UPDATES

ട്രെന്‍ഡിങ്ങ്

ആരാണ് ഇന്ദ്രജിത് ലങ്കേഷ്? ബിജെപിയുമായി ഇന്ദ്രജിതിന് എന്ത് ബന്ധം?

എന്നെ ഒരു ബിജെപി അനുഭാവിയായി പലരും കാണുന്നുണ്ട്. തീര്‍ച്ചയായും നരേന്ദ്ര മോദിയുടേയും ബിഎസ് യെദിയൂരപ്പയുടേയും നേതൃത്വം രാഷ്ട്രീയത്തിലിറങ്ങാന്‍ എനിക്ക് പ്രചോദനം നല്‍കുന്നുണ്ട്.

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും ഗൂഢാലോചനയുമായി ബന്ധപ്പെട്ടും പല തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പൊതുവായി അംഗീകരിക്കപ്പെടുന്ന ഒരു കാര്യം സംഘപരിവാറുമായി ബന്ധപ്പെട്ട ഹിന്ദു തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്ന് അവര്‍ക്ക് ഭീഷണിയുണ്ടായിരുന്നു എന്നതാണ്. സംഘപരിവാര്‍, ബിജെപി അനുഭാവികള്‍ അല്ലാത്തവരെല്ലാം പൊതുവായി അംഗീകരിക്കുന്ന കാര്യമാണിത്. ഗൗരി ലങ്കേഷിന്റെ കുടുംബത്തില്‍ നിന്ന് തന്നെ വ്യത്യസ്ത അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. മാവോയിസ്റ്റുകളാകാം കൊലപാതകത്തിന് പിന്നിലെന്നാണ് ബിജെപി, സംഘപരിവാര്‍ അനുകൂലികള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയിലൂടെ അടക്കം പ്രചരിപ്പിക്കുന്നത്. മാവോയിസ്റ്റുകളെ നക്‌സലുകള്‍ എന്നാണ് ഇവര്‍ വിളിക്കുന്നത്. ഇത് തന്നെയാണ് സഹോദരനും പ്രമുഖ കന്നഡ സംവിധായകനുമായ ഇന്ദ്രജിത് ലങ്കേഷും പറഞ്ഞത്.  എന്നാല്‍ ഇതിനോട് വിയോജിക്കുകയാണ് സഹോദരിയും സംവിധായികയുമായ കവിത ലങ്കേഷ്.

പല നക്‌സലൈറ്റുകളേയും കീഴടങ്ങാന്‍ പ്രേരിപ്പിച്ച വ്യക്തിയായിരുന്നു ഗൗരിയെന്നും ഇത് അവരെ ഗൗരിക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചിരിക്കാമെന്ന് കരുതുന്നതായും ഇന്ദ്രജിത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിരിമാനെ നാഗരാജ് എന്ന മാവോയിസ്റ്റിനെ ഗൗരി ലങ്കേഷ് അടക്കമുള്ളവര്‍ ഇടപെട്ട് മുഖ്യധാരയിലേയ്ക്ക് കൊണ്ടുവന്നതായി ഇന്ദ്രജിത് ചൂണ്ടിക്കാട്ടുന്നു. നക്‌സലുകളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാരുമായി ചേര്‍ന്ന് ഗൗരി നടത്തിയിരുന്ന ശ്രമങ്ങള്‍ അവരെ ചൊടിപ്പിച്ചിരുന്നതായി ഇന്ദ്രജിത് അഭിപ്രായപ്പെടുന്നു. പ്രസ്ഥാനം വിടാനൊരുങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് പാര്‍ട്ടി നേതാക്കള്‍ ലഘുലേഖകള്‍ വഴി മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഗൗരിക്ക് ഭീഷണിയുണ്ടെന്ന് വിവരം തനിക്ക് ലഭിച്ചിരുന്നു. എന്നാല്‍ അവര്‍ ഭീഷണിയുള്ള കാര്യം കുടുംബാംഗങ്ങളോട് പങ്ക് വച്ചിരുന്നില്ല. ബിജെപി ആവശ്യപ്പെട്ടത് പോലെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ഇന്ദ്രജിതും ആവശ്യപ്പെട്ടു. മാവോയിസ്റ്റ് നേതാവ് സാകേത് രാജനുമായുള്ള അഭിമുഖം ലങ്കേഷ് പത്രികയില്‍ പ്രസിദ്ധീകരിക്കണമെന്ന ഗൗരിയുടെ ആവശ്യം താന്‍ തള്ളിയതോടെ തങ്ങള്‍ തമ്മിലുള്ള പിരിയല്‍ പൂര്‍ണമായതായി എന്‍ഡിടിവിയോട് ഇന്ദ്രജിത് ലങ്കേഷ് പറഞ്ഞിരുന്നു.

അതേസമയം മാവോയിസ്റ്റുകളാണ് ഗൗരിയുടെ കൊലപാതകത്തിന് പിന്നിലെന്ന വാദം തള്ളിക്കളയുകയാണ് സഹോദരി കവിത ലങ്കേഷ്. ഗൗരിയുടെ ജീവതം എങ്ങനെയാണ് മുന്നോട്ട് പോയിരുന്നത് എന്നത് സംബന്ധിച്ചോ മാവോയിസ്റ്റുകളെ പുനരധിവസിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങളെക്കുറിച്ചോ ഇന്ദ്രജിത്തിന് ഒന്നും അറിയില്ലായിരുന്നുവെന്ന് കവിത പറയുന്നു. അവര്‍ക്ക് ഞാനുമായാണ് അടുപ്പമുണ്ടായിരുന്നത്. അവര്‍ വര്‍ഷങ്ങളായി വലതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. 2000ല്‍ പിതാവും ലങ്കേഷ് പത്രിക പത്രാധിപരുമായിരുന്ന ലങ്കേഷ് മരിച്ച സമയത്ത് ഗൗരിയും ഇന്ദ്രജിതും തമ്മില്‍ പത്രിക സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. ലങ്കേഷ് പത്രികയുടെ രാഷ്ട്രീയ നിലപാടും ഉടമസ്ഥത സംബന്ധിച്ച അവകാശവാദങ്ങളുമാണ് തര്‍ക്കത്തിലേയ്ക്ക് നയിച്ചത്. 2005ല്‍ ഇവര്‍ തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചു. ഇരുവരും പരസ്പരം പൊലീസില്‍ പരാതി നല്‍കി. ഗൗരിക്ക് മാവോയിസ്റ്റുകളോട് അനുഭാവമുണ്ടെന്ന് ആരോപിച്ചാണ് ഇന്ദ്രജിത് പരാതി നല്‍കിയത്. ഓഫീസില്‍ നിന്ന് ഒരു കംപ്യൂട്ടറും പ്രിന്ററും സ്‌കാനറും കാണാതായിരിക്കുന്നതായി ഇന്ദ്രജിത് പരാതിയില്‍ പറഞ്ഞു. ലങ്കേഷ് വീക്കിലിയുടെ പ്രൊപ്രൈറ്ററും പബ്ലിഷറുമായിരുന്നു ഇന്ദ്രജിത്. അതേസമയം തനിക്ക് മാവോയിസ്റ്റുകളോട് അനുഭാവമില്ലെന്നായിരുന്നു ഗൗരി വ്യക്തമാക്കിയത്. ഇന്ദ്രജിത് തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി ഗൗരി പരാതി നല്‍കി.

ഗൗരി ലങ്കേഷ് പിന്നീട് സഹോദരനുമായി പിരിയുകയും ഗൗരി ലങ്കേഷ് പത്രികെ എന്ന പേരില്‍ പുതിയ വീക്കിലി തുടങ്ങുകയും ചെയ്തു. ഇപ്പോള്‍ ഇന്ദ്രജിത് പറയുന്നത് സഹോദരിയുമായി സ്വത്ത് തര്‍ക്കമുണ്ടായിരുന്നില്ല എന്നാണ്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് തങ്ങള്‍ പിരിഞ്ഞതെന്നും ഇന്ദ്രജിത് പറയുന്നു. താന്‍ ബിജെപി അംഗമാണെന്ന് പറയുന്നത് ശരിയല്ലെന്നും താനൊരു ചലച്ചിത്ര സംവിധായകനും മാധ്യമപ്രവര്‍ത്തകനുമാണെന്നും ബിജെപി പോലൊരു കാവി പാര്‍ട്ടിയില്‍ ചേരാന്‍ തനിക്ക് ഒരിക്കലും കഴിയില്ലെന്നും ഇന്ദ്രജിത് ലങ്കേഷ് പറയുന്നു. അതേസമയം ജൂലായിലെ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് ഇന്ദ്രജിതിന്റെ വാദം തള്ളിക്കളയുന്നതാണ്.

ലിങ്ക് കാണുക:

http://www.newindianexpress.com/entertainment/kannada/2017/jul/10/politics-is-a-new-responsibility-but-cinema-forever-indrajit-lankesh-1626655.html?utm_campaign=digest&utm_medium=email&utm_source=nuzzel

ആ വാര്‍ത്തയില്‍ ഇന്ദ്രജിത് ഇങ്ങനെ പറയുന്നു: എന്നെ ഒരു ബിജെപി അനുഭാവിയായി പലരും കാണുന്നുണ്ട്. തീര്‍ച്ചയായും നരേന്ദ്ര മോദിയുടേയും ബിഎസ് യെദിയൂരപ്പയുടേയും നേതൃത്വം രാഷ്ട്രീയത്തിലിറങ്ങാന്‍ എനിക്ക് പ്രചോദനം നല്‍കുന്നുണ്ട്. ഇപ്പോള്‍ അതിനെപ്പറ്റി ആലോചിക്കുന്നതേ ഉള്ളൂവെന്നും ഇന്ദ്രജിത് ലങ്കേഷ് പറഞ്ഞിരുന്നു. കര്‍ണാടകയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന സാമൂഹ്യപരിഷ്കര്‍ത്താവ്, 12ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബസവണ്ണയുമായി യെദിയൂരപ്പയെ താരതമ്യപ്പെടുത്തുക വരെ ചെയ്തു ഇന്ദ്രജിത്. എന്നാല്‍ സഹോദരി കൊല്ലപ്പെട്ടതിന് ശേഷം ഈ അഭിപ്രായത്തില്‍ നിന്ന് അദ്ദേഹം പിന്‍വലിഞ്ഞിരിക്കുകയാണ്. അതാണ് ഇന്ത്യ ടുഡേ അഭിമുഖത്തില്‍ ബിജെപിയെക്കുറിച്ച് പറയുന്നതിലൂടെ വ്യക്തമാകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍