UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘നേഷൻ വിത്ത് നമോ:’ മോദിയുടെ പ്രചാരണ ടീമിലേക്ക് ആളെ വേണം; ഫുൾടൈം ജോലി; ഫ്രീലാൻസിങ് ഇല്ല

നാഷൻ വിത്ത് നമോ ഫേസ്ബുക്ക് പേജ് ഇപ്പോഴും നിരവധി പരസ്യങ്ങൾ വൻതോതിൽ നൽകുന്നുണ്ട്. ആരാണ് ഫണ്ട് നൽകുന്നതെന്ന് വ്യക്തമല്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിലേക്ക് ആളെ എടുക്കുന്നു. ഗുഡ്ഗാവിലാണ് ജോലി. സ്ക്രിപ്റ്റ് റൈറ്റർമാർ, കണ്ടന്റ് റൈറ്റർമാർ തുടങ്ങിയവരെയാണ് എടുക്കുന്നത്. ഇതൊരു ഫുൾടൈം ജോലിയാണെന്നും ഫ്രീലാൻസർമാർ അപേക്ഷിച്ച് മെനക്കെടേണ്ടതില്ലെന്നും മോദിയുടെ പ്രചാരണം നിയന്ത്രിക്കുന്ന ‘നേഷൻ വിത്ത് നമോ’യുടെ പേരിൽ പുറത്തുവന്നിട്ടുള്ള സന്ദേശം പറയുന്നുണ്ട്. അപേക്ഷ അയയ്ക്കാനുള്ള ഇമെയിൽ ഐഡി സഹിതമാണ് പരസ്യം.

സമാനമായ പരസ്യങ്ങൾ നൗക്രി പോലുള്ള ജോബ് പോർട്ടലുകളിലും വന്നിട്ടുണ്ട്. ഹിന്ദി കോപ്പി റൈറ്റർമാര്‍, പേഴ്സണൽ അസിസ്റ്റന്റ്, ഡിജിറ്റൽ അഡ്വർടൈസിങ് സ്പെഷ്യലിസ്റ്റ് എന്നീ പോസ്റ്റുകളിലേക്കുള്ള പരസ്യമാണ് നൗക്രിയിലുള്ളത്. എട്ടുദിവസം മുമ്പ് അങ്കിത ത്യാഗി എന്ന എച്ചആർ മാനേജരുടെ പേരിലാണ് പോസ്റ്റുകൾ വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ഒരു ദേശീയ രാഷ്ട്രീയ കക്ഷിക്ക് തെരഞ്ഞെടുപ്പു വിജയം ഉണ്ടാക്കിക്കൊടുക്കുന്നതിൽ തങ്ങൾ പങ്കു വഹിച്ചിട്ടുള്ളതായി നൗക്രിയിൽ നൽകിയിട്ടുള്ള വിവരണത്തിൽ ഇവർ അവകാശപ്പെടുന്നുണ്ട്. 2019 തെരഞ്ഞെടുപ്പിലും തങ്ങൾ തന്നെയാണ് പ്രസ്തുത കക്ഷിക്കുവേണ്ടി പ്രവർത്തിക്കുന്നതെന്നും വിവരണം പറയുന്നു.

ആരാണ് ‘നാഷന്‍ വിത്ത് നമോ?’

ഇതേ സംശയമാണ് പാർലമെന്റിൽ 2018 ജൂലൈ മാസത്തിൽ തൃണമൂൽ എംപി ദെരെക് ഒബ്രിയെൻ ഉന്നയിച്ചത്. കഴിഞ്ഞ ആറുമാസമായി ഫേസ്ബുക്കിന്റെ ഏറ്റവും വലിയ പരസ്യദാതാവ് ‘നാഷൻ വിത്ത് നമോ’ ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരാണ് ഈ സംഘടനയ്ക്ക് ഫണ്ട് ചെയ്യുന്നത് എന്ന ചോദ്യമാണ് ഒബ്രിയെൻ ഉന്നയിച്ചത്. നാഷൻ വിത്ത് നമോ ഫേസ്ബുക്ക് പേജ് ഇപ്പോഴും നിരവധി പരസ്യങ്ങൾ വൻതോതിൽ നൽകുന്നുണ്ട്. ആരാണ് ഫണ്ട് നൽകുന്നതെന്ന് വ്യക്തമല്ല. നമോ ടി ഷർട്ടുകൾ, നമോയുടെ കൈയൊപ്പുള്ള സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ നേടാം എന്നു പറഞ്ഞുള്ള പരസ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഈ പരസ്യങ്ങള്‍ നേരത്തെ മറ്റൊരു വിവാദം സ‍ൃഷ്ടിച്ചിരുന്നു. ഈ ടി ഷർട്ടുകൾ വാങ്ങാൻ ചെല്ലുന്നവർ വ്യക്തിവിവരങ്ങൾ നൽകാൻ വെബ്സൈറ്റ് ആവശ്യപ്പെടുന്നുണ്ട്. വൻ ബിസിനസ്സാണ് ഇങ്ങനെ സാധ്യമാകുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടുകൾ വന്നിരുന്നു.

നിലവിൽ നാഷൻ വിത്ത് നമോ ഫേസ്ബുക്ക് പേജ് 13 സ്പോൺസേഡ് പരസ്യങ്ങൾ ഓടിക്കുന്നുണ്ട്. ജൂലൈ മാസത്തില്‍ 19 എണ്ണമായിരുന്നെന്ന് ട്വീറ്ററില്‍ പ്രശസ്ത യൂടൂബറായ ധ്രുവ് രതീ എന്ന ഹാൻഡിൽ ചൂണ്ടിക്കാട്ടുന്നു. ഇത്രയധികം പരസ്യം ഒരേസമയം നൽകുന്ന ഒരു പേജ് താൻ മുമ്പ് കണ്ടിട്ടില്ലെന്ന് ധ്രുവി പറയുന്നു.

അതെസമയം നാഷൻ വിത്ത് നമോ എന്ന സ്ഥാപനവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ബിജെപി പറയുന്നത്. ഇവർ സ്വയം പ്രചോദിതരായി രംഗത്തിറങ്ങിയ സന്നദ്ധപ്രവർത്തകരാണെന്നാണ് ബിജെപി ഐടി സെവ്‍ തലവൻ അമിത് മാളവ്യ പറഞ്ഞത്. ഇത്തരം നിരവധി സംഘടനകൾ തങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍