UPDATES

ട്രെന്‍ഡിങ്ങ്

രാജ്‌നാഥ് സിംഗിനും രക്ഷയില്ല; ഹിന്ദുത്വയുടെ വെറുപ്പ് ബ്രിഗേഡ് തിരിഞ്ഞു കടിക്കുമ്പോള്‍

2014-ല്‍ മോദി വമ്പന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതിനു പിന്നില്‍ ഈ വിദ്വേഷ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചെറുതല്ല.

സോഷ്യല്‍ മീഡിയയില്‍ പുതിയൊരു യുദ്ധമുഖം തുറന്നിരിക്കുകയാണ്. ഹിന്ദുത്വയുടെ പരുഷമായ ആക്രോശങ്ങള്‍ ഒരു വശത്തും വിവേകികളായ കുറച്ചു പേര്‍ മറുവശത്തുമാണ് ഇത്തവണയും. കാര്യഗൗരവവും ബോധത്തോടെയും ആരെങ്കിലും സംസാരിക്കാന്‍ ധൈര്യപ്പെട്ടാല്‍, മോദി സര്‍ക്കാരിനെ ആരെങ്കിലും വിമര്‍ശിക്കാന്‍ ധൈര്യപ്പെട്ടാല്‍, അതൊന്നും വേണ്ട, സമാധാനത്തെക്കുറിച്ച് നിങ്ങള്‍ പറഞ്ഞു നോക്കൂ, ഈ വിദ്വേഷ സംഘത്തിന്റ എതിര്‍പ്പ് നിങ്ങള്‍ക്കെതിരെ നീളും.

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് ഈ വിദ്വേഷ ബ്രിഗേഡിന്റെ ഒടുവിലുത്തെ ഇര.

തിങ്കളാഴ്ച അമര്‍നാഥ് തീര്‍ത്ഥാടക സംഘത്തിനു നേരെ ഭീകരാക്രമണം ഉണ്ടായ ഉടന്‍ തന്നെ രാജ്‌നാഥ് സിംഗ് യോഗം വിളിച്ചു ചേര്‍ത്ത് തീര്‍ത്ഥാടക സംഘത്തിനുള്ള സുരക്ഷ അവലോകനം ചെയ്തിരുന്നു.

അതിനു പിന്നാലെ അദ്ദേഹം സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഇങ്ങനെ ട്വീറ്റ് ചെയ്തു.

എന്നാല്‍ രൂക്ഷമായ ഭാഷയില്‍ എഴുത്തുകാരിയായ സുചി സിംഗ് കല്‍റ, രാജ്‌നാഥ് സിംഗിനുള്ള മറുപടി ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്. (കല്‍റ പിന്നീട് തന്റെ ട്വീറ്റ് നീക്കം ചെയ്തു)

ഇതോടെ ഇവരുടെ ട്വീറ്റ് രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയെ അപ്രസക്തമാക്കിക്കൊണ്ട് വൈറലായി.

എന്നാല്‍ അവര്‍ക്കുള്ള രാജ്‌നാഥ് സിംഗിന്റെ മറുപടി ഉറച്ചതും കാര്യമാത്ര പ്രസക്തവുമായിരുന്നു. അദ്ദേഹത്തിന്റെ മറുപടി ട്വീറ്റ്.

അതോടെ, വെറുപ്പ് ബ്രിഗേഡ് രാജ്‌നാഥ് സിംഗിനു പിന്നാലെയായി.

ഹിന്ദുത്വ ആശയഗതിക്കാര്‍ നേരത്തേയും സ്വന്തം കൂട്ടത്തില്‍ നിന്ന് ഇതിനു മുമ്പും ആക്രമണത്തിന് ഇരയായിട്ടുണ്ട്. അക്കാദമിക്കും നരേന്ദ്ര മോദിയുടെ ആദ്യകാല പിന്തുണക്കാരനുമായ സദാനന്ദ് ധുമെ, ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയതോടെ ഹിന്ദുത്വ ബ്രിഗേഡ് അദ്ദേഹത്തേയും വെറുതെ വിട്ടില്ല. മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയും നരേന്ദ്ര മോദിയുടെ ഉറച്ച പിന്തുണക്കാരിയുമായ തവ്‌ലീന്‍ സിംഗ് എപ്പോഴൊക്കെ വിമര്‍ശനാത്മകമായി അഭിപ്രായം പറഞ്ഞോ അപ്പോഴൊക്കെ ഇതേ ബ്രിഗേഡ് അവരെ കടന്നാക്രമിച്ചു.

ഇതൊരു സ്ഥിരം പരിപാടിയാണ്. എന്നാല്‍ ഇതില്‍ മറ്റൊരു കാര്യം കൂടിയുണ്ട്. ബി.ജെ.പിയുടെ ഭാവി തീരുമാനിക്കുന്നതും ഒരുപക്ഷേ ഇതേ പരിപാടികള്‍ തന്നെയായിരിക്കും. മോദിയും അമിത് ഷായും ചേര്‍ന്ന് ഇന്ത്യയൊട്ടാകെ വിജയകരമായി വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയവും ഇത്തരം കടുത്ത രാഷ്ട്രീയം ഒടുവില്‍ തിരിഞ്ഞു കടിക്കുമെന്ന് വിശ്വസിക്കുന്ന ഹിന്ദുത്വ ആഭിമുഖ്യമുള്ളവരും തമ്മില്‍ നിശബ്ദമായ ഒരു സംഘട്ടനം അണിയറയില്‍ തീവ്രമായി വരുന്നുണ്ട്.

ഇത്തരത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന ഈ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഏതെങ്കിലും സംഘം പണം നല്‍കി പ്രവര്‍ത്തിപ്പിക്കുന്നതാണോ എന്ന കാര്യം വിശദമായ പഠനത്തിനു തന്നെ വിധേയമാക്കേണ്ടതാണ്. കാരണം, ഈ ആക്രമണങ്ങള്‍ക്കെല്ലാം ഒരു ഏകീകൃത ശൈലിയുണ്ട്.

അതിനേക്കാളേറെ, അമിത് ഷാ നഗ്നമായി പരസ്യമായി പ്രചരിപ്പിക്കുന്നതും മോദി നിശബ്ദമായി പിന്തുണയ്ക്കുന്നതുമായ കടുത്ത വര്‍ഗീയത, ഇന്ത്യ ഭരിക്കുന്ന സര്‍ക്കാരിലും അതിനു നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്കുള്ളിലും തന്നെ അസ്വസ്ഥതകള്‍ സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

ഇതില്‍ മറ്റൊരു വൈരുധ്യം കൂടിയുണ്ട്. 2014-ല്‍ മോദി വമ്പന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതിനു പിന്നില്‍ ഈ വിദ്വേഷ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചെറുതല്ല. സോഷ്യല്‍ മീഡിയയിലും പുറത്തും സംഘപരിവാറിന് അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാക്കിയെടുക്കാനായി ഉണ്ടാക്കിയ പ്രചരിപ്പിച്ച വ്യാജ വാര്‍ത്തകളും വെറുപ്പ് കലര്‍ന്ന പ്രചാരണങ്ങളും ഇപ്പോള്‍ അവരെ കൂടി വേട്ടയാടുന്നു എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍