UPDATES

രണ്ടാം മോദി സര്‍ക്കാരില്‍ അമിത് ഷാ ആരായിരിക്കും?

ബിജെപി അധ്യക്ഷ പദവി ഒഴിയാന്‍ അമിത് ഷാ ഒട്ടും താല്‍പര്യപ്പെടുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

മേയ് 30ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കെ ആരൊക്കെ എന്തൊക്കെ വകുപ്പുകളായിരിക്കും കൈകാര്യം ചെയ്യുക എന്നത് സംബന്ധിച്ച ആകാംഷ ഉയരുകയാണ്. ഇതില്‍ ഏറ്റവും പ്രധാനം മോദിയുടെ വലംകൈയായ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇത്തവണ മന്ത്രിസഭയിലുണ്ടാകുമോ എന്നതാണ്. ബിജെപി അധ്യക്ഷ പദവി ഒഴിയാന്‍ അമിത് ഷാ ഒട്ടും താല്‍പര്യപ്പെടുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വകുപ്പ് വിഭജന ചര്‍ച്ചകള്‍ ബിജെപിയില്‍ പുരോഗമിക്കുമ്പോള്‍, അമിത് ഷാ മന്ത്രിസഭയില്‍ വരണോ എന്ന ചര്‍ച്ചയും സജീവമാണ്.

മഹാരാഷ്ട്രയിലും ഹരിയാനയിലും ഝാര്‍ഖണ്ഡിലും മാസങ്ങള്‍ക്കുള്ളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. രാജ്യസഭയിലെ അംഗബലം കൂട്ടാന്‍ ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്. നിലവില്‍ 250 അംഗ രാജ്യസഭയില്‍ 99 അംഗങ്ങളേ ബിജെപിക്കുള്ളൂ. ഡല്‍ഹിയില്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് വരുന്നു. ഈ സാഹചര്യത്തില്‍ അമിത് ഷാ പ്രസിഡന്റ് പദവി ഒഴിയാന്‍ സാധ്യതയില്ല. സംഘടന നിയന്ത്രണം നഷ്ടമാക്കാന്‍ അമിത് ഷാ താല്‍പര്യപ്പെടുന്നില്ല.

നിലവിലെ മന്ത്രിമാര്‍ക്ക് രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ മൂന്ന് മാസം എന്ത് ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്നതിന്റെ കരട് രേഖ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആഭ്യന്തരം, ധനകാര്യം, പ്രതിരോധം, വിദേശകാര്യം എന്നീ നാല് പ്രധാന വകുപ്പുകള്‍ ആര് കൈകാര്യം ചെയ്യും എന്ന ചോദ്യമുണ്ട്. ആഭ്യന്തര മന്ത്രിയായി രാജ്‌നാഥ് സിംഗ് തന്നെ തുടരുമെന്ന് സൂചനയുണ്ട്. അസുഖബാധിതനായി അരുണ്‍ ജയ്റ്റ്‌ലി മന്ത്രിസഭയില്‍ ഉണ്ടായേക്കില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ലാത്ത സുഷമ സ്വരാജും ഒഴിവായേക്കും. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ തോല്‍പ്പിച്ച സ്മൃതി ഇറാനിക്ക് പ്രധാന വകുപ്പ് ലഭിച്ചേക്കും. ബിജെപി ഏറ്റവും വലിയ മുന്നേറ്റം നടത്തിയ പശ്ചിമ ബംഗാളില്‍ നിന്ന് പ്രധാന വകുപ്പുകളുമായി മന്ത്രിമാര്‍ വന്നേക്കാം.

ALSO READ: സിപിഎം എംഎല്‍എ ബിജെപി പാളയത്തില്‍; മൂന്ന് തൃണമൂല്‍ എംഎല്‍എമാരും കളം മാറി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍