UPDATES

വാട്‌സ്ആപ്പ് നടത്തുന്ന ആള്‍ക്കൂട്ട കൊലകള്‍; അല്ലെങ്കില്‍ കുറ്റം മുഴുവന്‍ വാട്സ്ആപ്പിന്

ആള്‍ക്കൂട്ട കൊലകളുണ്ടാക്കുന്നത് ഏതായാലും ഇന്റര്‍നെറ്റല്ല. രാജ്യത്തെ പൊലീസും സര്‍ക്കാരുകളും നിയമ സംവിധാനങ്ങളും എന്ത് ചെയ്യുന്നു എന്ന ചോദ്യം ഒഴിവാകുകയാണ് ഇവിടെ.

2015ല്‍ ബീഫ് ഉപയോഗിച്ചെന്ന് പറഞ്ഞ് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇളക്കിവിട്ട അക്രമികള്‍ ആസൂത്രിതമായി തല്ലിക്കൊന്നതിന് പിന്നാലെ രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട് തുടങ്ങി. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ ആള്‍ക്കൂട്ട കൊലകള്‍ നിര്‍ബാധം തുടരുകയാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു എന്ന് ആരോപിച്ചാണ് ഈയടുത്ത ദിവസങ്ങളിലെ ആള്‍ക്കൂട്ട കൊലകള്‍ – എല്ലാത്തിലും വില്ലന്‍ വേഷത്തില്‍ വാട്‌സ് ആപ്പുമുണ്ട്. ത്രിപുരയില്‍, മഹാരാഷ്ട്രയില്‍, കര്‍ണാടകയില്‍, അസമില്‍, ജാര്‍ഖണ്ടില്‍, മധ്യപ്രദേശില്‍, തെലങ്കാനയില്‍, ഉത്തര്‍ പ്രദേശില്‍ എന്നു വേണ്ട ഈ പൈശാചികത തുടരുകയാണ്.

കര്‍ണാടകയിലെ ബിദാറില്‍ കൊല്ലപ്പെട്ട ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസം എന്ന 30-കാരന്‍ ഗൂഗിളിലാണ് ജോലി ചെയ്യുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു എന്ന പ്രചാരണത്തിന് പിന്നാലെ അസം അടങ്ങുന്ന സംഘത്തെ അക്രമിസംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കര്‍ണാടകയില്‍ 25 പേരെയാണ് വാട്‌സ് ആപ്പ് വഴി വ്യാജ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചത് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്തിരിക്കുന്നത്. നമ്മുടെ നിയമസംവിധാനവും പൊലീസും ആള്‍ക്കൂട്ട അതിക്രമങ്ങളെ നേരിടാന്‍ കഴിയും വിധം ശക്തമായിരിക്കണമെന്നും ആള്‍ക്കൂട്ട കൊലകള്‍ ചെറുക്കാന്‍ ശക്തമായ പുതിയ നിയമങ്ങള്‍ വേണമെന്നുമുള്ള ആവശ്യം ഉയരുന്നുണ്ട്.

യാതൊരു ഫില്‍ട്ടറിംഗും നടക്കാത്ത വാട്‌സ്ആപ്പിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം രാജ്യത്ത് 20 കോടി ഇന്ത്യക്കാരാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കമ്മ്യൂണിക്കേഷന്‍ പ്‌ളാറ്റ്‌ഫോം. നിയന്ത്രണവും ഫില്‍ട്ടറിംഗും വേണമെന്ന ആവശ്യം എങ്ങനെ നിരീക്ഷണത്തിലേയ്ക്കും സെന്‍സര്‍ഷിപ്പിലേയ്ക്കും നയിക്കാം എന്നാലോചിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതിസന്ധി കൂടുതല്‍ മോശമായ അവസ്ഥയിലെത്തിക്കാനാണ് സാധ്യത. സോഷ്യല്‍ മീഡിയ കമ്മ്യൂണിക്കേഷന്‍ ഹബ് എന്ന പേരില്‍ വ്യക്തിഗത സന്ദേശങ്ങളും നീക്കങ്ങളും നിരീക്ഷിക്കാനുള്ള ടൂള്‍ വികസിപ്പിക്കുന്നതിനായി ടെണ്ടര്‍ വിളിച്ച ഐ ആന്‍ഡ് ബി മന്ത്രാലയത്തിന്റെ നീക്കം വിവാദത്തിലാണ്. സുപ്രീം കോടതി ഇതിനെ വിമര്‍ശിച്ചിച്ചിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്ന വാട്‌സ് ആപ്പിന് മെസേജുകള്‍ പരിശോധിച്ച് പ്രതിലോമകരമായവ നീക്കം ചെയ്യാന്‍ കഴിയില്ല. ഫേസ്ബുക്ക് ഉപയോഗിക്കുന്നത് പോലുള്ള വലിയ തോതിലുള്ള സര്‍വൈലന്‍സ് വാട്‌സ് ആപ്പും കൊണ്ടുവരേണ്ടി വരും.

ജമ്മു-കാശ്മീര്‍ പോലുള്ള സംഘര്‍ഷ മേഖലകളില്‍ ജില്ലകളിലോ നഗരങ്ങളിലോ മൊത്തമായി മൊബൈല്‍ ഇന്റര്‍നെറ്റ് നിര്‍ത്തിവയ്ക്കുക എന്നതാണ് അധികൃതരുടെ സ്ഥിരം പരിപാടി. എല്ലാ വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരും പൊലീസിന് മുന്നില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വിവാദ ഉത്തരവാണ് ജമ്മു-കാശ്മീരിലെ ഒരു ജില്ലാ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ചത്. ന്യൂമീഡിയയെ, അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഇല്ലാതാക്കാതെ എങ്ങനെ ഉത്തരവാദിത്തമുള്ളതാക്കി മാറ്റാം എന്നതിന് കൃത്യമായ ഒരു നിയന്ത്രണ നയമില്ലാത്തത് പ്രശ്‌നമാണ്. എക്‌സിക്യൂട്ടിവ് ഉത്തരവുകളല്ല ഈ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതെന്നും നിയമമാണ് ആവശ്യമെന്നുമാണ് ദി വയറിലെ ലേഖനത്തില്‍ ദിവിജ് ജോഷി അഭിപ്രായപ്പെടുന്നത്.

അതേസമയം കുറ്റം മുഴുവന്‍ വാട്‌സ് ആപ്പിന്റേയും ഇന്റര്‍നെറ്റിന്റേയും സോഷ്യല്‍മീഡിയയുടേയും തലയില്‍ കെട്ടിവയ്ക്കപ്പെടുകയാണ്. രാജ്യത്തെ പൊലീസും സര്‍ക്കാരുകളും നിയമ സംവിധാനങ്ങളും എന്ത് ചെയ്യുന്നു എന്ന ചോദ്യം ഒഴിവാകുകയാണ്. ആള്‍ക്കൂട്ട കൊലകളുണ്ടാക്കുന്നത് ഏതായാലും ഇന്റര്‍നെറ്റല്ല, മിക്കപ്പോളും അത് കൃത്യമായ രാഷ്ട്രീയ അജണ്ടകളാണ്. ആസൂത്രിതമായി നടപ്പാക്കപ്പെടുന്ന ആള്‍ക്കൂട്ട കൊലകളെ പോലും പെട്ടെന്നുള്ള പ്രതികരണങ്ങളായാണ് സര്‍ക്കാരുകളും മാധ്യമങ്ങളും ചിത്രീകരിക്കുന്നത്. ഇതിന് പിന്നിലുള്ള വര്‍ഗീയ ധ്രുവീകരണം പറയാതെ പോകുന്നു. അക്രമത്തില്‍ നേരിട്ട് പങ്കെടുക്കുന്നവര്‍ മാത്രമാണ് പിടിയിലാകുന്നത്. പൊലീസ് സംവിധാനം രാഷ്ട്രീയ അജണ്ടകളാലും സ്ഥാപിത താല്‍പര്യങ്ങളാലും നിയന്ത്രിക്കപ്പെടുന്ന ഒന്നാണ്. അന്വേഷണം തൊട്ട് കോടതിയിലെ പ്രോസിക്യൂഷന്‍ നടപടികള്‍ വരെ എല്ലാ ഘട്ടങ്ങളിലും ശക്തമായ രാഷ്ട്രീയ ഇടപെടലുകളുണ്ടാകുന്നു. അക്രമത്തിന് സാഹചര്യമൊരുക്കുന്നവരും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നവരും ആസൂത്രകരും എക്കാലവും സുരക്ഷിതരാണ്.

രാജ്യത്തിന്റെ വിദേശകാര്യമന്ത്രിക്ക് ആള്‍ക്കൂട്ട നീതി വിധിച്ചവര്‍ ഏതു സാധാരണക്കാരെ സംരക്ഷിക്കുമെന്നാണ്?

കേന്ദ്ര മന്ത്രി കൂടിയായ ബിജെപി നേതാവ് ജയന്ത് സിന്‍ഹ അമേരിക്കയിലെ ഹാര്‍വാര്‍ഡ്‌ അടക്കമുള്ള പ്രശസ്തമായ സര്‍വകലാശാലയില്‍ പഠിച്ചയാളാണ്. അയാളാണ് ജാര്‍ഖണ്ടില്‍ കഴിഞ്ഞ ദിവസം ആള്‍ക്കൂട്ട കൊലയ്ക്ക് പിടിയിലായി, വിചാരണ കോടതി ശിക്ഷിച്ച, പിന്നീട് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച പ്രതികളെ മാല ചാര്‍ത്തി സ്വീകരിച്ചതും അവര്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചതും. ആള്‍ക്കൂട്ട കൊലയ്ക്ക് പിടിയിലായവര്‍ക്കുള്ള എല്ലാ നിയമ സഹായവും ചെയ്തു കൊടുക്കുമെന്ന് പ്രസ്താവിച്ചത് ബിജെപി എംപി നിഷികാന്ത് ദുബെ ആണ്. അപ്പോള്‍, വാട്സ്ആപ്പിനെ കുറ്റപ്പെടുത്തി മാറി നില്‍ക്കുക എന്നതിനപ്പുറം ഏതു വിധത്തിലുള്ള കാര്യങ്ങളാണ് സര്‍ക്കാരും നിയമസംവിധാനങ്ങളും പിന്തുടരുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.

ശരീരത്തിന്റെ നിറം കൊണ്ടാണ് ഈ ഗവ. നഴ്‌സിനെ ആള്‍ക്കൂട്ടം ആക്രമിച്ചതെങ്കില്‍ ഈ കേരളത്തെ ഭയക്കണം

ആള്‍ക്കൂട്ടം തല്ലിക്കൊന്നവരും മൌനത്തിലൊളിച്ച ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളും

ദുരഭിമാന കൊലകളുടെയും ആള്‍ക്കൂട്ട നീതിയുടേയും പുതിയ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍

അത്ര നിഷ്‌കളങ്കമല്ല ഈ ആള്‍ക്കൂട്ടം; ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്നു ഈ മോബോക്രസി

പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട കൊല; പ്രതികള്‍ക്ക് മാലയിട്ട് കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹ; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍