ബലാകോട്ടില്‍ അടക്കം പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് ഇന്ത്യ നടത്തിയ ബോംബിംഗില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടു എന്നത് സംബന്ധിച്ച് യാതൊരു ഔദ്യോഗിക വിശദീകരണവും ഇതുവരെ വന്നിട്ടില്ല.
പാകിസ്താനിലെ ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ കാണണമെന്ന് പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ രണ്ട് സിആര്‍പിഎഫ് ജവാന്മാരായ പ്രദീപ് കുമാറിന്റേയും രാം വാകീലിന്റേയും ബന്ധുക്കളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. പ്രദീപ് കുമാര്‍ ഷാംലി സ്വദേശിയും രാം വാകീല്‍ മെയ്ന്‍പുരി സ്വദേശിയുമാണ്.
ബലാകോട്ടില്‍ അടക്കം പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് ഇന്ത്യ നടത്തിയ ബോംബിംഗില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടു എന്നത് സംബന്ധിച്ച് യാതൊരു ഔദ്യോഗിക വിശദീകരണവും ഇതുവരെ വന്നിട്ടില്ല. 300നടുത്ത് പേര് കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിക്കുന്നതായി അവകാശപ്പെട്ട വാര്‍ത്താ എജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതേസമയം പാകിസ്താന് ഈ അവകാശവാദം തള്ളിക്കളഞ്ഞിരുന്നു. ഒരാള്‍ പോലും ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടില്ല എന്നാണ് പാകിസ്താന് സൈന്യവും സര്‍ക്കാരും വാദിച്ചത്. ഈ വാദത്തിന് പിന്‍ബലമേകുന്നതായിരുന്നു ന്യൂയോര്‍ക്ക് ടൈംസും റോയിട്ടേഴ്സും അല്‍ ജസീറയുമടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.
അതേസമയം നാല് കെട്ടിടങ്ങള്‍ ഇന്ത്യന്‍ ബോംബിംഗില്‍ തകര്‍ന്നതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 250 പേര് കൊല്ലപ്പെട്ടു എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതിലെ വസ്തുതയെന്തെന്ന് ചോദിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. റോയിട്ടേഴ്സിന്റെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടും ഇന്ത്യന്‍ അവകാശവാദങ്ങളെ തള്ളിക്കളയുന്നതാണ്. പൈന്‍ മരങ്ങളാണ് നശിച്ചത് എന്നാണ് പാകിസ്താന്റെ വാദം.
അതേസമയം കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം വിദേശകാര്യ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു എന്നാണ് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞത്. എന്നാല്‍ ഇത്തരത്തില്‍ യാതൊരു കണക്കും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പുറത്തുവിട്ടിരുന്നില്ല. വിദേശകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി കൊല്ലപ്പെട്ടവരുടെ എണ്ണം പുറത്തുവിടാന്‍ വിദേശകാര്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം തങ്ങള്‍ ആക്രമണം നടത്തുമ്പോള്‍ എത്ര പേര് കൊല്ലപ്പെട്ടു എന്ന് അവരുടെ മൃതദേങ്ങള്‍ എണ്ണി തിട്ടപ്പെടുത്താറില്ലെന്നും സര്‍ക്കാരാണ് ഇത് ചെയ്യുന്നത് എന്നുമാണ് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ പറഞ്ഞത്.