UPDATES

ഹമീദ് അന്‍സാരി വിരമിക്കുമ്പോള്‍

അന്‍സാരി പടിയിറങ്ങുമ്പോള്‍ ഉന്നതങ്ങളില്‍ അവശേഷിക്കുന്നത് പുരോഗമനം എന്നാല്‍ വിഡ്ഡിത്വം പറയലും നേതാക്കളുടെ കാലുപിടിക്കലുമാണെന്നു കരുതുന്ന നിരവധി നേതാക്കളാണ് എന്നു കാണാം

ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനമാഘോഷിച്ച് നാലു ദിവസങ്ങള്‍ കൂടി കഴിയുമ്പോള്‍ പത്തു വര്‍ഷം ഇന്ത്യന്‍ ഉപരാഷ്ട്രപതി സ്ഥാനത്തിരുന്ന മുഹമ്മദ് ഹമീദ് അന്‍സാരി പടിയിറങ്ങുകയാണ്. ഒപ്പം, ഇന്ത്യന്‍ ഭരണകൂടത്തിലെ ഉന്നതങ്ങളില്‍ നിന്ന് പുരോഗമന, മാനുഷിക മൂല്യങ്ങളുടെ വലിയൊരു ഭാഗവും കൂടി.

ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം അതിനെ മുന്നോട്ടു നയിക്കുന്നതില്‍ ഏറ്റവും പ്രധാനമെന്നു കരുതുന്ന സഹാനുഭൂതിയും ശാസ്ത്രീയ ഗുണവിശേഷങ്ങളും മനുഷ്യപുരോഗതിയുമൊക്കെ വിലമതിക്കുന്ന മനുഷ്യരില്‍ അവശേഷിക്കുന്ന, ഒരുപക്ഷേ അവസാനത്തെ ആളായിരിക്കാം അന്‍സാരി. അതിനപ്പുറം റെയ്‌സീനാ ഹില്‍സും അതിന്റെ ചുറ്റുവട്ടങ്ങളുമൊക്കെ കുടിലതയുടെ മാക്യവെല്ലിയന്‍ രാഷ്ട്രീയം കളിക്കുന്ന, അവസരവാദത്തിന്റെയും ദയയില്ലായ്മയുടേയും ഭീഷണിയുടേയും അരോചകമായ നേതൃത്വത്തെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രാഷ്ട്രപതി സ്ഥാനത്തു നിന്ന് പടിയിറങ്ങുന്ന പ്രണബ് മുഖര്‍ജി പോലൂം ആ രാഷ്ട്രീയധാരയുടെ ഇരയായ ആളാണ്. എന്നാല്‍ അന്‍സാരി അങ്ങനെയല്ല.

അധികാരത്തിന്റെ ഓരോ പടികള്‍ കയറിയപ്പോഴും താന്‍ വിശ്വസിക്കുന്ന മൂല്യങ്ങളെ അദ്ദേഹം എക്കാലത്തും മുറുകെ പിടിച്ചിട്ടുണ്ട്. ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് ശേഷം ഇരകളായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനടക്കമുള്ള കാര്യങ്ങളില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഉപരാഷ്ട്രപതി എന്ന നിലയിലും രാജ്യസഭാ അധ്യക്ഷന്‍ എന്ന നിലയിലും രാജ്യത്തിന്റെ ബഹുസ്വരതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുന്നതില്‍, അതിനു വേണ്ടി വാദിക്കുന്നതില്‍ അദ്ദേഹം വിട്ടുവീഴ്ച കാണിച്ചിട്ടില്ല.

രാജ്യസഭാ ടി.വി അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അത് എല്ലാ സമയത്തും ബഹുസ്വരമായ ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു. നരേന്ദ്ര മോദി സാമ്രാജ്യത്തില്‍ ആ വൈവിധ്യം നിലനിര്‍ത്തിയ, ജനാധിപത്യത്തെ കുറിച്ച് ഉറക്കെ സംസാരിച്ച, ഒരുപക്ഷേ ഏക സര്‍ക്കാര്‍ സംവിധാനവും അതായിരിക്കാം. ലോക്‌സഭാ ടി.വി എന്നേ മറ്റൊരു ദൂരദര്‍ശനായി മാറിക്കഴിഞ്ഞു. അവിടെ പശുക്കളെ പുകഴ്ത്തുന്ന, പശുവിന്റെ പേരിലും വിശ്വാസത്തിന്റെ പേരിലും ജീവന്‍ നഷ്ടപ്പെടുന്ന മനുഷ്യരെ കുറിച്ച് സംസാരിക്കാത്ത മോദിയുടെ പ്രസംഗങ്ങള്‍ കേള്‍ക്കാം. അത്രമേല്‍ നിശബ്ദവും അന്ധകാരം നിറഞ്ഞതുമായിരിക്കുന്നു നമ്മുടെ ജനാധിപത്യ പൊതുഇടങ്ങള്‍.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രാജ്യസഭാ ടി.വിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേരെയുണ്ടായിട്ടുള്ളത് നിരവധി ആക്രമണങ്ങളാണ്. 2015-ല്‍ അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ആവശ്യമായ കവറേജ് നല്‍കിയില്ല എന്നാരോപിച്ച് ബി.ജെ.പി നേതാവ് റാം മാധവിന്റെ വിമര്‍ശനത്തിനും രാജ്യസഭാ ടി.വി ഇരയായി. അതേ വര്‍ഷം നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ ദേശീയഗാനം മുഴങ്ങുന്ന സമയത്ത് അന്‍സാരി ദേശീയ പതാകയെ സല്യൂട്ട് ചെയ്തില്ല എന്നതിന്റെ പേരില്‍ സംഘപരിവാര്‍ ട്വീറ്റുകള്‍ കൊണ്ട് അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചു. അദ്ദേഹത്തെ രാജ്യദ്രോഹിയെന്നും ഐഎസ് ഭീകരരുടെയാളെന്നും ആരോപിച്ചു. അദ്ദേഹത്തിന്റെ ദേശസ്നേഹം ചോദ്യം ചെയ്യപ്പെട്ടു. പതാക ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യുന്ന സമയത്ത് ചടങ്ങില്‍ സംബന്ധിക്കുന്ന പ്രധാന വ്യക്തി (റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതി) യും യൂണിഫോമിലുള്ളവരും മാത്രമേ സല്യൂട്ട് ചെയ്യാന്‍ പാടുള്ളൂ എന്നും മറ്റുള്ളവര്‍ എഴുന്നേറ്റു നില്‍ക്കുകയാണ് ചെയ്യേണ്ടത് എന്നാണ് പ്രോട്ടോക്കോള്‍ എന്നും അദ്ദേഹത്തിന് വിശദീകരണക്കുറിപ്പ് ഇറക്കേണ്ടി വന്നു.

സര്‍ക്കാര്‍ പദ്ധതികളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന രാജ്യസഭാ ടി.വിയുടെ പ്രവര്‍ത്തനങ്ങളെ ബി.ജെ.പി നേതാക്കള്‍ അവസരം കിട്ടുമ്പോഴെല്ലാം വിമര്‍ശിച്ചു. രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യവും മാധ്യമങ്ങളുടെ പങ്കും സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ അന്‍സാരി തന്റെ നിലപാട് വ്യക്തമാക്കിയത്, ഈ ‘പോസ്റ്റ് ട്രൂത്ത്’ ആന്‍ഡ് ‘ഓള്‍ട്ടര്‍നേറ്റീവ് ഫാക്റ്റ്‌സ്’ കാലത്ത് സ്വതന്ത്രവും ഉത്തരവാദിത്തവുമുള്ള മാധ്യമങ്ങളാണ് വേണ്ടത് എന്ന് അദ്ദേഹം വ്യക്തമാക്കി.

ഭരണഘടന അനുവദിച്ചിരിക്കുന്ന മാധ്യമ സ്വാതന്ത്ര്യത്തിന് ഏതാനും നിയന്ത്രണങ്ങള്‍ മാത്രമേ ഉള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇന്ത്യയുടെ അഖണ്ഡതയേയും ഐക്യവും സംരക്ഷിക്കുക, രാജ്യത്തിന്റെ സുരക്ഷയെ അപകടത്തിലാക്കാതിരിക്കുക, പബ്ലിക് ഓര്‍ഡര്‍ പാലിക്കുക, കോടതിയലക്ഷ്യം, മാനനഷ്ടം എന്നിവ ഒഴിവാക്കുക, കുറ്റകൃത്യത്തിന് പ്രേരിപ്പിക്കാതിരിക്കല്‍ തുടങ്ങിയവയാണത്.

അന്‍സാരിയുടെ ഈ വിശ്വാസങ്ങളെ പൂര്‍ണമായി പ്രതിഫലിപ്പിക്കുന്നതായിരുന്നു രാജ്യസഭാ ടി.വി.

യു.പി.എ-ഇടത് സ്ഥാനാര്‍ഥിയായാണ് 2007 ജൂലൈ 20-ന് അദ്ദേഹം ഉപരാഷ്ട്രപതി പദവിയിലേക്ക് പരിഗണിക്കപ്പെടുന്നത്. ആകെ 455 വോട്ടുകള്‍ ലഭിച്ച അദ്ദേഹം ബി.ജെ.പിയുടെ നജ്മ ഹെപ്തുള്ളയേക്കള്‍ 233 വോട്ടുകള്‍ അധികം നേടിയാണ് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതും.

രണ്ടാം വട്ടം ബി.ജെ.പി അണിനിരത്തിയത് മുന്‍ പ്രതിരോധ, വിദേശകാര്യ, ധനമന്ത്രിയും രാജ്യസഭാ പ്രതിപക്ഷ നേതാവുമായിരുന്ന ജസ്വന്ത് സിംഗിനെയായിരുന്നു. എന്നാല്‍ 2012 ഓഗസ്റ്റ് ഏഴിന് 252 വോട്ടുകള്‍ ജസ്വന്ത് സിംഗിനേക്കാള്‍ അധികം നേടി അന്‍സാരി രണ്ടാം വട്ടവും ഉപരാഷ്ട്രപതിയായി.

പശ്ചിമേഷ്യന്‍ വിദഗ്ധനും നയതന്ത്ര ഉദ്യോഗസ്ഥനുമായിരുന്നു അന്‍സാരി. ഇറാനെയും ഇറാക്കിനേയും സംബന്ധിച്ച് അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ രാജ്യത്തിന്റെ ഔദ്യോഗിക നിലപാടുകള്‍ക്ക് അനുസരിച്ചുള്ളതായിരുന്നില്ല. പാലസ്തീന്‍ വിഷയത്തിലും അദ്ദേഹം തന്റെ നിലപാടുകള്‍ വ്യക്തമാക്കി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ ഇറാന്റെ ആണവ പരിപാടികള്‍ക്കെതിരെ ഇന്ത്യ വോട്ട് ചെയ്തതിനെ അദ്ദേഹം ചോദ്യം ചെയ്തു.

2006-ല്‍ ജമ്മു-കാശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി രണ്ടാം വട്ടമേശ സമ്മേളനത്തോട് അനുബന്ധിച്ച് രൂപം കൊടുത്ത വര്‍ക്കിംഗ് ഗ്രൂപ്പിന്റെ അധ്യക്ഷനായിരുന്നു അന്‍സാരി. ജമ്മു-കാശ്മീരിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിശ്വാസ്യത വളര്‍ത്തിയെടുക്കുന്ന പദ്ധതികള്‍ ലക്ഷ്യമിട്ടായിരുന്നു ഇത്. 2007 ഏപ്രിലിലെ മൂന്നാം വട്ടമേശ സമ്മേളനം ഈ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തു. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിരവധി കാര്യങ്ങളിലൊന്ന് കാശ്മീരില്‍ നിന്ന് ഓടിപ്പോരേണ്ടി വന്ന പണ്ഡിറ്റുകള്‍ക്ക് തങ്ങളുടെ ജന്മനാട്ടിലേക്ക് തിരികെ പോകാനുള്ള അവകാശത്തെക്കുറിച്ചായിരുന്നു. യാതൊരു വിധത്തിലുള്ള സംശയവും കൂടാതെ ഈ അവകാശം സംരക്ഷിക്കണമെന്നും അത് സര്‍ക്കാര്‍ നയമായി സ്വീകരിക്കണമെന്നും ആ റിപ്പോര്‍ട്ടില്‍ അര്‍ത്ഥശങ്കയില്ലാതെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

തനിക്ക് എതിര്‍പ്പുള്ള കാര്യങ്ങള്‍ അദ്ദേഹം എപ്പോഴും തുറന്നു പറഞ്ഞിരുന്നു. 2006-ല്‍ അന്നത്തെ പോപ്പ് ഉപയോഗിച്ച ഭാഷ കുരിശുയുദ്ധത്തിന് ഉത്തരവിടുന്ന 12-ാം നൂറ്റാണ്ടിലെ അവിടുത്തെ ഭരണാധികാരികളെപ്പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം ലോകവുമായി വളരെ സമഗ്രമായ ഒരു ബന്ധമുള്ള വത്തിക്കാന്‍ ഇത്തരം പ്രസ്താവന നടത്തിയത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുത്തലാക്കിനെതിരെ അദ്ദേഹം ഭാര്യയും നിരവധി തവണ രംഗത്തുവന്നു.

നാലു ദശാബ്ദക്കാലത്തെ വിദേശ സര്‍വീസ് ജീവിതത്തില്‍ യു.എ.ഇ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ അംബാസിഡര്‍ ആയിരുന്നു അദ്ദേഹം. ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണറായും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. വിരമിച്ച ശേഷം അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറും വൈസ് ചാന്‍സിലറുമായിരുന്നു അന്‍സാരി. ജെ.എന്‍.യുവിലും ജാമിയ മിലിയയിലും വിസിറ്റിംഗ് പ്രൊഫസറയും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.

അന്‍സാരി പടിയിറങ്ങുമ്പോള്‍ ഉന്നതങ്ങളില്‍ അവശേഷിക്കുന്നത് പുരോഗമനം എന്നാല്‍ വിഡ്ഡിത്വം പറയലും നേതാക്കളുടെ കാലുപിടിക്കലുമാണെന്നു കരുതുന്ന നിരവധി നേതാക്കളാണ് എന്നു കാണാം. ഇപ്പോള്‍ പാര്‍ലമെന്റില്‍ നിറഞ്ഞിരിക്കുന്ന ആ മനുഷ്യരെ കണ്ട് ഇന്ത്യന്‍ ഭരണഘടന പോലും ചിലപ്പോള്‍ തലതാഴ്ത്തും.

അന്‍സാരി ഈ കാലഘട്ടത്തിന് അധികപ്പറ്റായ ഒരു മനുഷ്യനാണ് എന്ന് നമുക്ക് പറയേണ്ടി വരും. അതിന് തെളിവുകള്‍ക്കായി അധികം പോകേണ്ടതില്ല. ഏതു നിമിഷവും ആരാലും കൊല്ലപ്പെടാന്‍ സാധ്യതയുള്ള ഇന്ത്യക്കാരാണ് നമ്മള്‍ എന്ന നിലയില്‍ പ്രത്യേകിച്ചും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍