UPDATES

ഇന്ത്യ നേരിടുന്ന വലിയ ഭീഷണി അഴിമതിയോ വര്‍ഗീയതയോ? ഇതിന്റെ ഉത്തരമാണ് രാജ്യത്തിന്‍റെ ഭാവി

ഇന്ത്യയെ രണ്ടായി പിളര്‍ന്ന ബാബറി മസ്ജിദ് തകര്‍ക്കലിലേക്ക് നയിച്ച എല്‍.കെ അദ്വാനിയുടെ രഥയാത്രയെ ബിഹാറില്‍ പിടിച്ചു കെട്ടി അദ്ദേഹത്തെ അറസ്റ്റ് ചെയ്ത നേതാവാണ് ലാലു

ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണ്? അഴിമതി? അതോടെ വര്‍ഗീയ രാഷ്ട്രീയമോ?

ബിഹാര്‍ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഇന്ന് ഇതിനുള്ള ഉത്തരം വളരെ പ്രധാനമാണ്. കാരണം ഈ ചോദ്യത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷ നിരയില്‍ വിള്ളല്‍ വീണിരിക്കുന്നത്.

2014 മുതല്‍ ബി.ജെ.പിക്കുണ്ടായിട്ടുള്ള കുതിപ്പിനെ വളരെ എളുപ്പത്തില്‍ പിടിച്ചു കെട്ടാന്‍ കഴിയുമെന്ന് തെളിയിച്ചതാണ് ബിഹാറിലെ മഹാസഖ്യം. ശരിയായ ചേരുവകള്‍ വേണ്ട വിധത്തില്‍ ഉപയോഗിച്ചതിന്റെ ഫലമായിരുന്നു ഇത്. മോദിയേയും കൂട്ടരേയും തറ പറ്റിച്ച് ഡല്‍ഹിയില്‍ വിജയം കൊയ്ത അരവിന്ദ് കെജ്‌രിവാളിന്റേത് ഒരു താത്കാലിക പ്രതിഭാസം മാത്രമായിരുന്നെങ്കില്‍ മോദിയെ നേരിടാനുള്ള യഥാര്‍ത്ഥ മാതൃക കാണിച്ചത് ബിഹാറായിരുന്നു.

എന്നാല്‍ ആ മഹാസഖ്യത്തില്‍ ഇന്ന് വിള്ളല്‍ വീണിരിക്കുന്നു. പരിഹരിക്കാനാകാത്ത വിധം ഓരോ ദിവസവും അത് കൂടിവരികയുമാണ്.

ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി-യു. തേജസ്വിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ അഴിമതി കേസില്‍ സി.ബി.ഐ റെയ്ഡ് ഉണ്ടായതും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതും ചൂണ്ടിക്കാട്ടിയാണ് ഇത്.

എന്നാല്‍ നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ഗുഡാലോചനയാണ് സി.ബി.ഐ റെയ്ഡിനു പിന്നിലെന്നാണ് തേജസ്വിയുടെ വാദം. അഴിമതി നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സമയത്ത് 14-15 വയസുണ്ടായിരുന്ന ആളാണ് താന്‍. ആ പ്രായത്തില്‍ ഒരാള്‍ അഴിമതി നടത്തിയെന്നാണ് അവര്‍ പറയുന്നത്. ആദ്യമവര്‍ തന്റെ പിതാവിനെയാണ് വേട്ടയാടിയത്. ഇന്ന് താനാണ് എതിര്‍പക്ഷത്ത്. യഥാര്‍ത്ഥത്തില്‍ ഇന്ന് 28 വയസുള്ള തന്നെ മോദിയും കൂട്ടരും പേടിച്ചു തുടങ്ങിയിരിക്കുന്നുവെന്നും തേജസ്വി പറയുന്നു. രാജി ആവശ്യം ലാലു തള്ളിക്കളയുകയും ചെയ്തു.

ശനിയാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ ആര്‍.ജെ.ഡി തീരുമാനമെടുത്തില്ലെങ്കില്‍ നിതീഷ് കുമാര്‍ നിതീഷ് കുമാര്‍ ഒരു തീരുമാനം കൈക്കൊള്ളാന്‍ നിര്‍ബന്ധിതനാകുമെന്നും അഴിമതിയോടുള്ള അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ പേരിലായിരിക്കും അതെന്നുമാണ് ജെ.ഡി-യു നേതാക്കളുടെ വാദം. ഈ മാസം 22-24 തീയതികളില്‍ ജെ.ഡി-യു ദേശീയ എക്‌സിക്യൂട്ടീവ് യോഗവും ചേരുന്നുണ്ട്. മഹാസഖ്യം തങ്ങളുടെ കുഞ്ഞാണെന്നും അതിനെ കൊല്ലാന്‍ ഒരുവിധത്തിലും ആരും തുനിയില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നാണ് ഇരു പാര്‍ട്ടികളില്‍ നിന്നും പുറത്തു വരുന്ന സൂചനകള്‍.

നിയമസഭയില്‍ 80 എം.എല്‍.എമാരുള്ള തങ്ങളുടെ പാര്‍ട്ടിക്ക് മറ്റുള്ളവരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ട കാര്യമില്ലെന്നാണ് ആര്‍.ജെ.ഡി എം.എല്‍.എ ഭായി വീരേന്ദ്ര മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

‘ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനും പിന്നാല്‍ എല്ലാ എം.എല്‍.എമാരും അടിയുറച്ചു നില്‍ക്കും. തേജസ്വി രാജി വയ്ക്കുന്ന കാര്യം ഉദിക്കുന്നില്ല’- വീരേന്ദ്ര പറഞ്ഞു. ഇതേ അഭിപ്രായം തന്നെയാണ് മറ്റ് ആര്‍.ജെ.ഡി നേതാക്കളും പ്രകടിപ്പിച്ചത്.

സി.ബി.ഐ റെയ്ഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കരുതെന്ന് തന്റെ പാര്‍ട്ടി അംഗങ്ങള്‍ക്ക് നിതീഷ് കുമാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച നടന്ന യോഗത്തിനു ശേഷം ഈ നിലപാടില്‍ മാറ്റം വന്നു. അഴിമതി ആരോപണം നേരിടുന്നവര്‍ ഇക്കാര്യത്തിലുള്ള വസ്തുതകള്‍ പബ്ലിക്കായി വ്യക്തമാക്കണമെന്ന് പാര്‍ട്ടി, ആര്‍.ജെ.ഡി നേതൃത്വത്തോട് ആവശ്യപ്പെട്ടു. അതോടൊപ്പം, ആര്‍.ജെ.ഡി നേതൃത്വത്തിനെതിരെ ആക്രമണവും ആരംഭിച്ചു. നിതീഷ് കുമാറാകട്ടെ, മഹാസഖ്യം തകരില്ല എന്നതിനപ്പുറം പ്രതികരിക്കാന്‍ തയാറായതുമില്ല.

ഇപ്പോഴുണ്ടായിരിക്കുന്ന അഴിമതി ആരോപണം നിതീഷ് കുമാര്‍ സര്‍ക്കാരിനെ തന്നെയാണ് ബാധിച്ചിരിക്കുന്നതെന്നും അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ കടുത്ത നിലപാട് വേണമെന്നുമുള്ള ആവശ്യമാണ് ജെ.ഡി-യുവില്‍ ഉയരുന്നത്. ഇതോടൊപ്പം, നിതീഷിനെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ബി.ജെ.പിയിലും സജീവമാണ്. നിതീഷ് എല്ലാക്കാലത്തും ബി.ജെ.പിയുമായുള്ള ബന്ധത്തില്‍ സുരക്ഷിതത്വം അനുഭവിച്ചിരുന്ന ആളാണെന്ന് പാര്‍ട്ടി ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ആര്‍.ജെ.ഡിയെ ഉപേക്ഷിച്ച് ബി.ജെ.പി പിന്തുണയോടെ സര്‍ക്കാരുണ്ടാക്കുകയും 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2020-ലെ ബിഹാര്‍ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് മത്സരിക്കുകയും ചെയ്യുക എന്ന ആശയവും ജെഡി-യുവില്‍ ഇതിനിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. നരേന്ദ്ര മോദിയുമായുള്ള നിതീഷ് കുമാറിന്റെ ഈഗോ പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്നും ഇപ്പോള്‍ ഇരുവരും തമ്മില്‍ നല്ല ബന്ധമാണെണന്നും ബി.ജെ.പി നേതൃത്വം തന്നെ പറയുന്നു.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാനുള്ള നിതീഷിന്റെ തീരുമാനം തന്നെ അദ്ദേഹത്തിന്റെ ചായ്‌വ് എങ്ങോട്ടാണ് എന്നതിന്റെ സൂചനയായിരുന്നു. പ്രതിപക്ഷ സ്ഥാനാര്‍ഥി സ്വന്തം സംസ്ഥാനത്തു നിന്നുള്ള മീരാ കുമാറും ദളിത് സമുദായാംഗവും ആയിട്ടും അദ്ദേഹം തന്റെ തീരുമാനവുമായി മുന്നോട്ടു പോവുകയാണ്. പ്രതിപക്ഷം ഇക്കാര്യത്തില്‍ ഒരു നിലപാട് പോലും സ്വീകരിക്കുന്നതിനു മുമ്പായിരുന്നു അദ്ദേഹത്തിന്റെ നീക്കം.

2019-ല്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ട നേതാവ് കൂടിയായിരുന്നു നിതീഷ് കുമാര്‍. എന്നാല്‍ ഈ അടുത്തകാലത്തായി നിതീഷ് കുമാറിന്റെ ബോഡി ലാംഗ്വേജില്‍ ഉള്‍പ്പെടെയുള്ള മാറ്റം വളരെ വ്യക്തമാണ്. ബി.ജെ.പിയോടുള്ള ചായ്‌വ് തന്നെയാണ് അതില്‍ പ്രധാനം. പല മുതിര്‍ന്ന രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്ന കാര്യം, നിതീഷ് കുമാറിന്റെ നിലപാടുകള്‍ ഒരിക്കലും ലാലു പ്രസാദ് യാദവിനെ പോലെ ആശയാടിത്തറയുള്ള ഒന്നല്ല എന്നും പലപ്പോഴും പ്രായോഗിക രാഷ്ട്രീയ സാഹചര്യങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന്റെ തീരുമാനങ്ങളെ നിര്‍ണയിക്കുന്നത് എന്നുമാണ്.

അഴിമതി ആരോപണം ലാലു പ്രസാദ് യാദവിന് പുത്തിരിയല്ല. ഇന്ത്യയെ രണ്ടായി പിളര്‍ന്ന ബാബറി മസ്ജിദ് തകര്‍ക്കലിലേക്ക് നയിച്ച എല്‍.കെ അദ്വാനിയുടെ രഥയാത്രയെ ബിഹാറില്‍ പിടിച്ചു കെട്ടി അദ്ദേഹത്തെ അറസ്റ്റ് ചെയ്ത നേതാവാണ് ലാലു. ബി.ജെ.പിക്കും സംഘപരിവാറിനുമെതിരെ എല്ലാക്കാലത്തും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള നേതാവുമാണ് അദ്ദേഹം. ഇന്ന് മോദി സാമ്രാജ്യത്വത്തിനെതിരെ പ്രതിപക്ഷ കൂട്ടായ്മയിലെ മുന്‍നിരയില്‍ തന്നെ അദ്ദേഹമുണ്ട്. മമത ബാനര്‍ജിക്കൊപ്പം അദ്ദേഹം അതില്‍ വെള്ളം ചേര്‍ക്കാതെ ഉറച്ചു നില്‍ക്കുന്നു. അതുകൊണ്ടു തന്നെ ഇത്തരമൊരു അഴിമതി ആരോപണമോ റെയ്‌ഡോ ലാലുവിന്റെ രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്താന്‍ സാധ്യതയുമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍