UPDATES

ട്രെന്‍ഡിങ്ങ്

പണ്ടോരയുടെ പെട്ടി അമിത് ഷായുടെ കയ്യിലുണ്ടോ? എന്താണ് 2014നേക്കാള്‍ വന്‍വിജയമെന്ന അതിമോഹത്തിന് പിന്നില്‍?

‘പണ്ടോരയുടെ പെട്ടി’ എന്നത് ഗ്രീക്ക് കഥയില്‍ ശരിക്കും ഒരു പെട്ടി ആയിരുന്നില്ല എന്ന് പറയുന്നു. അത് ദുരന്തങ്ങളുടെയും മരണത്തിന്‍റെയും മഹാരോഗങ്ങളുടെയും വലിയൊരു സംഭരണി ആയിരുന്നു. അത് തുറന്നാല്‍ എന്തൊക്കെയായിരിക്കും പുറത്തുവരുക എന്ന് നമുക്ക് ഊഹിക്കാം.

സംഘടനാ തിരഞ്ഞെടുപ്പെല്ലാം മാറ്റി വച്ച് ലോക് സഭ തിരഞ്ഞെടുപ്പ് വരെ ‘സൈന്യാധിപ’നായി അമിത് ഷാ തന്നെ പട നയിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിശ്വസ്തന്‍ അമിത് ഷായും നയിക്കുന്ന ബിജെപിയുടെ തീരുമാനം. 2019ലെ ലോക് സഭ തിരഞ്ഞെടുപ്പില്‍ 2014ല്‍ നേടിയതിനേക്കാള്‍ വലിയ വിജയം നേടുമെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ അവകാശവാദം. നാലര വര്‍ഷക്കാലത്തെ മോദി സര്‍ക്കാരിന്റെ ഭരണവും നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യവും പരിഗണിക്കുമ്പോള്‍ ബിജെപിക്ക് 2014ലേക്കാള്‍ വലിയ വിജയം എന്ന അമിത് ഷായുടെ ആത്മവിശ്വാസം അതിര് കടന്നതാണ് എന്ന് വിലയിരുത്തേണ്ടി വരും. ശക്തമായ പ്രതിപക്ഷ ഐക്യമില്ലായ്മ അടക്കമുള്ള പ്രശ്‌നങ്ങള്‍ പോലും അമിത് ഷായുടെ അവകാശവാദത്തെ ന്യായീകരിക്കുന്നില്ല. ഒരു സംസ്ഥാനത്തും ബിജെപിക്ക് ശക്തമായ സഖ്യം ഇല്ല എന്നതാണ് വസ്തുത.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ – ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഈ വര്‍ഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പിലേയ്ക്ക് പോകുന്നു. മൂന്നിടത്തും ഭരണവിരുദ്ധ വികാരം ശക്തമാണ് എന്നാണ് ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാജസ്ഥാന്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ കോണ്‍ഗ്രസിനേയും ബിജെപിയേയും മാറിമാറി പരിഗണിക്കുന്ന സംസ്ഥാനമാണ്. എന്നാല്‍ മധ്യപ്രദേശും ഛത്തീസ്ഗഡും അങ്ങനെയല്ല. 80 സീറ്റുകള്‍ ഉള്ള ഉത്തര്‍പ്രദേശിലെ 71 സീറ്റ് നേട്ടം ഇത്തവണ ആവര്‍ത്തിക്കാന്‍ കഴിയുമെന്ന വ്യാമോഹം അവര്‍ക്കുണ്ടാകും എന്ന് തോന്നുന്നില്ല. യുപി (80), മഹാരാഷ്ട്ര (48), പശ്ചിമ ബംഗാള്‍ (42), ബിഹാര്‍ (40), തമിഴ്നാട് (39) എന്നിവിടങ്ങളിലെയെല്ലാം തിരഞ്ഞെടുപ്പ് ഫലം, കേന്ദ്ര ഭരണം ആര്‍ക്കായിരിക്കും എന്നതില്‍ ഏറ്റവുമധികം നിര്‍ണായകമായിരിക്കും. ഇതില്‍ ഒരു സംസ്ഥാനത്ത് പോലും 2019ല്‍ ബിജെപിക്ക് വന്‍ വിജയം പ്രതീക്ഷിക്കാന്‍ കഴിയില്ല എന്നതാണ് വസ്തുത. യുപിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്ന അരക്ഷിതാവസ്ഥ അത്രക്ക് വലുതാണ്‌.

13 വര്‍ഷത്തെ ശിവരാജ് സിംഗ് ചൗഹാന്റെ ഭരണം, 15 വര്‍ഷമായുള്ള ബിജെപി ഭരണം – മധ്യപ്രദേശില്‍ സ്വാഭാവികമായും വലിയ തോതില്‍ ഭരണവിരുദ്ധ വികാരമുണ്ടാക്കിയിട്ടുണ്ട്. വ്യാപം അഴിമതിയും ബന്ധപ്പെട്ട ദുരൂഹ മരണങ്ങളും അടക്കമുള്ളവ ജനശ്രദ്ധയില്‍ നിന്ന് മാഞ്ഞുപോയെങ്കിലും ജനങ്ങളുടെ അതിജീവന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിക്കത്തിക്കുന്നുണ്ട്. മാന്ദ്‌സോറിലെ കര്‍ഷക പ്രക്ഷോഭങ്ങളും വെടിവയ്പുകളും സമരങ്ങളെ അടിച്ചമര്‍ത്തിയതുമെല്ലാം സര്‍ക്കാരിനെ വേട്ടയാടും. മധ്യപ്രദേശില്‍ അധികാരം നഷ്ടമായാല്‍ അത് ലോക്‌സഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ സാധ്യതകളെ പറ്റി കൃത്യമായ ചിത്രം വരിച്ചിടും. 29 ലോക്സഭ സീറ്റുകളാണ് മദ്ധ്യപ്രദേശിലുള്ളത്. മധ്യപ്രദേശിലും രാജസ്ഥാനിലും വിജയം ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. തെലങ്കാനയില്‍ പ്രത്യേക ശ്രദ്ധ വേണം എന്നാണ് അമിത് ഷാ പറയുന്നത്. തെലങ്കാനയില്‍ എന്ത് നേട്ടമാണ് ബിജെപി ഇത്തവണ പ്രതീക്ഷിക്കുന്നത് എന്ന് അമിത് ഷായ്ക്ക് മാത്രമേ അറിയൂ.

രാജസ്ഥാനില്‍ വസുന്ധര രാജെ സിന്ധ്യയുടെ ബിജെപി സര്‍ക്കാരിനെ സുപ്രീംകോടതി വീണ്ടും ചെവിക്ക് പിടിച്ചിരിക്കുന്നു. ആള്‍വാറില്‍ മുസ്ലീം യുവാവ് ആള്‍ക്കൂട്ട കൊലയ്ക്ക് ഇരയായ സംഭവത്തില്‍ സര്‍ക്കാരില്‍ നിന്ന് സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു. ആള്‍ക്കൂട്ട കൊലകളില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്. വാഹനങ്ങള്‍ തടഞ്ഞ് പരിശോധിക്കാനും നിയമം കയ്യിലെടുക്കാനും സമാന്തര പൊലീസ് ആയി പ്രവര്‍ത്തിക്കാനും എങ്ങനെയാണ് രാജസ്ഥാന്‍ അധികൃതര്‍ ഗോരക്ഷ ഗുണ്ടകള്‍ക്ക് അധികാരം നല്‍കുന്നതെന്ന് സുപ്രീം കോടതി അദ്ഭുതപ്പെട്ടു. രാജസ്ഥാനില്‍ 25 ലോക്സഭ സീറ്റുകളാണ് ഉള്ളത്. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ എത്രമാത്രം വിയര്‍ത്താണ് ബിജെപി അധികാരം നിലനിര്‍ത്തിയത് എന്ന് നമ്മള്‍ കണ്ടതാണ്. ഗുജറാത്തില്‍ ബിജെപിക്കെതിരായ ജനവികാരത്തിന്‍റെ തീവ്രത കുറഞ്ഞിട്ടില്ല. പാട്ടിദാര്‍ സമുദായം അടക്കമുള്ളവ ബിജെപിക്കെതിരെ കടുത്ത അതൃപ്തിയുമായി തുടരുകയാണ്.

മഹാരാഷ്ട്രയിലെ ഭീമ കോറിഗാവില്‍ ദലിതര്‍ക്കെതിരെ ഉണ്ടായ അക്രമവും തുടര്‍ന്നുള്ള സംഘര്‍ഷവും ആസൂത്രണം ചെയ്തതായി ആരോപണം നേരിടുന്ന സംഘപരിവാര്‍ നേതാക്കള്‍ സംഭാജി ഭിഡെയും മിലിന്ദ്‌ ഏക്‌ബോതെയുമെല്ലാം നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് സുരക്ഷിരായി നടക്കുമ്പോള്‍ ഈ സംഘര്‍ഷത്തിന്റെ പേരില്‍ മഹാരാഷ്ട്ര സര്‍ക്കാരും സംഘപരിവാറും വേട്ടയാടുന്നത് രാജ്യത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുകയും അവരുടെ പ്രക്ഷോഭങ്ങള്‍ക്കൊപ്പം നിന്ന് പൊതുസമൂഹത്തില്‍ വലിയ ആദരവ് പിടിച്ചുപറ്റുകയും ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തകരെയാണ്. അഞ്ച് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പൊലീസിന്റെ നടപടി വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. പൊലീസ് ഈ പ്രശ്‌നം കൈകാര്യം ചെയ്ത രീതിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നു. ഇവര്‍ ചെയ്ത കുറ്റം സര്‍ക്കാരിനെ വിമര്‍ശിക്കുന്നു എന്നാണ്. ശിവസേനയുമായി ശക്തമായ ബന്ധം പുനസ്ഥാപിക്കാതെ മഹാരാഷ്ട്രയില്‍ വലിയ നേട്ടങ്ങള്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷിക്കാന്‍ കഴിയില്ല. നിലവില്‍ മഹാരാഷ്ട്രയില്‍ ശിവസേനയെക്കാള്‍ വലിയ പാര്‍ട്ടി ബിജെപി ആണെങ്കില്‍ പോലും. പ്രതിപക്ഷ ഐക്യം ബിജെപിയുടെ സിറ്റിംഗ് സീറ്റുകളില്‍ എന്ത് ചെയ്യും എന്നതിന്‍റെ ഉദാഹരണങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്രയിലെ ഭണ്ടാര ഗോണ്ടിയ ലോക് സഭ ഉപതിരഞ്ഞെടുപ്പില്‍ കണ്ടത്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന ലോക്‌സഭ ഉപതിരഞ്ഞെടുപ്പുകളില്‍ ഒരൊറ്റയിടത്ത് പോലും മറ്റ് പാര്‍ട്ടികളുടെ സീറ്റുകള്‍ പിടിച്ചെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. യുപിയില്‍ യോഗി ആദിത്യനാഥ് ഒഴിഞ്ഞ സീറ്റുള്‍പ്പടെയുള്ളവ നഷ്ടമാവുകയും ചെയ്തു. യുപിയിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും ലോക്‌സഭ ഉപതിരഞ്ഞെടുപ്പുകളില്‍ അവര്‍ക്ക് സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായി. കടുത്ത വര്‍ഗീയ പ്രചാരണം അഴിച്ചുവിട്ടിട്ടും വര്‍ഗീയ ധ്രുവീകരണം ശക്തമായിരുന്നിട്ടും മുസഫര്‍പൂര്‍ അടങ്ങുന്ന യുപിയിലെ കൈരാന മണ്ഡലത്തില്‍ പ്രതിപക്ഷ ഐക്യത്തിന് മുന്നില്‍ ബിജെപി തകര്‍ന്നടിഞ്ഞു. കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായെങ്കിലും ഭൂരിപക്ഷം കിട്ടിയില്ല. പ്രതിപക്ഷ ഐക്യത്തില്‍ അധികാരം നഷ്ടമാവുകയും ചെയ്തു. ബിഹാറില്‍ നിന്നും പഞ്ചാബില്‍ നിന്നും ബിജെപിയുടെ സഖ്യകക്ഷികള്‍ക്ക് കാര്യമായി ഒന്നും 2019ല്‍ പ്രതീക്ഷിക്കാന്‍ കഴിയില്ല. ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനും ബിജെപിക്കുമെതിരായ ജനവികാരം ശക്തമാണ്. ആര്‍ജെഡിയുടെ നേതൃത്വത്തില്‍ ഒരു മഹാസഖ്യം രൂപപ്പെടുകയും ചെയ്യുന്നു. എന്‍ഡിഎ ഘടകകക്ഷികളും കേന്ദ്ര മന്ത്രിമാരായ രാം വിലാസ് പാസ്വാന്റേയും ഉപേന്ദ്ര കുശ്വാഹയുടേയും പാര്‍ട്ടികള്‍ ബിജെപിയുമായി കടുത്ത അതൃപ്തിയിലാണ്. ഇരു പാര്‍ട്ടികളും എപ്പോള്‍ വേണമെങ്കിലും ബിജെപിയെ കൈവിട്ട് മറുപക്ഷത്തേയ്ക്ക് ചേക്കേറാം.

തമിഴ്‌നാട്ടില്‍ എടപ്പാടി പളനിസാമിയേയും പനീര്‍സെല്‍വത്തേയും വച്ച് കളിക്കുന്ന കളികളൊന്നും ബിജെപിയെ രക്ഷിക്കുമെന്ന് തോന്നുന്നില്ല. ബിജെപിക്കും സംഘപരിവാറിനുമെതിരെ ശക്തമായ ജനവികാരമാണ് തമിഴ് നാട്ടിലുള്ളത്. ജമ്മു കാശ്മീരില്‍ ആദ്യമായി അധികാര പങ്കാളിത്തം നേടാന്‍ പിഡിപിയുമായി ചേര്‍ന്നുകൊണ്ട് ബിജെപിക്ക് കഴിഞ്ഞു. എന്നാല്‍ ആ അസ്വാഭാവിക ബന്ധം വളരെ സ്വാഭാവികമായി തന്നെ തകര്‍ന്നു. ആന്ധ്രപ്രദേശില്‍ ജമ്മു മേഖലയിലെ ഹിന്ദു വര്‍ഗീയ ഏകീകരണമോ വര്‍ഗീയ ധ്രുവീകരണമോ ഒന്നും ജമ്മു കാശ്മീരില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ബിജെപിയെ സഹായിക്കില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും അസം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഹിന്ദുത്വ വര്‍ഗീയത വേവിച്ചെടുക്കാന്‍ ബിജെപിക്ക് വലിയ ബുദ്ധിമുട്ടായിരിക്കും.

ആന്ധ്രപ്രദേശില്‍ 25ഉം തെലങ്കാനയില്‍ 17ഉം സീറ്റുകളാണുള്ളത്. ആന്ധ്രയില്‍ സഖ്യകക്ഷിയായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി, ബിജെപിയുടെ കടുത്ത എതിരാളിയായിരിക്കുന്നു. ആന്ധ്രയെ അവഗണിച്ചു എന്ന ജനവികാരം ആളിക്കത്തിച്ച് നായിഡുവും ടിഡിപിയും മുന്നോട്ട് പോകുമ്പോള്‍ തങ്ങള്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്ന കാര്യം ആദ്യം പ്രഖ്യാപിക്കുകയും എതിരാളികളായ ടിഡിപിക്കൊപ്പം അത് മുന്നോട്ടുവയ്ക്കുകയും ചെയ്ത ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിലാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ ആന്ധ്രയില്‍ ബിജെപി വിരുദ്ധ വികാരം ശക്തമായതിനാല്‍ തിരഞ്ഞെടുപ്പിന് മുമ്പായി ഒരു സഖ്യത്തിന് എത്രത്തോളം ജഗന്‍ തയ്യാറാകും എന്ന ചോദ്യമുണ്ട്. കയ്യാലപ്പുറത്തെ മറ്റൊരു തേങ്ങ എന്ന് വിശേഷിപ്പിക്കാവുന്നത് ചന്ദ്രശേഖര റാവുവിന്റെ ടിആര്‍എസാണ്. രാജ്യസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് ബിജെപിയെ പിന്തുണച്ച ചന്ദ്രശേഖര റാവുവില്‍ ബിജെപി ഇപ്പോളും ഒരു ദിവ്യ വെളിച്ചം കാണുന്നുണ്ട്. എന്നാല്‍ റാവുവാണെങ്കില്‍ ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര മുന്നണി എന്നൊക്കെ ഇടയ്ക്ക് പറയുകയും ചെയ്യുന്നു. പശ്ചിമ ബംഗാളില്‍ കടുത്ത വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി, നിരന്തര സംഘര്‍ഷമുണ്ടാക്കി

രാജ്യത്തെ സമ്പദ് വ്യവസ്ഥ തകര്‍ന്നിരിക്കുന്നു എന്നത് ആശയപരമായ ഭിന്നതകള്‍ക്കപ്പുറം വസ്തുതാപരമായി കാര്യങ്ങളെ സമീപിക്കുന്ന സാമ്പത്തിക വിദഗ്ധര്‍ സമ്മതിക്കുന്നു. രണ്ടക്ക സാമ്പത്തിക വളര്‍ച്ച എന്ന മോദിയുടെ അവകാശവാദം എത്ര വലിയ ജൂംല (വ്യാജ വാഗ്ദാനം) ആയിരുന്നു എന്ന് വ്യക്തമായിരിക്കുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞിടിഞ്ഞ് കൂപ്പുകൂത്തുന്നു. ഇന്ധന വില കുതിച്ചുയരുന്നു. കാര്‍ഷിക, ചെറുകിട വ്യവസായ മേഖലകളെ തകര്‍ച്ചയില്‍ നിന്ന് കര കയറ്റാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, നോട്ട് നിരോധനവും ജി എസ് ടിയും പോലുള്ള തുഗ്ലക് പരിഷ്‌കാരങ്ങള്‍ കൊണ്ട് ഈ മേഖലകളുടെ പ്രതിസന്ധി രൂക്ഷമാക്കുന്നു. ഒരു കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം, സ്മാര്‍ട്ട് സിറ്റികള്‍ സംബന്ധിച്ച വാഗദാനം, മറ്റ് വികസന പദ്ധതികള്‍ സംബന്ധിച്ച വാഗ്ദാനം – എല്ലാം ജൂംലകള്‍ ആയിരുന്നു എന്ന് വ്യക്തമായി. പൂര്‍ത്തിയാകാത്ത പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് ഉമ്മന്‍ ചാണ്ടിയെ വെല്ലുന്ന മെഗാഷോകള്‍ മോദി നടത്തി ഡല്‍ഹി – മീററ്റ് എക്സ്പ്രസ് ഹൈവേ ഉദ്ഘാടനം പോലുള്ളവ. മോദി ഉദ്ഘാടനം ചെയ്ത റോഡിന്‍റെ ഭാഗങ്ങള്‍ പിന്നീട് തകര്‍ന്നു.

വലിയ തൊഴില്‍ നഷ്ടമാണ് നാലര വര്‍ഷത്തെ മോദി സര്‍ക്കാരിന്‍റെ ഭരണം വിവിധ മേഖലകളില്‍ ഉണ്ടാക്കിയത്. വികസന പ്രശ്‌നങ്ങളിലെ പരാജയം മറയ്ക്കാനെന്ന സംശയം ശരി വയ്ക്കുംവിധം സമാന്തര സേനകളുടെ അക്രമം രാജ്യത്താകെ വ്യാപിക്കുന്നു. ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ തോതിലുള്ള ഭീതിയും അന്യവത്കരണവുമാണ് മോദി സര്‍ക്കാര്‍ ഉണ്ടാക്കിയത്. അസമില്‍ ദേശീയ പൌരത്യ പട്ടികയുടെ പേരില്‍ 40 ലക്ഷം മനുഷ്യരെ ആട്ടിപ്പായിക്കാന്‍ നോക്കുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ നാല് മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജിമാര്‍ക്ക്, ചീഫ് ജസ്റ്റിസിനെതിരെ വിമര്‍ശനവുമായി വാര്‍ത്താസമ്മേളനം നടത്തേണ്ടി വന്ന സാഹചര്യമുണ്ടാക്കിയത് മോദിയുടെ ബിജെപി സര്‍ക്കാരാണ്. ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കുന്നതിനൊപ്പം സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ വരെ തെറ്റായ ദിശയിലേക്ക് പോകുന്നു എന്ന ആരോപണം മുതിര്‍ന്ന ജഡ്ജിമാരെക്കൊണ്ട് തന്നെ പറയിപ്പിക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ പ്രതിയായിരുന്ന കേസില്‍ വാദം കേട്ടിരുന്ന ജഡ്ജിയുടെ ദുരൂഹ മരണത്തില്‍ ഒരു അന്വേഷണം പോലും ആവശ്യമില്ലെന്ന് സുപ്രീം കോടതി വിധിച്ചു. സുപ്രീംകോടതി ഞങ്ങളുടെ സ്വന്തം കോടതിയാണ് എന്നും രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അത് ഉത്തരവിടും എന്നും രാജ്യം ഞങ്ങളുടെതാണ് എന്നുമാണ് യുപിയിലെ ബിജെപി മന്ത്രി മുകുത് ബിഹാറി പറഞ്ഞത്.

അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമാണ് നിലവിലെ ഇന്ത്യയുടെ അവസ്ഥയെന്നാണ് മാര്‍ക്‌സിസ്റ്റ് സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്‌നായിക് അഭിപ്രായപ്പെട്ടത്. അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റും ജയിലും പീഡനങ്ങളും ഉണ്ടായിരുന്നെങ്കിലും ഇന്നത്തെ പോലെ ആള്‍ക്കൂട്ട കൊലകള്‍ ഉണ്ടായിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രഭാത് പട്‌നായിക് ഇക്കാര്യം പറഞ്ഞത്. മോദിയുടെ നോട്ട് നിരോധനത്തെ വലിയൊരു വിഭാഗം കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും വലിയൊരു വിഭാഗത്തിന് ഇതിന്റെ പ്രത്യാഘാതം എന്തായിരിക്കും എന്നും തിരിച്ചറിയാന്‍ കഴിയാത്ത സമയത്ത്, 2016 നവംബര്‍ ഒമ്പതിന് – അതായത് നോട്ട് നിരോധനം പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസം തന്നെ പ്രഭാത് പട്‌നായിക് എഴുതി – ഇത് വലിയ ദുരന്തമായി മാറാന്‍ പോവുകയാണെന്ന്. അത് തന്നെ സംഭവിച്ചു. കള്ളപ്പണ വേട്ടയെക്കുറിച്ചുള്ള മോദിയുടെ അവകാശവാദങ്ങള്‍ വെറും പൊള്ളയാണ്‌ എന്നും കള്ളപ്പണം എങ്ങനെയാണു ഒരു സമ്പദ് വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നത് എന്നും പ്രഭാത് പട്നായിക് വിശദീകരിച്ചു. തനിക്ക് 50 ദിവസം തരൂ, തെറ്റ് പറ്റിയെങ്കില്‍ ജീവനോടെ തന്നെ കത്തിച്ചോളൂ, എന്ന് മോദി ഇന്ത്യക്കാരോട് പറഞ്ഞു. വര്‍ഷം രണ്ട് കഴിഞ്ഞിട്ടും തനിക്ക് തെറ്റ് പറ്റി എന്ന് മോദി സമ്മതിച്ചിട്ടില്ല.

99.3 ശതമാനം കറന്‍സി നോട്ടുകളും ‘വിജയകര’മായി തിരിച്ചെത്തിയതായി റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. സ്വന്തം നാട്ടുകാരെ ഇങ്ങനെയൊരു ദുരന്തത്തിലേയ്ക്ക് നയിച്ചതില്‍ പ്രധാനമന്ത്രി മോദി മറുപടി പറയണമെന്ന് ഗാര്‍ഡിയന്‍ പത്രം മുഖപ്രസംഗമെഴുതി. ആരുടേയും ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് ശീലമില്ലാത്ത, മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പറഞ്ഞ് ശീലമുള്ള മോദി സ്വാഭാവികമായും ഇത്തരം കാര്യങ്ങള്‍ അവഗണിച്ചു. പക്ഷെ ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. ചോദ്യങ്ങളുമായി കൂടുതല്‍ കൂടുതല്‍ ‘അര്‍ബണ്‍ നക്സലു’കളും ‘റൂറല്‍ നക്സലു’കളും ഉയര്‍ന്നുവരാനാണ് സാധ്യത. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ജൂംലകളുടെ ആവര്‍ത്തനം മതിയാകാതെ വരും.

‘പണ്ടോരയുടെ പെട്ടി’ എന്നത് ഗ്രീക്ക് കഥയില്‍ ശരിക്കും ഒരു പെട്ടി ആയിരുന്നില്ല എന്ന് പറയുന്നു. അത് ദുരന്തങ്ങളുടെയും മരണത്തിന്‍റെയും മഹാരോഗങ്ങളുടെയും വലിയൊരു സംഭരണി ആയിരുന്നു. സ്വര്‍ഗത്തില്‍ നിന്ന് തീ മോഷ്ടിച്ച് മനുഷ്യന്റെ അതിജീവനത്തിന് ഊര്‍ജ്ജം പകര്‍ന്ന പ്രൊമിത്യൂസിനോട് പക വീട്ടാന്‍ ദേവതകളുടെ രാജാവായ സിയൂസ് ദേവന്റെ കുടില ബുദ്ധിയിലുദിച്ച ആശയമായിരുന്നു ‘പണ്ടോരയുടെ പെട്ടി’ എന്നാണ് ഗ്രീക്ക് ഐതിഹ്യം പറയുന്നത്. പണ്ടോര അതിനായി നിയോഗിക്കപ്പെട്ടയാളാണ്. അത് തുറന്നാല്‍ എന്തൊക്കെയായിരിക്കും പുറത്തുവരുക എന്ന് നമുക്ക് ഊഹിക്കാം. പണ്ടോരയെയും പണ്ടോരയെ അതിനായി നിയോഗിച്ചവരേയും ചരിത്രം തിരിച്ചറിഞ്ഞു വിചാരണ ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍