UPDATES

ട്രെന്‍ഡിങ്ങ്

പശുവിന്റെ പേരില്‍ ആള്‍ക്കൂട്ടം കൊല്ലാക്കൊല ചെയ്ത ഒരു വൃദ്ധനെ പോലീസ് വേട്ടയാടുന്നത് ഇങ്ങനെയാണ്

അതിക്രൂരമായ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പിന്നീട് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു

ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ഉത്തർ പ്രദേശിലെ ഹാപൂർ ജില്ലയിലെ മഡപൂർ ഗ്രാമത്തിലെ 64-കാരനായ മൊഹമ്മദ് സമിയുദീൻ ജൂലായ് 14 -ന് ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നും പുറത്തിറങ്ങി. ഇതേ ജില്ലയിലെ ബജെര ഖുർദ് ഗ്രാമത്തിൽ വെച്ചാണ് ജൂണ്‍ 18-ന് ഒരു ആൾക്കൂട്ട ആക്രമണത്തിൽ സമിയുദീന് ഗുരുതരമായി പരിക്കുപറ്റിയത്. പശുവിനെ കശാപ്പ് ചെയ്തു എന്ന സംശയത്തില്‍ 50 വയസുള്ള കാസിമിനെ ആൾക്കൂട്ടം ആക്രമിച്ചപ്പോള്‍ സമിയുദീൻ ഇടപെടുകയായിരുന്നു. ഹാപൂരിലെ പില്‍ഖുവ ഗ്രാമക്കാരനായിരുന്ന, കന്നുകാലി കച്ചവടവും ഇറച്ചിവെട്ടും ചെയ്തിരുന്ന കാസിം കൊല്ലപ്പെട്ടു. സ്ഥലത്തുനിന്നും അർദ്ധബോധാവസ്ഥയിലാണ് ഹാപൂർ പോലീസ് സമിയുദീനെ കണ്ടെടുത്തത്. അതിക്രൂരമായ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പിന്നീട് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാല്‍ ഈ കേസ് എങ്ങനെയാണ് യുപി പോലീസ് തേച്ചുമായ്ച്ചു കളയാന്‍ ശ്രമിക്കുന്നത് എന്നന്വേഷിക്കുകയാണ് കാരവന്‍ മാഗസിനിലെ നിലീന എം.എസ്.

സംഭവം നടന്ന് 26 ദിവസം കഴിഞ്ഞിട്ടും ഹാപൂര്‍ പൊലീസ് സമിയുദീന്‍റെ മൊഴി രേഖപ്പെടുത്തിയില്ല- ആക്രമണം നേരിട്ട, കാസിമിന്‍റെ കൊലപാതകത്തിന്‍റെ എക ദൃക്സാക്ഷി. ബജെര ഖുര്‍ദിലെ, തിരിച്ചറിയാത്ത 25 പേർക്കെതിരെ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 147, 148, 307, and 302 വകുപ്പുകൾ പ്രകാരം പൊലീസ് എഫ്ഐആർ രേഖപ്പെടുത്തി. നലു പേരെ പൊലീസ് പിടികൂടുകയും ചെയ്തു – രാകെഷ് സിസൊദിയ, യുധിഷ്ഠിർ സിങ്, സോനു, കപ്താൻ-ഇവരെല്ലാം ബജേരയിൽ താമസിക്കുന്ന രാജ്പുത്തുകളാണ്.

പോലീസ് കേസ് ഒതുക്കാൻ ശ്രമിക്കുകയാണെന്ന് വാർത്തകൾ വന്നിരുന്നു. എഫ്ഐആർ പ്രകാരം ആക്രമണം വഴിയിലുണ്ടായ തർക്കത്തിന്റെ ഫലമാണ്. സമിയുദീനെ ഒരു മോട്ടോർ സൈക്കിൾ തട്ടിയെന്നും തുടർന്നുണ്ടായ തർക്കം 25 -30 പേർ ഉൾപ്പെട്ട സംഘർഷമാവുകയുമാണ് ഉണ്ടായതെന്നാണ് എഫ്ഐആർ പറയുന്നത്. ഇതിലെല്ലാം പ്രകടമായ വൈരുധ്യങ്ങൾ കാണാവുന്നതാണെന്ന് കാരവന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് പോലീസ് സ്റ്റേഷനിലെ ഡയറിക്കുറിപ്പിൽ, പോലീസ് അന്വേഷണ പ്രക്രിയയിലെ ആദ്യ രേഖ, അപകടത്തെക്കുറിച്ചുള്ള സൂചനയൊന്നുമില്ല. ഇതുകൂടാതെ, സംഭവുമായി ബന്ധപ്പെട്ട ഓരോ വ്യക്തിയും, ആക്രമിച്ച ആൾക്കൂട്ടത്തിൽ ഉൾപ്പെട്ട ബജേര നിവാസികളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ-ആക്രമണം പശുവിനെ കശാപ്പ് ചെയ്തു എന്ന സംശയത്തിൽ നിന്നും ഉണ്ടായതാണ് എന്ന് പറഞ്ഞിട്ടുണ്ട്. എഫ്ഐആറിൽ സമിയുദീൻറെ സഹോദരൻ യസീനിന്റെ ഒപ്പുണ്ടെങ്കിലും എഫ്ഐആർ രേഖപ്പെടുത്താനുള്ള പരാതി താനല്ല നൽകിയത് എന്നാണ് അയാൾ പിന്നീട് പറഞ്ഞത്. ഗ്രാമക്കാരനായ തന്റെ ഒരു രാജ്പുത് സുഹൃത് ദിനേശ് ടോമറാണ് പരാതി നൽകിയതെന്ന് യാസീൻ പറയുന്നു. എഫ്ഐആറിൽ വ്യാജമായ കാര്യങ്ങൾ പറയാൻ സർക്കിൾ ഓഫീസർ പവൻ കുമാർ തന്നെ നിർബന്ധിച്ചുവെന്ന് ടോമർ പറഞ്ഞതായി കാരവന്‍ വ്യക്തമാക്കുന്നു. ഇതൊന്നും പോലീസ് അന്വേഷണത്തിൽ രേഖപ്പെടുത്തിയിട്ടില്ല. ദൃശ്യങ്ങളിൽ എളുപ്പം തിരിച്ചറിയാവുന്നവരും, സമിയുദീന് പേരറിയാവുന്നവരെപ്പോലും പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല. സിങ്ങിന് ജൂലായ് 4 -നു ജാമ്യം ലഭിച്ചു. സിസോദിയയുടെ ജാമ്യാപേക്ഷ ജൂലായ് 19-നു കേൾക്കാൻ വെച്ചിരിക്കുന്നു.

ആശുപത്രിയിൽ നിന്നും പുറത്തുവന്ന് അധികം വൈകാതെയാണ് സമിയുദീനെ യസീനും ടോമർക്കുമൊപ്പം താൻ കണ്ടതെന്ന് നിലീന പറയുന്നു. അയാളുടെ ശരീരം മുഴുവൻ മുറിവും പ്ലാസ്റ്ററും തുന്നിക്കെട്ടലുമാണ്. തലയ്‌ക്കേറ്റ ഗുരുതരമായ മുറിവ് ഇനിയും ഭേദമായിട്ടില്ല. ഒരു മരക്കസേരയിലിരുന്ന് മറ്റൊന്നിലേക്കു കാലുകൾ കയറ്റിവെച്ച്, ക്ഷമയോടെ, ഇടയ്ക്കു കിതച്ചു നിർത്തി സമിയുദീൻ സംസാരിച്ചു- “കുറ്റവാളികൾക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, കാസിമിനും എനിക്കും നീതി കിട്ടണം.”

സംഭവത്തിലെ വസ്തുതകൾ തേച്ചുമാച്ചുകളയാനുള്ള പൊലീസിന്റെ ശ്രമത്തിൽ ആശങ്കപ്പെട്ട സമിയുദീനും സഹോദരൻ യസീനും സുഹൃത്ത് ദിനേശ് ടോമറും, സമിയുദീൻ ആശുപത്രിയിൽ നിന്നും പുറത്തുവന്ന ഉടനെ തങ്ങളുടെ മൊഴികൾ പൊലീസിന് അയച്ചുകൊടുത്തു. മീററ്റ് ഐ ജി രാം കുമാർ, എ ഡി ജി പി പ്രശാന്ത് കുമാർ, ഹാപൂർ ജില്ലാ പോലീസ് മേധാവി സങ്കല്പ ശർമ എന്നിവർക്കാണ് ഇവർ തങ്ങളുടെ പ്രസ്താവന അയച്ചുകൊടുത്തത്. “പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയെന്നു ഞാൻ കേട്ടു. കോടതിക്ക് മുന്നിൽ ശരിയായ വസ്തുതകൾ നൽകാതെയും ജാമയാപേക്ഷയെ വേണ്ടവിധത്തിൽ എതിർക്കാതെയും പോലീസ് പ്രതികളെ സഹായിക്കുകയായിരുന്നു. ബജെര ഗ്രാമത്തിലെ പ്രതികളുമായി പൊലീസ് ഒത്തുകളിക്കുകയാണ്,” സമിയുദീൻ പറയുന്നു. “പിൽഖുവാ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ എനിക്ക് ഒട്ടും വിശ്വാസമില്ല.”

സമിയുദ്ദീൻ ആക്രമണം ഓർമ്മിച്ചെടുക്കുന്നത് കാരവന്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു: സംഭവദിവസം തന്റെ അയൽക്കാരൺ ഹസനുമൊത്ത് മഡാപൂർ ഗ്രാമത്തിനടുത്തുള്ള കൃഷിയിടത്തിൽ നിന്നും കാലിത്തീറ്റ ശേഖരിക്കാൻ പോവുകയായിരുന്നു അയാൾ. ഏതാണ്ട് പതിനൊന്നരയോടെ അവിടെയെത്തിയ അവർ പെട്ടന്ന് പണിതീർത്തു മടങ്ങാനായിരുന്നു പരിപാടി. ഒരു ബന്ധുവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കുടുംബത്തെയും കൂട്ടി പാബി ബ്രാഹ്മത്തിലേക്കു പോകേണ്ടതുണ്ടായിരുന്നു. ബീഡിയും വലിച്ച് അവർ രണ്ടുപേരും കൃഷിയിടത്തിൽ ഇരുന്നു.

മഡപൂരും ബജെര ഖുർദും ഒരു കൃഷിക്കളം അതിർത്തിയിടുന്ന അയൽ ഗ്രാമങ്ങളാണ്. ബീഡി വലിച്ചിരിക്കെ കയ്യിൽ ഒരു വടിയുമായി കാസിം ഒറ്റയ്ക്ക് നടന്നുവരുന്നത് സമിയുദ്ദീൻ കണ്ടു. പെട്ടാണ് ബജെര ഗ്രാമത്തിൽ 20-25 ആൾക്കാർ പാടത്തേക്ക് ഓടിവന്ന് കാസിമിനെ തല്ലാൻ തുടങ്ങി. അയാൾ സഹായത്തിനായി ഉറക്കെ നിലവിളിച്ചു. “എന്താണ് പ്രശ്‍നം? നിങ്ങളെന്തിനാണ് ഇയാളെ തല്ലുന്നത്?” സമിയുദ്ദീൻ ആൾക്കൂട്ടത്തോട് ചോദിച്ചു. അപ്പോൾ അവർ അയാൾക്ക് നേരെ തിരിഞ്ഞു. പ്രതിഷേധിക്കാൻ നോക്കിയെങ്കിലും അവർ ഒരു വാക്കുപോലും കേൾക്കാൻ തയ്യാറായില്ല.

പശു നമ്മുടെ ജനാധിപത്യത്തിനു മേല്‍ അതിന്റെ നാലുകാലും വിരിച്ചു നില്‍ക്കുകയാണ്

“അവരെന്റെ താടിയിൽ പിടിച്ചുവലിച്ച് എന്നെ മർദ്ദിക്കാൻ തുടങ്ങി… അടിക്കാനും ഇടിക്കാനും. “നീ പശുവിനെ കൊന്നോ” എന്ന് ആൾക്കൂട്ടം തന്നോട് ചോദിച്ചതായി സമിയുദ്ദീൻ തന്റെ മൊഴിയിൽ എഴുതിയിരിക്കുന്നു. “അങ്ങനെ ഒന്നും ഇവിടെ സംഭവിച്ചിട്ടില്ല: ഇവിടെ പശുവില്ല. കത്തിയില്ല, മഴുവുമില്ല.” പാടത്ത് ഒരു മൃഗത്തെയും അങ്ങനെ കശാപ്പു ചെയ്യാൻ പറ്റില്ല എന്നയാൾ അവരോട് പറഞ്ഞുനോക്കി. പക്ഷെ ആൾക്കൂട്ടം അതൊന്നും കേൾക്കാൻ തയ്യാറായിരുന്നില്ല. സാമിയുദ്ദീനെ മർദ്ദിക്കുന്നതുകണ്ട് ഭയന്ന ഹസൻ ഓടിപ്പോയി. ആള്‍ക്കൂട്ടം സമിയുദ്ദീനെ അവിടെയുള്ള ക്ഷേത്രത്തിനടുത്തേക്കു വലിച്ചിഴച്ചു. “ഞാൻ തളർന്നു തുടങ്ങിയിരുന്നു,” അയാൾ പറഞ്ഞു. ക്ഷേത്രത്തിലും മർദ്ദനം തുടർന്നു. അപ്പോഴേക്കും ആൾക്കൂട്ടം 45 -50 പേരോളമായി വിപുലമായി.

സമിയുദ്ദീന് ബോധം നഷ്ടപ്പെട്ടു. എപ്പോഴാണ് പൊലീസ് വന്നതെന്ന് തനിക്കറിയില്ല എന്നയാൾ പറയുന്നു. “ഞാനാകെ തളർന്നുപോയി, വലിയ പരിക്കുകളും,” അയാൾ പറഞ്ഞു. “എന്നെ ഒരു മൃഗത്തെപ്പോലെയാണ് പോലീസുകാർ അവരുടെ വണ്ടിയിലേക്ക് വലിച്ചിട്ടത്. പരിക്കുപറ്റിയ ഒരാളെപ്പോലെയല്ല എന്നെ കണക്കാക്കിയത്. എന്റെ വേദന കുറയ്ക്കാൻ ഒന്നും ചെയ്തില്ല.” ആശുപത്രിയിൽ, “എനിക്ക് ബോധം വന്നും പോയും കൊണ്ടിരുന്നു. എന്റെ കൈവിരലുകളിൽ ഒടിവുണ്ടായിരുന്നു. അത് വല്ലാതെ വേദനിപ്പിച്ചു. ആ അവസ്ഥയിൽ ആരൊക്കെയോ വിരലടയാളം പതിപ്പിക്കാൻ അതുപിടിച്ചു കടലാസിൽ അമർത്തി. എനിക്കതു മനസിലായി, പക്ഷെ ആരാണ് ചെയ്തതെന്ന് അറിയില്ല.”

“കാസിമിനെ തല്ലിക്കൊന്നവരെ എനിക്കറിയാം, തിരിച്ചറിയാനും കഴിയും,” സമിയുദ്ദീൻ പറഞ്ഞു. പൊലീസിന് നൽകിയ മൊഴിയിൽ ബജേരയിലെ പലരേയും അയാൾ പേരെടുത്ത് പറഞ്ഞിട്ടുണ്ട്- മാഞ്ചേ, കരൺ ലാൽ, റിങ്കു റാണ, ഹരി ഓം, ലളിത്. “മുഖം കണ്ടാൽ അക്കൂട്ടത്തിലെ പലരെയും എനിക്ക് തിരിച്ചറിയാൻ കഴിയും”. സമിയുദ്ദീൻ പറഞ്ഞു. അവരെന്നെ അടിമുടി തല്ലി. എനിക്ക് തലയ്ക്കു പരിക്കുപറ്റി. എന്റെ കയ്യും കാലും വാരിയെല്ലും എല്ലാം പൊട്ടി. ദൈവത്തിന്റെ കൃപ കൊണ്ടാണ് ഞാനിന്നു ജീവിക്കുന്നത്.”

കാസിമിനും സമിയുദ്ദീനും നേർക്ക് നടന്ന ആൾക്കൂട്ട ആക്രമണം സംബന്ധിച്ച സത്യം പുറത്തു പറയാതിരിക്കാനും ബജേറയിലെ ഗ്രാമീണർ ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നു എന്ന് പറയാതിരിക്കാനും പോലീസ് തങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തിയെന്നു യസീൻ പറയുന്നുവെന്ന് കാരവന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് നേരത്തെ ടോമർ പറഞ്ഞതിന് സമാനമാണ്. സംഭവം മോട്ടോർ സൈക്കിൾ അപകടമാണ് എന്ന് പറയാനായിരുന്നു സർക്കിൾ ഓഫീസർ അയാളെ നിർബന്ധിച്ചത്. ടോമർ പ്രതിഷേധിച്ചപ്പോൾ “എന്തെഴുതിയാലും ഞാനാണ് അന്വേഷിക്കുന്നത്” എന്നായിരുന്ന ഓഫീസർ പറഞ്ഞത്.

‘എത്ര നല്ലവനാണെന്ന് പറഞ്ഞാലും അവന്‍ ഒരു ബംഗാളിയല്ലേ?’; ആള്‍ക്കൂട്ട ഭ്രാന്ത് മണിക്കിന്റെ ജീവനെടുത്തതിങ്ങനെയാണ്

ഗാസിയാബാദ് ജില്ലയിലെ മസൂരി ഗ്രാമത്തിലാണ് യാസീൻ താമസിക്കുന്നത്. സംഭവത്തെക്കുറിച്ച് കേട്ടയുടനെ അയാൾ മഡപൂർ ഗ്രാമത്തിലേക്ക് പോയി. സമിയുദ്ദീന്റെ മകൻ അനസിനൊപ്പം അയാൾ പിൽഖുവാ പോലീസ് സ്റ്റേഷനിലെത്തി. പൊലീസുകാർ ഒരു സഹായവും ചെയ്തില്ല. അവർ ഇവരെ ഒരാശുപത്രിയിൽ നിന്നും മറ്റൊന്നിലേക്ക് ഓടിച്ചു. യാസീനും അനസും അവസാനം പൊലീസ് സ്റ്റേഷനിലേക്ക് തന്നെ തിരിച്ചുവന്നു. “ഞങ്ങളാകെ ഭയന്നിരുന്നു,” യാസീൻ പറഞ്ഞു. അയാൾ മഡപൂരിലെ ഗ്രാമമുഖ്യനെ വിവരം അറിയിച്ചു. ഗ്രാമമുഖ്യൻ മറ്റ് ചില ഗ്രാമീണർക്കൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തി. യാസീനും അനസും മഡപൂർ ഗ്രാമവാസികൾക്കൊപ്പം സർക്കിൾ ഓഫീസർ പവൻ കുമാർ സിങ്, സബ് ഡിവിഷണൽ മജിസ്‌ട്രേട് ഹനുമാൻ പ്രസാദ് മൗര്യ എന്നിവരടക്കം ജില്ലയിലെ പല മുതിർന്ന പോലീസ്, ജില്ലാ ഉദ്യോഗസ്ഥരെയും കണ്ടു. കുറ്റവാളികളെ പിടികൂടുമെന്ന് അവരെല്ലാം ഉറപ്പു നൽകി. പവൻ കുമാർ ഒഴികെ ബാക്കിയെല്ലാ ഉദ്യോഗസ്ഥരും തുടർന്ന് സ്റ്റേഷനിൽ നിന്നും പോയി.

തന്റെ സഹോദരൻ എവിടെയാണെന്നു വിവരം നൽകാൻ യാസീൻ പവൻ കുമാറിനോട് അഭ്യർത്ഥിച്ചു. “എന്തുകൊണ്ടാണ് പൊലീസ് സമിയുദ്ദീനെക്കുറിച്ചുള്ള വിവരം നൽകാത്തത്,” യാസീൻ അയാളോട് ചോദിച്ചു. ഇത് കേട്ട പവൻ കുമാർ “എന്നെ ഭീഷണിപ്പെടുത്തി,” യാസീൻ പറയുന്നു. “സഹോദരനെ കാണണമെങ്കിൽ താൻ പറയുന്നതുപോലെ കേൾക്കണെമെന്ന് അയാൾ പറഞ്ഞു.” “താൻ പറയുന്ന പോലെ എഴുതി ഒപ്പിടണമെന്നു പവൻ കുമാർ സിങ് എന്നോടാവശ്യപ്പെട്ടു. അല്ലെങ്കിൽ സമിയുദ്ദീനെയും എന്നെയും കുടുംബാംഗങ്ങളെയും പശുവിനെ കശാപ്പു ചെയ്‌തതിന്‌ പിടികൂടുമെന്നും ഭീഷണിപ്പെടുത്തി.”

“ഏതു സർക്കാരാണ് ഭരിക്കുന്നതെന്ന് ഓർക്കണം. മിണ്ടാതിരുന്നാൽ എല്ലാവര്‍ക്കും നല്ലത്,” സിങ് യാസീനെയും ടോമറിനെയും ഭീഷണിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് തുടരുന്നു. സമിയുദ്ദീന് എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന് ഭയന്ന അവർ നിർദ്ദേശിച്ച പ്രകാരമുള്ള പരാതി നൽകി. ഈ വ്യാജവിവരങ്ങൾ കാണിച്ച പരാതിയിൽ യാസീൻ ഒപ്പിട്ട ശേഷമേ പൊലീസ് സമിയുദ്ദീൻ എവിടെയാണെന്നു വിവരം അയാളോട് വെളിപ്പെടുത്തിയുള്ളൂ. ഇതിനു ശേഷവും ആശുപത്രിയിൽ എത്തിയപ്പോൾ അവരറിഞ്ഞത് സമിയുദ്ദീനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി എന്നാണ്- ഒടുവിൽ ദേവനന്ദിനി ആശുപത്രിയിലാണ് കുടുംബാംഗങ്ങൾ അയാളെ കണ്ടത്.

കാവി ചുറ്റിയ രാജ്യം; മലയാളി യുവതിയുടെ ഈ ഫേസ്ബുക്ക് പോസ്റ്റ് പറയും നമ്മുടെ യാഥാര്‍ത്ഥ്യങ്ങള്‍

ജൂലായ് 6-നു തന്നെ ദേവനന്ദിനി ആശുപത്രിയിൽ നിന്നും വിട്ടു എന്ന് സമിയുദ്ദീൻ പറഞ്ഞതായി നിലീന റിപ്പോര്‍ട്ടില്‍ പറയുന്നു. പല മുറിവുകളിലും അണുബാധയുണ്ടായിരുന്നു. ഒടിവുകളിലൊന്ന് ശരിയായല്ല കെട്ടിയത്. ഹാപൂരിന് പുറത്തു ഡൽഹിയിൽ ചികിത്സ തേടാൻ അയാളും കുടുംബവും തീരുമാനിച്ചു. “അതുകൊണ്ടാണ് ഞങ്ങൾക്കിപ്പോൾ സത്യം പറയാനുള്ള ധൈര്യം ഉണ്ടായത്. ബജേറയിൽ നിന്നുള്ള ആൾക്കൂട്ട അക്രമികളെക്കുറിച്ച് ഒരു നിഷ്പക്ഷ അന്വേഷണം നിങ്ങൾ നടത്തണം,” യാസീൻ പൊലീസിന് നല്‍കിയ പ്രസ്താവനയിൽ പറയുന്നു. “അക്രമികളെ രക്ഷിക്കാൻ തെറ്റായ വിവരങ്ങൾ കാണിച്ച് എഫ്ഐആർ രേഖപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ചും അന്വേഷിക്കണം- പ്രത്യേകിച്ചും പിൽഖുവാ സ്റ്റേഷനിലെ സർക്കിൾ ഓഫീസർ പവൻ കുമാർ സിങ്.” “വ്യാജ എഫ് ഐ ആർ ഉണ്ടാക്കാൻ എന്റെ കുടുംബാഗങ്ങളെ ഭീഷണിപ്പെടുത്തിയ പിൽഖുവാ സ്റ്റേഷനിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും ജുഡീഷ്യൽ അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണം,” സമിയുദ്ദീൻ ആവശ്യപ്പെട്ടു.

നാല് പേരെ പിടികൂടിയതൊഴിച്ചാൽ പോലീസ് അന്വേഷണത്തിൽ വലിയ പുരോഗതിയൊന്നുമില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രതികളിൽ ഒരാളായ യുധിഷ്ഠിർ സിങ്ങിന് ജൂലായ് 9-നു ഹാപൂർ സെഷൻസ് കോടതി ഒരു ലക്ഷം രൂപ കെട്ടിവെപ്പിച്ചു ജാമ്യം അനുവദിച്ചു. പരാതിക്കാരന്റെ പ്രസ്താവനയും പോലീസ് കേസ് ഡയറിയും തമ്മിൽ വൈരുധ്യമുണ്ടെന്നും യുധിഷ്ഠിറിനെതിരെ ശക്തമായ തെളിവുകളൊന്നുമില്ലെന്നും ജാമ്യ ഉത്തരവിൽ പറയുന്നു.

“സമിയുദ്ദീന്റെയോ ബന്ധുക്കളുടെയോ മൊഴികൾ ഇതുവരെയും പോലീസ് എടുത്തിട്ടില്ല എന്നത് അമ്പരപ്പിക്കുന്നതാണ്,” സമിയുദ്ദീന്റെ അഭിഭാഷക വൃന്ദ ഗ്രോവർ പറഞ്ഞു. “പരിക്കേറ്റ ഒരു ദൃക്‌സാക്ഷിക്ക് അന്വേഷണത്തിൽ നിർണായകമായ വിലയുണ്ട്. സമിയുദ്ദീൻ, യാസീൻ, ടോമർ എന്നിവരുടെ പ്രസ്താവന കിട്ടിയതിനുശേഷം തങ്ങൾക്കു കിട്ടിയ വസ്തുതകൾ അന്വേഷിക്കാൻ പൊലീസ് നിയമപരമായി ബാധ്യസ്ഥരാണ്.”

ഈ ‘വിശുദ്ധ പശു’ രാഷ്ട്രീയം ഹൈന്ദവ വിരുദ്ധം

തന്റെ കുടുംബത്തിന്റെ സുരക്ഷയിൽ സമിയുദ്ദീന് ആശങ്കയുണ്ട്. “ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നവരും പോലീസും എന്റെ കുടുംബത്തെ അപായപ്പെടുത്തിയേക്കും,” അയാൾ പറയുന്നു. “അവരാണ് ദൃശ്യങ്ങൾ പകർത്തിയത്. അത് ഗുണ്ടാപ്പണിയാണ്. ആളുകളെ ഭയപ്പെടുത്താനാണ് അത്,” ടോമർ പറഞ്ഞു. “രാജ്പുത് സമുദായത്തിലെ ആരും ഇരകളെ പിന്തുണയ്ക്കാൻ മുന്നോട്ടുവന്നില്ല. പിന്തുണച്ചതിനു അവർ എന്നെയും ഭീഷണിപ്പെടുത്തി. അവരെല്ലാം കാവിക്കാരാണ്. അതുകൊണ്ടാണ് സർക്കാരും പോലീസും അവരെ പിന്തുണയ്ക്കുന്നത്”, ടോമാര്‍ പറഞ്ഞതായി കാരവന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മീററ്റ് ഐ ജി രാം കുമാര്‍, ജില്ലാ പൊലീസ് മേധാവി സങ്കല്‍പ് കുമാര്‍, സർക്കിൾ ഓഫീസർ പവൻകുമാർ സിങ് എന്നിവരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ പ്രതികരിക്കാൻ തയ്യാറായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

ചിത്രം: ഷാഹിദ് ടാൻട്രെയ്‌/കാരവന്‍

വികൃതരൂപം പ്രാപിക്കുന്ന പശു രാഷ്ട്രീയം; ഗോവയില്‍ ബീഫ് വ്യവസായം തകരുന്നു

‘ഹിന്ദുവിന്റെ പശു’ എന്ന രാഷ്ട്രീയായുധം

പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട കൊല; പ്രതികള്‍ക്ക് മാലയിട്ട് കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹ; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ഗോരക്ഷ ‘ഗുജറാത്ത് മോഡല്‍’; മോദിയുടെ സംഭാവന

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍