UPDATES

സയന്‍സ്/ടെക്നോളജി

വ്യാജ സന്ദേശങ്ങൾ വാട്സാപ്പ് തടഞ്ഞില്ലെങ്കിൽ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിന് കേസ്സെടുക്കുമെന്ന് കേന്ദ്രം

രാഷ്ട്രീയ-സാമൂഹിക കാരണങ്ങളാണ് ഇത്തരം സന്ദേശങ്ങൾക്കു പിന്നിലെന്നും, പരിഹാരം കാണേണ്ടത് അവിടെയാണെന്നും വാട്സാപ്പ് നേരത്തെ നിലപാട് പറഞ്ഞിരുന്നു.

രാജ്യത്തെ ആൾക്കൂട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ വാട്സാപ്പിനെതിരെ ശക്തമായ നിലപാടെടുക്കാൻ കേന്ദ്ര സർക്കാർ. വാട്സാപ്പിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾ തടയണമെന്ന് കേന്ദ്രം വാട്സാപ്പിനോട് ആവശ്യപ്പെട്ടു. വാട്സാപ്പ് തലവൻ ക്രിസ് ഡാനിയൽസുമായി ഐടി മന്ത്രി രവിശങ്കർ പ്രസാദ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യാ സർക്കാരിന്റെ നിലപാട് അറിയിച്ചത്. പകവീട്ടുന്നതിനായി നഗ്നവീഡിയോകളും ചിത്രങ്ങളും പുറത്തുവിടൽ, ആൾക്കൂട്ട കൊലപാതകം തുടങ്ങിയവ വർ‌ധിച്ചതിനു കാരണം വാട്സാപ്പും ഫേസ്ബുക്കുമാണെന്ന് രവിശങ്കർ പ്രസാദ് നിലപാടെടുത്തു.

അതെസമയം, രാഷ്ട്രീയ-സാമൂഹിക കാരണങ്ങളാണ് ഇത്തരം സന്ദേശങ്ങൾക്കു പിന്നിലെന്നും, പരിഹാരം കാണേണ്ടത് അവിടെയാണെന്നും വാട്സാപ്പ് നേരത്തെ നിലപാട് പറഞ്ഞിരുന്നു. രാഷ്ട്രീയ-സാമൂഹിക ജീർണത മൂലം സംഭവിക്കുന്ന പ്രശ്നങ്ങളെ വാട്സാപ്പിനു മേൽ ചുമത്തരുതെന്ന സൂചനയാണ് കമ്പനി നൽകിയിരുന്നത്. അടിസ്ഥാനപരമായ പ്രശ്നം പരിഹരിക്കാതിരുന്നാൽ ആൾക്കൂട്ട കൊലപാതകങ്ങൾ അവസാനിക്കില്ലെന്നും തങ്ങളുടെ നിലപാടുകളിലൂടെ വാട്സാപ്പ് സൂചന നൽകി. എന്നാൽ ഇതിനോട് യോജിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. ആൾക്കൂട്ട കൊലപാതകങ്ങൾ ‘സാങ്കേതികപ്രശ്നം’ മാത്രമാണെന്ന് കേന്ദ്രം ഉറപ്പിച്ചു പറഞ്ഞു.

ഇത്തരം മെസ്സേജുകൾ പ്രചരിപ്പിക്കുന്നത് തടയാൻ ഒരു കോർപ്പറേറ്റ് സംവിധാനം ഒരുക്കണമെന്ന് കൂടിക്കാഴ്ചയിൽ ക്രിസ് ഡാനിയലിനോട് ആവശ്യപ്പെട്ടെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ വാട്സാപ്പ് തന്നെ ഒരു ഗ്രീവൻസ് ഓഫീസറെ നിയമിക്കണമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

നിലവിൽ വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ വാട്സാപ്പിന്റെ സഹായത്തോടെ സാധിക്കുമെങ്കിലും പല ഇന്ത്യൻ സംസ്ഥാനങ്ങളിലുമുള്ള പൊലീസ് സംവിധാനം ഇതിൽ പരാജയമാണ്.

വ്യാജ സന്ദേശം പ്രചരിക്കുന്നത് തടയാൻ വാട്സാപ്പ് റോക്കറ്റ് സയൻസൊന്നും ഉപയോഗിക്കേണ്ടി വരില്ലെന്ന് രവിശങ്കർ പ്രസാദ് വ്യക്തമാക്കി. വാട്സാപ്പ് ഇത്തരം സന്ദേശങ്ങൾ തടയാതിരിക്കുകയും ആൾക്കൂട്ട കൊലപാതകങ്ങളും മറ്റ് ക്രിമിനൽ കുറ്റങ്ങളും അരങ്ങേറുകയും ചെയ്താൽ പ്രേരണാക്കുറ്റം ചുമത്തപ്പെടുമെന്ന് താക്കീത് നൽകുകയും ചെയ്തു മന്ത്രി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍