UPDATES

ട്രെന്‍ഡിങ്ങ്

2ജി കേസ് എന്തുകൊണ്ട് തള്ളിപ്പോയി? കോണ്‍ഗ്രസ് എന്തുകൊണ്ട് അഹങ്കരിക്കരുത് – ജോസി ജോസഫ് പറയുന്നു

നമ്മുടെ അന്വേഷണ ഏജന്‍സികളും രാഷ്ട്രീയ സംവിധാനവും തീര്‍ത്തും പ്രാപ്തിയില്ലാത്തതോ അല്ലെങ്കില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചതോ ആണെന്നതാണ് വസ്തു

യുപിഎ സര്‍ക്കാരിനെ വലിയ പ്രതിസന്ധിയിലാക്കിയ, രാജ്യത്തെ ഏറ്റവും വലിയ അഴിമതി ആരോപണങ്ങളിലൊന്നാണ് 2ജി സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നത്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിലേയ്ക്ക് നയിച്ചതില്‍ പ്രധാന പങ്കാണ് 2ജി കേസിനുള്ളത്. 1.76 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായി എന്നായിരുന്നു സിഎജി (കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രിയായ എ രാജയ്ക്ക് രാജി വയ്‌ക്കേണ്ടി വരുകയും അദ്ദേഹവും ഡിഎംകെ നേതാവ് എംകെ കനിമൊഴിയും അടക്കമുള്ളവര്‍ക്ക് ജയിലില്‍ പോകേണ്ടി വരുകയും ചെയ്തു. ഇപ്പോള്‍ ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി 14 പ്രതികളേയും വെറുതെ വിട്ടിരിക്കുന്നു. 2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ വാദങ്ങളും വ്യാജമായിരുന്നു എന്നും ഇതാണ് കോടതി വിധി വ്യക്തമാക്കുന്നതെന്നും കോണ്‍ഗ്രസും ഡിഎംകെയും വാദിക്കുന്നു. എന്നാല്‍ 2ജി സ്‌പെക്ട്രം കേസില്‍ എന്തുകൊണ്ട് എല്ലാ പ്രതികളും കുറ്റവിമുക്തരാക്കപ്പെടുന്ന തരത്തില്‍ വിധിയുണ്ടായി എന്ന് പരിശോധിക്കുകയാണ് മുംബൈ മിററിലെ ഒപ്പീനിയന്‍ കോളത്തില്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദി ഹിന്ദുവിന്റെ നാഷണല്‍ സെക്യൂരിറ്റി എഡിറ്ററുമായ ജോസി ജോസഫ്.

സിബിഐ അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഭരണകക്ഷിയുടെ ഉപകരണങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ക്ക് മുന്നിലുള്ള കേസുകളും വെല്ലുവിളികളും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ വലിയ പരാജയമാണ് അവ. കഴിഞ്ഞ മൂന്ന് അല്ലെങ്കില്‍ നാല് പതിറ്റാണ്ട് കാലത്തെ ചരിത്രം പരിശോധിച്ചാല്‍ പ്രധാന കേസുകളിലെല്ലാം കുറ്റം തെളിയിക്കുന്നതില്‍ അവ പരാജയപ്പെട്ടതായി മനസിലാക്കാം. 2ജി കേസ് പരിഗണിച്ച ജഡ്ജിയും പറഞ്ഞത് ഇതുതന്നെയാണ്. ഇന്‍വെസ്റ്റിഗേറ്റീവ് സ്റ്റോറികളുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികളെ ബീറ്റായി എടുത്തപ്പോള്‍ എനിക്കുണ്ടായ അനുഭവങ്ങളും ഇതാണ്. പല വസ്തുതകളും ഞാന്‍ എങ്ങനെ കണ്ടെത്തി എന്ന സംശയമാണ് സിബിഐയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനുമെല്ലാം ഉണ്ടായിരുന്നത്. ലോകത്താകെയുള്ള പണ ഇടപാടുകളെക്കുറിച്ച് മനസിലാക്കുന്നത് സംബന്ധിച്ച് ഞാന്‍ അവരോട് പറഞ്ഞു. വിവരങ്ങള്‍ ശേഖരിക്കുന്നത് എങ്ങനെയെന്ന് പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തകന് സാധിക്കുന്നത് പോലും ചെയ്യാന്‍ ഈ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയുന്നില്ല എന്നതാണ് ശ്രദ്ധേയം.

സി.ബി.ഐക്കുള്ളില്‍ മോദിയുടെ സ്വന്തം ‘ഗുജറാത്ത് മോഡല്‍’; ചരമക്കുറിപ്പ് എഴുതാറായോ ഈ അന്വേഷണ ഏജന്‍സിക്ക്?

സിബിഐ പ്രോസിക്യൂട്ട് ചെയ്ത ഏതൊരു രാജ്യാന്തര കുറ്റകൃത്യവും നോക്കാം – കൂടുതലായും ആയുധ ഇടപാടുകള്‍ (ലോകത്തെ ഏറ്റവും വലിയ പ്രതിരോധ അഴിമതി നടക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്). ഒരൊറ്റ കേസില്‍ പോലും കുറ്റം തെളിയിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. പൊതുജനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എല്ലാവരും ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നുണ്ട്. ഈ ദുരന്ത തമാശ നികുതിദായകരായ ജനങ്ങള്‍ക്ക് മേലും ഭരണഘടനയ്ക്ക് മേലും അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. സിബിഐ ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഒരു ആഭ്യന്തര സര്‍വേ നടത്തുകയും സിബിഐയുടെ വിജയകരമായ പ്രോസിക്യൂഷന്‍ വെറും മൂന്ന് ശതമാനം മാത്രമാണ് എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ സിബിഐ പ്രോസിക്യൂഷന്‍ വിജയ ശതമാനം ഉയര്‍ത്തിക്കാട്ടുന്നത് ഇങ്ങനെയാണ് – അഞ്ച് പ്രതികളില്‍ ഒരാള്‍ ശിക്ഷിക്കപ്പെട്ടാല്‍ കേസ് മൊത്തത്തില്‍ ജയിച്ചു എന്ന നിലയില്‍. 1997ലെ വിനീത് നാരായണ്‍ കേസ് വിധിയില്‍ സുപ്രീംകോടതി നടത്തിയ ഇടപെടലുണ്ട്. ഈ അന്വേഷണ ഏജന്‍സികളുടെ ആത്മാര്‍ത്ഥതയും സത്യസസന്ധതയും സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അത്. ഇന്ന് നമ്മള്‍ 1990കളിലേയ്ക്ക്, പുറകോട്ട് പോയിരിക്കുന്നു. ഭരണകക്ഷി ഏജന്‍സിയെ ദുരുപയോഗം ചെയ്യുകയും തങ്ങള്‍ക്ക് അനഭിമതരായവരെ ഉപദ്രവിക്കുകയും ചെയ്യുന്ന അവസ്ഥ.


ജോസി ജോസഫ്‌

രാജ്യത്തെ ഏറ്റവും വലിയ അഴിമതി കേസുകളില്‍ ഒന്നില്‍ വിചാരണയ്ക്കായി സ്ഥാപിക്കപ്പെട്ട പ്രത്യേക കോടതിക്ക് വിചാരണയുടെ ഒരു ഘട്ടത്തിലും അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത പരിശോധിക്കാനായില്ല എന്നതില്‍ എനിക്ക് അദ്ഭൂതം തോന്നുന്നു. കേസിന്റെ അന്വേഷണം മികച്ച രീതിയില്‍ തുടങ്ങുന്ന ഏജന്‍സികള്‍ കേസ് പുരോഗമിക്കുമ്പോള്‍ അതില്‍ താല്‍പര്യം നഷ്ടപ്പെടുന്ന അവസ്ഥയിലാവുകയും അവിശ്വസനീയമായ മൊഴികളില്‍ വിശ്വാസമര്‍പ്പിക്കുകയും രേഖകളെ തെറ്റായി വായിക്കുകയും ചെയ്യുന്നു എന്ന് കേസില്‍ വാദം കേട്ട ജസ്റ്റിസ് സാഹ്നി വിധിന്യായത്തില്‍ പറയുന്നു. ഇത് വസ്തുതയാണെങ്കില്‍ കേസിന്റെ ഇത്തരം ഘട്ടങ്ങളില്‍ എന്തുകൊണ്ട് ഈ ജഡ്ജി വിശ്വാസ്യത പരിശോധിച്ചില്ല എന്ന ചോദ്യമുണ്ട്. നമ്മുടെ ജുഡീഷ്യറിയില്‍ ജഡ്ജി ഒരു വെറും കേള്‍വിക്കാരന്‍ മാത്രമല്ല.

അമിത് ഷാ എന്ന ‘നിരപരാധി’: എവിടെ സി.ബി.ഐ? എവിടെ പ്രതിപക്ഷം?

2ജി കേസ് അഴിമതിക്കെതിരായ ജനകീയ പ്രതിഷേധം ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായിരുന്നു. ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി തുടങ്ങിയവയ്‌ക്കൊപ്പം 2ജി കേസ് കോണ്‍ഗ്രസിന്റെ കുഴി തോണ്ടി. എന്നാല്‍ ഇപ്പോള്‍ വിധി വന്നതിന് പിന്നാലെ കോണ്‍ഗ്രസ് അഹങ്കാരം കാണിക്കുകയും വിനോദ് റായിയേയും സിഎജിയേയും കുറ്റപ്പെടുത്തുകയുമാണ്. 2ജി കേസിലെ സിഎജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് അഴിമതിയും പൊതുസ്വത്തിന്റെ ദുരുപയോഗവും വെളിവാക്കുന്ന മികച്ച ഡോക്യുമെന്റേഷനുകളിലൊന്നാണ്. പിന്നെ കണക്കാക്കിയ നഷ്ട തുകയെക്കുറിച്ച് മാത്രമാണ് തര്‍ക്കമുന്നയിക്കാവുന്നത്. എന്നാല്‍ അതൊരു റേഞ്ച് ആണ്. 1.76 ലക്ഷം കോടി എന്ന വലിയ തുകയെ ന്യായീകരിക്കുന്ന ഒന്ന്. ഇതില്‍ സിഎജിയെ കുറ്റപ്പെടുത്താനാവില്ല.

കോടതി വിധിയുടെ പേരിലുള്ള അഹങ്കാരവും ദുര്‍ബുദ്ധിയും ഉപേക്ഷിച്ച് കോണ്‍ഗ്രസ് നല്ലവണ്ണം ആലോചിക്കണം – തങ്ങളുടെ അഴിമതിയെ ന്യായീകരിക്കുന്ന പ്രഭുക്കന്മാരുടെ പഴയ പാര്‍ട്ടിയാകാനാണോ അതോ രാജ്യത്ത് അഴിമതിക്കും ദുര്‍ഭരണത്തിനും എതിരെ ശക്തമായിക്കൊണ്ടിരിക്കുന്ന യുവ ഇന്ത്യയുടെ ശബ്ദമാകാനാണോ പോകുന്നത് എന്ന്. അന്വേഷണ ഏജന്‍സികളെ വച്ച് കളിക്കാനുള്ള സമയം കഴിഞ്ഞു എന്ന് ബിജെപിയും മനസിലാക്കണം. മോദി സര്‍ക്കാരിന്റെ കാലത്തെ സിബിഐയുടെ പ്രവര്‍ത്തനം, പ്രത്യേകിച്ച് രാകേഷ് അസ്താനയെ സിബിഐ പ്രത്യേക ഡയറക്ടറാക്കിയ അവരുടെ നടപടി നോക്കണം. സ്‌റ്റെര്‍ലൈറ്റ് കേസുമായി ബന്ധമുള്ളയാളും സിബിഐ തന്നെ എടുത്ത കേസില്‍ അന്വേഷണം നേരിടുന്നയാളാണ് രാകേഷ് അസ്താന. അഴിമതി തടയുന്നതിനെക്കുറിച്ച് വാചകമടി നടത്തുന്ന മോദി സര്‍ക്കാര്‍ അദ്ദേഹത്തെ പ്രൊമോട്ട് ചെയ്തിക്കുന്നു. ഏത് തരത്തിലുള്ള റിപ്പബ്ലിക്കിലാണ് നമ്മള്‍ ജീവിക്കുന്നത്?

സി ബി ഐയെ ഗുജറാത്ത് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആക്കുമ്പോള്‍

നമ്മുടെ അന്വേഷണ ഏജന്‍സികളും രാഷ്ട്രീയ സംവിധാനവും തീര്‍ത്തും പ്രാപ്തിയില്ലാത്തതോ അല്ലെങ്കില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചതോ ആണെന്നതാണ് വസ്തുത. ഇത് യുവ ഇന്ത്യയ്ക്ക് സഹിക്കാന്‍ കഴിയുന്നതല്ല. നമ്മുടെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, അവര്‍ എങ്ങനെ പണം കണ്ടെത്തുന്നു, എന്തുകൊണ്ട് ചില പ്രത്യേക ബിസിനസുകള്‍ പെട്ടെന്ന് വികസിക്കുന്നു, എങ്ങനെ നമ്മുടെ വ്യവസ്ഥിതി ഉപജാപങ്ങള്‍ക്ക് കീഴ്‌പ്പെടുന്നു തുടങ്ങിയ ചോദ്യങ്ങളിലേയ്ക്കും അന്വേഷണങ്ങളിലേയ്ക്കും 2ജി കേസിലെ ഡല്‍ഹി കോടതിയുടെ വിധി പൊതുജനങ്ങളെ നയിക്കട്ടെ. ഇത് ജനരോഷവും പ്രതിഷേധവും കൂടുതല്‍ ശക്തമാക്കുന്ന നിര്‍ണായക വിധിയാകുമെന്ന് ഞാന്‍ കരുതുന്നു.

ന്യൂസ് റൂമുകളില്‍ ഭയം നിറഞ്ഞിരിക്കുന്നു; മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി: ജോസി ജോസഫ്‌

ഒരു മോദിഭക്തന്റെ കുമ്പസാരം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍