UPDATES

ഗാന്ധി കുടുംബത്തില്‍നിന്നല്ലാത്ത എത്ര പ്രസിഡന്റുമാരെ കോണ്‍ഗ്രസുകാര്‍ക്കറിയാം? രാഹുല്‍ ഒഴിയുമെന്ന് പറയുമ്പോള്‍ ഓര്‍ക്കേണ്ട ചരിത്രം

കോണ്‍ഗ്രസ് പ്രസിഡന്റ് ആരായിരുന്നാലും ഗാന്ധി കുടുംബത്തിന് വിധേയപ്പെടുകയെന്നതാണ് ഇന്ദിരാ ഗാന്ധി അധികാരമേറ്റെടുത്തതിന് ശേഷമുള്ള കോണ്‍ഗ്രസ് യാഥാര്‍ത്ഥ്യം. ഇതിനെ വിജയകരമായി ചെറുത്തത് നരസിംഹ റാവുമാത്രവും

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. തനിക്ക് പകരം ഗാന്ധി കുടുംബത്തില്‍നിന്ന് പുറത്തുനിന്നുള്ള ഒരാളെ അധ്യക്ഷ സ്ഥാനത്തേക്ക് കണ്ടെത്തണമെന്നും അദ്ദേഹം പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജിയില്‍നിന്ന് അനുനയിപ്പിക്കാനുള്ള നേതാക്കളുടെ ശ്രമം വിജയിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് ഒരിക്കല്‍ കൂടി ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത ഒരു പ്രസിഡന്റുണ്ടാവും.

കുടുംബാധിപത്യത്തിന്റെ ചീത്തപ്പേരുള്ളപ്പോഴും കോണ്‍ഗ്രസില്‍ ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത നിരവധി പേര്‍ നേരത്തെയും പ്രസിഡന്റുമാരായിരുന്നിട്ടുണ്ട്. ഇതില്‍ സ്വാതന്ത്ര്യത്തിന് ശേഷം 13 പേരാണ് ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് കോണ്‍ഗ്രസ് പ്രസിഡന്റുമാരായത്. എന്നാല്‍ ഇന്ദിരാ ഗാന്ധിക്ക് ശേഷം കോണ്‍ഗ്രസ് പ്രസിഡന്റുമാരായിരുന്ന ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത എത്രപേരെ കോണ്‍ഗ്രസുകാര്‍ തന്നെ ഓര്‍ക്കുന്നുണ്ടെന്നതാണ് പ്രശ്‌നം.

സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ജെ ബി കൃപാലിനിയായിരുന്നു കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍. സുഭാഷ് ചന്ദ്രബോസിനെതിരെ ഗാന്ധിയുടെ പിന്തുണയോടെ മല്‍സരിച്ച് തോറ്റ പട്ടാഭി സീതരാമയ്യ പിന്നീട് പ്രസിഡന്റായി. 1948-ല്‍ നെഹ്‌റുവിന്റെ പിന്തുണയോടെയായിരുന്നു അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനായത്. ഇന്ദിരാ ഗാന്ധി നേതാവായതിന് ശേഷം ഗാന്ധി കുടുംബത്തില്‍നിന്നല്ലാതെയുള്ള ഒമ്പതുപേരാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍മാരായാത്. ഇതില്‍ നിജലിംഗപ്പ പ്രസിഡന്റായപ്പോഴാണ് കോണ്‍ഗ്രസ് പിളര്‍ന്നത്. ഇന്ദിരാ ഗാന്ധിയെ പുറത്താക്കിയ നേതാവെന്ന് നിലയില്‍ നിജലിംഗപ്പ ചരിത്രത്തില്‍ ഉണ്ടാകും. അദ്ദേഹത്തിന്റെ രാഷ്ട്രീയം പരാജയപ്പെട്ടെങ്കിലും. കോണ്‍ഗ്രസിലെ പിളര്‍പ്പിന് ശേഷം പിന്നീട് ജഗ്ജീവന്‍ റാം, ശങ്കര്‍ദയാല്‍ ശര്‍മ, ഡി കെ ബറൂവ, ബ്രഹ്മാനന്ദ റെഡ്ഢി, പി വി നരസിംഹറാവു, സീതാറാം കേസരി എന്നിവരാണ് ഗാന്ധി കുടുംബ പാരമ്പര്യമില്ലാതെ കോണ്‍ഗ്രസിന്റെ അധ്യക്ഷന്മാരായത്.

ഇതില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് എന്നതിലുപരി കോണ്‍ഗ്രസിലെ ആദ്യ കാല ദളിത് നേതാവ് എന്ന നിലയിലാവും ജഗ്ജീവന്‍ റാം ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ടാവുക. പിന്നീട് ഇന്ദിരാ ഗാന്ധിയില്‍നിന്ന് അകലുകയും ചെയ്തു ജഗ്ജീവന്‍ റാം. ശങ്കര്‍ ദയാല്‍ ശര്‍മയുടെ കാര്യവും പ്രസിഡന്റെന്ന നിലയില്‍ വ്യത്യസ്തമല്ല. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റെന്ന നിലയിലാണ്, കോണ്‍ഗ്രസിന്റെ അധ്യക്ഷനെന്ന നിലയിലല്ല ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ ചരിത്രത്തിലെ സ്ഥാനം. പിന്നീട് വന്ന ഡി കെ ബറൂവ കുപ്രസിദ്ധമായ ഒരു പ്രസ്തവനയുടെ പേരിലാണ് ഇന്ന് ആരെങ്കിലും ഓര്‍ക്കുന്നെങ്കില്‍ ഓര്‍ക്കുക. മോദിയുടെ സൈന്യം എന്ന് ഇന്ത്യന്‍ സൈന്യത്തെ ആദിത്യനാഥ് വിളിക്കുന്നതിനും പതിറ്റാണ്ടുകള്‍ മുമ്പ് ഇന്ത്യയെന്നാല്‍ ഇന്ദിരയെന്ന മുദ്രാവാക്യം അടിയന്തരാവസ്ഥ കാലത്ത് കോണ്‍ഗ്രസിന് നല്‍കി, വിധേയത്വത്തിന്റെ പുതിയ ആഴങ്ങള്‍ ഉണ്ടാക്കിയ നേതാവായിരുന്നു ഡി കെ ബറൂവ. ബ്രഹ്മാനന്ദ റെഡ്ഢിയെയും കോണ്‍ഗ്രസ് പ്രസിഡന്റെന്ന നിലയില്‍ ഓര്‍ത്തെടുക്കാന്‍ മാത്രം ഒന്നും ഇല്ല.

കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഗാന്ധി കുടുംബത്തിന്റെ പുറത്ത് നിന്ന് അധ്യക്ഷസ്ഥാനത്തെത്തുകയും പ്രധാനമന്ത്രി സ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്തുവെന്നതാണ് പിവി നരസിംഹറാവുവിന്റെ പ്രത്യേകത. കോണ്‍ഗ്രസിന്റെയും ഇന്ത്യയുടെയും ചരിത്രത്തിലെ നിര്‍ണായക സംഭവങ്ങള്‍ അരങ്ങേറിയതും ഇക്കാലത്തുതന്നെ. ബാബ്‌റി മസ്ജിദ് പൊളിച്ചതും, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് സമീപനങ്ങള്‍ ഉപേക്ഷിച്ച് പൂര്‍ണമായും മുതലാളിത്തത്ത നയങ്ങളിലേക്ക് മാറുകയും ചെയ്ത കാലം. എന്നാല്‍ ഗാന്ധി കുടുംബം അദ്ദേഹത്തോട് പിന്നീട് കാണിച്ചത്, എത്രത്തോളം ജനാധിപത്യ വിരുദ്ധമായ രാഷ്ട്രീയ സമീപനമാണ് അവര്‍ സ്വീകരിക്കുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണ്. സോണിയാ ഗാന്ധിക്ക് റാവുവിനോടുള്ള എതിര്‍പ്പിന്റെ ആഴം ലോകമറിഞ്ഞത് അദ്ദേഹം മരിച്ചപ്പോള്‍ മൃതദേഹം കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രവേശിപ്പിക്കാതിരുന്നപ്പോഴാണ്. പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുമൊക്കെ ആയിരുന്നിട്ടും അദ്ദേഹത്തിന്റെ മൃതദേഹം കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെയ്ക്കാന്‍ സോണിയാ ഗാന്ധി അനുവദിച്ചില്ലെന്നായിരുന്നു ആക്ഷേപം. രാജീവ് ഗാന്ധി വധക്കേസ് അന്വേഷണത്തില്‍ നരസിംഹ റാവു വേണ്ട താത്പര്യം കാണിച്ചില്ലെന്നില്ലെന്നായിരുന്നുവത്രെ സോണിയയുടെ എതിര്‍പ്പിന് പിന്നില്‍. കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് സോണിയ ഗാന്ധിയെക്കുറിച്ചുള്ള പുസ്തകത്തില്‍ ഇതേക്കുറിച്ച് വിശദമാക്കിയിട്ടുമുണ്ട്.

പിന്നീട് സീതാറാം കേസരി പ്രസിഡന്റായപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സജീവ രാഷ്ട്രീയത്തിലേക്ക് സോണിയ ഗാന്ധിയെത്തിയതിനെ തുടര്‍ന്ന് കേസരിയെ നിര്‍ബന്ധിച്ച് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു. കോണ്‍ഗ്രസ് ആസ്ഥാനത്ത് ഒരു മുറിയില്‍ സീതാറാം കേസരിയെ തടഞ്ഞുവച്ചുവെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍.

പിന്നീട് സോണിയാ ഗാന്ധി പ്രസിഡന്റായി. തുടര്‍ന്ന് മകന്‍ രാഹുല്‍ ഗാന്ധിയും. ഇന്ദിരാ ഗാന്ധിയുടെ കുടുംബത്തോടുള്ള വിധേയത്വം മാത്രമായിരുന്നു മറ്റ് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നവരുടെ നിലനില്‍പ്പിന്റെ ആധാരം. ഇതിനെ ചെറുത്തുനിന്നത് നരസിംഹ റാവു മാത്രവും.

Also Read: രാജി തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് രാഹുലിന്റെ വസതിക്ക് പുറത്ത് കോണ്ഗ്രസ് നേതാക്കളുടെ നിരാഹാരം

ഇപ്പോള്‍ ഗാന്ധി കുടുംബത്തില്‍നിന്ന് പുറത്തുള്ള നേതാവ് പ്രസിഡന്റാകണമെന്ന് രാഹുല്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാലും രാഷ്ട്രീയപ്രവര്‍ത്തന ശേഷിക്കപ്പുറം ഗാന്ധി കുടുംബത്തോടുള്ള വിധേയത്വം മാനദണ്ഡമാക്കപ്പെടുന്ന സംവിധാനം കോണ്‍ഗ്രസില്‍ അവസാനിക്കാനിടയില്ല. കോണ്‍ഗ്രസ് പ്രസിഡന്റിനെക്കാള്‍ വലിയ സ്വാധീന ശക്തിയായി രാഹുലും സോണിയയും പ്രിയങ്കയും തുടരുക തന്നെ ചെയ്യും. ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ കോണ്‍ഗ്രസില്‍ വളര്‍ന്നുവന്ന ആ സംസ്‌ക്കാരത്തെ ഇല്ലാതാക്കാന്‍ രാഹുല്‍ ഗാന്ധി ആഗ്രഹിച്ചാലും കോണ്‍ഗ്രസ് നേതാക്കള്‍ സമ്മതിക്കാന്‍ സാധ്യതയില്ല എന്നതാണ് രാഹുലിന്റെ രാജി പ്രഖ്യാപനം മുതല്‍ പുറത്തു കേട്ടുകൊണ്ടിരിക്കുന്ന പല അഭിപ്രായങ്ങളും.

കോണ്‍ഗ്രസിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടു തോല്‍വികളാണ് അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കിടയില്‍ പാര്‍ട്ടിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. 44 സീറ്റില്‍ നിന്ന് 52 ആയി വര്‍ധിച്ചു എന്നത് മാത്രമാണ് ഇത്തവണത്തെ പ്രത്യേകത. പക്ഷേ, സഞ്ജയ്‌ ഗാന്ധി മുതല്‍ ഗാന്ധി-നെഹ്‌റു കുടുംബം കയ്യടക്കി വച്ചിരുന്ന യുപിയിലെ അമേത്തി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്ക് 55,000 വോട്ടിന്റെ തോല്‍വി ഏറ്റുവാങ്ങേണ്ടിയും വന്നു എന്നതും ശ്രദ്ധേയമാണ്.

Azhimukham Special: ഒരു ദ്വീപില്‍ ഒറ്റയ്ക്കൊരാള്‍; കടമക്കുടിയിലെ ജോസഫ് ചൊവരോ നമുക്ക് മനസിലാവാത്ത ജീവിതം പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍