UPDATES

ട്രെന്‍ഡിങ്ങ്

ആര്‍ ശങ്കര്‍ ശരിക്കും ഇപ്പോള്‍ എവിടെയാണ്? ബിജെപിക്കൊപ്പമോ കോണ്‍ഗ്രസിനൊപ്പമോ?

ആര്‍ ശങ്കര്‍ ഇങ്ങനെ പെന്‍ഡുലം പോലെ ബിജെപിക്കും കോണ്‍ഗ്രസിനുമിടയില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ബിജെപിക്ക് കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണറും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ വാജുബായ് വാല അനുവദിച്ചിരിക്കുന്നത് 15 ദിവസമാണ്.

ആര്‍ ശങ്കറിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കേരള മുന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമെല്ലാം ആയിരുന്ന ആര്‍ ശങ്കറിനെക്കുറിച്ചല്ല. കര്‍ണാടകയിലെ സ്വതന്ത്ര എംഎല്‍എ ആയ ആര്‍ ശങ്കറിനെക്കുറിച്ച്. ശങ്കറിന്റെ ഇനീഷ്യലായ ആറിന്റെ പൂര്‍ണരൂപം Rotating എന്നാണ് എന്ന് മാധ്യമപ്രവര്‍ത്തകയും ദ ഹിന്ദു പൊളിറ്റിക്കല്‍ എഡിറ്ററുമായ നിസ്തുല ഹെബ്ബര്‍ അഭിപ്രായപ്പെടുന്നു. കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ അരങ്ങേറുന്ന അപഹാസ്യ രാഷ്ട്രീയ നാടകങ്ങള്‍ക്കും കളികള്‍ക്കുമിടയില്‍ ആര്‍ ശങ്കര്‍ കഴിഞ്ഞ രണ്ട് ദിവസമായി ഒരു രസികന്‍ കോമിക് കഥാപാത്രമായി മാറിയിരിക്കുകയാണ്. ബിജെപി ക്യാമ്പില്‍ കണ്ട ശങ്കറിനെ മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ് -ജെഡിഎസ് ക്യാമ്പില്‍ കണ്ട് അന്തം വിട്ടിരിക്കുകയാണ് രാഷ്ട്രീയ പ്രേക്ഷകര്‍. പഴയ ‘ആയാ റാം, ഗയാ റാം’ രാഷ്ട്രീയക്കാര്‍ക്കൊന്നും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത സൂപ്പര്‍സോണിക് വേഗത.

സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ കെബി കോലിവാദിനെ റാണിബെന്നൂരില്‍ പരാജയപ്പെടുത്തിയാണ് ആര്‍ ശങ്കര്‍ നിയമസഭയിലെത്തിയിരിക്കുന്നത്. കര്‍ണാടകയിലെ രണ്ട് സ്വതന്ത്ര എംഎല്‍എമാരില്‍ ഒരാള്‍. 2016ല്‍ രൂപീകരിച്ച കര്‍ണാടക പ്രജാ ജനതാ പക്ഷ എന്ന പാര്‍ട്ടിയുടെ നേതാവാണ്‌ ആര്‍ ശങ്കര്‍ എന്നാണ് പറയുന്നത്. ഏതായാലും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ചൊവ്വാഴ്ച രാത്രി ശങ്കര്‍ ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പയെ കണ്ടു. ഇന്നലെ രാവിലെ ബിജെപി യെദിയൂരപ്പ അടക്കമുള്ള ബിജെപി എംഎല്‍എമാര്‍ക്കൊപ്പം ഗവര്‍ണര്‍ വാജുബായ് വാലയെ കാണാനായി ശങ്കറും പോയിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ അദ്ദേഹം കോണ്‍ഗ്രസ് – ജെഡിഎസ് ക്യാമ്പിലേയ്ക്ക് മാറിയതായി റിപ്പോര്‍ട്ട് വന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ശങ്കര്‍ ബിജെപി ഓഫീസിലുള്ളതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം വിധാന്‍സൗധക്ക് പുറത്തുള്ള പ്രതിഷേധത്തില്‍ മാധ്യമങ്ങള്‍ ആര്‍ ശങ്കറിനെ കണ്ടെത്തി. ബിജെപി നേതാവ് കെഎസ് ഈശ്വരപ്പയുമായി ആര്‍ ശങ്കറിന് അടുത്ത ബന്ധമുണ്ട്. ശങ്കര്‍ കോണ്‍ഗ്രസിന്റെ കൂടെ പോകുന്നത് കാര്യമാക്കണ്ട്. അദ്ദേഹം ബിജെപിക്കൊപ്പം വരുമെന്നാണ് ഈശ്വരപ്പ അവകാശപ്പെടുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാറിനൊപ്പം ആര്‍ ശങ്കറും രണ്ടാമത്തെ സ്വതന്ത്ര എംഎല്‍എ എച്ച് നാഗേഷും നില്‍ക്കുന്ന ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

ആര്‍ ശങ്കര്‍ ഇങ്ങനെ പെന്‍ഡുലം പോലെ ബിജെപിക്കും കോണ്‍ഗ്രസിനുമിടയില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ബിജെപിക്ക് കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണറും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ വാജുബായ് വാല അനുവദിച്ചിരിക്കുന്നത് 15 ദിവസമാണ്. യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രീം കോടതിക്കും ഇതെന്തിനാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ഇത്രയും ദിവസം എന്ന് മനസിലായിട്ടില്ല. കര്‍ണാടകയില്‍ സര്‍ക്കാരിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകുന്നത് വരെ ആര്‍ ശങ്കറിന്റെ വില കോടികളായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ആര്‍ ശങ്കര്‍ കോണ്‍ഗ്രസ് – ജെഡിഎസ് ക്യാമ്പിലാണ് എന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. പക്ഷെ ആര്‍ ശങ്കറിന്‍റെ ഉള്ളിലിരിപ്പ് ശരിക്കും എന്താണ് എന്ന് അദ്ദേഹത്തിന് മാത്രമേ അറിയാനിടയുള്ളൂ. പിന്നെ ‘ദൈവ’ത്തിനും. പണ്ട് ഇഎംഎസ് പറഞ്ഞ പോലെ “ദൈവത്തിന് അറിയാം” എന്ന് പറഞ്ഞാല്‍ ആര്‍ക്കും അറിയില്ല എന്ന് തന്നെയാണ് അര്‍ഥം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍