടു വര്‍ഷത്തിനു ശേഷവും, ലോക സാമ്പത്തിക പ്രതിസന്ധിക്ക് രണ്ടു വര്‍ഷം മുമ്പുമുള്ള സമയവും മോദി അധികാരത്തില്‍ എത്തി രണ്ടു വര്‍ഷത്തിനു ശേഷവുമുള്ള കണക്കാണ് ഇവിടെ താരതമ്യത്തിന് വിധേയമാക്കിയിരിക്കുന്നത്.

ഇവിടെയാണ് ഇങ്ങനെയൊരു കണക്ക് കാണാനുള്ളത്. 2007-നേക്കാള്‍ 2016 ആയപ്പോള്‍ തങ്ങളുടെ ദേശീയ സര്‍ക്കാരില്‍ വിശ്വാസമുള്ള ജനങ്ങളുടെ എണ്ണത്തില്‍ ഒമ്പത് ശതമാനം കുറവ്. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കുന്ന സാഹചര്യത്തില്‍ ഇതിന് രാഷ്ട്രീയനിറം കൊടുക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ അവര്‍ നല്‍കേണ്ടിയിരുന്ന തലക്കെട്ട് ഇങ്ങനെയായിരുന്നു: “അധികാരത്തില്‍ രണ്ടു വര്‍ഷം: മന്‍മോഹന്‍ സിംഗിനേക്കാള്‍ ജനങ്ങള്‍ക്ക് മോദിയെ വിശ്വാസക്കുറവ്” അല്ലെങ്കില്‍ “യു.പി.എ സര്‍ക്കാരിനെ അപേക്ഷിച്ച് മോദി സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം കുറഞ്ഞു” എന്നുമാക്കാമായിരുന്നു.

അതുപോലെ മാധ്യമങ്ങള്‍ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീണ്ടും വീഴ്ച വരുത്തുകയോ മന:പൂര്‍വം അവാസ്തവം പ്രചരിപ്പിക്കുകയോ ചെയ്യുന്നതും കാണാം. സര്‍വെ നടന്ന രാജ്യങ്ങളില്‍ ഇന്ത്യക്കാരാണ് തങ്ങളുടെ സര്‍ക്കാരിനെ വിശ്വസിക്കുന്നതില്‍ ഏറ്റവും മുന്നിലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. യഥാര്‍ത്ഥത്തില്‍ 2007-ഉം 2016-മായുള്ള താരതമ്യത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡും ഇന്‍ഡോനേഷ്യയുമാണ് തങ്ങളുടെ സര്‍ക്കാരുകളില്‍ വിശ്വാസമുള്ള ജനങ്ങള്‍ എന്ന കണക്കില്‍ മുന്നില്‍ നില്‍ക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍