UPDATES

ട്രെന്‍ഡിങ്ങ്

ആരാണ് സൊഹ്റാബുദ്ദീനെ കൊന്നത്? എങ്ങനെയാണ് ജഡ്ജി മരിച്ചത്? ഹര്‍ഷ് മന്ദര്‍ എഴുതുന്നു

2014 മേയില്‍ നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായതോടെയാണ് കേസില്‍ അപ്രതീക്ഷിത മലക്കംമറിച്ചിലുകള്‍ ഉണ്ടായത്.

സൊഹ്റാബുദ്ദിന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന മുംബൈ സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്ഗോപാല്‍ ഹരികിഷന്‍ ലോയയുടെ മരണത്തെ കുറിച്ച് അദ്ദേഹത്തിന്റെ കുടുംബ ചില സംശയങ്ങള്‍ ഉന്നയിച്ച് മുന്നോട്ട് വന്നതോടെ കേസ് പുതിയ ഒരു വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്. 2005 നവംബര്‍ 26ന് സൊറാബുദ്ദീന്‍ ഷേഖ് പോലീസിന്റെ വെടിയേറ്റ് മരിക്കുമ്പോള്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പ്രധാന പ്രതിയായ കേസില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് ജസ്റ്റിസ് ലോയ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങുന്നത്. ലോയയുടെ മരണത്തിന് ശേഷം ചുമതലയേറ്റ ജസ്റ്റിസ് എംബി ഗോസാവി 2014 ഡിസംബര്‍ 17ന് അമിത് ഷായെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കോടതി വിധിയില്‍ അന്നേ സംശയം പ്രകടിപ്പിച്ചതെന്ന് വിശദീകരിക്കുകയാണ് പ്രമുഖ സാമുഹ്യ പ്രവര്‍ത്തകനായ ഹര്‍ഷ് മന്ദിര്‍.

2005 നവംബര്‍ 26 നാണ് സൊഹ്റാബുദ്ദീന്‍ ഷേഖിനെ ഗുജറാത്ത് പോലീസ് വെടിവെച്ചുകൊന്നത്. ലഷ്‌കര്‍-ഇ-തോയിബ എന്ന ഭീകരസംഘടനയുടെ പ്രവര്‍ത്തകനാണ് സൊഹ്റാബുദ്ദീനെന്നും പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുമായി ചേര്‍ന്ന് ഗുജറാത്തില്‍ ഉന്നത വ്യക്തികളെ കൊല്ലാന്‍ അയാള്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ആരോപിച്ചായിരുന്നു ഗുജറാത്ത് പോലീസ് കൊല നടത്തിയത്. ഗൂഢാലോചനയെ കുറിച്ചുള്ള വിവരങ്ങള്‍ രാജസ്ഥാന്‍ പോലീസാണ് ഗുജറാത്ത് പോലീസിന് കൈമാറിയതെന്നും അന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അഹമ്മദാബാദിലെ വിശാല്‍ നഗറില്‍ വച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സൊറാബുദ്ദീനെ പോലീസ് കണ്ടെത്തിയെന്നും വാഹനം നിറുത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്തിയില്ലെന്നും പോലീസ് വിശദീകരിക്കുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ സൊറാബുദ്ദീന്‍ ഒരു പോലീസ് കോണ്‍സ്റ്റബിളിനെ വെടിവെച്ചുവെന്നും സ്വയംരക്ഷാര്‍ത്ഥം തിരിച്ച് വെടിവെച്ചപ്പോഴാണ് സൊറാബുദ്ദീന്‍ കൊല്ലപ്പെട്ടതെന്നും പോലീസ് പറയുന്നു.
2002 ലെ ഗുജറാത്ത് കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ പോലീസ് ഏറ്റുമുട്ടലില്‍ സ്ത്രീകളും പുരുഷന്മാരും കൊല്ലപ്പെടുന്ന കഥകള്‍ അന്നത്തെ പത്രങ്ങളുടെ ഒന്നാം പേജിലും വാര്‍ത്ത ചാനലുകളിലും തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടിരുന്നു. മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്ന കൊടും ഭീകരവാദികളാണ് ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്നതെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍, ഇത്തരം കേസുകളിലെല്ലാം മുന്‍കൂട്ടി വിവരങ്ങള്‍ ശേഖരിക്കാനും ഭീകരവാദികളെ അത്ഭുതാവഹമായ ചാതുര്യത്തോടെ കൊല്ലാനും അധികാരികള്‍ക്ക് സാധിക്കുന്നു. ഈ സ്ത്രീകളും പുരുഷന്മാരും രക്ഷപ്പെടാനായി പോലീസിന് നേരെ നിറയൊഴിക്കുമ്പോള്‍ പ്രാണരക്ഷാര്‍ത്ഥം തിരികെ വെടിവെക്കുമ്പോഴാണ് എല്ലായിപ്പോഴും അവര്‍ കൊല്ലപ്പെടുന്നത്.

2003 നും 2006നും ഇടയില്‍ ‘ഏറ്റുമുട്ടല്‍’ എന്ന് വ്യാപകമായി അറിയപ്പെടുന്ന പ്രക്രിയയിലൂടെ ഗുജറാത്തില്‍ 21 പേരാണ് കൊല്ലപ്പെട്ടതെന്ന് നിയമസഭയില്‍ ഉന്നയിച്ച ഒരു ചോദ്യത്തിന് ഉത്തരമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ വ്യക്തമാക്കി. എന്നാല്‍ ഈ കണക്കില്‍ സൊറാബുദ്ദീന്‍ ഷേഖിന്റെയും അദ്ദേഹത്തിന്റെ ഭാര്യ കൗസര്‍ ബിയുടെയും പേരുകള്‍ ഉള്‍പ്പെട്ടിരുന്നില്ല. ഗുജറാത്തില്‍ നടന്ന ഈ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ കുറിച്ചുള്ള പോലീസിന്റെ കഥകള്‍ മിക്കപ്പോഴും വിലക്ഷണവും അവിശ്വസനീയവുമായിരുന്നു. ഔദ്ധ്യോഗികമായി പോലീസ് കസ്റ്റഡിയില്‍ ഇരിക്കവെയാണ് ആറുപേര്‍ കൊല്ലപ്പെട്ടത്. കസ്റ്റഡിയില്‍ ഇരിക്കെ പോലീസിനെ വെടിവെക്കത്തക്ക രീതിയില്‍ അവര്‍ക്ക് തോക്കുകള്‍ ലഭിച്ചിരുന്നു എന്ന കഥ തന്റെ അത്ഭുതാവഹമാണ്. മാത്രമല്ല കൊല്ലപ്പെട്ടവരെല്ലാം മോദിയെയോ മറ്റ് മുതിര്‍ന്ന നേതാക്കളെയോ കൊല്ലാന്‍ ഉദ്ദേശിച്ചവരോ അല്ലെങ്കില്‍ തീവ്രവാദ ആക്രമണങ്ങള്‍ നടത്താന്‍ തീരുമാനിച്ചവരോ ആണ് എന്നാണ് ആരോപിക്കപ്പെടുന്നതെങ്കിലും ഇത് സ്ഥാപിക്കുന്നതിനുള്ള വിശ്വസനീയമായ ഒരു തെളിവും ഇന്നുവരെ മുന്നോട്ട് വെക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല.

സൊഹ്റാബുദ്ദീന്റെയും അദ്ദേഹത്തിന്റെ ഭാര്യ കൗസര്‍ ബിയുടെയും ഒരു വര്‍ഷത്തിന് ശേഷം മറ്റൊരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തുളസിറാം പ്രജാപതിയുടെയും കേസുകളും ആരും ശ്രദ്ധിക്കപ്പെടാതെ ഗുജറാത്ത് സര്‍ക്കാര്‍ ഫയലുകളില്‍ കെട്ടിക്കിടക്കുന്ന ഏറ്റുമുട്ടല്‍ കൊലപാതക കഥകളുടെ ഭാഗമായി മറഞ്ഞുപോകുമായിരുന്നു. എന്നാല്‍ ധീരരായ ചില മാധ്യമ പ്രവര്‍ത്തകരുടെ അന്വേഷണങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പോരാട്ടങ്ങളും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ നീതി തേടി രംഗത്തെത്തിയതും സര്‍വോപരി അപൂര്‍വം ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അസാമാന്യ ധൈര്യത്തോടെ രംഗത്തെത്തിയതുമാണ് ഈ കൊലപാതകള്‍ പൊതുജനശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. ഗുജറാത്തില്‍ കസറ്റഡി മരണങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും അതെല്ലാം പോലീസ് സ്വയരക്ഷാര്‍ത്ഥം വെടിവെച്ചു എന്ന തരത്തിലേക്ക് മാറ്റുകയാണെന്നും ഈ അന്വേഷണങ്ങളെല്ലാം വ്യക്തമാക്കി. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ പേരില്‍ അമിത് ഷായും നിരവധി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ജയില്‍വാസം അനുഭവിക്കേണ്ടി വന്നതും ഇവിടെ സ്മരണീയമാണ്.

സൊഹ്റാബുദ്ദീന്‍ കൊലക്കേസിന്റെ കാര്യത്തില്‍ രണ്ട് സംഭവവികാസങ്ങളാണ് കാര്യങ്ങള്‍ വെളിയിലെത്തിച്ചത്. സഹോദരന്റെ മരണത്തെ സംബന്ധിച്ചുള്ള പോലീസ് ഭാഷ്യത്തില്‍ തനിക്ക് സംശയങ്ങളുണ്ടെന്നും സൊറാബുദ്ദീന്‍ കൊല്ലപ്പെട്ട സമയത്ത് തന്നെ കാണാതായ ജേഷ്ഠഭാര്യ കൗസര്‍ ബിയുടെ ജീവനെ കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും കാണിച്ച് സൊറൂബുദ്ദീന്റെ ഇളയ സഹോദരന്‍ റുബാബുദ്ദീന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചതാണ് ഇതില്‍ ആദ്യത്തേത്. ഇതേ സമയത്ത് തന്നെയാണ് ഗുജറാത്തില്‍ നല്ല പ്രചാരമുള്ള ദിവ്യ ഭാരത് എന്ന പത്രത്തിന്റെ ലേഖകന്‍ പ്രശാന്ത് ദയാലിനോട് ചില പോലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ച് മത്തരായി ദേശവിരുദ്ധ ശക്തികളെ തങ്ങള്‍ ഉന്മൂലനം ചെയ്തതിനെ കുറിച്ച് വീമ്പ് പറഞ്ഞത്. ഒരു മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പേരെടുക്കുന്നതിന് മുമ്പ്, ഒരു വര്‍ക് ഷോപ്പിലും പിന്നീട് ഓട്ടോറിക്ഷ ഡ്രൈവറായും ജോലി ചെയ്തിരുന്ന ദയാല്‍, രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മദ്യസല്‍ക്കാരം നടത്താറുണ്ടായിരുന്നു. സമ്പൂര്‍ണ മദ്യനിരോധനം നിലവിലുള്ള ഗുജറാത്തില്‍ തങ്ങള്‍ക്ക് കള്ള് മേടിച്ച് തരുന്ന ദയാലിനെ പോലീസുകാര്‍ക്കും വലിയ കാര്യമായിരുന്നു.

അമിത് ഷാ്ക്ക് എതിരായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജി മരിച്ചതെങ്ങനെ? അന്വേഷിക്കണമെന്ന് ജസ്റ്റിസ് എപി ഷാ

മദ്യപാനത്തിനിടയില്‍ പോലീസുകാര്‍ വീമ്പിളക്കിയ വിഷയത്തെ കുറിച്ച് ദയാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുകയും സൊഹ്റാബുദ്ദീനും കൗസര്‍ ബീയും കൊല്ലപ്പെട്ടതാണെന്ന വാര്‍ത്ത 2006 നവംബറില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ബുര്‍ഖ ധരിച്ച ഒരു സ്ത്രീയെയും രണ്ട് പുരുഷന്മാരെയും ഒരു ഫാം ഹൗസില്‍ പോലീസ് ബന്ധിയാക്കി വെച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ അന്വേഷണത്തില്‍ വെളിപ്പെട്ടു. ഇതിന്റെ പ്രതികാരം എന്ന നിലയില്‍ 2008ല്‍ ദയാലിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി. 2013 ല്‍ മാത്രമാണ് അദ്ദേഹത്തിന് കുറ്റവിമുക്തനാവാന്‍ സാധിച്ചത്. ഏതായാലും ദയാലിന്റെ റിപ്പോര്‍ട്ട് വലിയ വിവാദങ്ങള്‍ക്ക് കാരണമാകുകുയം ഒടുവില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരായ ഡിജി വന്‍സാരയും രാജ്കുമാര്‍ പാണ്ഡ്യനും രാജസ്ഥാന്‍ പോലീസിലെ എംഎന്‍ ദിനേശ് കുമാറും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. റുബാബുദ്ദീന്റെ പരാതിയില്‍ അന്വേഷണം നടത്തന്നതിന് സുപ്രീം കോടതി ഗുജറാത്ത് പോലീസ് ഐജി ഗീത ജോഫ്രിയെ നിയോഗിച്ചു. പോലീസിന്റെ കഥ ഒരു ക്രിമിനല്‍ ഗൂഢാലോചനയാണെന്നും സൊഹ്റാബുദ്ദീനെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് മനഃപൂര്‍വം കൊല്ലുകയായിരുന്നുവെന്നും അവരുടെ അന്വേഷണത്തില്‍ തെളിഞ്ഞു. സൊഹ്റാബുദ്ദീന്‍ ഷേഖ് സഞ്ചരിച്ചിരുന്നുവെന്ന് ഗുജറാത്ത് പോലീസ് അവകാശപ്പെട്ട മോട്ടോര്‍ ബൈക്ക് ഗുജറാത്ത് ഭീകരവിരുദ്ധ സക്വാഡിലെ ഒരു പോലീസുകാരന്റെ കസിന്റെയായിരുന്നവെന്നും കണ്ടെത്തി. തുടര്‍ന്ന് ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്ന് സുപ്രീം കോടതിയുടെ മുന്നില്‍ സമ്മതിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന്റെ അഭിഭാഷകര്‍ നിര്‍ബന്ധിതരായി.

അമിത് ഷായ്‌ക്കെതിരായ കേസ് പരിഗണിച്ച ജസ്റ്റിസ് ലോയയുടെ മരണം: ഉത്തരം കിട്ടാത്ത 13 ചോദ്യങ്ങള്‍

2005 നവംബര്‍ 22ന് ഹൈദരാബാദില്‍ നിന്നും സാംഗ്ലിയിലേക്ക് ഒരു ബസില്‍ സഞ്ചരിക്കുകയായിരുന്ന സൊഹ്റാബുദ്ദീനെയും ഭാര്യ കൗസര്‍ ബിയെയും സഹായി തുളസിറാം പ്രജാപതിയെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്ന് വെളിവാക്കപ്പെട്ടു. ഗുജറാത്ത് പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന രാജ്കുമാര്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍, ഗുജറാത്തിലെയും ആന്ധപ്രദേശിലെയും ഒരു സംഘം പോലീസുകാരാണ് മൂവരെയും തട്ടിക്കൊണ്ടുപോയതെന്നും വ്യക്തമായി. ഷേഖിനെയും പ്രജാപതിയെയും മാത്രമാണ് പോലീസ് ആദ്യം കസ്റ്റഡിയില്‍ എടുത്തതെങ്കിലും തന്നെ കൂടാതെ അവരെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് കൗസര്‍ ബി നിര്‍ബന്ധം പിടിക്കുകയായിരുന്നു. ഗുജറാത്തിലെത്തിയപ്പോള്‍ കൗസര്‍ ബിയെ ഒരു പ്രത്യേക ഫാം ഹൗസിലേക്ക് മാറ്റി. പ്രജാപതിയെ രാജസ്ഥാന്‍ പോലീസിന് കൈമാറുകയും അദ്ദേഹത്തെ ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു. 2005 നവംബര്‍ 26നാണ് സൊറാബുദ്ദീനെ പോലീസ് വെടിവെച്ചുകൊന്നത്.

2005 നവംബര്‍ 29നാണ് കൗസര്‍ ബിയെ കൊന്നതെന്നും അവരുടെ മൃതദേഹം കത്തിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി. കൗസര്‍ ബി കൊല്ലപ്പെട്ടുവെന്നോ അവര്‍ ഒരു ഭീകരവാദിയാണെന്നോ ഒരിക്കലും പോലീസ് പ്രഖ്യാപിച്ചില്ല. പോലീസ് സാക്ഷ്യകളുടെ മൊഴികള്‍ കൂട്ടിയിണക്കി മനുഷ്യാവകാശ പ്രവര്‍ത്തകനായ മുകുള്‍ സിന്‍ഹയാണ് ആ കഥ പൊതുജനത്തെ അറിയിച്ചത്. അര്‍ഹം ഫാമിലാണ് 2005 നവംബര്‍ 26 മുതല്‍ 28 വരെ കൗസര്‍ ബിയെ പാര്‍പ്പിച്ചത്. കാവല്‍ക്കാരനായി നിയോഗിക്കപ്പെട്ടിരുന്ന കോണ്‍സ്റ്റബിള്‍ ചൗബെ അവരെ ബലാല്‍സംഗം ചെയ്തതായി രവീന്ദ്ര മക്വാന എന്ന എഎസ്ഐ സിബിഐയോട് സമ്മതിച്ചിരുന്നു. തൂടര്‍ന്ന് നവംബര്‍ 29ന് രാത്രി 12.30ന് അവരെ ഷാഹിബാഗിലെ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ ഓഫീസിലേക്ക് കൊണ്ടുപോയി. അവരുമായി സന്ധിയിലെത്താന്‍ ഡിജി വന്‍സാരയും ഡിഐജി രാജ്കുമാര്‍ പാണ്ഡ്യനും ശ്രമിക്കുകയും നിശബ്ദയായി ഇരിക്കുന്നതിനുള്ള പ്രതിഫലമായി വലിയ തുക വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ സൊറാബുദ്ദീന്റ മരണവാര്‍ത്ത അറിഞ്ഞതോടെ അവര്‍ അക്രമാസക്തയായി. തുടര്‍ന്ന് ഒരു ഡോക്ടര്‍ കൂടിയായ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി എസ്പി നരേന്ദ്ര അമിനെ എടിഎസിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി അവരെ മയക്കിയതിന് ശേഷം കൊല്ലുകയായിരുന്നു.

ഷേഖിന്റെ കൊലപാതകത്തിന് ദൃക്സാക്ഷിയായതുകൊണ്ടാണ് കൗസര്‍ ബി കൊല്ലപ്പെട്ടതെന്ന് പ്രജാപതിക്ക് മനസിലായി. ഇനി ഒരേയൊരു ദൃക്സാക്ഷി താനായതിനാല്‍ താനും കൊല്ലപ്പെടുമെന്ന് അദ്ദേഹം ഭയന്നു. സഹതടവുകാരോടും തന്റെ അഭിഭാഷകനോടും അദ്ദേഹം തന്റെ ഭീതി പങ്കുവെച്ചിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷയ്ക്ക് പ്രജാപതി ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. ജയിലില്‍ നിന്നും വിചാരണയ്ക്കായി കോടതിയിലെ കൊണ്ടുപോകും വഴി തന്നെ കൊല്ലുമെന്നായിരുന്നു പ്രജാപതിയുടെ ഭയം. അതുകൊണ്ട് തന്നെ പോലീസ് തന്നെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകു്മ്പോള്‍ അതേ ട്രെയിനില്‍ തന്നെ യാത്ര ചെയ്യാന്‍ ബന്ധുക്കളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഈ മുന്‍കരുതലുകളൊന്നും വിലപ്പോയില്ല. 2006 ഡിസംബര്‍ 28ന് മറ്റൊരു വ്യാജ ഏറ്റുമുട്ടലില്‍ പ്രജാപതി കൊല്ലപ്പെട്ടു. 26ന് ഉദയ്പൂരില്‍ നിന്നും അഹമ്മദാബാദിലേക്ക്‌ പ്രജാപതിയെ രാജസ്ഥാന്‍ പോലീസ് കൊണ്ടുവരികയും മടക്ക യാത്രയ്ക്കായി അന്ന് രാത്രിയില്‍ രാത്രി തീവണ്ടി പിടിക്കുകയും ചെയ്തു. 28ന് വെളുപ്പിലെ ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിയിലുള്ള ചാപ്രി ഗ്രാമത്തില്‍ വച്ച് പ്രജാപതിയെ ഗുജറാത്ത് പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു. കോടതിയിലേക്ക് പോകുന്നവഴി രക്ഷപെടാന്‍ ശ്രമിച്ച പ്രജാപതിയെ വെടിവെച്ചുകൊല്ലുകയായിരുന്നു എന്നാണ് പോലീസ് ഭാഷ്യം. ഗുജറാത്തിലെ ബനസ്‌കാന്ത ജില്ലയില്‍ വച്ചായിരുന്നു പ്രജാപതി കൊല്ലപ്പെട്ടത്. ഡിജി വന്‍സാര അവിടെ ചുമതല ഏറ്റെടുത്തിട്ട് വെറും 13 ദിവസങ്ങള്‍ മാത്രമേ ആയിരുന്നുള്ളു. എന്നാല്‍ അഹമ്മദാബാദില്‍ നിന്നും പ്രജാപതിയെ തട്ടിക്കൊണ്ടുപോയതായി സിബിഐ പറയുന്നു. വന്‍സാരയുടെയും മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥനായ വിപുല്‍ അഗര്‍വാളിന്റെയും കീഴിലാണ് കൊലപാതകം നടന്നത്.
സൊഹ്റാബുദ്ദീന്റെയും കൗസര്‍ ബിയുടെയും കൊലപാതകങ്ങളെ കുറിച്ചുള്ള അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് പ്രജാപതി വധിക്കപ്പെട്ടത്.

പ്രജാപതിയെ ചോദ്യം ചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വിഎല്‍ സോളങ്കി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2006 ഡിസംബര്‍ രണ്ടാം വാരം അന്നത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഒരു യോഗം വിളിച്ചു. ഡിജപി പിസി പാണ്ഡെ, ജിസി റെയ്ഗര്‍, സൊറാബുദ്ദീന്‍ കേസിന് മേല്‍നോട്ടം വഹിച്ചിരുന്ന ഐജി ഗീത ജോഹ്രി എന്നിവര്‍ ആ യോഗത്തില്‍ സന്നിഹിതരായിരുന്നു. സോളങ്കിയെ മെരുക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ അമിത് ഷാ ആ യോഗത്തില്‍ ഉദ്യോഗസ്ഥരോട് രോഷാകുലമായി സംസാരിച്ചുവെന്ന് സിബിഐയ്ക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ ജിസ് റെയ്ഗര്‍ പറഞ്ഞു. കേസ് പൂട്ടിക്കെട്ടാന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കിയതായും റെയ്ഗറിന്റെ മൊഴില്‍ പറയുന്നുണ്ട്. പ്രജാപതിയെ ചോദ്യം ചെയ്യാന്‍ ഒരു കാരണവശാലും അനുമതി നല്‍കരുതെന്നും സോളങ്കിയെ അന്വേഷണത്തില്‍ നിന്നും മാറ്റി നിറുത്താനും ഷാ നിര്‍ദ്ദേശിച്ചു. അമിത് ഷായ്ക്കെതിരെ തെളിവുകള്‍ ഉള്ള കേസിലെ കടലാസുകള്‍ മാറ്റാന്‍ തനിക്ക് അന്വേഷണത്തിന്റെ മേല്‍നോട്ടമുളള ഗീത ജോഫ്രി നിര്‍ദ്ദേശം നല്‍കിയതായി സോളങ്കി സിബിഐയോട് പറഞ്ഞിരുന്നു. അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും ജോഫ്രി വെളിപ്പെടുത്തിയിരുന്നു. ഈ സംഭാഷണം സത്യമാണെന്ന് ഗീത ജോഫ്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് രാജേന്ദ്ര ആചാര്യയും സിബിഐയോട് പറഞ്ഞിരുന്നു.
2007 മാര്‍ച്ചില്‍ അന്വേഷണ ചുമതല ഡിഐജി രജനീഷ് റായിയ്ക്ക് കൈമാറി. സംസ്ഥാന സര്‍ക്കാരിനെയും പോലീസിനെ സംരക്ഷിക്കുന്ന നയമായിരിക്കും അദ്ദേഹം സ്വീകരിക്കുക എന്നതായിരുന്നു ഉന്നതങ്ങളിലെ വിശ്വാസം. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഐപിഎസ് ഉദ്യോഗസ്ഥരായ വന്‍സാരെ, പാണ്ഡ്യന്‍, എംഎന്‍ ദിനേശ് എന്നിവരെ 2007 ഏപ്രിലില്‍ റായി അറസ്റ്റ് ചെയ്തു. പാണ്ഡ്യനും റായിയും ഒരേ ബാച്ചില്‍ ഉള്ളവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. എന്നാല്‍ സൊഹ്റാബുദ്ദീന്‍ കൊലക്കേസില്‍ വലിയ നിയമനിഷേധമാണ് നടന്നിരിക്കുന്നതെന്ന് പൂര്‍ണമായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് നീതിക്കൊപ്പം നില്‍ക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അമിത് ഷായും അദ്ദേഹത്തോട് വിധേയത്വമുള്ള പോലീസ് ഓഫീസര്‍മാരും വ്യാജ ഏറ്റുമുട്ടല്‍ മറച്ചുവെക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും പ്രജാപതിയുടെ കൊലപാതകവും ഗൂഢാലോചനയുടെ ഭാഗമാണെന്നും റായി ആരോപിച്ചിരുന്നു. 2010 ജനവരിയിലാണ് കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത്. സൊറാബുദ്ദീന്‍ ഷേഖുമായി ചേര്‍ന്ന് പിടിച്ചുപറി നടത്തിയതി എന്ന കുറ്റം ഗുജറാത്തിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അഭയ് ചുദസാമയ്ക്കെതിരെ ചുമത്തപ്പെട്ടു. അതിനുശേഷം 331 ഫോണ്‍ കോള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ അമിത് ഷായ്ക്കെതിരെ ഗൂഢാലോചന കുറ്റവും ചുമത്തി.

ഒരു ക്രിമിനല്‍ സംഘത്തില്‍ പെട്ട ആളായിരുന്നു സൊഹ്റാബുദ്ദീന്‍ ഷേഖെന്ന് സിബിഐ അന്വേഷണത്തില്‍ വ്യക്തമായി. ഗുജറാത്തിലെ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുമായിരുന്നു സംഘത്തിന്റെ രക്ഷകര്‍ത്താക്കള്‍, ഇവര്‍ രാജസ്ഥാനില്‍ ഒരു പിടിച്ചുപറി സംഘവും രൂപീകരിച്ചിരുന്നു. എന്നാല്‍ ഉദയ്പൂരിലെ ഉന്നതബന്ധങ്ങളുള്ള ചില മാര്‍ബിള്‍ കച്ചവടക്കാരെ സൊഹ്റാബുദ്ദീന്റെ സംഘം ഭീഷണിപ്പെടുത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഷേഖിനെ നിയന്ത്രിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞ രാഷ്ട്രീയക്കാര്‍ അയാളെ ഇല്ലാതാക്കാന്‍ നീക്കം നടത്തുകയായിരുന്നു. തങ്ങളുടെ രഹസ്യ ഇടപാടുകള്‍ പുറത്തുവരുമെന്നതിനാല്‍ സൊഹ്റാബുദ്ദീനെതിരെ നിയമപരമായി നീങ്ങാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല.

അന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായുടെയും മറ്റൊരു ബിജെപി നേതാവായ രാജസ്ഥാന്‍ ആഭ്യന്തരമന്ത്രിയായിരുന്ന ഗുലാബ് ച്ന്ദ് കട്ടാരിയയുടെയും നിര്‍ദ്ദേശപ്രകാരം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സിബിഐ കുറ്റപത്രം പറയുന്നു. ആര്‍കെ മാര്‍ബിള്‍സ് എന്ന സ്ഥാപനത്തില്‍ നിന്നും സൊഹ്റാബുദ്ദീന്‍ പണം വസൂലാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അതിന്റെ ഉടമയായ വിമല്‍ പാട്നിയും ഗുലാബ് ചന്ദ് കട്ടാരിയയും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുന്നതിന് അമിത് ഷായുടെ ഉപദേശപ്രകാരം ഗുജറാത്ത് പോലീസിന് കൈമാറുകയുമായിരുന്നു. സിബിഐ അന്വേഷണത്തെ തുടര്‍ന്ന് അമിത് ഷായെയും പത്ത് പോലീസ് ഉദ്യോഗസ്ഥരെയും വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെ പേരില്‍ ജയിലിലേക്ക് അയച്ചിരുന്നു. ക്രിമിനല്‍ പിടിച്ചുപറിയിലും അമിത് ഷായ്ക്ക് ബന്ധമുണ്ടെന്ന് സിബിഐ ആരോപിച്ചിരുന്നു. ഡിജി വന്‍സാര എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ നിരവധി ഏറ്റുമുട്ടല്‍ കൊലക്കേസുകളില്‍ പ്രതിയാണ്. 2002 ഒക്ടോബറില്‍ കൊല്ലപ്പെട്ട സമീര്‍ ഖാന്‍, 2004 ജൂണ്‍ 15ന് കൊല്ലപ്പെട്ട ഇസ്രത് ജഹാനും മറ്റ് മൂന്നുപേരും, 2003ല്‍ കൊല്ലപ്പെട്ട സാദിക് ജമാല്‍ എന്നിവരുടെയെല്ലാം വധക്കേസില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വന്‍സാരെയെ തടവിന് ശിക്ഷിച്ചിരുന്നു. ജയിലില്‍ കിടന്നുകൊണ്ട് ഇയാള്‍ രാജിക്കത്ത് എഴുതുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ നയങ്ങള്‍ നടപ്പിലാക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും താനൊരു ‘ദേശാഭിമാന ഹിന്ദുവാണെന്നും’ നരേന്ദ്ര മോദി തന്റെ ദൈവമാണെന്നും രാജിക്കത്തില്‍ പറഞ്ഞിരുന്നു. 2015 ഫെബ്രുവരിയില്‍ വന്‍സാരെയെ ജാമ്യത്തില്‍ വിട്ടയച്ചു.

2014 മേയില്‍ നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായതോടെയാണ് കേസില്‍ അപ്രതീക്ഷിത മലക്കംമറിച്ചിലുകള്‍ ഉണ്ടായത്. കേസിന്റെ വിചാരണയ്ക്ക് ഹാജരാവാതിരുന്നതിന്റെ പേരില്‍ 2014 ജൂണ്‍ ആറിന് മുംബെ പ്രത്യേക സിബിഐ കോടതി ജഡ്ജി ജെടി ഉത്പത് അമിത് ഷായെ താക്കീത് ചെയ്തു. സുപ്രീം കോടതി ഉത്തരവ് പോലും ലംഘിച്ചുകൊണ്ട് ജസ്റ്റിസ് ഉത്പതിനെ സ്ഥലം മാറ്റുകയും ജസ്റ്റിസ് ലോയയെ പകരം നിയമിക്കുകയും ചെയ്തു. ജസ്റ്റിസ് ലോയയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ല എന്ന സ്ഥിയിലാണ് അദ്ദേഹം അന്തരിക്കുന്നത്. പിന്നീീട് വന്ന ജഡ്ജി എംബി ഗോസാവി 2014 ഡിസംബര്‍ 30ന് അമിത് ഷായെ കുറ്റവിമുക്തനാക്കി. ഷായ്ക്കെതിരെ തെളിവില്ലെന്നും എന്നാല്‍ സിബിഐ രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരിലാണ് അമിത് ഷായെ പ്രതിയാക്കിയതെന്നതിന് തെളിവുണ്ടെന്നും ജസ്റ്റിസ് ഗോവാസി കണ്ടെത്തി. എന്നാല്‍ ഇത്തരം നിരീക്ഷണങ്ങള്‍ നടത്തുന്നതിനിടയില്‍ കേസിന്റെ അന്വേഷണം തടയാന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കിയെന്ന റെയ്ഗറുടെ സത്യവാങ്മൂലം പോലെയുള്ള നിര്‍ണായക തെളിവുകള്‍ കണക്കിലെടുക്കാന്‍ ജസ്റ്റിസ് ഗോസാവി തയ്യാറായില്ല.

കേസിലെ മറ്റ് പ്രതികളായ ഗുലാബ്ചന്ദ് കട്ടാരിയ, വിമല്‍ പാട്നി, പിസി പാണ്ഡെ, ഗീത ജോഹ്രി, അഭയ് ചുദസാമ, രാജ്കുമാര്‍ പാണ്ഡ്യന്‍, എന്‍ അമിന്‍ എന്നിവരെയും ഘട്ടംഘട്ടമായി ഗോസാവി മോചിപ്പിച്ചു. ഗുജറാത്ത് പോലീസിലെ ആരോപണ വിധേയരെല്ലാം സര്‍വീസില്‍ തിരികെ പ്രവേശിക്കുകയും എല്ലാവര്‍ക്കും ഉദ്യോഗക്കയറ്റം ലഭിക്കുകയും ചെയ്തു. എന്നാല്‍, കേസില്‍ സത്യസന്ധമായി അന്വേഷണം നടത്തിയ രജനീഷ് റായി തുടര്‍ച്ചയായി പീഢിപ്പിക്കപ്പെട്ടു. നിരവധി കള്ളക്കേസുകള്‍ അദ്ദേഹത്തിനെതിരെ കെട്ടിച്ചമയ്ക്കുകയും അര്‍ഹിച്ച സ്ഥാനക്കയറ്റം നിഷേധിക്കപ്പെടുകയും ചെയ്തിട്ടും നിശ്ചയദാര്‍ഢ്യം കൈവെടിയാന്‍ അദ്ദേഹം തയ്യാറായില്ല. തന്റെ അന്വേഷണങ്ങള്‍ കാരണം ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്ക് അറുതിവന്നതില്‍ സന്തോഷമുണ്ടെന്നാണ് അദ്ദേഹം ഹര്‍ഷ് മന്ദിറിനോട് പറഞ്ഞത്.

2014ല്‍ മോദി അധികാരത്തില്‍ എത്തിയതിന് ശേഷം അമിത് ഷായെ ബിജെപിയുടെ ദേശീയ അധ്യക്ഷനായി നിയമിച്ചു. സൊറാബുദ്ദീന്‍ ഷേഖ്, ഭാര്യ കൗസര്‍ ബി, അനുയായി തുളസിറാം പ്രജാപതി, ഇസ്രാത് ജഹാന്‍ എന്ന കൗമാരക്കാരി എന്നിവരെയൊക്കെ നിയമവിരുദ്ധമായി കൊല്ലാന്‍ ഉത്തരവിട്ട ആളാണ് അമിത് ഷാ എന്നതൊന്നും മോദിക്ക് പ്രശ്നമായിരുന്നില്ല. ഇതിലും വലിയ അത്ഭുതങ്ങളാണ് സൊഹ്റാബുദ്ദീന്‍ ഷേഖ് കേസില്‍ സിബിഐ നടപടികളില്‍ പിന്നീട് പ്രതിഫലിച്ചത്. തങ്ങള്‍ സമര്‍പ്പിച്ച കുറ്റപത്രം തള്ളികളയുമ്പോള്‍ സിബിഐ ഒരിക്കലും അപ്പീല്‍ സമര്‍പ്പിക്കാതിരിക്കില്ല. കാരണം, അവരുടെ വിശ്വാസ്യതയാണ് ഇത്തരം ഘട്ടങ്ങളില്‍ നഷ്ടപ്പെടുന്നത്. എന്നാല്‍ ആശ്ചര്യകരം എന്ന് പറയട്ടെ സൊറാബുദ്ദീന്‍ ഷേഖിന്റെയും മറ്റ് രണ്ട് പേരുടെയും ഏറ്റുമുട്ടല്‍ കൊലക്കേസില്‍ പ്രത്യേക കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കേണ്ടതില്ല എന്നാണ് സിബിഐ തീരുമാനിച്ചത്. എന്നാല്‍, പ്രത്യേക കോടതി വിധിക്കെതിരെ സൊറാബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന്‍ ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പക്ഷെ, ഏതാനും ദിവസത്തെ വിസ്താരത്തിന് ശേഷം അദ്ദേഹം പരാതി പിന്‍വലിക്കുകയായിരുന്നു. വലിയ സമ്മര്‍ദം താന്‍ നേരിട്ടുവെന്നും ജീവന് ഭീഷണിയുള്ളതിനാലാണ് ഹര്‍ജി പിന്‍വലിക്കുന്നതെന്നും റുബാബൂദ്ദീന്‍ പിന്നീട് ചില അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഷയം തള്ളിപ്പോവരുത് എന്ന ഉത്തമബോധ്യത്തിന്റെ പേരില്‍ ഹര്‍ഷ് മന്ദിര്‍ മുംബെ ഹൈക്കാടതിയില്‍ അപ്പീല്‍ നല്‍കി. മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജയ്സിംഗും ആനന്ദ് ഗ്രോവറുമാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായത്. സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതുകൊണ്ടു മാത്രം ആരും കുറ്റക്കാരാണെന്ന് സ്ഥാപിക്കാന്‍ ഹര്‍ജിയില്‍ ശ്രമിച്ചില്ല. മറിച്ച്, മുന്‍ ആഭ്യന്തരമന്ത്രിക്കെതിരായ തെളിവുകള്‍ കേള്‍ക്കണമെന്നും ന്യായമായ പരിശോധന നടത്തണമെന്നും മാത്രമാണ് ഹര്‍ഷ് മന്ദിര്‍ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ കൊല്ലപ്പെട്ടവരുമായി ഹര്‍ഷ് മന്ദിറിന് രക്തബന്ധമില്ല എന്ന് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളുകയായിരുന്നു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രസിഡന്റിനും അദ്ദേഹത്തിന്റെ കീഴിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കാനുള്ള പൗരന്റെ അവകാശമാണ് കോടതി നിഷേധിച്ചതെന്ന് ഹര്‍ഷ് മന്ദിര്‍ ചൂണ്ടിക്കാട്ടുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി വിധിക്കെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു. പ്രമുഖ അഭിഭാഷകന്‍ കബില്‍ സിബില്‍ കേസിലെ പൊതുതാല്‍പര്യത്തെ കുറിച്ച് വാദിച്ചെങ്കിലും കാരണമൊന്നും ചൂണ്ടിക്കാണിക്കാതെ രാജ്യത്തെ പരമോന്നത് കോടതി അപ്പീല്‍ തള്ളിക്കളയുകയായിരുന്നു. അമിത് ഷായെയും മറ്റ് പോലീസുകാരെയും വിചാരണയില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള പ്രത്യേക കോടതി ജഡ്ജിയുടെ വിധി ഹൈക്കോടതിയോ സുപ്രീം കോടതിയോ അംഗീകരിച്ചിട്ടില്ല. ദേശീയ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ ഈ രണ്ട് കോടതികളും അമിത് ഷായ്ക്ക് ക്ലീ്ന്‍ ചിറ്റ് നല്‍കിയിട്ടുമില്ല. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ കേസില്‍ കക്ഷി ചേരാനുള്ള ഒരു പരാതിക്കാരന്റെ ആവശ്യം നിരാകരിക്കുക മാത്രമാണ് ഈ രണ്ട് കോടതികളും ചെയ്തിരിക്കുന്നത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്ന മറ്റ് 22 പേരെ പ്രതികളാക്കിക്കൊണ്ട് സൊഹ്റാബൂദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണ നവംബര്‍ 29ന് പ്രത്യേക സിബിഐ കോടതിയില്‍ ആരംഭിക്കും. സൊറാബുദ്ദീന്‍ കൊല്ലപ്പെട്ട ശേഷം ഗുജറാത്തില്‍ ഒരു തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യവെ നരേന്ദ്ര മോദി ഇങ്ങനെ പറഞ്ഞു: ‘ഏറ്റുമുട്ടലുകള്‍ പ്രോത്സാഹിപ്പിക്കുകയാണ്‌ മോദി ചെയ്യുന്നതെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നു. സൊറാബുദ്ദീനെ മോദി കൊന്നുവെന്നാണ് അവര്‍ പറയുന്നത്. കോണ്‍ഗ്രസിലെ സുഹൃത്തുക്കളെ, കേന്ദ്രത്തില്‍ നിങ്ങള്‍ക്ക് ഒരു സര്‍ക്കാരുണ്ട്. ധൈര്യമുണ്ടെങ്കില്‍ മോദിയെ തടവിലിടൂ.’ അതിന് ശേഷം സൊറാബുദ്ദീനെ എന്ത് ചെയ്യണമെന്ന് ജനക്കൂട്ടത്തോട് മോദി ചോദിച്ചപ്പോള്‍ അവര്‍ ആര്‍ത്തുവിളിച്ചു, ‘അയാളെ കൊല്ലണം! അയാളെ കൊല്ലണം!’

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍