UPDATES

ട്രെന്‍ഡിങ്ങ്

മലയാളികൾ അർണാബ് കുഴിക്കുന്ന എല്ലാ കുഴികളിലും ചാടണമെന്നില്ല: പൊങ്കാല എന്ന ജാഗ്രതാനഷ്ടത്തെക്കുറിച്ച്

പ്രളയകാലത്ത് അർണാബ് കുഴിച്ച് വെള്ളം നിറച്ച ആറ്റിലേക്കച്യുതാ ചാടൊല്ല ചാടൊല്ല!

ചാനലിന്റെ റേറ്റിങ് കൂട്ടാൻ എത്ര കെട്ട പണി ചെയ്യാനും മടിയില്ലാത്തവരാണ് റിപ്പബ്ലിക് ടിവി എന്ന ആരോപണം നിലവിലുണ്ട്. രോഷാകുലമായ വാർത്താവതരണ രീതികൊണ്ട് ശ്രദ്ധ നേടിയ അർണാബ് ഗോസ്വാമി എന്ന മാധ്യമപ്രവർത്തകന്റെ രീതികളും അധാർമികമാണെന്ന ആരോപണവും നിലവിലുണ്ട്. മുൻപ്, ടൈംസ് നൗ ചാനലിലുണ്ടായിരുന്നപ്പോഴും തന്റെ പരിപാടിയുടെയും ചാനലിന്റെയും റേറ്റിങ് കൂട്ടിക്കാണിക്കാൻ ഇദ്ദേഹം ചില അധാർമികമായ ജോലികൾ ചെയ്തത് ചർച്ചകളിൽ വന്നിരുന്നു. വസ്തുതകള്‍ക്കും മാധ്യമപ്രവർത്തനപരമായ മൂല്യങ്ങൾക്കും വലിയ മുൻതൂക്കമൊന്നും നൽകാതെ അർണാബ് നടത്തുന്ന വാർത്താവതരണം രോഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം വേരോടിയിട്ടുള്ള കൗ ബെൽറ്റ്, ഹിന്ദി ബെൽറ്റ് മേഖലകളിലെ ഇംഗ്ലീഷ് സാക്ഷരത നേടിയ മധ്യവർഗക്കാർക്കിടയിൽ ജനപ്രിയത നേടിയിട്ടുണ്ട്. വിഷയത്തിന്റെ പ്രസക്തിയോ ഗൗരവമോ അല്ല, അവയുടെ ജനപ്രിയതയാണ് അർണാബ് തന്റെ ചർച്ചകൾക്കായി പരിഗണിക്കാറുള്ളത്.

റിപ്പബ്ലിക് ചാനലിന്റെ തുടക്കം മുതൽ തന്നെ റേറ്റിങ്ങിൽ അവർ നടത്തിയ കള്ളക്കളികൾ ചർച്ചയായിരുന്നു. റേറിങ് നടത്തുന്ന ഏജൻസിയായ ബ്രോഡ്കാസ്റ്റ് ഓഡിയൻ‌സ് റിസർച്ച് കൗൺസില്‍ അഥവാ BARC, ഈ കള്ളക്കളിക്ക് കൂട്ടു നിൽക്കുന്നതായും ആരോപണമുയർന്നു. ചില ചാനലുകൾ ബാർക്കിന്റെ കള്ളക്കളികളിൽ പ്രതിഷേധിച്ച് ഏജൻസിയിൽ നിന്നും വിടുതൽ വാങ്ങാൻ വരെ തയ്യാറായി.

എൻഡിടിവിയെക്കാൾ ഏതാണ്ട് അഞ്ചിരട്ടി വ്യൂവേഴ്സാണ് റിപ്പബ്ലിക് ടിവിക്ക് ലോഞ്ച് ചെയ്ത ഘട്ടത്തിൽ തന്നെ രേഖപ്പെടുത്തപ്പെട്ടത്. ഇത് എല്ലാവരിലും അമ്പരപ്പുണ്ടാക്കി. ഒരു ഘട്ടത്തിൽ അർ‌ണാബ് ഗോസ്വാമിയുടെ പ്രോഗ്രാമിന് ഏറ്റവും കൂടുതൽ കാഴ്ചക്കാർ ചെന്നൈയിൽ നിന്നാണെന്ന കണക്കുകൾ വന്നു. ഇതിലെ മറിമായം അർണാബിനെ പരിചയമില്ലാത്ത ചെന്നൈ നിവാസികൾ‌ക്കോ റേറ്റിങ് കളിയിൽ പിന്നിലായിപ്പോയ മറ്റു ടിവി ചാനലുകാർക്കോ ഇപ്പോഴും അറിയില്ല.

ബാർക്ക് നടത്തുന്ന അലവലാതിത്തരത്തിനെതിരെ നിരവധി ചാനലുകൾ രംഗത്തു വന്നെങ്കിലും കാര്യമൊന്നുമുണ്ടായില്ല.

ചാനലിന്റെ രജിസ്ട്രേഷനിൽ ചില തിരിമറികൾ നടത്തിയാണ് റിപ്പബ്ലിക് ടിവി ആദ്യത്തെ കളി കളിച്ചത്. ഇംഗ്ലീഷ് ചാനലായും, ദില്ലി പ്രദേശത്ത് ഹിന്ദി ചാനലായുമെല്ലാം ചാനലിനെ രജിസ്റ്റർ ചെയ്തു. ഇത് ചാനലിന് വ്യാജ ഇംപ്രഷൻ റേറ്റുകളുണ്ടാക്കിക്കൊടുത്തു. ചില വിതരണക്കാർക്ക് പണം നൽകി റിപ്പബ്ലിക് ചാനലിനെ ലാൻഡിങ് ചാനലാക്കി മാറ്റി. അതായത്, ടിവി തുറക്കുമ്പോൾ ആദ്യം ചെന്ന് ചാടുന്നത് റിപ്പബ്ലിക് ടിവിയിലേക്കായിരിക്കും. ഇതും ധാരാളം ഇംപ്രഷനുകൾ സമ്പാദിച്ചു നൽകി. ചുരുക്കത്തിൽ കാഴ്ചക്കാർക്ക് മുമ്പിൽ കാണിക്കുന്ന പണികളെല്ലാം ചാനലിന്റെ പിന്നാമ്പുറങ്ങളിലും നടന്നു.

ഇങ്ങനെയൊരു കെട്ട ചരിത്രമുള്ള ചാനൽ എന്തു കാര്യം ചെയ്യുമ്പോഴും ഒരു ജാഗ്രത വെക്കേണ്ടത് വകതിരിവുള്ള കാഴ്ചക്കാർ ചെയ്യേണ്ടതാണ്. ഇക്കഴിഞ്ഞദിവസം റിപ്പബ്ലിക് ചാനലില്‍ ഒരു വാർത്താവതരണത്തിനിടെ മലയാളികളെ ഇന്ത്യയിലെ ഏറ്റവും നാണം കെട്ടവർ എന്ന് വിശേഷിപ്പിച്ചപ്പോൾ അദ്ദേഹത്തെയും ചാനലിനെയും പൊങ്കാലയിടാൻ സോഷ്യൽ മീഡിയയിലെ കേരളീയരൊന്നടങ്കം ഇറങ്ങുകയുണ്ടായി. ഈ ആവേശത്തള്ളലിനു പിന്നിൽ ആലോചനയുടെ സാന്നിധ്യമില്ലെന്ന് വളരെ വ്യക്തമാണ്.

മലയാളികളുടെ പൊങ്കാല തുടങ്ങിയതിനു ശേഷവും റിപ്പബ്ലിക് ടിവി പ്രകോപനം തുടർന്നുവെന്നത് ശ്രദ്ധേയമാണ്. കേരളീയരാണോ അർണാബാണോ നാണംകെട്ടത് എന്ന ഒരു പോൾ അവർ റൺ ചെയ്യാൻ തുടങ്ങി ട്വിറ്ററിൽ. പരമാവധി പ്രകോപിപ്പിക്കുകയായിരുന്നു റിപ്പബ്ലിക് ടിവിയുടെ ലക്ഷ്യമെന്ന് നിശ്ചയം. പ്രകോപനം മലയാളികളെ മാത്രം ഉദ്ദേശിച്ചായിരിക്കാൻ വഴിയില്ല. മലയാളികൾക്കെതിരായി ഉത്തരേന്ത്യയിൽ ഉയർന്നിട്ടുള്ള പുതിയ ആഖ്യാനങ്ങളുടെ നിർമാതാക്കളെയും പ്രകോപിപ്പിക്കാൻ അവരുദ്ദേശിച്ചിരിക്കണം. അവസാന ലാക്ക് റേറ്റിങ് കൂട്ടൽ തന്നെ.

സോഷ്യൽ മീഡിയയിൽ പണ്ടൊരിക്കൽ മലയാളികൾ കേറി മേഞ്ഞതിനാൽ ഇനി അതിലും വലുതൊന്ന് അവർക്ക് ആ വഴിയിൽ വരാനില്ല. ടെലിവിഷൻ റേറ്റിങ്ങിനെ ഇടിക്കാൻ ആളുകൾ ആ ചാനൽ കാണാതിരിക്കണം. എന്നാൽ ഈ നെഗറ്റീവ് പബ്ലിസിറ്റിക്കിടയിൽ നാലുപേർ‌ കൂടുതലായി റിപ്പബ്ലിക് ടിവി കാണാൻ പോയിരിക്കാനാണ് സാധ്യത കൂടുതൽ. തങ്ങൾക്ക് വേരോട്ടം അധികമുള്ള ഉത്തരേന്ത്യൻ നാടുകളിൽ ജനപ്രിയത കൂട്ടാനും ഈ വെറുപ്പിന്റെ പ്രചാരണം വഴി ചാനലിന് സാധിച്ചിരിക്കുമെന്നാണ് കരുതേണ്ടത്.

ഈ സന്ദർഭത്തിൽ മലയാളിയോട് പറയാനുള്ളത് ഇത്രമാത്രം: പ്രളയകാലത്ത് അർണാബ് കുഴിച്ച് വെള്ളം നിറച്ച ആറ്റിലേക്കച്യുതാ ചാടൊല്ല ചാടൊല്ല!

Avatar

വാനവരമ്പന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍