UPDATES

ട്രെന്‍ഡിങ്ങ്

എന്താണ് ശരിക്കും കണ്‍കറന്റ് ലിസ്റ്റ്?

കണ്‍കറന്റ് ലിസ്റ്റില്‍ പെടുന്ന വിഷയങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരുപോലെ ഇടപെടാവുന്ന വിഷയങ്ങളാണ്.

കണ്‍കറന്റ് ലിസ്റ്റിനെക്കുറിച്ച് രണ്ട് ദിവസമായി കേരളം ചര്‍ച്ച ചെയ്യുന്നു. ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ കണ്‍കറന്റ് ലിസ്റ്റിനെക്കുറിച്ച്, വനിതാമതിലുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ പറയുകയും തുടര്‍ന്ന് സിപിഎം നേതാവ് എഎ റഹീമിന്റെ ചോദ്യത്തിന് മറുപടി പറയാതെ ശോഭ സുരേന്ദ്രന്‍ ചര്‍ച്ച വിടുകയും ചെയ്തത് സോഷ്യല്‍ മീഡിയില്‍ ചിരി പടര്‍ത്തുകയും വലിയ തോതില്‍ ട്രോളുകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. വാസ്തവത്തില്‍ എന്താണ് ഈ കണ്‍കറന്റ് ലിസ്റ്റ്?

ഫെഡറല്‍ ഘടനയുള്ള യുഎസ്, ഓസ്‌ട്രേലിയ, സ്വിറ്റ്‌സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം എല്ലാ മേഖലകളിലും പരമാധികാരം കേന്ദ്ര ഗവണ്‍മെന്റുകള്‍ക്കാണ്. എന്നാല്‍ ഫെഡറല്‍ ഘടനയുള്ള ഇന്ത്യയില്‍ അങ്ങനെയല്ല. മൂന്ന് ലിസ്റ്റുകളാണ് ഇന്ത്യന്‍ ഭരണഘടനഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം (ആര്‍ട്ടിക്കിള്‍ 246) പ്രകാരം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങളുമായി ബന്ധപ്പെട്ടുള്ളത് – യൂണിയന്‍ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കണ്‍കറന്റ് ലിസ്റ്റ് എന്നിവ. യൂണിയന്‍ ലിസ്റ്റില്‍ പെടുന്ന വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ മാത്രം അധികാരപരിധിയില്‍ പെടുന്നതും സ്റ്റേറ്റ് ലിസ്റ്റില്‍ പെടുന്ന കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുടെ മാത്രം അധികാരപരിധിയിലുള്ളതുമാണ്. അതേസമയം കണ്‍കറന്റ് ലിസ്റ്റില്‍ പെടുന്ന വിഷയങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരുപോലെ ഇടപെടാവുന്ന വിഷയങ്ങളാണ്.

യൂണിയന്‍ ലിസ്റ്റ്

97 വിഷയങ്ങളാണ് ആദ്യം യൂണിയന്‍ ലിസ്റ്റിലുണ്ടായിരുന്നത്. പിന്നീട് ഇത് 99 ആയി. പ്രതിരോധം, വിദേശകാര്യം, റെയില്‍വേ, പോസ്റ്റല്‍ വകുപ്പ്, ടെലിഫോണ്‍, ലോട്ടറി, സെന്‍സസ്, കസ്റ്റംസ് നികുതി, ഇന്‍കം ടാക്‌സ് തുടങ്ങിയവയാണ് യൂണിയന്‍ ലിസ്റ്റിലുള്ളത്.

സ്‌റ്റേറ്റ് ലിസ്റ്റ്

ആദ്യം 66 വിഷയങ്ങളുണ്ടായിരുന്നു. പിന്നീട് ഇത് 61 ആയി ചുരുക്കി. ക്രമസമാധാനം, പൊലീസ്, ജയില്‍, ഭൂനികുതി, കെട്ടിട നികുതി, ഗതാഗതം, തദ്ദേശ സ്വയംഭരണം, ഫിഷറീസ് തുടങ്ങിയവയാണ് പട്ടികയിലുള്ളത്.

കണ്‍കറന്റ് ലിസ്റ്റ്

1949 സെപ്റ്റംബര്‍ 1ന് ഭരണഘടനാ നിര്‍മ്മാണ സഭയില്‍ (കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി) ഈ ചര്‍ച്ച വന്നപ്പോള്‍ യൂണിയന്‍ ലിസ്റ്റും കണ്‍കറന്റ് ലിസ്റ്റും മാത്രം മതിയെന്നും സംസ്ഥാനത്തിന് മാത്രം അധികാരമുള്ള സ്‌റ്റേറ്റ് ലിസ്റ്റ് വേണ്ടെന്നുമുള്ള അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ മൂന്ന് ലിസ്റ്റുകളാണ് അംഗീകരിക്കപ്പെട്ടത്.

തുടക്കത്തില്‍ 47 വിഷയങ്ങളാണ് ഉണ്ടായിരുന്നത്. നിലവില്‍ 52 വിഷയങ്ങളുണ്ട്. 1976ലെ 42ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് അഞ്ച് വിഷയങ്ങള്‍ സ്‌റ്റേറ്റ് ലിസ്റ്റില്‍ നിന്ന് കണ്‍കറന്റ് ലിസ്റ്റിലേയ്ക്ക് മാറ്റിയത് – വിദ്യാഭ്യാസം, വനം, അളവുതൂക്കം, നീതിന്യായ ഭരണം, വന്യമൃഗ-പക്ഷി സംരക്ഷണം, വില നിയന്ത്രണം, വിവാഹം ദത്തെടുക്കല്‍, പിന്തുടര്‍ച്ചാവകാശം വിവാഹ മോചനം, ക്രിമിനല്‍ നിയമങ്ങള്‍, കൃഷി, ജലസേചനം എന്നിവയും കണ്‍കറന്റ് ലിസ്റ്റിലുള്ളത്.

1950 മുതല്‍ ഏഴാം ഷെഡ്യൂള്‍ പലതവണ ഭേദഗതിക്ക് വിധേയമായിട്ടുണ്ട്. ഈ ഭേദഗതികള്‍ വഴി യൂണിയന്‍, സ്റ്റേറ്റ് ലിസ്റ്റുകളിലെ പരിഗണനാവിഷയങ്ങള്‍ ചുരുങ്ങുകയും കണ്‍കറന്റ് ലിസ്റ്റ് വലുതാവുകയും ചെയ്തു.

വായനയ്ക്ക്: https://indiankanoon.org/doc/643868/

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍