UPDATES

ഭാരത ബന്ദും കേരളത്തിലെ ഹര്‍ത്താലും എന്തിന്? അറിയേണ്ടതെല്ലാം

കോൺഗ്രസ് പാർട്ടി ആഹ്വാനം ചെയ്ത ബന്ദിന് മറ്റ് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ

ഇന്ന് രാവിലെ ഒൻപത് മണി തൊട്ട് വൈകുന്നേരം മൂന്ന് മണിവരെയാണ് കോണ്‍ഗ്രസ്സ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് നടക്കുക. എന്നാല്‍ കേരളത്തില്‍ രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍. ഇടതുപക്ഷം മറ്റ് സംസ്ഥാനങ്ങളില്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണി വരെ 12 മണിക്കൂര്‍ ഭാരത ബന്ദാണ് ആഹ്വാനം ചെയ്തിട്ടുള്ളത്.

കോൺഗ്രസ് പാർട്ടി ആഹ്വാനം ചെ്യത ബന്ദിന് ഡിഎംകെ, എൻസിപി, ആർജെഡി, ജെഡിഎസ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും പിന്തുണ അറിയിച്ചിട്ടുണ്ട്. കൂടാതെ സിവിൽ സൊസൈറ്റി സംഘങ്ങളോടും എൻജിഒകളോടും ബന്ദിൽ പങ്കുചേരാൻ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. പശ്ചിമ ബംഗാളിൽ ത്രിണമൂൽ കോൺഗ്രസ് തെരുവുകളിൽ പ്രകടനം നടത്തുമെന്നും പൂർണ്ണമായും അടച്ചുപൂട്ടൽ ഉണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്.

സാധാരണക്കാരെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാണ് ബന്ദിന്റെ സമയം ക്രമീകരിക്കാൻ ശ്രമിച്ചതെന്ന് കോൺഗ്രസ് പാർട്ടിയുടെ കമ്മ്യൂണിക്കേഷൻ വകുപ്പ് അറിയിച്ചു. ഇന്ധന വിലയിലും എക്സൈസ് ഡ്യൂട്ടിയിലും ഉള്ള വർദ്ധനവാണ് ബന്ദിന്റെ കാരണങ്ങൾ. ബിജെപി സാധാരണ ജനങ്ങളെ പിഴിഞ്ഞെടുക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. കേന്ദ്ര എക്സൈസ് ഡ്യൂട്ടിയും സംസ്ഥാനങ്ങളിലെ അമിതമായ വാറ്റ് നികുതിയും അടിയന്തിരമായി ഒഴിവാക്കുക, പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയുടെ പരിധിക്ക് അകത്തു കൊണ്ടുവരിക തുടർന്നവയാണ് പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ. 2014 മുതൽ പെട്രോളിന്റെയും ഡീസലിന്റെയും വില 50 ശതമാനത്തോളം കൂടിയെന്നും പെട്രോളിന് മേലുള്ള എക്സൈസ് നികുതി 211 ശതമാനവും ഡീസലിന് മേലുള്ള എക്സൈസ് നികുതി 443 ശതമാനവും കൂടിയെന്നും കോണ്‍ഗ്രസ്സ് ആരോപിക്കുന്നു.

ബഹുമുഖമായ വിഷയങ്ങളിൽ ബിജെപി നയിക്കുന്ന സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നാണ് ജെഡിയു നേതാവ് ശരത് യാദവ്. ദളിതുകളും ആദിവാസികളും മറ്റ് പിന്നോക്ക വിഭാഗങ്ങളും കൂടുതലായി അക്രമിക്കപ്പെടുന്ന വിഷയവും അദ്ദേഹം ഉന്നയിച്ചു. ജനങ്ങളുടെ ദേഷ്യം പ്രകടിപ്പിച്ച് സർക്കാരിനെ ഉണർത്താനാണ് ബന്ദ് നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് പറഞ്ഞു. കോൺഗ്രസ് നേതാക്കളായ അശോക് ഗെഹ്്ലോട്ട്, അഹ്മദ് പട്ടേൽ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻസിപി നേതാവ് താരിഖ് അൻവർ എന്നീ പ്രതിപക്ഷ നേതാക്കൾ ശരത് യാദവിന്റെ വീട്ടിൽ നടന്ന ചർച്ചക്ക് ശേഷമാണ് ബന്ദിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായത്.

മഹാരാഷ്ട്ര, ബിഹാർ, കർണാടക, ഒഡീഷ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാകും ബന്ദ് നടക്കുക. മഹാരാഷ്ട്രയില്‍ ശിവസേന പിന്തുണയ്ക്കുന്നില്ല എങ്കിലും നവനിര്‍മ്മാണ സേനയുടെയും എന്‍ സി പിയുടെയും പിന്തുണയുണ്ട്. കര്‍ണ്ണാടകത്തില്‍ ജെ ഡി എസ് ബന്ദിനെ പിന്തുണയ്ക്കുന്നതിനാല്‍ ജനജീവിതത്തെ ബാധിക്കും. തമിഴ്നാട്ടില്‍ ഡി എം കെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളോട് യോജിക്കുന്നുവെങ്കിലും കടകളും മറ്റ് സേവനങ്ങളും അടഞ്ഞു കിടക്കുന്നതിനോട് താത്പര്യമില്ലെന്നും പൊതുസേവനം നിലനിർത്താൻ പരമാവധി നടപടികൾ എടുക്കുമെന്നുമാണ് പശ്ചിമ ബംഗാൾ സർക്കാരിന്റെ നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍