UPDATES

ആരായിരിക്കും രാഷ്ട്രപതി ഭവനിലെ രാംനാഥ് കോവിന്ദ്?

ആധുനിക രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രപതി ഭവനെക്കുറിച്ച് ചിന്തിക്കുന്നത് എങ്ങനെയാണ് എന്നതാണ് നരേന്ദ്ര മോദി ഇപ്പോള്‍ നമ്മെ കാണിച്ചു തരുന്നത്

ഡല്‍ഹിയില്‍ ഒരിക്കലെങ്കിലും വന്നിട്ടുള്ളവര്‍ തീര്‍ച്ചയായും റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാജ്പഥ് കണ്ടിട്ടുണ്ടാവും. അതിന്റെ ഒരു ഭാഗത്താണ് ഇന്ത്യാ ഗേറ്റ്. മറുഭാഗമാണ് റെയ്‌സിനാ ഹില്‍. പ്രധാനമായും രണ്ട് ഓഫീസുകളാണ് ഇവിടെയുള്ളത്. ഒന്ന് ഇന്ത്യന്‍ രാഷ്ട്രപതിയുടേത്. മറ്റൊന്ന് നോര്‍ത്ത്-സൗത്ത് ബ്ലോക്ക് എന്നറിയപ്പെടുന്ന കെട്ടിടങ്ങളിലൊന്നിലെ പ്രധാനമന്ത്രിയുടെ ഓഫീസ്. എന്നാല്‍ ഈ രണ്ട് കെട്ടിടങ്ങളുടേയും വലിപ്പം ഈ പദവികള്‍ കൈകാര്യം ചെയ്യുന്ന അധികാരവും സ്വാധീനവുമായി തട്ടിച്ചു നോക്കിയാല്‍ യാതൊരു ബന്ധവുമില്ലെന്ന് കാണാം. ഒരര്‍ത്ഥത്തില്‍ വിപരീതാനുപാതത്തിലാണ് അത്.

330 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന രാഷ്ട്രപതി ഭവനിലെ അഞ്ചേക്കറാണ് പ്രസിഡന്‍ഷ്യല്‍ എസ്‌റ്റേറ്റ് എന്നറിയപ്പെടുന്ന താമസസ്ഥലവും ഓഫീസുകളുമൊക്കെയായി ഉള്ളത്. അതില്‍ 340 മുറികള്‍, 227 സ്തൂപങ്ങള്‍, 37 ഫൗണ്ടനുകള്‍ ഒപ്പം പ്രഖ്യാതമായ മുഗള്‍ ഗാര്‍ഡന്‍ ഒക്കെ ഉള്‍പ്പെടും. ഇത്രവലിയ ഒരു സ്ഥലത്ത് ആര്‍ക്കെങ്കിലും ജീവിക്കാന്‍ കഴിയുമോയെന്ന് ഒരിക്കല്‍ ജവഹര്‍ലാല്‍ നെഹ്‌റു അത്ഭുതപ്പെടുക വരെയുണ്ടായി. ഇതേ കാരണം ചൂണ്ടിക്കാട്ടി അവസാന വൈസ്രോയി എഡ്വേഡ് മൗണ്ട് ബാറ്റണ്‍ ഇവിടെ നിന്ന് ഒഴിയാനും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

അതിനെ അപേക്ഷിച്ചു നോക്കിയാല്‍ സൗത്ത് ബ്ലോക്കിന്റെ ഒരു മൂലയിലുള്ള സാധാരണ വലിപ്പമുള്ള ഒരു മുറിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രി താമസിക്കുന്നതാകട്ടെ, ഏതാനും കിലോമീറ്റര്‍ അകലെയുള്ള ഔദ്യോഗിക ബംഗ്ലാവിലും. 20 ഏക്കറില്‍ പരന്നു കിടക്കുന്ന ഒരു കോമ്പൗണ്ടില്‍ അഞ്ചു വീടുകളുടെ സമുച്ചയമാണത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയാതിനു ശേഷം ലോക് കല്യാണ്‍ മാര്‍ഗ് എന്നു പേരുമാറ്റിയ റേസ്‌കോഴ്‌സ് റോഡിലാണിത്.

എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍, അതിന്റെ അടിസ്ഥാനമായ ഭരണഘടനയനുസരിച്ച് ഒതുങ്ങിയ ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പി.എം.ഓയുടെ തലവന്‍, പ്രധാനമന്ത്രിയാണ് രാജ്യത്തെ തന്നെ ഏറ്റവും ആഡംബരപൂര്‍ണമായ രാഷ്ട്രപതി ഭവനില്‍ ആരു താമസിക്കണം എന്നു തീരുമാനിക്കുന്നത്.

ആധുനിക രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രപതി ഭവനെക്കുറിച്ച് ചിന്തിക്കുന്നത് എങ്ങനെയാണ് എന്നതാണ് നരേന്ദ്ര മോദി ഇപ്പോള്‍ നമ്മെ കാണിച്ചു തരുന്നത്: രാഷ്ട്രീയ നേട്ടങ്ങളുടേയും അതിനുതകുന്ന രീതിയിലുള്ള കാഴ്ചപ്പാടുകളുടേയും അടിസ്ഥാനത്തില്‍ ഒരു ആലങ്കാരിക നിയമനം. രാഷ്ട്രപതി നിയമനത്തിന്റെ കാര്യത്തില്‍ ഇത്തരമൊരു തീരുമാനമെടുക്കുന്ന ആദ്യ പ്രധാനമന്ത്രിയുമല്ല മോദി. പ്രതിപക്ഷമായ കോണ്‍ഗ്രസും മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ ആ പാത തന്നെ പിന്തുടര്‍ന്നവരാണ്: അല്ലെങ്കില്‍ പ്രതിഭാ പാട്ടീല്‍ എങ്ങനെ ഇന്ത്യന്‍ രാഷ്ട്രപതിയാകുമായിരുന്നു? അക്കാര്യത്തില്‍ അവരെ പിന്തുണയ്ക്കുകയല്ലാതെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും വഴിയുണ്ടായിരുന്നില്ല.

ഭരണഘടന പറയുന്നത്
ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ഇന്ത്യന്‍ രാഷ്ട്രപതിയുടേത് സവിശേഷമായ അധികാര സ്ഥാനമാണ്. എന്നാല്‍ കടലാസില്‍ ഈ അധികാരങ്ങള്‍ നിര്‍വചിച്ചിട്ടുണ്ടെങ്കിലും യാഥാര്‍ത്ഥ്യം അങ്ങനെയല്ല. എക്‌സിക്യൂട്ടീവ് എടുക്കുന്ന തീരുമാനങ്ങള്‍, ചിലപ്പോള്‍ നിയമപരമായി സാധുതയുള്ളതല്ലെങ്കില്‍ പോലും അതിന് അനുമതി നല്‍കുന്ന ഒരു റബര്‍ സ്റ്റാമ്പായാണ് ഈ പദവി ഉപയോഗിക്കപ്പെടുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചു വിടാന്‍ ശിപാര്‍ശ നല്‍കുന്നതിന് ഗവര്‍ണര്‍മാര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെ മറികടന്ന് അത്തരമൊരു കാര്യം ചെയ്യാന്‍ രാഷ്ട്രപതിക്ക് അധികാരമില്ല എന്നതാണ് വസ്തുത.

ഭരണഘടനയുടെ 53-ാം അനുചേ്ഛദമനുസരിച്ച് രാഷ്ട്രപതിയാണ് ഇന്ത്യന്‍ യൂണിയന്റെ പരമാധികാരി. ഒപ്പം ഇന്ത്യന്‍ സായുധ സേനകളുടെ സുപ്രീം കമാന്‍ഡറും. എന്നാല്‍ അത് വെറും ആലങ്കാരികമാണെന്ന് കാണാം, അല്ലെങ്കില്‍ ഭരണഘടന തന്നെ പറയുന്നത് കാണൂ: “Without prejudice to the generality of the foregoing provision, the Supreme Command of the Defense Forces of the Union shall be vested in the President and the exercise thereof shall be regulated by law.”

ഭരണഘടനയനുസരിച്ച് രാഷ്ട്രപതിക്ക് തന്റെ കടമകള്‍ നിര്‍വഹിക്കുന്നതിന് ഉപദേശം നല്‍കാനും സഹായിക്കാനും പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന കൗണ്‍സില്‍ ഓഫ് മിനിസ്‌റ്റേഴ്‌സ് ഉണ്ട്. അതനുസരിച്ചാണ് ആ പദവിയിലുള്ളയാള്‍ പ്രവര്‍ത്തിക്കേണ്ടത്.

എന്നിരുന്നാലും ഭരണഘടനയുടെ അനുചേ്ഛദം 60 മറ്റൊരു കാര്യം വൃത്തിയായി എഴുതി വച്ചിട്ടുണ്ട്. രാഷ്ട്രപതിയായി ചുമതലയേറ്റെടുക്കുന്നതിനു മുമ്പ് സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ വിശദീകരണമാണ് അത്; അതിങ്ങനെ പറയുന്നു: “എന്റെ എല്ലാ കഴിവും ഉപയോഗിച്ച് ഭരണഘടനയേയും നിയമ വ്യവസ്ഥയേയും സംരക്ഷിക്കുകയും പ്രതിരോധിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്യും” (… (I) will to the best of my ability preserve, protect and defend the Constitution and the law…)

ഇന്ത്യന്‍ രാഷ്ട്രപതിയെ വ്യത്യസ്തമാക്കുന്നത് അതാണ്. മറ്റ് ഭരണഘടനാ പദവികള്‍, ഉപരാഷ്ട്രപതിയായാലും പ്രധാനമന്ത്രിയായാലും ചീഫ് ജസ്റ്റിസ് ആയാലും അവര്‍ പ്രതിജ്ഞ ചെയ്യുന്നത്: “നിയമം വഴി സ്ഥാപിതമായ ഇന്ത്യന്‍ ഭരണഘടനയോട് കൂറും വിശ്വസ്തതയും പുലര്‍ത്തിക്കൊള്ളാം” (bear true faith and allegiance to the Constitution of India as by law established) എന്നാണ്.

അതായത്, നമ്മുടെ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്, ഇന്ത്യന്‍ രാഷ്ട്രപതിയാണ് നമ്മുടെ ഭരണഘടനയെ കാത്തുസൂക്ഷിക്കുകയും സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട പ്രാഥമികമായ ഉത്തരവാദിത്തമുള്ളയാള്‍, അത് സുപ്രീം കോടതി ചീഫ് ജസ്റ്റിസോ, പ്രധാനമന്ത്രിയോ അല്ല. ഭരണഘടനാ മൂല്യങ്ങളെ ഏതെങ്കിലും വിധത്തില്‍ ലംഘിക്കപ്പെടുകയോ ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്ന പക്ഷം അതിനോട് പ്രതികരിക്കാന്‍ ഭരണഘടനാപരമായി ഉത്തരവാദിത്തവും അധികാരവുമുള്ള ആദ്യ വ്യക്തിയാണ് ഇന്ത്യന്‍ രാഷ്ട്രപതി.

ഇവിടെയാണ് രാംനാഥ് കോവിന്ദിന്റെ നിയമനം നിര്‍ണായകമാവുന്നത്. ഇന്ത്യന്‍ ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന ഏതെങ്കിലും കാര്യത്തെ തടയാന്‍ അദ്ദേഹത്തിന് സാധിക്കുമോ? അല്ലെങ്കില്‍ സ്വന്തം ക്യാബിനറ്റിനോട് പോലും ആലോചിക്കാതെ ഒരു വൈകുന്നേരം അടിയന്തരാവസ്ഥാ തീരുമാനമെടുത്ത പ്രധാനമന്ത്രി നല്‍കിയ കടലാസില്‍ മറുചോദ്യങ്ങളില്ലാതെ ഒപ്പുവച്ച ഫക്രുദീന്‍ അലി അഹമ്മദിനെ പോലെ ഒരു രാഷ്ട്രപതിയാകുമോ?

രാഷ്ട്രപതിയായിരിക്കുന്ന കാലയളവില്‍ കോവിന്ദ് ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ ഒറ്റപ്പെട്ട ഒന്നായോ അല്ലെങ്കില്‍ ബിജെപിയുടെ അസഹിഷ്ണുതാ രാഷ്ട്രീയത്തേയോ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ല. അല്ലെങ്കില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്ന- നമ്മള്‍ എങ്ങനെ ചിന്തിക്കണം, എന്തു കഴിക്കണം, എന്തു ധരിക്കണം എന്നു തുടങ്ങി ഇന്ത്യന്‍ പൊതു ഇടങ്ങളിലെ സ്വാതന്ത്ര്യത്തെ മുഴുവന്‍ ഹനിക്കുന്ന വളര്‍ന്നു കൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ ബാക്കിയായോ മാത്രം കാണാന്‍ കഴിയില്ല.

അത് ആധുനിക ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ബാക്കിപത്രമാണ്, അല്ലെങ്കില്‍ അതിന്റെ തെളിവാണ്. മത-ജാതി-വര്‍ഗീയ സമവാക്യങ്ങളുടെ കൂട്ടുകെട്ടും പ്രഭുജനാധിപത്യവും കള്ളപ്പണവും സ്വജനപക്ഷപാതവും ഒക്കെക്കൂടി ചേര്‍ന്ന ആധുനിക ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഒരു നേര്‍പ്പാതി. ഇന്ത്യന്‍ ഭരണഘടന ഉറപ്പിച്ചു നിര്‍ത്തുന്ന അതിന്റെ മൂല്യങ്ങളെ എങ്ങനെ മറികടക്കാം എന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ പ്രധാന നോട്ടം. എന്തു വിലകൊടുത്തും തെരഞ്ഞെടുപ്പുകള്‍ ജയിക്കുക എന്നതാണ് അതിന്റെ പ്രധാന ലക്ഷ്യം. അത്തരമൊരു വമ്പന്‍ പരിപാടിയിലെ ഒരു ചെറിയ ഉപകരണം മാത്രമാണ് കോവിന്ദ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍