UPDATES

‘നയം മാറ്റുക, അല്ലെങ്കില്‍ സര്‍ക്കാരിനെ ഞങ്ങള്‍ മാറ്റും’; കര്‍ഷകരും തൊഴിലാളികളും തെരുവിലിറങ്ങുമ്പോള്‍

ആറു മാസം മുമ്പു തന്നെ ഇത്തരമൊരു റാലിക്കുള്ള ഒരുക്കങ്ങള്‍ സിപിഎം സംഘടനകള്‍ രാജ്യത്തുടനീളം ആരംഭിച്ചിരുന്നു

ഒന്നുകില്‍ സര്‍ക്കാര്‍ നയം മാറ്റണം, അല്ലെങ്കില്‍ സര്‍ക്കാരിനെ മാറ്റും ഞങ്ങള്‍“: രണ്ടു മുതല്‍ മൂന്നുലക്ഷം വരെ വരുന്ന കര്‍ഷകരും തൊഴിലാളികളും കര്‍ഷക തൊഴിലാളികളും ഇന്ന് രാവിലെ ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് നിന്ന് പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക് മാര്‍ച്ച് നടത്തുമ്പോള്‍ മുഴക്കുന്ന മുദ്രാവാക്യമാണിത്. സിപിഎമ്മിന്റെ പോഷക സംഘടനകളായ കിസാന്‍ സഭ, സിഐടിയു, കര്‍ഷക തൊഴിലാളി യൂണിയന്‍ എന്നിവ സംയുക്തമായാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. മൂന്നു ലക്ഷം പേരെയാണ് റാലിയിലേക്ക് പ്രതീക്ഷിക്കുന്നതെങ്കിലും ഉത്തരേന്ത്യയില്‍ തുടരുന്ന മഴ അംഗസംഖ്യ രണ്ടു ലക്ഷത്തിലേക്ക് ചുരുക്കേണ്ടി വരുമെന്ന് സംഘാടകര്‍ക്ക് ആശങ്കയുണ്ട്. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച റാലി പാര്‍ലമെന്റ് സ്ട്രീറ്റില്‍ പുരോഗമിക്കുകയാണ്. നേതാക്കളായ ഡോ. അശോക്‌ ധാവ്ലെ, ഹന്നന്‍ മൊല്ല, തിരുനാവക്കരശ്, ഡോ. പ്രഭാത്‌ പട്നായിക്, ഹേമലത, തപന്‍ സെന്‍, എളമരം കരിം തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരാണ് ഇപ്പോള്‍ റാലിയെ അഭിസംബോധന ചെയ്യുന്നത്.

ഡല്‍ഹിയിലെ രാംലീലാ മൈതാനത്തും ഡല്‍ഹിയുടെ അതിര്‍ത്തിയിലുള്ള ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയിട്ടുള്ള സമരക്കാര്‍ക്ക് താമസം ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനിടെ രാംലീലാ മൈതാനത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കുറെയേറെ ഭാഗം ഉപയോഗശൂന്യമായി. എന്നാല്‍ ഇതിനെയൊക്കെ പ്രതിരോധിച്ചു കൊണ്ട് മികച്ച രീതിയില്‍ തന്നെ കര്‍ഷകരെയും തൊഴിലാളികളെയും തലസ്ഥാന നഗരത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നും സംഘാടകര്‍ പറയുന്നു.

‘കിസാന്‍-മസ്ദൂര്‍ സംഘര്‍ഷ് റാലി’ എന്നു പേരിട്ടിരിക്കുന്ന ഈ പാര്‍ലമെന്റ് മാര്‍ച്ചില്‍ 15 ആവശ്യങ്ങളാണ് മുന്നോട്ടു വച്ചിരിക്കുന്നത്.

1. വിലക്കയറ്റം തടയുക, പൊതുവിതരണ സംവിധാനം സാര്‍വത്രികമാക്കുക, അവശ്യസാധനങ്ങളുടെ ഊഹക്കച്ചവടം തടയുക.

2. മെച്ചപ്പെട്ട തൊഴില്‍ സൃഷ്ടിക്കുന്നതിനായി ഉറച്ച നടപടികള്‍ സ്വീകരിക്കുക

3. എല്ലാ തൊഴിലാളികളുടേയും മിനിമം മാസശമ്പളം 18,000 രൂപയായായി നിശ്ചയിക്കുക.

4. തൊഴിലാളി നിയമത്തില്‍ കൊണ്ടു വന്നിട്ടുള്ള തൊഴിലാളി വിരുദ്ധ ഭേദഗതികള്‍ പിന്‍വലിക്കുക

5. കര്‍ഷകര്‍ക്ക് സ്വാമിനാഥന്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുള്ള വിലസ്ഥിരത ഉറപ്പാക്കുകയും പൊതുസംഭരണം കാര്യക്ഷമമാക്കുകയും ചെയ്യുക.

6. പാവപ്പെട്ട കര്‍ഷകരുടേയും കര്‍ഷക തൊഴിലാളികളുടേയും വായ്പാ തുക എഴുതിത്തള്ളുക

7. കര്‍ഷക തൊഴിലാളികളുടെ ക്ഷേമത്തിനായി സമഗ്രമായ കേന്ദ്ര നിയമം നടപ്പാക്കുക

8. ദേശീയ തൊഴിലുറപ്പു പദ്ധതി ഗ്രാമീണ മേഖലയിലുടനീളം വ്യാപിപ്പിക്കുകയും നഗര മേഖലയില്‍ നടപ്പാക്കുന്നതിന് ഭേദഗതികള്‍ കൊണ്ടു വരികയും ചെയ്യുക

9. എല്ലാവര്‍ക്കും ഭക്ഷ്യ, ആരോഗ്യ, ഭവന സുരക്ഷ ഉറപ്പാക്കുക

10, സാര്‍വത്രിക സാമൂഹിക സുരക്ഷ ഏര്‍പ്പെടുത്തുക

11. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനങ്ങള്‍ റദ്ദാക്കുകയും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും എല്ലാ ജോലികളിലും തുല്യവേതനം നല്‍കുകയും ചെയ്യുക

12. ഭൂപരിഷ്‌കരണം നടപ്പാക്കുക

13. നിര്‍ബന്ധിത ഭൂമി ഏറ്റെടുക്കല്‍ ഒഴിവാക്കുക

14. പ്രകൃതിക്ഷോഭങ്ങളില്‍ ദുരന്തം അനുഭവിക്കുന്നവര്‍ക്ക് ദുരിതാശ്വാസവും പുനരധിവാസവും ഉറപ്പാക്കുക

15. സര്‍ക്കാരിന്റെ നവ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പുന:പരിശോധിക്കുക എന്നിവയാണവ.

ഇതിനൊപ്പം തന്നെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ദളിതര്‍ക്കും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ വര്‍ധിച്ചു കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവും സമരക്കാര്‍ ഉയര്‍ത്തുന്നത്. രാജ്യത്തുടനീളം നടന്നു കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലകള്‍ക്കെതിരെയും മത, ജാതി സംഘര്‍ഷങ്ങള്‍ക്കെതിരെയും നിലപാടും സമരക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജേര്‍ണലിസ്റ്റും എഴുത്തുകാരിയുമായ ഗൗരി കൊല്ലപ്പെട്ടതിന്റെ വാര്‍ഷിക ദിനം കൂടിയാണ് സെപ്റ്റംബര്‍ അഞ്ച് എന്നും മനുഷ്യാവകാശ പ്രവര്‍ത്തകരേയും അഭിഭാഷകരേയും അടക്കമുള്ളവരെ മോദി സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുന്ന സമയത്ത് കൂടിയാണ് ഈ റാലി നടക്കുന്നതെന്ന് കിസാന്‍ സഭ പ്രസിഡന്റ് ഡോ. അശോക് ധാവ്‌ലെ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നലെ സിപിഎമ്മിന്റെ വനിതാ സംഘടനയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന നടന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്തവരും ഇന്ന് സമരക്കാര്‍ക്കൊപ്പം ചേരും. അംഗന്‍വാടി, ആഷ വര്‍ക്കേഴ്‌സ്, ഉച്ചഭക്ഷണ പദ്ധതിയിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ക്കൊപ്പം സി.ഐ.ടി.യുവിന്റെ വിവിധ മേഖലകളിലുള്ള യൂണിയനിലെ പ്രവര്‍ത്തകരും സമരക്കാര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്.

ആറു മാസം മുമ്പു തന്നെ ഇത്തരമൊരു റാലിക്കുള്ള ഒരുക്കങ്ങള്‍ സിപിഎം സംഘടനകള്‍ രാജ്യത്തുടനീളം ആരംഭിച്ചിരുന്നു. വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച്  പ്രചരണ പരിപാടികളും യോഗങ്ങളും സംഘടിപ്പിച്ചു. കോടിക്കണക്കിനു നോട്ടീസുകള്‍ വിതരണം ചെയ്തു. ഒടുവില്‍ പരിപാടിയുടെ നടത്തിപ്പിനായി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫ. പ്രഭാത് പട്നായിക് അധ്യക്ഷനായി സംഘാടക സമിതി രൂപീകരിച്ചായിരുന്നു ഏകോപനം.

ഏതാനും ദിവസങ്ങളിലെ ഒരുക്കങ്ങള്‍ കൊണ്ട് മാത്രം രൂപീകരിക്കപ്പെട്ടതായിരുന്നില്ല റാലിയിലേക്ക് നയിച്ച കാര്യങ്ങള്‍. എ.ബി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ഒന്നാം എന്‍ഡിഎ സര്‍ക്കാര്‍ ആയിരുന്നു കര്‍ഷക, തൊഴിലാളി വിരുദ്ധ നയങ്ങളുടെ നടത്തിപ്പ് പൂര്‍ണ രൂപത്തില്‍ ആദ്യം നടപ്പാക്കാന്‍ ആരംഭിച്ചത്. അന്നും രാജ്യത്തെ കര്‍ഷക, തൊഴിലാളികള്‍ പണിമുടക്കുകളും റാലികളും ഒക്കെയായി നടത്തിയ പ്രതിഷേധങ്ങള്‍ ഒടുവില്‍- 2004ല്‍- ഒന്നാം യുപിഎ സര്‍ക്കാരിന്റെ രൂപീകരണത്തിലേക്കാണ് നയിച്ചത്. ഇടതുപക്ഷവും ഈ സമര മാര്‍ഗങ്ങളിലൂടെ തങ്ങളുടെ നില മെച്ചപ്പെടുതുകയുണ്ടായി. സിപിഎമ്മിന്റെ 64 എംപിമാരാണ് അന്ന് ലോക്സഭയില്‍ എത്തിയത്. എന്നാല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ പ്രവര്‍ത്തനങ്ങള്‍ രണ്ടാം യുപിഎ സര്‍ക്കാരിലേക്ക് നയിച്ചെങ്കിലും വാജ്പേയി സര്‍ക്കാരിന്റെ അതേ നയപരിപാടികള്‍ തന്നെയായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെയും. തുടര്‍ന്നാണ് മറ്റു പ്രതിഷേധങ്ങള്‍ക്കൊപ്പം രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും വീണ്ടും തെരുവിലിറങ്ങിയത്. പക്ഷേ, എല്ലാ ഘടകങ്ങളും അനുകൂലമായി വന്നതോടെ അത് നയിച്ചത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ രൂപീകരണത്തിലേക്കാണ്. ആ മോദി സര്‍ക്കാരിന്റെ രൂപീകരണം തുടങ്ങിയപ്പോള്‍ മുതല്‍ തൊഴിലാളി, കര്‍ഷക വിരുദ്ധ നയങ്ങള്‍ തിരിച്ചറിഞ്ഞ് അവര്‍ തുടക്കമിട്ട സമര പരമ്പരയാണ് ഇപ്പോള്‍ ‘ചരിത്ര റാലി’യില്‍ എത്തി നില്‍ക്കുന്നത്.

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കിസാന്‍ സഭയുടെയും സിഐടിയുവിന്റെയും കര്‍ഷക തൊഴിലാളി യൂണിയന്റെയും നേതൃത്വത്തില്‍ 23 സംസ്ഥാങ്ങളിലെ 407 ജില്ലകളിലുള്ള 610 സ്ഥലങ്ങളില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിന് മഹാത്മാ ഗാന്ധി ആഹ്വാനം ചെയ്ത 1942 ഓഗസ്റ്റ് ഒമ്പതിന്റെ വാര്‍ഷികത്തില്‍ തന്നെ ആയിരുന്നു ഈ സമരവും സംഘടിപ്പിച്ചത്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കര്‍ഷക സംഘടനകള്‍ പ്രക്ഷോഭത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസ നിയമത്തില്‍ വെള്ളം ചേര്‍ത്ത മോദി സര്‍ക്കാരിനെതിരെ പോരാടാന്‍ രൂപീകൃതമായതാണ് 2015-ല്‍ രൂപീകരിച്ച ‘ഭൂമി അധികാര്‍ ആന്ദോളന്‍’. ഇവരടക്കമുള്ളവരുടെ പ്രക്ഷോഭത്തിനൊടുവില്‍ ഭേദഗതികള്‍ പിന്‍വലിക്കാന്‍ മോദി സര്‍ക്കാര്‍ നിര്‍ബന്ധിതമായി. അന്ന് മുതല്‍ ഈ സംഘടന വിവിധ കര്‍ഷക, ഭൂമി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. പശു സംരക്ഷക ഗുണ്ടകള്‍ കൊലപ്പെടുത്തുന്നവര്‍ക്ക് വേണ്ടി രംഗത്ത് വരുന്നതില്‍ പ്രധാനപ്പെട്ട സംഘടനകളിലൊന്നാണിത് ഇപ്പോള്‍.

മധ്യപ്രദേശിലെ മാന്ദ്സൌറില്‍ ആറു കര്‍ഷകരെ വെടിവച്ചു കൊന്നതിന്റെ പാശ്ചാത്തലത്തിലാണ് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് സമിതി 2017-ല്‍ രൂപീകൃതമാകുന്നത്. രാജ്യത്തെ 191 കര്‍ഷക സംഘടനകളാണ് ഇതില്‍ അംഗമായിട്ടുള്ളത്. ഇതിന്റെ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനി കിസാന്‍ സഭയായിരുന്നു. ആ വര്‍ഷം ജൂലൈയില്‍ മാന്ദ്സൌറില്‍ നിന്ന് ഡല്‍ഹി വരെ 18 ദിവസം കൊണ്ട് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് ഒരു കിസാന്‍ സന്‍സദ്‌ സംഘടിപ്പിച്ചു. പിന്നാലെ ഈ സംഘടനയുടെ അധ്യക്ഷതയില്‍ അഞ്ചു കിസാന്‍ മുക്തി യാത്രകള്‍ രാജ്യമൊട്ടാകെ നടത്തി. അതിന്റെ ഒടുവിലാണ് വന്‍ ജനപങ്കാളിത്തത്തോടെ പാര്‍ലമെന്റ്റ് സ്ട്രീറ്റില്‍ നടത്തിയ കഴിഞ്ഞ നവംബറില്‍ നടത്തിയ കിസാന്‍ സന്‍സദ്‌. ഓരോ സംഘടനയും ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികള്‍ രൂപപ്പെടുത്താന്‍ അന്ന് തീരുമാനിച്ചു. അതിന്റെ ഭാഗമായി കിസാന്‍ സഭ സെപ്റ്റംബറില്‍ രാജസ്ഥാനില്‍ നടത്തിയ കര്‍ഷക പ്രക്ഷോഭം ആയിരുന്നു സികാറില്‍ നടന്നത്. അതിനു പിന്നാലെ ആയിരുന്നു കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് പതിനായിരക്കണക്കിന് കര്‍ഷകര്‍ കാല്‍നടയായി മുംബൈ നഗരത്തില്‍ എത്തിയ ചരിത്രപരമായ ‘ലോങ്ങ്‌ മാര്‍ച്ച്‌’.

ഇതിനു പിന്നാലെ 2017-ല്‍ ‘ജന ഏകതാ ജന അധികാര്‍ ആന്ദോളന്‍’ എന്നൊരു സംഘടനയ്ക്ക് കൂടി കര്‍ഷക പ്രസ്ഥാനങ്ങള്‍ രൂപം കൊടുത്തിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഈ സംഘടന ‘പോല്‍ ഖോല്‍ ഹല്ലാ ബോല്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തി രാജ്യമൊട്ടാകെ മോദി സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മോദി സര്‍ക്കാരിന്റെ നാലു വര്‍ഷം തികയുന്ന സമയത്തായിരുന്നു ഇത്.

ഈ സമയത്ത് സിഐടിവും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നുണ്ടായിരുന്നു. 2015 സെപ്റ്റംബര്‍ രണ്ടിനും 2016-ലും സിഐടിയു അഖിലേന്ത്യാ പണിമുടക്ക് നടത്തി. മോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ 2017 നവംബറില്‍ പാര്‍ലമെന്റ് സ്ട്രീറ്റില്‍ മൂന്ന് ദിവസത്തെ പ്രക്ഷോഭം നടത്തിയതും സിഐടിയുവിന്റെ കീഴിലായിരുന്നു. തുടര്‍ന്നാണ് ഈ മൂന്ന് സംഘടനകളുടെയും സംയുക്ത പ്രക്ഷോഭം സെപ്റ്റംബര്‍ അഞ്ചിന് നടത്താനുള്ള തീരുമാനം.

ഇന്ത്യയെ തിരികെ പിടിക്കാന്‍ വൃദ്ധരും ജ്ഞാനികളുമായ ആ കര്‍ഷകര്‍ കാണിച്ച വഴിയേ നാം നടന്നു തുടങ്ങേണ്ടതുണ്ട്

പാടത്തുനിന്നും കാട്ടില്‍ നിന്നും മുംബൈയിലേക്കൊരു ലോംഗ് മാര്‍ച്ച്

രാത്രി മുഴുവന്‍ അവര്‍ നടക്കുകയായിരുന്നു, നിങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍; ചെങ്കടലായി മുംബൈ

ലോംഗ് മാര്‍ച്ചിലെ അമ്മമാര്‍; അവര്‍ മണ്ണില്‍ കൃഷിചെയ്തു, അവര്‍ മണ്ണില്‍ ചവിട്ടി ജാഥ നയിച്ചു

സികാര്‍ കാര്‍ഷിക പ്രക്ഷോഭം: രാജസ്ഥാനില്‍ സിപിഎം ചെങ്കടല്‍ തീര്‍ക്കുന്നതെങ്ങനെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍