UPDATES

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കള്ളപ്പണ സമസ്യകള്‍

എന്തുകൊണ്ടാണ് പാവപ്പെട്ടവരെ കൊണ്ട് ഇന്ത്യന്‍ ജയിലുകള്‍ നിറഞ്ഞിരിക്കുന്നത്?

കേന്ദ്ര ധനകാര്യ, പ്രതിരോധ, കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രി അരുണ്‍ ജയ്റ്റ്‌ലി കഴിഞ്ഞ ദിവസം രംഗത്തു വന്നത് തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തിക്കൊണ്ടാണ്. തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന ‘അദൃശ്യപണം’ തടയുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെടുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. അതിനൊപ്പം, ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിമുഖത കാണിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി.

ജയ്റ്റ്‌ലി പറഞ്ഞത് വാസ്തവമാണോ? – അതെ.

ജയ്റ്റ്‌ലി വാസ്തവം എന്താണെന്ന് മുഴുവനായി പറഞ്ഞോ? – ഇല്ല.

ധനകാര്യ മന്ത്രിക്ക് അത്രയെളുപ്പം ഈ കാര്യങ്ങളൊന്നും മുഴുവനായി തുറന്നു പറയാന്‍ പറ്റില്ല. കാരണം, ഇന്നത്തെ തലമുറയിലുള്ള ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കള്‍ക്കും, അതേത് പാര്‍ട്ടിയിലും ആയിക്കൊള്ളട്ടെ, കള്ളപ്പണത്തിന്റെ സ്വാധീനത്തില്‍ നിന്ന് ഇന്ത്യന്‍ ജനാധിപത്യത്തെ തങ്ങള്‍ രക്ഷിക്കുന്നു എന്ന് ആത്മാര്‍ത്ഥമായി അവകാശപ്പെടാന്‍ സാധിക്കില്ല.

ജയ്റ്റ്‌ലി പറഞ്ഞത്
“കഴിഞ്ഞ 70 വര്‍ഷമായി ഇന്ത്യന്‍ ജനാധിപത്യം പൂര്‍ണമായി ചലിച്ചു കൊണ്ടിരിക്കുന്നത് ഈ ‘അദൃശ്യമായ സമ്പത്ത്’ കൊണ്ടാണ്- ജനപ്രതിനിധികള്‍, സര്‍ക്കാര്‍, രാഷ്ട്രീയ  പാര്‍ട്ടികള്‍, നിയമ നിര്‍മാണ സഭകള്‍ ഒക്കെ അങ്ങനെയാണ്. ഇതിനെ തടയുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണമായി പരാജയപ്പെട്ടിരിക്കുന്നു എന്ന് ഞാന്‍ ഉറപ്പിച്ചു പറയും”- ജയ്റ്റ്‌ലി പറഞ്ഞു.

തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കുള്ള പണം നല്‍കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയോട് തെരഞ്ഞെടുപ്പ് കമ്മീഷനോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ അത് തുറന്നു പറയാന്‍ തയാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്താണ് യാഥാര്‍ത്ഥ്യം?
കേരളത്തിലെ ബി.ജെ.പിയിലുണ്ടായിട്ടുള്ള ഏറ്റവും പുതിയ അഴിമതി ആരോപണം നോക്കൂ. ഏതെങ്കിലും കുറച്ച് നേതാക്കള്‍ തങ്ങള്‍ക്കു വേണ്ടി അഴിമതി നടത്തി പണം പോക്കറ്റിലാക്കുകയായിരുന്നോ? സംശയമുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന പണത്തിന്റെ ഒരു വിഹിതം പോകുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ പദ്ധതികള്‍ക്ക് കൂടി വേണ്ടിയിട്ടാണെന്ന് പറയാന്‍ മുന്‍ ഉദാഹരണങ്ങള്‍ ധാരാളമുണ്ട്.

അപ്പോള്‍ അതാണ് യാഥാര്‍ത്ഥ്യം. ഏതൊക്കെ സമയത്ത് ഒരു രാഷ്ട്രീയ നേതാവ് അഴിമതി കാണിക്കുന്നോ, അപ്പോഴൊക്കെ അയാള്‍ രണ്ട് കാര്യങ്ങള്‍ കൂടിയാണ് ചെയ്യുന്നത്: ഒന്ന്- സ്വന്തം കീശ വീര്‍പ്പിക്കുക, രണ്ട്, തന്റെ രാഷ്ട്രീയ ഭാവി കരുപ്പിടിപ്പിക്കുന്നതിനുള്ള ഒരു കരുതല്‍ ശേഖരമായി ഇതിനെ നിലനിര്‍ത്തുക.

ഇപ്പോള്‍ കേരള ബി.ജെ.പിയെ പിടിച്ചു കുലുക്കുന്ന ഈ ചില്ലറ അഴിമതി കാര്യങ്ങളില്‍ കൂടി മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയം നിലനില്‍ക്കുന്നത്. ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും തങ്ങളുടെ ഓഫീസുകള്‍ ചലിപ്പിക്കാന്‍ മാത്രം ഓരോ വര്‍ഷവും കേടിക്കണക്കിന് രൂപ ആവശ്യമുണ്ട്. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കണമെങ്കില്‍ ആയിരക്കണക്കിന് കോടികള്‍ വേറെയും. ഈ പണമൊന്നും മെഡിക്കല്‍ കോളേജിന് അനുമതി കാത്തിരിക്കുന്നവര്‍ നല്‍കുന്ന ഏതാനും കോടികളില്‍ നില്‍ക്കില്ല. അത് വരുന്നത് രാജ്യത്തെ വമ്പന്‍ കോര്‍പറേറ്റ് കമ്പനികളില്‍ നിന്നാണ്- നൂറുകണക്കിന് കോടികള്‍.

അതുകൊണ്ടു കൂടിയാണ് എത്രവലിയ ആരോപണങ്ങളാണെങ്കിലും ഈ കോര്‍പറേറ്റുകള്‍ക്കെതിരെ ഉണ്ടാകുന്ന കേസുകളൊക്കെ തന്നെ ഒടുവില്‍ ഒന്നുമല്ലാതെ പോകുന്നത്. കാരണം അവരാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാര്‍.

അല്ലെങ്കില്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവരുടെ പട്ടികയില്‍ ഈ കോര്‍പറേറ്റുകളുടെ പേര് ഇടംപിടിക്കാത്തതും അവര്‍ ഇത്രത്തോളം ശക്തരാകുന്നതും എങ്ങനെയാണ്?

അതുമല്ലെങ്കില്‍, ഇത്തരത്തിലുള്ള ചില വമ്പന്‍ കോര്‍പറേറ്റുകള്‍ക്കെതിരെ കള്ളപ്പണ ആരോപണം ഉയര്‍ന്നിട്ടു പോലും അവരാരും ഒരിക്കലും നിയമനടപടി നേരിടേണ്ടി വരാത്തത് എന്തുകൊണ്ടാവാം?

ഏതെങ്കിലും വിധത്തില്‍ ശുദ്ധീകരണം നടത്താന്‍ സാധിക്കാത്ത വിധത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവ നടത്തിക്കൊണ്ടു പോവുക എന്നത് ഏറെ പണച്ചെലവുള്ള ഒന്നു തന്നെയാണ്. സമാധാനപരമായ പോരാട്ടങ്ങളും വോട്ടര്‍മാരുടെ ഒത്തൊരുമിച്ചുള്ള പ്രതിഷേധങ്ങളും വഴി മാത്രമേ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകൂ.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആ സാധ്യത നന്നായറിയാം. വോട്ടര്‍മാരെ എങ്ങനെ സ്വാധീനിക്കണം, നിലവിലുള്ള സാഹചര്യങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്നൊക്കെ അവര്‍ക്കറിയാം: അതിലെ ഏറ്റവും പ്രധാനമാണ് അവരെ ഭിന്നിപ്പിക്കുക എന്നുള്ളത്. വര്‍ഗീയതയുടേയും ജാതിയുടേയും വിഷം കടത്തിവിട്ടു കൊണ്ട് അവരെ ഭിന്നിപ്പിക്കുക എന്നുള്ളതു തന്നെയാണ് അതില്‍ ഏറ്റവും ഫലപ്രദമായ രീതി.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കള്ളപ്പണത്തിന്റെ സ്വാധീനം നിലനില്‍ക്കുന്നിടത്തോളം കാലം വര്‍ഗീയ രാഷ്ട്രീയവും നിലനില്‍ക്കും. വോട്ടര്‍മാര്‍ ഉന്നയിക്കാന്‍ സാധ്യതയുള്ള ആ ചോദ്യങ്ങളില്‍ നിന്ന് അവരെ തടഞ്ഞു നിര്‍ത്താന്‍ ഏറ്റവും നല്ല ഉപാധി ആ വര്‍ഗീയ രാഷ്ട്രീയമാണ്. ആ ചോദ്യങ്ങള്‍ ഇവയാണ്: എങ്ങനെയാണ് ഈ നേതാക്കള്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പറന്നു നടന്ന് പ്രചരണങ്ങള്‍ നടത്തുന്നത്? എന്തുകൊണ്ടാണ് ഏതെങ്കിലുമൊരു കോര്‍പറേറ്റ് കമ്പനി ഉടമ പോലും ശിക്ഷിക്കപ്പെടാത്തത്? എന്തുകൊണ്ടാണ് പാവപ്പെട്ടവരെ കൊണ്ട് ഇന്ത്യന്‍ ജയിലുകള്‍ നിറഞ്ഞിരിക്കുന്നത്?

/

എന്തുകൊണ്ടാണ് നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ ‘ലളിതമായ’ ആഡംബരങ്ങള്‍ നമ്മുടെ കണ്ണില്‍ പിടിക്കാതെ പോകുന്നത്? ഓരോ രണ്ടു ദിവസം കുടുമ്പോഴും പുതിയ കണ്ണടകള്‍ ധരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍, ദിവസം നാലു തവണയൊക്കെ വസ്ത്രം മാറുന്നവര്‍, ഒരു ദിവസം ഇട്ട വസ്ത്രം പിന്നീട് ഉപയോഗിക്കാത്തവര്‍, പെര്‍ഫ്യൂമുകളില്‍ കുളിക്കുന്നവര്‍… പാറ്റ്‌നയിലെ ഒരു സെര്‍വന്റ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും കൊട്ടാരങ്ങളിലേക്ക് താമസം മാറ്റാന്‍ ലാലു പ്രസാദ് യാദവിന് എങ്ങനെയാണ് കഴിഞ്ഞത്? എങ്ങനെയാണ് ഡല്‍ഹിയില്‍ ആഡംബര ഭവനം നിര്‍മിക്കാന്‍ മായാവതിക്ക് കഴിയുന്നത്? യാതൊരു വരുമാനവും ഇല്ലാതിരുന്നിട്ടും മിക്ക കോണ്‍ഗ്രസ് നേതാക്കളും മെച്ചപ്പെട്ട രീതിയില്‍ ജീവിക്കുന്നത്?

മോദിയുടെ ഹോളോഗ്രം പരിപാടിക്ക് പണം മുടക്കുന്നതാരാണ്? തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച കണക്കിലുള്ള ആ 714 കോടി രൂപ കൊണ്ടാണോ 2014-ലെ വമ്പന്‍ പ്രചരണം ബി.ജെ.പി നടത്തിയത് എന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍