UPDATES

ഇന്ത്യ

ഗുജറാത്തില്‍ ജയിക്കാന്‍ പോകുന്നത് മോദിയുടെ സംഘടനാ കരുത്തോ അതോ രാഹുലിന്റെ പ്രചാരണ തന്ത്രങ്ങളോ?

ഭ്രാന്ത് പിടിച്ച വികസനം മുതല്‍ (vikas gone crazy) മൃദുഹിന്ദുത്വം വരെ അജണ്ട വയ്ക്കുന്ന രാഹുല്‍ ഗാന്ധിയുടെ തന്ത്രങ്ങളാണോ അതേ മോദിയുടെ ശക്തമായ സംഘടനാ കരുത്താണോ ഗുജറാത്തില്‍ വിജയം നേടാന്‍ പോകുന്നത് എന്ന് കാത്തിരുന്ന് കാണേണ്ടി വരും.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഡിസംബറില്‍ നടക്കും എന്ന് ഉറപ്പായിട്ടുണ്ട്. ബിജെപി തുടര്‍ച്ചയായ അഞ്ചാം തവണയും അവര്‍ അഭിമാനപുരസരം രാജ്യത്തിന് മോഡലായി അവതരിപ്പിക്കുന്ന ഗുജറാത്തില്‍ അധികാരം നിലനിര്‍ത്തുമോ അതോ മാറിയ രാഷ്ട്രീയ സാഹചര്യം, പ്രത്യേകിച്ച് വിവിധ സമുദായങ്ങള്‍ക്കിടയില്‍ ബിജെപി പിടിച്ചുപറ്റിയിട്ടുള്ള ശക്തമായ എതിര്‍പ്പും അവമതിപ്പും മുതലെടുത്ത്് അധികാരത്തിലേയ്ക്ക തിരിച്ചുവരാന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഗുജറാത്തില്‍ ബിജെപി പരാജയപ്പെടുകയാണെങ്കില്‍ അത് ദേശീയ തലത്തില്‍ തന്നെ ബിജെപിയുടെ പടയോട്ടത്തിന്, പ്രത്യേകിച്ച് മോദി – അമിത് ഷാ ദ്വന്ദ്വത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വത്തിന് അത് ഉലച്ചിലുണ്ടാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭ്രാന്ത് പിടിച്ച വികസനം മുതല്‍ (vikas gone crazy) മൃദുഹിന്ദുത്വം വരെ ഗുജറാത്തില്‍ അജണ്ട വയ്ക്കുന്ന രാഹുല്‍ ഗാന്ധിയുടെ തന്ത്രങ്ങളാണോ അതേ മോദിയുടെ ശക്തമായ സംഘടനാ കരുത്താണോ വിജയം നേടാന്‍ പോകുന്നത് എന്ന് കാത്തിരുന്ന് കാണേണ്ടി വരും.

കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തവണ മോദി തന്റെ സ്വന്തം നാട്ടില്‍ പറന്നെത്തി. രാഹുല്‍ ഗാന്ധിയും രണ്ട് തവണ ഗുജറാത്തിലെത്തി. മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി മോദിയുടെ നേതൃത്വത്തില്‍ ബിജെപി ജയിച്ചപ്പോളും കോണ്‍ഗ്രസിന്റെ പ്രചാരണം നയിച്ചത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയായിരുന്നു. എന്നാല്‍ ഇത്തവണ പാര്‍ട്ടി ഉപാദ്ധ്യക്ഷനും, അടുത്ത് തന്നെ അദ്ധ്യക്ഷ പദവി ഏറ്റെടുക്കാന്‍ പോകുന്നയാളുമായാണ് രാഹുലാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. മോദിയുടെ നേതൃത്വവും ആര്‍എസ്എസ് ഒരുക്കുന്ന ശക്തമായ സംഘടനാ സംവിധാനവും തന്നെയാണ് ബിജെപിയുടെ കരുത്ത്. പ്രധാന നരേന്ദ്ര മോദിയേയും ഒരു പേജ് പ്രമുഖ് ആയി ബിജെപി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. ബൂത്തുകളുടെ ചുമതലയുള്ളവരാണ് പേജ് പ്രമുഖുകള്‍. 10 കുടുംബങ്ങളുടെ ചുമതല ഒരു പേജ് പ്രമുഖിനുണ്ടാകും. അനുഭാവി ഗ്രൂപ്പുകള്‍ കൃത്യമായി വോട്ട് രേഖപ്പെടുത്തുന്നു എന്ന് ഉറപ്പാക്കാനുള്ള ചുമതല ഇവര്‍ക്കുണ്ട്. ബിജെപിയുടെ സംഘടനാസംവിധാനം താഴേത്തട്ടുകളില്‍ വരെ എങ്ങനെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്ന് നോക്കേണ്ടതാണ്. ചുമതലയുള്ള ഓരോ വീടുകളിലുമെത്തി ബിജെപിക്ക് വോട്ടുകള്‍ ഉറപ്പാക്കുന്ന പേജ് പ്രമുഖിന്റെ ജോലി പ്രധാനമന്ത്രിക്ക് നിര്‍വഹിക്കാന്‍ കഴിയില്ലായിരിക്കാം. പക്ഷെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി ഈ ജോലി ചെയ്തിരുന്നു. 2001 മുതല്‍ സംസ്ഥാനത്തെ സംഘടന മോദിയുടെ നേതൃത്വത്തില്‍ അത്ര ശക്തമായിട്ടുണ്ട്. ഗുജറാത്തിലെ സമുദായ സമവാക്യങ്ങള്‍ ഇപ്പോളും തങ്ങള്‍ക്ക് അനുകൂലമാണെന്ന് ബിജെപി കരുതുന്നത്. ബിജെപിക്ക് സ്വാധീനം കുറവായ, ദളിത്, മുസ്ലീം വിഭാഗങ്ങളെ പാര്‍ട്ടിയിലേയ്ക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.

പ്രധാനമന്ത്രിയാകാന്‍ വേണ്ടി നരേന്ദ്ര മോദി മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് ഒരു വര്‍ഷമാകുമ്പോളേക്കും ഗുജറാത്തില്‍ ബിജെപിക്ക് കഷ്ടകാലം തുടങ്ങി. പാട്ടിദാര്‍ (പട്ടേല്‍) സമുദായത്തിന്റെ സംവരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ രൂപത്തിലാണ് ബിജെപി സര്‍ക്കാരിനും പാര്‍ട്ടിക്കും തലവേദന തുടങ്ങിയത്. തനിക്ക് പകരം മുഖ്യമന്ത്രി സ്ഥാനത്ത് മോദി പ്രതിഷ്ഠിച്ച വിശ്വസ്തയായ ആനന്ദി ബെന്നിന് ഗുജറാത്തിന്റെ നേതാവെന്ന നിലയില്‍ പൊതുവായി വിശ്വാസ്യത നേടാനായില്ല. സമുദായ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിയ പ്രതിസന്ധിക്ക് പരിഹാരം കാണാനുമായില്ല. ഇതേതുടര്‍ന്നാണ് ആനന്ദി ബെന്നിനെ മാറ്റി വിജയ് രുപാണിയെ കൊണ്ടുവരാന്‍ മോദിയും അമിത് ഷായും നിര്‍ബന്ധിതരായത്. എന്നാല്‍ നേതൃമാറ്റം കൊണ്ടും ബിജെപി രക്ഷപ്പെടില്ല എന്ന വിലിരുത്തലിലാണ് ആര്‍എസ്എസ്. ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപിയുടെ തോല്‍വിയാണ് ആര്‍എസ്എസ് സര്‍വേ പ്രവചിച്ചത്.

കോണ്‍ഗ്രസിനേക്കാള്‍ ശക്തമായ സംഘടനാസംവിധാനം ആര്‍എസ്എസിന്റെ കേഡര്‍ സ്വഭാവം മൂലം ബിജെപിക്കുണ്ട്. ദളിത്, മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ ഒഴികെ ഇപ്പോഴും ശക്തമായ പിന്തുണയുമുണ്ട്. പട്ടേല്‍ സമുദായാംഗങ്ങള്‍ക്കിടയില്‍ പോലും കോണ്‍ഗ്രസിനേക്കാള്‍ പിന്തുണ ഇപ്പോളും ബിജെപിക്കാണെന്ന വിലയിരുത്തലും ശക്തമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പൊതുവായ രാഷ്ട്രീയ കാലാവസ്ഥയെ അവഗണിച്ചുകൊണ്ട് ബിജെപി ഇത്തവണ റെക്കോഡ് വിജയം നേടാന്‍ പോകുന്നു എന്ന് സിഎസ്ഡിഎസ് (സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ്) സര്‍വേ പ്രവചിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തേയും ജനാധിപത്യത്തേയും കുറിച്ച് പഠനം നടത്തുന്ന അതുല്‍ കോഹ്ലി ഒരു അദ്ധ്യായം ഗുജറാത്തിന് വേണ്ടി മാറ്റി വച്ചിരുന്ന. കോണ്‍ഗ്രസ് സംഘടനാപരമായി ഏറെ ദുര്‍ബലമാണ് എന്നാണ് അതുല്‍ കോഹ്ലിയുടെ വിലയിരുത്തല്‍. സംസ്ഥാനത്ത് ഒരു തിരിച്ചുവരവിന് അത് ഏറെ ബുദ്ധിമുട്ടും. ഗുജറാത്തിലെ പ്രബല സമുദായമായ ക്ഷത്രിയ വിഭാഗത്തിന്റെ പിന്തുണ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. ഭരത് സിംഗ് സോളങ്കിയെ പോലുള്ള നേതാക്കളുണ്ടെങ്കിലും ക്ഷത്രിയ സമുദായത്തില്‍ കൂടുതല്‍ സ്വാധീനമുള്ള ശങ്കര്‍ സിംഗ് വഗേലയുടെ അഭാവം കോണ്‍ഗ്രസിന് നഷ്ടമാണ്.

അതേസമയം ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്കുകളായ പട്ടേല്‍, ബനിയ സമുദായങ്ങള്‍ അടുപ്പം കാണിക്കുന്നത് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നുണ്ട്. ഒരു മോദി – രാഹുല്‍ മത്സരമായി നിയമസഭാ തിരഞ്ഞെടുപ്പിനെ ഗുജറാത്തി വോട്ടര്‍മാര്‍ കാണുകയാണെങ്കില്‍ അത് ബിജെപിയുടെ വിജയത്തിലേയ്ക്ക് നയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം എതിരാളികള്‍ നിര്‍മ്മിച്ചുവച്ചിട്ടുള്ള പ്രതിച്ഛായയിലല്ല ഇക്കുറി ഗുജറാത്തിലെ പോരില്‍ കോണ്‍ഗ്രസിന് നയിക്കാന്‍ രാഹുല്‍ എത്തിയിരിക്കുന്നത് എന്ന കാര്യം അവഗണിക്കാനാവില്ല. ബിജെപിയുടെ വികസനം സംബന്ധിച്ച അവകാശവാദങ്ങളെ സോഷ്യല്‍ മീഡിയ ട്രോളുകള്‍ വഴി ആക്രമിച്ച കോണ്‍ഗ്രസിന്റെ വികാസ് ഖാണ്ടോ പ്രചാരണം വലിയ തരംഗമുണ്ടാക്കിയിട്ടുണ്ട്. ഇതിനെ നേരിടാന്‍ ഐ ആം വികാസ്, ഐ ആം ഗുജറാത്ത് എന്നൊരു മറുപടി കാംപെയിന്‍ ബിജെപിക്ക് തുടങ്ങേണ്ടി വന്നു. കഴിഞ്ഞയാഴ്ച ഗുജറാത്തിലെത്തിയപ്പോള്‍ മോദി തന്നെ കോണ്‍ഗ്രസിന്റെ വികാസ് പ്രചാരണം പരാമര്‍ശിച്ചു.

വികാസ് പ്രചാരണത്തിനൊപ്പം മൃദു ഹിന്ദുത്വ പരീക്ഷണങ്ങളും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. കോണ്‍ഗ്രസ് പല ഘട്ടങ്ങളിലും സ്വീകരിച്ചിട്ടുള്ള ഈ മൃദു ഹിന്ദുത്വ സമീപനം ഗുജറാത്തില്‍ ഏറെ ആലോചിച്ച് തന്നെയാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. നവസര്‍ജന്‍ ഗുജറാത്ത് യാത്രക്കിടയില്‍ സംസ്ഥാനത്തെ ഒട്ടുമിക്ക പ്രധാന ക്ഷേത്രങ്ങളിലും രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി. പശുക്കളെ സംരക്ഷിക്കുന്ന ഗോശാലകളും രാഹുല്‍ സന്ദര്‍ശിച്ചു. ജനങ്ങളോടുള്ള രാഹുലിന്റെ നേരിട്ടുള്ള സംവാദങ്ങള്‍ വര്‍ദ്ധിക്കുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വളരെ പോസിറ്റീവായ കാര്യമാണ്. സ്‌കൂളുകളിലേയു കോളേജുകളിലേയും ഫീസുകളെ പറ്റി രാഹുല്‍ ചോദിച്ചറിയുന്നു. ചികിത്സാ ചിലവുകളെ പറ്റി, യുവാക്കളുടെ തൊഴില്‍ ലഭ്യതയെപ്പറ്റി എല്ലാം ചോദിക്കുന്നു. മാറ്റത്തിന് വേണ്ടിയാണ് രാഹുല്‍ വോട്ട് ചോദിക്കുന്നത്. ഗുജറാത്തില്‍ വികസനത്തിന് എന്തുപറ്റി എന്നാണ് രാഹുല്‍ ഗാന്ധി എല്ലാ പൊതുയോഗങ്ങളിലും ചോദിക്കുന്നത്. വ്യക്തമായ ഉത്തരം ഡിസംബറിലോ ജനുവരിയിലോ കിട്ടുമെന്ന് ഉറപ്പാണ്.

(കടപ്പാട് – ഫസ്റ്റ് പോസ്റ്റ്‌, ന്യൂസ് 18)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍