UPDATES

2019ലെ പൊതുതെരഞ്ഞെടുപ്പിൽ ‘സംഘമുക്ത ദക്ഷിണേന്ത്യ’ സംഭവിക്കുമോ?

കര്‍ണ്ണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ സംഭവിക്കുന്നത്

തെലങ്കാനയില്‍ ‘ചാണക്യ’ന്റെ പര്യടനം

തെലങ്കാന പിടിക്കാൻ ബിജെപിയുടെ ‘ചാണക്യൻ’ അമിത് ഷാ ഇറങ്ങുകയാണ്. എതിരിടാൻ പോകുന്നത് തെലങ്കാന രാഷ്ട്രസമിതി പാർട്ടിയുടെ സ്ഥാപകനും നിലവിലെ മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവുവിനെ. അപ്രമാദിയായ നേതാവാണ് കെസിആർ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന റാവു. സംസ്ഥാനം സൃഷ്ടിച്ചയാളെ അതിന്റെ പുരോഗതിക്ക് അടിത്തറയിടുന്ന ജോലി കൂടി ജനങ്ങൾ ഏൽപ്പിച്ചു കൊടുത്തിരിക്കുന്നു. കെസിആറിന് ‘മുൻനടയും മുൻചൊല്ലും’ കൊടുക്കാത്തവർ‌ക്ക് തെലങ്കാനയിൽ തൽക്കാലം ഒന്നും ചെയ്യാനാകില്ല.

ഏകാധിപതിയാകുന്ന കാര്യത്തിലാണെങ്കിൽ മോദിക്കൊപ്പം നിൽക്കാൻ പാങ്ങുണ്ട് കെസിആറിന്. ഒരിക്കൽ തന്നെ വിമർശിച്ച രണ്ട് ടെലിവിഷൻ‌ ചാനലുകളുടെ സംപ്രേഷണം വരെ കെസിആർ തടഞ്ഞു. വിമർശനങ്ങളുയര്‍പ്പോൾ അവയെ കൂസലില്ലാതെ അവഗണിച്ചു. വാറംഗലിലെ ഒരു പരിപാടിയിൽ വെച്ച് അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവനയും നടത്തി: “സർക്കാരിനെ മോശമായി ചിത്രീകരിക്കുന്ന മാധ്യമങ്ങളെ 10 കിലോമീറ്റർ ആഴത്തിൽ കുഴിച്ചിടും!” ചാനലുകളുടെ സംപ്രേഷണം തടഞ്ഞതിൽ പ്രതിഷേധിച്ച് രാജ് ഭവനു മുന്നിലെത്തിയ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു കെസിആർ. ഈ കെസിആറിനോടാണ് ഏറ്റുമുട്ടി തെലങ്കാന പിടിച്ചടക്കാനാണ് അഞ്ച് എംഎൽഎമാരുടെയും ഒരു എംപിയുടെയും പിൻബലത്തോടെ അമിത് ഷാ എത്തുന്നത്.

അമിത് ഷായുടെ നീക്കത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് കെസിആറിന്റെ മകനും സംസ്ഥാനത്തെ ശക്തനായ രാഷ്ട്രീയനേതാവുമായ കെടി രാമറാവു (കെടിആർ) പറഞ്ഞ കാര്യങ്ങളിലൊന്ന് ശ്രദ്ധേയമാണ്. ചന്ദ്രശേഖർ റാവു നിരവധി യാഗങ്ങൾ നടത്തിയ ആളാണെന്നും, ഹൈന്ദവധർമത്തിൽ ജീവിക്കുന്നയാളാണെന്നും, വർഗീയത തെലങ്കാനയിൽ പ്രവർത്തിക്കില്ലെന്നും കെടിആർ പറഞ്ഞു. തെലങ്കാനയിൽ തെലങ്കാന രാഷ്ടസമിതി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലികളിൽ ഒന്ന് ഇതാണ്. ഹൈന്ദവവിശ്വാസികളായ അണികളെ വിശ്വാസം ഉപയോഗിച്ചു തന്നെ പാർട്ടിയോട് അടുപ്പിച്ചു നിറുത്തുക. വർഗീയ കക്ഷിയുടെ വളർച്ച തടയുക. ഇതിന് കെസിആറിന്റെ നേതൃത്വത്തിന് കഴിയുമെന്നു തന്നെയാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.

ജൂൺ മാസത്തിലാണ് അമിത് ഷായുടെ തെലങ്കാന പര്യടനം. ലക്ഷ്യം 2019 ലോകസഭാ തെരഞ്ഞെടുപ്പു തന്നെ. തെലങ്കാന നിയമസഭയിൽ അഞ്ച് അംഗങ്ങളും പാർലമെന്റിൽ ഒരു എംപിയും എന്നതാണ് ബിജെപിയുടെ സമ്പാദ്യം. നിയമസഭയിലുള്ള അഞ്ച് അംഗങ്ങളും തലസ്ഥാനനഗരമായ ഹൈദരാബാദിലെ വിവിധ മണ്ഡലങ്ങളിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത് എന്ന പ്രത്യേകതയുമുണ്ട്. ആകെയുള്ള എംപിയും ഹൈദരാബാദിലെ സിക്കന്ദരാബാദിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടയാളാണ്. അതായത് ഗ്രാമീണമേഖലകളിൽ ബിജെപിക്ക് തൽക്കാലം കാര്യമായ സ്വാധീനമൊന്നും ഇല്ല.

വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളെ ചേര്‍ത്ത് ബിജെപിക്കെതിരായ മൂന്നാംബദൽ രൂപപ്പെടുത്തുന്ന തിരക്കുകളിലാണ് കെസിആർ ഇപ്പോഴുള്ളത്. ബിജെപിക്കെതിരെ ദേശീയതലത്തിൽ തന്നെ മുന്നണി രൂപപ്പെടുത്തുക എന്നത് കെസിആറിന്റെ ലക്ഷ്യമാണ്. സ്വന്തം പോക്കറ്റിൽ നിന്നും സർക്കാർ ഖജനാവിൽ നിന്നും കോടികൾ ചെലവിട്ട് യാഗങ്ങൾ നടത്തുകയും ക്ഷേത്ര പുനരുദ്ധാരണങ്ങൾ നടത്തുകയും ചെയ്യുന്നതിനു പിന്നിൽ ബിജെപിക്കെതിരായ രാഷ്ട്രീയം തന്നെയാണുള്ളത്.

പവൻ കല്യാണിനെ പേടിക്കണം; ജഗന്മോഹനെയും!

സംസ്ഥാനത്തിന് പ്രത്യേക പദവി വേണമെന്ന ആവശ്യം പരിഗണിക്കാമെന്ന് വാഗ്ദാനം ചെയ്ത് ബിജെപി സർക്കാരിന്റെ കൂടെക്കൂട്ടുകയും പിന്നീട് വാഗ്ദാനലംഘനം നടന്നപ്പോൾ പുറത്തിറങ്ങി ചീത്തവിളി തുടരുകയും ചെയ്യുന്ന ആന്ധ്രപ്രദേശാണ് ബിജെപിക്ക് കർണാടകം വിട്ടാൽ എന്തെങ്കിലുമുണ്ടെന്ന് പറയാനുള്ള ഒരേയൊരിടം.

175 അംഗങ്ങളുള്ള നിയമസഭയിൽ 4 എംഎൽഎമാര്‍ മാത്രമാണ് ബിജെപിക്കുള്ളത്. രണ്ട് എംപിമാരുമുണ്ട്. സംസ്ഥാനവിഭജനം നടത്തിയതിന്റെ പേരിൽ കോൺഗ്രസ്സിനോട് പുലർത്തുന്ന അത്ര പോരില്ലെങ്കിലും തരക്കേടില്ലാത്ത വിദ്വേഷം ഇപ്പോള്‍ ബിജെപിയോടുമുണ്ടെന്ന് പറയാം. ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ തിരുപ്പതിയിൽ സന്ദർശനം നടത്തിയപ്പോൾ കല്ലേറ് വരെ കിട്ടുകയുണ്ടായി.

ചന്ദ്രബാബു നായിഡുവിന്റെ വികസന ബ്രാൻഡിനെയാണ് ആന്ധ്രയിൽ ബിജെപിക്ക് എതിരിടേണ്ടി വരിക. സംസ്ഥാന വികസനത്തിന് ധാരാളം സംഭാവനകൾ കേന്ദ്രം ചെയ്തെന്നാണ് ബിജെപി അവകാശപ്പെടുന്നതെങ്കിലും ഇത് ജനങ്ങൾ എത്രത്തോളം വിശ്വസിക്കുന്നുണ്ട് എന്നതാണ് പ്രശ്നം. ബിജെപി സംസ്ഥാനത്തോടു ചെയ്ത കൊടുംചതിയെക്കുറിച്ച് തെലുഗുദേശം പാർട്ടി കൊണ്ടുപിടിച്ച പ്രചാരണങ്ങൾ നടത്തുന്നുണ്ട്. കർണാടകയിലെ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ പ്രചാരണത്തില്‍ പങ്കു ചേരുകയും ചെയ്തു മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഹൈദരാബാദ് എന്ന നഗരത്തെ ഹൈടെക് ആക്കി മാറ്റിയ ചന്ദ്രബാബു നായിഡുവില്‍ ആന്ധ്രയിലെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പറയാറായിട്ടില്ല.

പവൻ കല്യാണിന്റെ രാഷ്ട്രീയം എന്തായിരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും കാര്യങ്ങളുടെ പോക്കെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ വലിയ ഫാൻ ബേസുള്ള പവൻ കല്യാണിന്റെ രാഷ്ട്രീയ കക്ഷിയായ ജനസേന പാർട്ടി വോട്ടുകൾ വിഭജിച്ചു പോകുന്നതിന് കാരണമായി വര്‍ത്തിച്ചേക്കാമെന്നാണ് പലരും കരുതുന്നത്. ജനസേനയെയും വൈഎസ്ഐർ കോണ്‍ഗ്രസ്സിനെയും മുന്നിൽ നിറുത്തി തനിക്കെതിരെ നീക്കം നടത്താൻ ബിജെപി തയ്യാറെടുക്കുന്നത് തിരിച്ചറിഞ്ഞാണ് ചന്ദ്രബാബു നായിഡു ഇപ്പോൾ കടുത്ത വാക്പ്രയോഗങ്ങളുമായി രംഗത്തു വന്നിട്ടുള്ളതെന്ന സംസാരവുമുണ്ട്. ഇതിൽ വൈഎസ്ആർ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ബിജെപിയോട് കൂടുതൽ അടുപ്പം കാണിക്കുകയാണെങ്കിൽ അതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. പാര്‍ട്ചി നേതാവ് ജഗന്മോഹൻ റെഡ്ഢിക്കെതിരെയുള്ള കടുത്ത അഴിമതിയാരോപണങ്ങളുടെ തെളിവുകൾ മൊത്തം കയ്യിൽ വെച്ചാണ് ബിജെപി കളിക്കുന്നത്.

ബിജെപിക്കെതിരെ ഇന്ന് ആന്ധ്ര രാഷ്ട്രീയത്തിൽ സംസാരിക്കുന്നത് ചന്ദ്രബാബു നായിഡു മാത്രമാണ്. പവൻ കല്യാണും ജഗന്മോഹനും ചന്ദ്രബാബു നായിഡുവിനെയാണ് ആക്രമിക്കുന്നത്.

വെറുമൊരു സംസ്ഥാന മുഖ്യമന്ത്രി എന്നതിനപ്പുറത്ത് പ്രതിച്ഛായയുള്ള ബ്രാൻഡാണ് ചന്ദ്രബാബു നായിഡു. ലോകസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ ഇത് ബിജെപിക്ക് ക്ഷീണമുണ്ടാക്കുന്ന കാര്യം തന്നെയാണ്. ചന്ദ്രബാബു നായിഡുവിന്റെ വാക്കുകളെ ഗൗരവത്തോടെ ശ്രദ്ധിക്കുന്നുണ്ട് ദക്ഷിണേന്ത്യയിലെ ജനങ്ങൾ.

ദ്രാവിഡരാഷ്ട്രീയത്തിൽ ബിജെപിയുടെ ‘ആന്മികം’ കലരുമോ?

തമിഴ്നാട്ടിൽ നിയമസഭയിൽ ഒരംഗം പോലുമില്ല ബിജെപിക്ക്. ആകെയുള്ളത് ഒരു പാർലമെന്റംഗമാണ്. കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന തമിഴ്നാട് രാഷ്ട്രീയത്തെ അനുകൂലമായി ഉപയോഗപ്പെടുത്താനുള്ള ആയുധങ്ങൾ പോലും കൈവശമില്ലാതെ വലയുകയാണ് സംസ്ഥാന ബിജെപി നേതൃത്വം. പ്രധാനമായും രണ്ടു തരത്തിലാണ് പ്രതീക്ഷകളുണ്ടായിരുന്നത്. മറാത്ത പാരമ്പര്യമുള്ള രജിനികാന്ത് വഴി തമിഴകരാഷ്ട്രീയത്തിൽ ഇടംപിടിക്കാമെന്നതായിരുന്നു അത്. എന്നാൽ, ബിജെപിയോടുള്ള തന്റെ ചായ്‌വ് ഏതെങ്കിലും തരത്തിൽ വെളിപ്പെടുമ്പോഴെല്ലാം വെളിനാട്ടുകാരനെന്ന പഴി കേൾക്കേണ്ടി വരുന്നത് രജിനി തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഒരുപക്ഷെ, രാഷ്ട്രീയത്തിലിറങ്ങിയ ശേഷമാണ് താൻ തമിഴനല്ലെന്നത് ഒരു കുറ്റപ്പെടുത്തലായി രജിനിയുടെ ജീവിതത്തിൽ ആദ്യമായി ഉയർന്നു വന്നിരിക്കുക. മുന്നോട്ടു വെക്കുന്നത് ‘ആന്മിക’ (ആത്മീയ) രാഷ്ട്രീയമാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ബിജെപിയോടുള്ള ചായ്‌വാണ് പ്രത്യക്ഷപ്പെടുന്നതെന്ന ആരോപണവും ഉയർന്നു വന്നു. പിന്നീട് എന്താണ് ആന്മിക രാഷ്ട്രീയമെന്ന് അദ്ദേഹത്തിന് തന്റെ ആരാധകരോട് വിശദീകരിക്കേണ്ടതായും വന്നു.

മറ്റൊരു പ്രതീക്ഷ എഐഎഡിഎംകെയുടെ തകർച്ചയായിരുന്നു. ഈ സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും പ്രതീക്ഷ വെച്ച നേതാക്കള്‍ക്ക് തമിഴകരാഷ്ട്രീയത്തിൽ വിശ്വാസ്യതയില്ല എന്നത് വലിയൊരു തടസ്സമാണ്. ടിടിവി ദിനകരന്റെ നേതൃത്വത്തിൽ ശശികല വിഭാഗം മുമ്പത്തേതിനെ അപേക്ഷിച്ച് ശക്തമാണ്. ഒ പന്നീർസെൽവമാകട്ടെ കാര്യമായ ചലനശേഷിയുള്ള നേതാവല്ലെന്ന് തെളിയിച്ചു കഴിഞ്ഞിട്ടുമുണ്ട്. പന്നീർസെൽവം വലിയ വിധേയത്വം കാണിക്കുന്നുണ്ടെങ്കിലും ഇത്തരം വ്യക്തികളിൽ കേന്ദ്രീകരിച്ച് രാഷ്ട്രീയനയം രൂപീകരിക്കാനേ ഇപ്പോൾ സാധിക്കുകയുള്ളൂ ബിജെപിക്ക് എന്ന വസ്തുത നിലനിൽക്കുന്നു. പണ്ടേ ഒരു ഹിന്ദു ചായ്‌വുള്ള എഐഎഡിഎംകെക്ക് വന്ന തകർച്ച ദ്രാവിഡ രാഷ്ട്രീയത്തിനു വന്ന തകർച്ചയാണെന്ന് കാണാറായിട്ടില്ല.

കർണാടകം: ബിജെപിക്ക് വേരിറക്കമുള്ള ഏക ദക്ഷിണേന്ത്യൻ നാട്

കർണാടകത്തിൽ ബിജെപിക്കെതിരായ വോട്ട് കേന്ദ്രീകരണം സംഭവിച്ചു എന്നതിനു തെളിവായി പറയപ്പെടുന്ന രണ്ടുമൂന്നു കാര്യങ്ങളുണ്ട്. ഒന്ന് ഭരണവിരുദ്ധ വികാരം ബിജെപി വോട്ടുകളായി മാറിയില്ല എന്നതാണ്. ബിജെപിയുടെ വോട്ടുവിഹിതം 2008ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചെന്നു പറയാനാകില്ല. (2013ലെ തെരഞ്ഞെടുപ്പിൽ യെദ്യൂരപ്പ പിളർത്തിയ ബിജെപിയാണ് മത്സരിച്ചതെന്നതിനാൽ അതിന്റെ കണക്കുകൾ താരതമ്യയോഗ്യമല്ല). അന്ന് 110 സീറ്റ് നേടാനും ബിജെപിക്ക് കഴിഞ്ഞിരുന്നു. ഇത്തവണ കേന്ദ്രഭരണത്തിന്റെ എല്ലാ സന്നാഹങ്ങളോടും കൂടി, പണമിറക്കിയും മറ്റും നടത്തിയ പ്രചണ്ഡമായ പ്രചാരണത്തിന്റെ പിൻബലം കൊണ്ടുപോലും കേവലഭൂരിപക്ഷത്തിലേക്കെത്താൻ ബിജെപിക്കായില്ല. മറ്റൊന്ന് ജെഡിഎസ് വോട്ടുവിഹിതത്തില്‍ ഇടിവ് സംഭവിച്ചതായി പറയാൻ കഴിയില്ല എന്നതും കോൺഗ്രസ്സ് വോട്ടുവിഹിതം (ഗണ്യമെന്ന് പറയേണ്ടതില്ലെങ്കിൽക്കൂടിയും) ഉയർത്തി എന്നതുമാണ്. ഈ പ്രവണത അനുകൂലമായി തുടർന്നാൽ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാൻ കോൺഗ്രസ്സിന് സാധിച്ചേക്കും.

അഴിമുഖം വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍