UPDATES

ട്രെന്‍ഡിങ്ങ്

പട്ടിണിക്കിട്ടും ചികിത്സ നിഷേധിച്ചും ആധാറെടുത്ത ജീവിതങ്ങൾക്ക് ആര് സമാധാനം പറയും?

ആധാർ ഇല്ലാത്തതിന്റെ പേരിൽ അന്ധയുവാവിന്റെ പെൻഷൻ തടഞ്ഞുവച്ചത് നമ്മുടെ കേരളത്തിലാണ്

ആധാർ കാർഡിന് പച്ചക്കൊടി കാണിക്കുന്ന വിധിയാണ് ഇന്നലെ സുപ്രിംകോടതി പ്രഖ്യാപിച്ചിരിക്കുന്നത്. കർശന നിയന്ത്രണങ്ങളോടെയാണ് ആധാറിന് അനുകൂലമായ ഈ വിധി. സെക്ഷൻ 47, 57, 33 (2) എന്നിവ റദ്ദാക്കിയാണ് ഭൂരിപക്ഷ വിധി. സി ബി എസ് ഇ, നീറ്റ് പരീക്ഷകൾക്ക് ആധാർ നിർബന്ധമാക്കേണ്ടതില്ലെന്ന് അഞ്ചംഗ ഭരണഘടനാ ബഞ്ച് വിധിച്ചു. സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങള്‍ കൈമാറേണ്ടതില്ലെന്നും ബാങ്ക് അക്കൌണ്ടുകള്‍ തുറക്കുന്നതിന് ആധാര്‍ ആവശ്യമില്ലെന്നും കോടതി പറഞ്ഞു. ആധാറില്ലാത്തതിന്റെ പേരിൽ പൗരാവകാശങ്ങളും കുട്ടികളുടെ അവകാശങ്ങളും നിഷേധിക്കരുതെന്നും വിധിയിൽ പറയുന്നു. പൗരന്റെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണ് ആധാറെന്നാണ് പ്രധാനമായും പൊതുതാൽപര്യ ഹർജികളിൽ ആരോപിച്ചത്. ക്ഷേമപദ്ധതികളുടെ പ്രയോജനം ജനങ്ങൾക്ക് നേരിട്ട് ലഭ്യമാക്കാനാണ് ആധാർ നടപ്പാക്കുന്നതെന്ന വാദമായിരുന്നു കേന്ദ്രസർക്കാറിന്റെത്. എന്നാല്‍ ആധാറില്ലാത്തത് മൂലം നഷ്ടപ്പെട്ട ജീവിതങ്ങൾക്ക് ആര് സമാധാനം പറയുമെന്ന ചോദ്യത്തിനാണ് ഈ ഘട്ടത്തിൽ സർക്കാർ മറുപടി പറയേണ്ടത്. പ്രത്യേകിച്ചും ആധാർ നിർബന്ധമാക്കിയാല്‍ പൌരന്‍മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം നിലവില്‍ വരും എന്ന് ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിയോജിപ്പ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ.

ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിക്കാത്തത് മൂലം ഭക്ഷ്യധാന്യം കിട്ടാതെ ഒരു പെൺകുട്ടി പട്ടിണി കിടന്ന് മരിച്ചത് ഇന്ത്യൻ സമൂഹം ഞെട്ടലോടെയാണ് കേട്ടത്. 2017 ഒക്ടോബർ 28-നായിരുന്നു സംഭവം. ത്സാർഖണ്ഡിലെ സിംദേഗ ജില്ലയിലെ സന്തോഷി കുമാരി എന്ന 11-കാരിയാണ് മരിച്ചത്. റേഷൻ കാർഡ് ആധാറുമായി ബന്ധപ്പെടുത്താത്തതിനാൽ സന്തോഷിയുടെ കുടുംബത്തിന് അധികൃതർ റേഷൻ നിഷേധിക്കുകയായിരുന്നു. സ്ഥിരജോലിയില്ലാത്ത സന്തോഷിയുടെ മാതാപിതാക്കൾക്ക് റേഷനായിരുന്നു ഏക ആശ്രയം. നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്ട് പ്രകാരം ഇവർ റേഷൻ കാർഡിന് യോഗ്യരായിരുന്നു. എന്നാൽ ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താൽ റേഷൻ നിഷേധിക്കപ്പെട്ടു. സ്കൂളിൽ നിന്നും ലഭിക്കുന്ന ഉച്ചക്കഞ്ഞിയായിരുന്നു സന്തോഷിയുടെ ഏക ആശ്രയം. ദുർഗാപൂജയ്ക്ക് സ്കൂൾ അവധിയായിരുന്നതിനാൽ എട്ട് ദിവസമായി ഈ കുട്ടി ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. ഈ കൊടുംപട്ടിണിയാണ് സന്തോഷിയുടെ മരണത്തിൽ കലാശിച്ചത്. നരേന്ദ്ര മോദി സർക്കാരിന്റെ ആധാർ പിടിവാശിക്ക് കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഈ സംഭവം. ഝാർഖണ്ഡിൽ തന്നെ അതേമാസം മൂന്ന് പട്ടിണി മരണങ്ങളാണ് ആധാർ മൂലമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Also Read: മകള്‍ വിശന്ന് മരിച്ചു എന്ന് ആ അമ്മ പറഞ്ഞതാണോ നിങ്ങളുടെ രാജ്യത്തിന് നാണക്കേടുണ്ടാക്കിയത്?

ദിയോഗർ ജില്ലയിൽ രൂപ് ലാലെന്ന 75-കാരൻ മരിച്ചതും പട്ടിണി കിടന്നാണ്. ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിക്കാത്തതിനാൽ ഇദ്ദേഹത്തിന്റെ കുടുംബത്തിന് റേഷൻ നിഷേധിക്കുകയായിരുന്നു. തോട്ടം പണിക്കാരായ മക്കൾക്ക് രണ്ടാഴ്ചയായി പണിയുണ്ടായിരുന്നില്ല. രണ്ട് മാസമായി ഇവർക്ക് റേഷൻ ലഭിച്ചിരുന്നില്ല. 11-കാരിയുടെ മരണം വിവാദമായതോടെ ആധാർ ബന്ധിപ്പിക്കുന്ന ഉത്തരവില്‍ അയവ് വരുത്താന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നിരുന്നു. അതേസമയം രൂപ് ലാലിന്റെ മരണകാരണം നിഷേധിച്ച് അധികൃതര്‍ രംഗത്തെത്തിയിരുന്നു. രൂപ് ലാലിന്റെ മരണം പട്ടിണി മൂലമല്ലെന്നും പ്രായാധിക്യത്താലാണെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം.

ആധാർ കാർഡ് ഹാജരാക്കാത്തതിനാൽ ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെട്ട ഒട്ടനവധി സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ആധാർ കാർഡ് ഇല്ലാത്തതിനാൽ ഗർഭഛിദ്രം നിഷേധിച്ച യുവതി ഗുരുതരാവസ്ഥയിലായതും ത്സാർഖണ്ഡിലാണ്. സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചപ്പോൾ വ്യാജഡോക്ടറെ സമീപിച്ചതാണ് ഇവർക്ക് വിനയായത്. ത്സാർഖണ്ഡിലെ പി ജി ഐ എം ഇ ആർ ആശുപത്രിയിൽ 2017 ഒക്ടോബറിലാണ് ഗർഭഛിദ്രത്തിനായി എത്തിയത്. മൂന്ന് മക്കളുള്ള ഇവർ നാലാമതും ഗർഭിണിയായപ്പോഴാണ് ഗർഭഛിദ്രത്തിനായി ആശുപത്രിയിലെത്തിയത്. രണ്ടര മാസമായിരുന്നു ഗർഭസ്ഥ ശിശുവിന്റെ വളർച്ച. എന്നാൽ ആധാറില്ലാത്തതിനാൽ ആശുപത്രി അധികൃതർ ശസ്ത്രക്രിയയ്ക്ക് തയ്യാറായില്ല. ഇവർ ഒരു സ്വകാര്യ ആശുപത്രിയെ സമീപിച്ചെങ്കിലും വലിയ തുക ആവശ്യപ്പെട്ടതോടെയാണ് വ്യാജ ഡോക്ടറെ സമീപിക്കേണ്ടി വന്നത്. ചെറിയ തുകയ്ക്ക് ഇയാൾ ശസ്ത്രക്രിയ നടത്തി. വേണ്ടത്ര മുൻകരുതലുകളില്ലാതെ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം അമിത രക്തസ്രാവമുണ്ടാകുകയും യുവതി ഗുരുതരാവസ്ഥയിലാകുകയും ചെയ്തു. ആരോഗ്യ സംഘടനകളുടെ സമയോചിതമായ ഇടപെടൽ മൂലം യുവതിയുടെ ജീവൻ രക്ഷപ്പെട്ടെങ്കിലും ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് അവർ തന്നെ പറയുന്നു.

Also Read: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തിയില്ല: റേഷന്‍ നിഷേധിച്ച 11-കാരി പട്ടിണി കിടന്നു മരിച്ചു

സൈനിക സ്നേഹം പറയുന്ന ബിജെപിയുടെ ആധാർ സ്നേഹം മൂലം, വീരമൃത്യു വരിച്ച ഒരു സൈനികന്റെ ഭാര്യയും മരിച്ചിട്ടുണ്ട്. 2017 ഡിസംബറിൽ കാർഗിലിലാണ് സംഭവം. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച ഇവർക്ക് ആധാർ കാർഡില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കുകയായിരുന്നെന്ന് മകൻ പവൻകുമാർ പറയുന്നു. ആധാർ കാർഡിന്റെ പകർപ്പ് കാണിച്ചെങ്കിലും അധികൃതർ വഴങ്ങിയില്ല. ഒരു മണിക്കൂറിനകം ആധാർ കാർഡ് എത്തിക്കാം. ചികിത്സ ആരംഭിക്കൂവെന്ന അഭ്യർത്ഥനയും പരിഗണിക്കപ്പെട്ടില്ല. ഒടുവിൽ കാർഗിലിൽ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ ചികിത്സ ലഭിക്കാതെ മരിക്കുകയും ചെയ്തു.

ഗുരുഗ്രാമിലെ സിവിൽ ആശുപത്രിയിൽ യുവതിക്ക് ആധാർ കാർഡ് ഹാജരാക്കാത്തതിനാൽ ചികിത്സ നിഷേധിക്കപ്പെട്ടത് ഈവർഷം ഫെബ്രുവരി 10-നാണ്. മുന്നി എന്ന 25-കാരിക്കാണ് ഈ ദുരനുഭവമുണ്ടായത്. ഗർഭിണിയായ ഇവർ ഭർത്താവ് ബബ്ലുവിനൊപ്പമാണ് ആശുപത്രിയിലെത്തിയത്. പ്രസവവേദനയുമായി ആശുപത്രിയിലെത്തിയ മുന്നിയെ അൾട്രാ സൗണ്ട് സ്കാനിംഗിന് ശേഷം മാത്രമേ പ്രസവ വാർഡിൽ പ്രവേശിപ്പിക്കാനാകൂ എന്ന് ഗൈനക്കോളജിസ്റ്റും നഴ്സും നിലപാടെടുത്തു. എന്നാൽ ആധാർ കാർഡ് കൈവശമില്ലാത്തതിനാൽ സ്കാനിംഗ് ചെയ്യാനായില്ല. ആധാർ നമ്പർ നൽകിയെങ്കിലും കാർഡ് ഹാജരാക്കണമെന്ന് ആശുപത്രി അധികൃതർ നിലപാടെടുത്തു. രണ്ട് മണിക്കൂറോളം ആശുപത്രി വരാന്തയിൽ കഴിഞ്ഞ മുന്നി ഒടുവിൽ അവിടെ തന്നെ പ്രസവിച്ചു. സംഭവത്തെത്തുടർന്ന് ജനകീയ പ്രതിഷേധമുണ്ടായെങ്കിലും തങ്ങൾക്ക് പരാതിയില്ലെന്ന് ബബ്ലുവും മുന്നിയും പറഞ്ഞതോടെ ഡോക്ടറുടെയും നഴ്സിന്റെയും സസ്പെൻഷനോടെ പ്രശ്നം അവസാനിച്ചു.

Also Read: വെറും 500 രൂപ അടയ്ക്കൂ, 20 മിനുറ്റ് കാത്തിരിക്കൂ… ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താം

ആധാർ ഇല്ലാത്തതിന്റെ പേരിൽ അന്ധയുവാവിന്റെ പെൻഷൻ തടഞ്ഞുവച്ചത് നമ്മുടെ കേരളത്തിലാണ്. 2017 ഫെബ്രുവരിയിലാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവന്നത്. കോഴിക്കോട് വെസ്റ്റ് ഹില്ലിൽ തൈക്കൂട്ടം പറമ്പിൽ സന്തോഷിനാണ് (34) ദുർവിധി നേരിട്ടത്. ആധാർ കാർഡ് ഇല്ലാത്തവരുടെ പെൻഷൻ തടഞ്ഞുവയ്ക്കാൻ പഞ്ചായത്ത് ഡയറക്ടർ ഉത്തരവിട്ടതിനെ തുടർന്ന് മൂന്ന് മാസത്തെ പെൻഷൻ തടഞ്ഞു വച്ചിരിക്കുകയായിരുന്നു. ജന്മനാ അന്ധനായ സന്തോഷിന് 25 വർഷമായി മുടങ്ങാതെ ലഭിച്ച പെൻഷനാണ് ആധാറിന്റെ പേരിൽ നിഷേധിക്കപ്പെട്ടത്. പോസ്റ്റ് ഓഫീസ് വഴിയാണ് 1000 രൂപ പെൻഷൻ ലഭിച്ചിരുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ക്ഷേമപെൻഷനുകൾ ബാങ്ക് വഴിയാക്കിയിരുന്നു. 2016-ലെ ഓണം വരെ കരുവാശേരി ബാങ്ക് അധികൃതർ പെൻഷൻ വീട്ടിലെത്തിച്ചു. എന്നാൽ പിന്നീട് അത് ലഭിക്കാതെ വന്നതോടെ കൗൺസിലറുമായി ബന്ധപ്പെട്ടപ്പോഴാണ് അധാർ ഇല്ലാത്തവരുടെ പെൻഷൻ തടഞ്ഞുവച്ചതായി അറിഞ്ഞത്.

സുപ്രിം കോടതി ആധാർ അസാധുവാക്കാതിരുന്നത് മോദി സർക്കാരിന് ആശ്വാസമാണെങ്കിലും ആധാറിന്റെ പേരിൽ ജീവനും ജീവിതവും നഷ്ടപ്പെട്ടവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതുണ്ട്. മുകളിൽ പറഞ്ഞത് ഏതാനും സംഭവങ്ങൾ മാത്രമാണ്. ആധാർ ഇല്ലാത്തതിന്റെ പേരിൽ സ്കൂൾ അഡ്മിഷൻ പോലും നിഷേധിക്കപ്പെട്ട നിരവധി കൊച്ചു കുട്ടികൾ രാജ്യത്തുടനീളമുണ്ട്. സുപ്രിംകോടതി ഭരണഘടനാ ബഞ്ചിന്റെ ഉത്തരവിലെ പൗരാവകാശങ്ങളെയും ക്ഷേമ പദ്ധതികളെയും ആധാർ ബാധിക്കരുതെന്ന ആവശ്യം മോദി സർക്കാരിന് തിരിച്ചടിയാണ്. ആധാർ നിയമമല്ല, അധികാര നിയമമാണ് മോദി കൊണ്ടുവന്നത്. കോടതിയിൽ നിന്നേറ്റ തിരിച്ചടിയെ നിയമനിർമ്മാണത്തിലൂടെ സർക്കാർ മറികടക്കുമോയെന്നാണ് ഇനിയറിയേണ്ടത്. അങ്ങനെ സംഭവിച്ചാൽ ആധാറിന്റെ പേരിൽ ഇനിയും ജീവനുകൾ ഹോമിക്കപ്പെടും.

അന്നത്തിന് ഉപാധിവെക്കുന്ന ഭരണകൂടം; അടിച്ചേല്‍പ്പിക്കുന്ന ആധാര്‍

സ്‌കൂള്‍ അഡ്മിഷന്‍, സി ബി എസ് ഇ, നീറ്റ് പരീക്ഷകള്‍ക്ക് ആധാര്‍ വേണ്ട: സുപ്രീം കോടതി

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തിയില്ല: റേഷന്‍ നിഷേധിച്ച 11-കാരി പട്ടിണി കിടന്നു മരിച്ചു

ആധാര്‍ ഉപയോഗിച്ചോളൂ, പക്ഷേ നമ്മുടേത് കോളനി ഭരണമല്ല എന്നോര്‍ക്കണം

“സുപ്രീം കോടതിയിലെ ഭിന്നത ഇല്ലെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നു”

ആധാര്‍ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമല്ല

സാങ്കേതികതകള്‍ക്ക് മുന്നില്‍ അവകാശങ്ങള്‍ വിട്ടുവീഴ്ച ചെയ്യാനാവില്ല; ആധാര്‍ ഭരണഘടനാ വിരുദ്ധമെന്ന് ജ. ചന്ദ്രചൂഢ്

മകള്‍ വിശന്ന് മരിച്ചു എന്ന് ആ അമ്മ പറഞ്ഞതാണോ നിങ്ങളുടെ രാജ്യത്തിന് നാണക്കേടുണ്ടാക്കിയത്?

നാം വഴി’യാധാര്‍’ ആകുന്നതിന് മുമ്പ്

വെറും 500 രൂപ അടയ്ക്കൂ, 20 മിനുറ്റ് കാത്തിരിക്കൂ… ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താം

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍