UPDATES

“ഞാൻ ചെയ്ത കുറ്റമെന്താണ്?” വിമാനത്താവളത്തിൽ തടയപ്പെട്ട കാശ്മീരി മാധ്യമപ്രവർത്തകൻ ചോദിക്കുന്നു

ജമ്മു കാശ്മീർ സർക്കാരിന്റെ ആവശ്യപ്രകാരമാണ് തന്നെ തടഞ്ഞു വെക്കുന്നതെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞതായും ഗീലാനി വ്യക്തമാക്കി.

തന്നെ രാജ്യത്തിനു പുറത്തുപോകുന്നത് തടയാൻ മാത്രം എന്ത് കുറ്റമാണ് താൻ ചെയ്തതെന്ന് ജർമൻ വാർത്താ ഏജൻസിയായ ഡോയിഷ് വെല്ലെയിലെ എഡിറ്ററും കാശ്മീർ സ്വദേശിയുമായി ഗോഹർ ഗീലാനി. സ്ക്രോൾ ഡോട്ട് ഇന്നിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ചോദ്യമുന്നയിച്ചത്. രാത്രി ഒമ്പതു മണിയോടെ വിമാനത്താവളത്തിലെത്തിയ തന്നോട് ഇമിഗ്രേഷൻ ഓഫീസറാണ് ഒരു കേസുണ്ടെന്ന് അറിയിച്ചത്. ഒമ്പതരയോടെ അവർ തന്നെ ഒരു മുറിയിലേക്ക് കൊണ്ടുപോയി. ‘നിങ്ങൾക്കറിയാമല്ലോ കാശ്മീരിൽ പ്രശ്നമുണ്ടെന്ന്’ എന്നു മാത്രമായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. അതിന് തന്നെ തടഞ്ഞു വെക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് മറുപടി കിട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജമ്മു കാശ്മീർ സർക്കാരിന്റെ ആവശ്യപ്രകാരമാണ് തന്നെ തടഞ്ഞു വെക്കുന്നതെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞതായും ഗീലാനി വ്യക്തമാക്കി. 12.55ന് താൻ പോകേണ്ടിയിരുന്ന വിമാനം പോയി. തിരിച്ച് ഹോട്ടൽ മുറിയിലെത്തിയെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ലെന്നും ഗീലാനി പറഞ്ഞു. എന്തുകൊണ്ടാണ് തന്നെ തടയുന്നതെന്ന് എഴുതിത്തരാൻ ആവശ്യപ്പെട്ടെങ്കിലും അത് സാധിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തു.

ജർമൻ നഗരമായ ബോണിലേക്കുപോകാനെത്തിയപ്പോഴാണ്‌ ഗീലാനിയെ അധികൃതർ തടഞ്ഞത്. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയതോടെ കശ്‌മീരികളുടെ യാത്രാസ്വാതന്ത്ര്യത്തിന്‌ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോഴും സംസ്ഥാനത്തെ മിക്ക രാഷ്ട്രീയ നേതാക്കളും തടവിലാണ്. ബിസിനസ്സുകാരടക്കം നിരവധി പൗരന്മാരെ ഹോട്ടലുകളിലും വീടുകളിലുമായി തടവില്‍ പാർപ്പിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് മാധ്യമപ്രവർത്തനത്തിന് വലിയ വിലക്കുകൾ വന്നു കഴിഞ്ഞതായി തുടർച്ചയായി റിപ്പോർട്ടുകൾ വരുന്നുണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ സ്ഥിതിയെന്താണെന്ന് രാജ്യത്താർക്കും അറിയാനാകാത്ത സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നാണ് ആരോപണം. ഈ ആരോപണത്തിന് ബലം നൽകുന്നതാണ് ഓഗസ്റ്റ് 31ന് നടന്ന ഗീലാനിയെ തടഞ്ഞ സംഭവം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍