UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാകിസ്താന് ചെയ്യാന്‍ കഴിയാതിരുന്നത് അഞ്ച് വര്‍ഷം കൊണ്ട് മോദിയും അമിത് ഷായും ചെയ്തു: കെജ്രിവാള്‍

കഴിഞ്ഞ 70 വര്‍ഷത്തിലധികമായി പാകിസ്താന്‍ വളരെയധികം ആഗ്രഹിച്ചിട്ടും നടക്കാതിരുന്ന, ഇന്ത്യയെ പല കഷണങ്ങളായി വിഭജിക്കുക എന്ന അവരുടെ സ്വപ്‌നം വെറും അഞ്ച് വര്‍ഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും സാക്ഷാത്കരിച്ചതായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍. മോദിയും ഷായും വീണ്ടും അധികാരത്തിലെത്തിയാല്‍ അവര്‍ രാജ്യത്തെ വിഭജിക്കും. നിങ്ങള്‍ ശരിയായ ദേശസ്‌നേഹിയാണെങ്കില്‍ മോദിയേയും അമിത് ഷായേയും ഓടിച്ച് വിടണമെന്നും കൊല്‍ക്കത്തയില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യ റാലിയില്‍ പ്രസംഗിക്കവേ കെജ്രിവാള്‍ പറഞ്ഞു.

മോദി കേവലം പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രധാനമന്ത്രിയാണെന്നും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയല്ലെന്നും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നാഡിയു അഭിപ്രായപ്പെട്ടു. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന റാലിയില്‍ കോണ്‍ഗ്രസ് അടക്കം വിവിധ കക്ഷികളുടെ നേതാക്കള്‍ പങ്കെടുത്തു. കോണ്‍ഗ്രസില്‍ നിന്ന് ലോക്‌സഭ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും മനു അഭിഷേക് സിംഗ്വിയുമാണ് റാലിക്കെത്തിയത്. മോദി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇന്ത്യ അമ്പത് വര്‍ഷം പിന്നോട്ടുപോകുമെന്നും 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് രണ്ടാം സ്വാതന്ത്ര്യ സമരമാകുമെന്നും ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പ്രസംഗിച്ചു. ചെന്നൈയിലെ പരിപാടിയില്‍ രാഹുല്‍ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയ സ്റ്റാലിന്‍ കൊല്‍ക്കത്തയില്‍ ഇത്തരം കാര്യങ്ങളില്‍ നിശബ്ദത പാലിച്ചു. രൂക്ഷമായ തൊഴിലില്ലായ്മയ്ക്കും കര്‍ഷകദുരിതത്തിനും ഉത്തരവാദികളായ മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നും അധികാരം കിട്ടിയാല്‍ പ്രധാനമന്ത്രി സ്ഥാനത്തിനായി ബിജെപിയില്‍ കടിപിടി നടക്കുമെന്നും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു.

യുപിയിലെ എസ് പി – ബി എസ് പി സഖ്യത്തില്‍ ഇരു പാര്‍ട്ടികളും പങ്കെടുത്തു. അതേസമയം സമാജ് വാദി പാര്‍ട്ടി ദേശീയ പ്രസിഡന്റ് അഖിലേഷ് യാദവ് റാലിക്കെത്തിയപ്പോള്‍ ബി എസ് പി അധ്യക്ഷ മായാവതിയുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായി. മുതിര്‍ന്ന നേതാവ് സതീഷ് മിശ്രയെയാണ് മായാവതി റാലയ്ക്കയച്ചത്. തമിഴ്‌നാടിന് ബിജെപിയെ വട്ടപൂജ്യത്തില്‍ നിര്‍ത്താന്‍ കഴിയുമെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കും അതിന് കഴിയുമെന്ന് അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു. ബിജെപി വിമത എംപി ശത്രുഘന്‍ സിന്‍ഹയും ഗുജറാത്തിലെ പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലുമെല്ലാം റാലിക്കെത്തി. എന്നാല്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന റാലിയില്‍ സിപിഎമ്മിന്റെ അസാന്നിധ്യത്തില്‍ അദ്ഭുതമുണ്ടാകേണ്ട കാര്യമില്ല. ആര്‍ജെഡിയും നാഷണല്‍ കോണ്‍ഫറന്‍സും അടക്കം ഒട്ടുമിക്ക പാര്‍ട്ടികളും മമതയുടെ റാലിക്കെത്തി. കോണ്‍ഗ്രസുമായുള്ള അതൃപ്തികരമായ ബന്ധം റാലിയില്‍ നിന്ന് ഒഴിവാകാന്‍ മായാവതിയെ പ്രേരിപ്പിച്ചിട്ടുണ്ടാകാം. മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന പ്രതിപക്ഷ കൂട്ടായ്മ എന്നതും മായാവതിയെ സംബന്ധിച്ച് താല്‍പര്യക്കുറവുണ്ടാക്കുന്ന കാര്യമാണ്. അതേസമയം മമത പരിചയസമ്പന്നയായ നേതാവാണ് എന്നായിരുന്നു അവരുടെ പ്രധാനമന്ത്രി സാധ്യതകളെ പറ്റി ശത്രുഘന്‍ സിന്‍ഹയുടെ പ്രതികരണം.

ജ്യോതി ബസു മുഖ്യമന്ത്രിയായിരിക്കെ 1984ലും 1989ലും സിപിഎം നേതൃത്വത്തില്‍ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് ഇതര കക്ഷികളുടെ വന്‍ ബഹുജന റാലികള്‍ ശ്രദ്ധേയമായിരുന്നു. എന്നാല്‍ അതത്ര വലുതൊന്നും ആയിരുന്നില്ലെന്നും അതിനേക്കാളും എത്രയോ ജനപങ്കാളിത്തമുള്ള റാലിയാണ് ബിജെപിക്കെതിരെ താന്‍ ലക്ഷ്യം വയ്ക്കുന്നതെന്നും മമത പറഞ്ഞിരുന്നു.

പ്രാദേശിക പാര്‍ട്ടികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരാന്‍ ലക്ഷ്യമിടുന്ന മമത ബാനര്‍ജി, പ്രതിപക്ഷ ഐക്യത്തിനായുള്ള നിരന്തര ശ്രമങ്ങളിലൂടെ ദേശീയ രാഷ്ട്രീയത്തില്‍ സ്വയം കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതേസമയം ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണി എന്ന തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ ആവശ്യം മമത അംഗീകരിച്ചിരുന്നില്ല. മമതയെ കൊല്‍ക്കത്തയില്‍ വന്ന് കണ്ട് റാവു ചര്‍ച്ച നടത്തിയെങ്കിലും കോണ്‍ഗ്രസിനെ പൂര്‍ണമായും അകറ്റിനിര്‍ത്തിക്കൊണ്ടുള്ള ബിജെപി വിരുദ്ധ സഖ്യം എന്ന നിര്‍ദ്ദേശത്തെ മമത അവഗണിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍