UPDATES

പൗരത്വ രജിസ്റ്റർ: പുറത്താക്കപ്പെട്ട ആ 19 ലക്ഷം പേർക്ക് ഇനിയെന്താണ് പോംവഴി?

തർക്കങ്ങൾ പരിഹരിക്കുന്നതിനായി കുറഞ്ഞത് 1000 ട്രിബ്യൂണലുകൾ സ്ഥാപിക്കുമെന്ന് കേന്ദ്രം പറയുന്നു.

19 ലക്ഷത്തോളമാളുകളാണ് ഇന്ത്യൻ പൗരന്മാരല്ലെന്നു കണ്ട് ദേശീയ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടാതെ പോയിട്ടുള്ളത്. വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനിടയുള്ള ഈ ഒഴിവാക്കൽ പ്രക്രിയ വരും വർഷങ്ങളിൽ കൂടുതൽ സങ്കീർണമാകാനാണ് സാധ്യത. ഒഴിവാക്കപ്പെട്ട മനുഷ്യർ എങ്ങോട്ടു പോകുമെന്നത് വലിയ സമസ്യയായി നിലനില്‍ക്കുന്നു. ഇന്ത്യയിലെത്തി നാൽപ്പതിലധികം വർഷങ്ങൾ ജീവിച്ചവരും, വൃദ്ധരും രോഗികളുമെല്ലാം തങ്ങളുടെ എല്ലാം ഉപേക്ഷിച്ച് പോകേണ്ട ഗതികേടിലേക്ക് എത്തിയിരിക്കുകയാണ്.

ഇനിയെന്താണ് പോംവഴി എന്നത് ഈ മനുഷ്യരുടെയെല്ലും മുമ്പിലെ വലിയ ചോദ്യമാണ്. ജീവിതത്തെ സംബന്ധിച്ച ഈ വലിയ ചോദ്യത്തിന് സർക്കാരിന്റെ പക്കലുള്ളത് ചില സാങ്കേതികമായ ഉത്തരങ്ങൾ മാത്രമാമണ്. എല്ലാവർക്കും തങ്ങളുടെ പരാതി അവതരിപ്പിക്കാനുള്ള അവസരമുണ്ട് എന്നതാണത്.

അന്തിമ പട്ടികയിൽ വരാത്ത പൗരന്മാരെ പരദേശികളായി ഉടൻ പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. ഇവർക്ക് ആവശ്യമായ എല്ലാ നിയമപരമായ സാധ്യതകളും തേടാൻ അവസരമുണ്ടാകുമെന്നാണ് പറയുന്നത്. ഇതിനായി ഫോറിനേഴ്സ് ട്രിബ്യൂണൽ രൂപീകരിച്ചിട്ടുണ്ട്.

ഇവിടെ അപ്പീൽ നൽകാനുള്ള അവസരം എല്ലാവർക്കുമുണ്ടായിരിക്കും. 120 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാവുന്നതാണ്. നേരത്തെ അറുപത് ദിവസത്തിനുള്ളിൽ അപ്പീൽ നൽകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇത് ഇപ്പോൾ കൂട്ടിയിരിക്കുകയാണ്.

തർക്കങ്ങൾ പരിഹരിക്കുന്നതിനായി കുറഞ്ഞത് 1000 ട്രിബ്യൂണലുകൾ സ്ഥാപിക്കുമെന്ന് കേന്ദ്രം പറയുന്നു. നിലവിൽ 100 ട്രിബ്യൂണലുകൾ മാത്രമാണുള്ളത്. സെപ്തംബർ ആദ്യവാരത്തോടെ നൂറെണ്ണം കൂടി നിലവില്‍ വരും. ട്രിബ്യൂണൽ തീരുമാനത്തിൽ പരാതിയുള്ളവർക്ക് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാവുന്നതാണ്. എല്ലാ നിയമസാധ്യതകളും ലഭ്യമാക്കിയതിനു ശേഷം മാത്രമേ ഇവരെ ജയിലിലടയ്ക്കുന്നതിലേക്ക് എത്തിച്ചേരൂ എന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ദേശീയ പൗരത്വ രജിസ്റ്ററിൽ പെടാത്തവർക്ക് ജില്ലാ ലീഗൽ സർവീസ് വഴി നിയമസഹായം എത്തിക്കുമെന്നും കേന്ദ്ര സർക്കാർ പറയുന്നുണ്ട്. സംസ്ഥാനം ഭരിക്കുന്ന ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസ്സും ലിസ്റ്റില്‍ ഉൾപ്പെടേണ്ടിയിരുന്ന ആളുകളെ സഹായിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി എൻജിഓകളും സഹായഹസ്തവുമായി എത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍