UPDATES

ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ബാക്കി വയ്ക്കുന്നത്

പരമോന്നത കോടതി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്ധത്യം നിറഞ്ഞ ആക്രമണങ്ങള്‍ നേരിടുന്ന സമയത്ത് ആത്മാഭിമാനം നിറഞ്ഞ ഒരു ജീവിതം ആഗ്രഹിക്കുന്നവര്‍ക്കായി ജസ്റ്റിസ് ചെലമേശ്വര്‍ തിളക്കമുള്ള ഒരു അദ്ധ്യായമാണ് എഴുതിയത്

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ അപൂര്‍വവും ധീരവുമായ തലയെടുപ്പോടെ സ്ഥാനം പിടിക്കാന്‍ പോകുന്ന ജസ്റ്റിസ് ജെ. ചെലമേശ്വര്‍ വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ നിന്നും വിരമിച്ചു.

എടുത്തുനില്‍ക്കുന്ന വിധിന്യായങ്ങള്‍, ആശ്ചര്യപ്പെടുത്തുന്ന, ധീരമായ നേതൃത്വം, ജനാധിപത്യ മൂല്യങ്ങള്‍ക്കും സുതാര്യതയ്ക്കും വേണ്ടിയുള്ള ഇടറാത്ത നിലപാട്, ഇതൊക്കെയാണ് അദ്ദേഹം തന്റേതായി അവശേഷിപ്പിച്ച് പോകുന്നത്. കോടതിയില്‍ ഉച്ചഭാഷിണി ഉപയോഗിച്ച അപൂര്‍വം ന്യായാധിപന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. കോടതിയുടെ സുതാര്യതയ്ക്കുള്ള അദ്ദേഹത്തിന്റെ ആവശ്യത്തിന്റെ പ്രതീകം.

വിരമിക്കുന്നതിന് മുമ്പ് മദ്രാസ് ലയോള കലാലയത്തിലെ ഈ പൂര്‍വവിദ്യാര്‍ത്ഥിയെ ആളുകള്‍ പ്രശംസകൊണ്ട് മൂടി. “അദ്ദേഹം (ജസ്റ്റിസ് എച്ച് ആര്‍ ഖന്ന) രണ്ടാം കോടതി മുറിയിലാണ് ഇരുന്നത്, ആളുകള്‍ അദ്ദേഹത്തെക്കുറിച്ച് എക്കാലത്തും സംസാരിക്കുന്നു. അദ്ദേഹത്തിന്റെ ഛായാചിത്രം ഇവിടെയുണ്ട്. താങ്കളുടെയും ഇവിടെയുണ്ടാകും എന്നെനിക്കുറപ്പുണ്ട്,” മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തി ഭൂഷണ്‍ പറഞ്ഞു. എ ഡി എം ജബല്‍പൂര്‍ കേസില്‍, അടിയന്തരാവസ്ഥക്കാലത്ത് വ്യക്തി സ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കുന്ന വിധിക്കെതിരെ ജസ്റ്റിസ് ഖന്ന വിയോജിച്ചുകൊണ്ടുള്ള വിധി എഴുതിയിരുന്നു.

ദൂഷ്യന്ത് ദവെയും പ്രശാന്ത് ഭൂഷണും മറ്റുള്ളവര്‍ക്കൊപ്പം ഇത് പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷവും പത്തു മാസത്തിനുമുള്ളില്‍ ചിലപ്പോളൊക്കെ ‘ദേഷ്യവും അസ്വസ്ഥതയും’ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലോ, അനാവശ്യമായി കാര്‍ക്കശ്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലോ അഭിഭാഷകരോട് വികാരഭരിതനായ ചെലമേശ്വര്‍ മാപ്പ് ചോദിച്ചു.

കോടതിയുടെ കീഴ്വഴക്കങ്ങള്‍ മാനിക്കാന്‍ വെള്ളിയാഴ്ച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോടൊപ്പം ഒന്നാം കോടതി മുറിയിലാണ് ചെലമേശ്വര്‍ ഇരുന്നത്-വിരമിക്കുന്ന ന്യായാധിപന്മാര്‍ ചെയ്യുന്ന കീഴ്വഴക്കമാണിത്. അവര്‍ രണ്ടുപേരും ഒന്നിച്ച് 45 മിനിറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ അവര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഭീഷണികളുടെ ദൃഷ്ടാന്തമാണ്.

ചീഫ് ജസ്റ്റിസിന്റെ പേര് കളങ്കപൂരിതമാണ്. എന്നാല്‍ മുന്‍ കേരള, ഗുവാഹാത്തി ചീഫ് ജസ്റ്റിസ് അതികായനെപ്പോലെയാണ് നടന്നുപോയത്.

സവിശേഷമായ ജീവിതം

ആന്ധ്രപ്രദേശിലെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ആയിരുന്നു ജസ്റ്റിസ് ചെലമേശ്വര്‍ 1995-ല്‍. എന്‍. ടി രാമറാവുവിന്റെ ആരാധകനെന്ന് സ്വയം വിശേഷിപ്പിച്ച ചെലമേശ്വര്‍ ആ സ്ഥാനത്തെത്തിയത് ചന്ദ്രബാബു നായിഡു രാമ റാവുവിനെതിരെ നടത്തിയ കൊട്ടാര അട്ടിമറി വിജയം കണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ്.

ഈയിടെയാണ് ചെലമേശ്വര്‍ സന്ദര്‍ശകരോട് പറഞ്ഞത്, “യുദ്ധവും ചുഴലിക്കാറ്റും വായിക്കാന്‍ നന്നെങ്കിലും അതിജീവിക്കാന്‍ പാടാണ്” എന്ന്. ആന്ധ്ര തീരത്തെ തന്റെ ജീവിതത്തിന്റെ ആദ്യനാളുകള്‍ ചുഴലിക്കാറ്റുകളെ അദ്ദേഹത്തിന് പരിചിതമാക്കിയിരുന്നു. കൃഷ്ണ ജില്ലയിലെ മച്ച്ലിപട്ടണത്തിലെ ഹിന്ദു ഹൈസ്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം, മദ്രാസ് ലയോള കലാലയത്തില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം. ആന്ധ്ര സര്‍വകലാശാലയില്‍ നിന്നും 1976-ല്‍ നിയമത്തില്‍ ബിരുദം.

ഇപ്പൊഴും 3000-ത്തിന് താഴെ ജനസംഖ്യയുള്ള കൃഷ്ണ ജില്ലയിലെ പെഡ മുട്ടേവി ഗ്രാമത്തില്‍ ജനിച്ച ചെലമേശ്വര്‍ ഗ്രാമത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലാണ് പഠിക്കാന്‍ പോയത്. അവിടെ വച്ചാണ് പിന്നീട് ഒപ്പം കൊണ്ടുനടന്ന തെലുങ്ക് സാഹിത്യത്തോടുള്ള ഇഷ്ടവും തുടങ്ങിയത്.

മികച്ചൊരു വായനക്കാരനായ ചെലമേശ്വര്‍ തന്‍റെ സ്വന്തം പുസ്തകശേഖരം തന്റെ ഗുമസ്തന്‍മാര്‍ക്കും യുവ അഭിഭാഷകര്‍ക്കും ഉപയോഗിക്കാന്‍ നല്‍കുന്ന അപൂര്‍വം ന്യായാധിപന്‍മാരില്‍ ഒരാളായിരുന്നു. അദ്ദേഹം അവര്‍ക്ക് പുസ്തകങ്ങളും ശുപാര്‍ശ ചെയ്യാറുണ്ടായിരുന്നു.

തെലുഗു സാഹിത്യത്തിലെ അദ്ദേഹത്തിന്റെ താത്പര്യവും ഇപ്പോഴുള്ള പദവിയും പല തെലുഗു വേദികളിലും അദ്ദേഹത്തെ സാന്നിധ്യമാക്കി. വടക്കേ അമേരിക്കയിലെ തെലുഗു സംഘം അദ്ദേഹത്തെ യു എസില്‍ സംസാരിക്കാന്‍ ക്ഷണിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇല്ലിനോയിസിലെ നാപ്പര്‍വില്ലേ അദ്ദേഹത്തിന്റെ വിധിന്യായങ്ങളുടെ ബഹുമാനാര്‍ത്ഥം ഒക്ടോബര്‍ 14 ജെ ചെലമേശ്വര്‍ ദിനമായി പ്രഖ്യാപിച്ചു.

ഉന്നതമായ സംഭാവന

കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ആദ്യമായി ഒരു ഏകകക്ഷി ഭൂരിപക്ഷ ഭരണം കേന്ദ്രത്തിലുള്ള സാഹചര്യവുമായി പൊരുത്തപ്പെടുന്ന സുപ്രീം കോടതിയില്‍ ചെലമേശ്വര്‍ ബാക്കിയാക്കുന്നത് ഇനിയും അതിന്റെ മുഴുവന്‍ സ്വാധീനവും ഉരുത്തിരിയാത്ത ശേഷിപ്പുകളാണ്. പരമോന്നത കോടതി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്ധത്യം നിറഞ്ഞ ആക്രമണങ്ങള്‍ നേരിടുന്ന സമയത്ത് ആത്മാഭിമാനം നിറഞ്ഞ ഒരു ജീവിതം ആഗ്രഹിക്കുന്നവര്‍ക്കായി ജസ്റ്റിസ് ചെലമേശ്വര്‍ തിളക്കമുള്ള ഒരു അദ്ധ്യായമാണ് എഴുതിയത്.

ജനുവരി 12-ന് കൊളീജിയത്തില്‍ തനിക്കൊപ്പമുള്ള മറ്റ് മൂന്ന് ന്യായാധിപന്‍മാര്‍ക്കൊപ്പം ചെലമേശ്വര്‍ തന്റെ വസതിയില്‍ അനിതരസാധാരണമായ ഒരു വാര്‍ത്താസമ്മേളനം നടത്തി. അത് നിങ്ങളുടെ വ്യാഖ്യാനത്തിനനുസരിച്ച് ഇന്ത്യന്‍ നീതിപീഠത്തിന്റെ ഉയര്‍ച്ചയോ താഴ്ച്ചയോ ആയി കരുതാം.

ചീഫ് ജസ്റ്റിസിന് തങ്ങള്‍ എഴുതിയ കത്ത് പരസ്യമാക്കാന്‍ “തങ്ങള്‍ക്ക് മറ്റ് വഴികള്‍ ഇല്ലായിരുന്നു” എന്നാണ് ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞത്. കോടതിയില്‍ കേസുകള്‍ ന്യായാധിപന്‍മാര്‍ക്ക് വീതം വെക്കുന്ന രീതിയിലെ അസംതൃപ്തിയായിരുന്നു ആ കത്തില്‍ പ്രകടിപ്പിച്ചത്.

നീതിപീഠത്തിന്റെ സ്വാതന്ത്ര്യത്തിനായി വാദിക്കുമ്പോഴും നീതിന്യായ പ്രക്രിയയിലെ കുഴപ്പങ്ങളോട് അദ്ദേഹം മുഖം തിരിഞു നിന്നില്ല.

ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ (NJAC) ഭരണഘടന വിരുദ്ധമാണെന്ന് 4-1-ന് സുപ്രീം കോടതി വിധിച്ചപ്പോള്‍ അതിലെ ‘1’ ചെലമേശ്വര്‍ ആയിരുന്നു. കൂടുതല്‍ ഉത്തരവാദിത്തമുള്ള ഒരു നീതിന്യായ സംവിധാനത്തിനായി എന്‍ ഡി എ സര്‍ക്കാരിന് എപ്പോഴെങ്കിലും എടുത്തു കാണിക്കാവുന്ന, ശ്രദ്ധാപൂര്‍വം തയ്യാറാക്കിയ ഏക വിധിന്യായം അത് മാത്രമാണ്. “ന്യായാധിപന്‍മാരെ നിശ്ചയിക്കുന്ന പ്രക്രിയയില്‍ നിന്നും സര്‍ക്കാരിനെ പൂര്‍ണമായും ഒഴിവാക്കി നിര്‍ത്തുന്നത് ജനാധിപത്യത്തിന്റെയും പ്രമാണ പാരമ്പര്യത്തിന്റെയും അടിത്തറയ്ക്ക് നിരയ്ക്കുന്നതോ യുക്തിസഹമോ അല്ല,” അദ്ദേഹം എഴുതി.

കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും കൊളീജിയത്തില്‍ നിന്നും ഉണ്ടാകണമെന്നാവശ്യപ്പെട്ട് അതിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ അദ്ദേഹം നടത്തിയ ഇടപെടലുകളും ശേഷമുള്ള ചരിത്രമാണ്.

IT നിയമത്തിന്റെ 66A വകുപ്പ് ഭരണഘടന വിരുദ്ധമാണെന്നും അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19-ന്റെ ലംഘനമാണെന്നും ജസ്റ്റിസ് റോഹിംഗ്ടണ്‍
നരിമാനൊപ്പം അദ്ദേഹം വിധിച്ചു. ജസ്റ്റിസ് ചെലമേശ്വര്‍ ഇല്ലെങ്കില്‍ സ്വകാര്യത മൗലികാവകാശമാണെന്ന വിധി ഒരുപക്ഷേ ഉണ്ടാകില്ലായിരുന്നു. സ്വകാര്യത അവകാശത്തെക്കുറിച്ചുള്ള ഏറ്റവും മികച്ച വിധിന്യായങ്ങളില്‍ ഒന്ന് അദ്ദേഹമാണ് എഴുതിയത്.

ഇതേ രണ്ടാം കോടതി മുറിയില്‍ വെച്ചാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കേസ് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയുള്ള മറ്റൊരു ബഞ്ചിന് വിടാന്‍ കഴിഞ്ഞ നവംബറില്‍ അദ്ദേഹം തീരുമാനിച്ചത്. അതോടെ സകല നരകവും പൊട്ടിത്തെറിക്കുകയായിരുന്നു. പിടിയിലായവര്‍ സ്വാധീനിച്ചത് ചീഫ് ജസ്റ്റിസ് അടക്കമുള്ളവരെയാണെന്ന ആരോപണം മനസില്‍ വെച്ചായിരുന്നു ആ ഉത്തരവ്. എന്നാല്‍ അസാധാരണമായ രീതിയില്‍ ആ ഉത്തരവ് തിരുത്തിയ ചീഫ് ജസ്റ്റിസ് Master of Roster എന്ന തന്‍റെ അധികാരം പരമമാണെന്ന് ഉറപ്പിച്ചു.

സുപ്രീം കോടതിയുടെ അധികാരം വീണ്ടെടുക്കാന്‍ ശ്രമിക്കണമെന്ന് രണ്ടു മാസം മുമ്പ് ചെലമേശ്വര്‍ എല്ലാ ന്യായാധിപന്‍മാര്‍ക്കും എഴുതി- കേന്ദ്രം കീഴ്വഴക്കങ്ങള്‍ ലംഘിച്ച് കര്‍ണാടക ഹൈക്കോടതിക്ക് കത്തെഴുതിയ സംഭവമായാലും കൊളീജിയത്തിന്‍റെ ശുപാര്‍ശകള്‍ തടഞ്ഞുവെച്ചതായാലും.

വെള്ളിയാഴ്ച് തന്‍റെ അവസാന പ്രവൃത്തി ദിവസത്തില്‍ അടുത്ത ചീഫ് ജസ്റ്റിസായ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കൊപ്പമാണ് ചെലമേശ്വര്‍ കോടതിയില്‍ എത്തിയത്. വൈകീട്ട് ചെലമേശ്വറിനെ അദ്ദേഹത്തിന്‍റെ വസതിയിലേക്ക് തിരിച്ചെത്തിച്ചതും ഗൊഗോയിയാണ്.

ജസ്റ്റിസ് കുര്യന്‍ ജോസഫിനും ജസ്റ്റിസ് ലോകൂറിനുമൊപ്പം ചരിത്രപ്രധാനമായ ആ വാര്‍ത്താസമ്മേളനത്തില്‍ ഇരിക്കാന്‍ മടിക്കാഞ്ഞ ജസ്റ്റിസ് ഗൊഗോയിയില്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ പാരമ്പര്യം അത്രയെളുപ്പം കൈവിട്ടുപോകില്ല എന്നു കരുതാം. ഇന്ത്യന്‍ നീതിപീഠത്തില്‍ ആഴത്തില്‍ ഉള്‍ച്ചേര്‍ന്ന സ്വതന്ത്ര സ്വഭാവത്തിനെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടരുമെങ്കിലും.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നംബര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വട്‌സാപ്പ് മെസേജ് ഞങ്ങളുടെ നംബറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍