UPDATES

തൂത്തുക്കുടിയില്‍ വെടിവയ്പിന് ഉത്തരവിട്ടത് ആര്? എഫ്‌ഐആര്‍ പറയും

കളക്ടറേറ്റ് വളപ്പിനകത്തും സ്റ്റെര്‍ലൈറ്റ് എംപ്ലോയീസ് ക്വാര്‍ട്ടേഴ്‌സ് പരിസരത്തും വാഹനങ്ങള്‍ക്ക് തീ വച്ചത് യൂണിഫോം ഇല്ലാതിരുന്ന പൊലീസുകാര്‍ തന്നെയാണ് എന്ന ഗുരുതര ആരോപണവും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്. വെടിവയ്പിന് കാരണമുണ്ടാക്കുന്നതിന് വേണ്ടിയായിരുന്നു ഇതെന്ന് ഇവര്‍ പറയുന്നു.

തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ സ്‌മെല്‍ട്ടര്‍ പ്ലാന്റിനെതിരെ സമരം ചെയ്തിരുന്നവര്‍ക്കെതിരെ വെടിവയ്പ് നടത്താന്‍ പൊലീസിനോട് ആരാണ് ഉത്തരവിട്ടത് എന്നാണ് ചോദ്യം. താനാണ് വെടി വയ്ക്കാന്‍ ഉത്തരവിട്ടതെന്നാണ് ഇപ്പോള്‍ ശേഖര്‍ എന്ന ഉദ്യോഗസ്ഥന്‍ പറയുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡെപ്യൂട്ടി തഹസില്‍ദാറാണ് ശേഖര്‍. കളക്ടറേറ്റിനും തൊട്ടടുത്തുള്ള സ്‌റ്റെര്‍ലൈറ്റ് എംപ്ലോയീസ് ക്വാര്‍ട്ടേഴ്‌സിനും തീയിടാനുള്ള പദ്ധതിയുമായി പ്രതിഷേധക്കാര്‍ നീങ്ങിയതിനെ തുടര്‍ന്നാണ് പൊലീസ് വെടി വയ്ക്കാന്‍ നിര്‍ബന്ധിതരായതെന്നാണ് വാദം.

പെട്രോള്‍ ബോംബും മാരകായുധങ്ങളുമായി ജനക്കൂട്ടം കളക്ടറേറ്റിലേയ്ക്ക് നീങ്ങുകയായിരുന്നു. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ പ്രതിഷേധക്കാര്‍ അവഗണിച്ചതായും ശേഖര്‍ പറയുന്നു. അതേസമയം വെടിവയ്പിന് ഉത്തരവിടാന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് അധികാരമുണ്ടോ എന്നത് സംബന്ധിച്ചും നിയമവൃത്തങ്ങളില്‍ ചര്‍ച്ച സജീവമായിട്ടുണ്ട്. മജിസ്‌ട്രേറ്റ് അധികാരമുള്ളവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ ഉത്തരവിടാന്‍ കഴിയൂ. ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ക്ക് ഈ അധികാരമുണ്ട്. അതും അടിയന്തര സാഹചര്യങ്ങളില്‍ മാത്രം പ്രയോഗിക്കാമെന്ന വ്യവസ്ഥയില്‍ ആയുധങ്ങളുമായി കളക്ടറേറ്റിലേയ്ക്ക് നീങ്ങി എന്ന ആരോപണം അസത്യമാണ് എന്നാണ് സമരക്കാര്‍ പറയുന്നത്.

മൈക്രോഫോണിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നതായും പൊലീസ് അവകാശപ്പെടുന്നു. എന്നാല്‍ ഇത്തരത്തില്‍ യാതൊരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ലെന്നും ആദ്യ ഘട്ടത്തില്‍ റബ്ബര്‍ ബുള്ളറ്റ് ഉപയോഗിക്കുക എന്ന രീതി പോലും ഉണ്ടായില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. റെവന്യു വകുപ്പിലെ ഒരു ജൂനിയര്‍ ഉദ്യോഗസ്ഥന്റെ പരാതിയിലാണ് എഫ്‌ഐആര്‍. മക്കള്‍ അധികാരി, നാം തമിഴര്‍ കച്ചി പോലുള്ള സംഘടനകള്‍ ആസൂത്രിതമായി അക്രമത്തിലേയ്ക്ക് ജനങ്ങളെ നയിക്കുകയായിരുന്നു എന്നും എഫ്‌ഐആര്‍ ആരോപിക്കുന്നു. അതേസമയം ഈ വാദങ്ങളെ പ്രതിഷേധക്കാര്‍ തള്ളിക്കളയുകയാണ്. കളക്ടറേറ്റ് വളപ്പിനകത്തും സ്റ്റെര്‍ലൈറ്റ് എംപ്ലോയീസ് ക്വാര്‍ട്ടേഴ്‌സ് പരിസരത്തും വാഹനങ്ങള്‍ക്ക് തീ വച്ചത് യൂണിഫോം ഇല്ലാതിരുന്ന പൊലീസുകാര്‍ തന്നെയാണ് എന്ന ഗുരുതര ആരോപണവും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്. വെടിവയ്പിന് കാരണമുണ്ടാക്കുന്നതിന് വേണ്ടിയായിരുന്നു ഇതെന്ന് ഇവര്‍ പറയുന്നു.

100 ദിവസത്തോളം ഇവിടെ വലിയ ആള്‍ക്കൂട്ടം പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നെങ്കിലും യാതൊരു അക്രമ സംഭവങ്ങളുമുണ്ടായിട്ടില്ലെന്ന സമരക്കാര്‍ പറയുന്നു. ചെന്നൈയില്‍ ജല്ലിക്കട്ട് അനുകൂലികളായ പ്രതിഷേധക്കാര്‍ക്കെതിരെയും ഇത്തരമൊരു കുതന്ത്രം പൊലീസ് പ്രയോഗിച്ചിരുന്നതായി ഇവര്‍ ആരോപിക്കുന്നു. മഫ്തി വേഷത്തില്‍ വാനിന് മുകളില്‍ കയറി നിന്ന്, അകലെ നിന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ വെടി വയ്പ് നടത്തുന്ന പൊലീസുകാരുടെ വീഡിയോ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്.

ആരാണ് വെടിവയ്പിന് ഉത്തരവിട്ടതെന്നും ഓട്ടോമാറ്റിക് ഗണ്‍ ഉപയോഗിക്കാനും റബ്ബര്‍ ബുള്ളറ്റ് ഉപയോഗിക്കാതെ ഇത്തരത്തില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കാനും ആരാണ് അധികാരം നല്‍കിയതെന്നും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ അടക്കമുള്ളവര്‍ ചോദിച്ചിരുന്നു. അതേസമയം വളരെ സ്വാഭാവികമായ നടപടിയും പ്രതികരണവുമാണ് പൊലീസ് വെടിവയ്പ് എന്നായിരുന്നു 13 പേര്‍ കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രതികരണം.

വെടികൊണ്ട തൂത്തുക്കുടി വെളിപ്പെടുത്തുന്ന വേദാന്ത രഹസ്യം: ഇന്ന് ഞാന്‍ നാളെ നീ…

ആ തോക്ക് ഒരിക്കലും അഗര്‍വാള്‍മാര്‍ക്ക് നേരേ ചൂണ്ടില്ല; അത് പാവപ്പെട്ടവര്‍ക്ക് മാത്രമുള്ളതാണ്

കോര്‍പ്പറേറ്റ് ഭീമന് വേണ്ടി ജനങ്ങളുടെ നെഞ്ചിലേക്ക് നിറയൊഴിക്കുന്ന ജനാധിപത്യ സര്‍ക്കാര്‍: തൂത്തുക്കുടിയില്‍ നടക്കുന്നത്

രണ്ടരപ്പതിറ്റാണ്ടിന്റെ ജീവന്മരണ പോരാട്ടത്തെയാണ് വെടിയുണ്ടകൾ കൊണ്ട് നേരിടുന്നത്; തൂത്തുക്കുടിയിൽ നടക്കുന്നതെന്ത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍