UPDATES

ട്രെന്‍ഡിങ്ങ്

എന്തുകൊണ്ട് നിതീഷും പാസ്വാനും മോദിയെക്കുറിച്ച് മിണ്ടുന്നില്ല? ബിജെപി സഖ്യകക്ഷികളുടെ നിശബ്ദതയ്ക്ക് കാരണമെന്ത്‌?

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ കഴിയാതെ, എന്‍ഡിഎ കക്ഷികള്‍ക്കെല്ലാം കൂടി ഭൂരിപക്ഷം ലഭിച്ചാല്‍, മോദി അല്ലാതെ മറ്റാരെങ്കിലും പ്രധാനമന്ത്രിയാകണം എന്ന് സഖ്യകക്ഷികള്‍ ആവശ്യപ്പെടും എന്ന സൂചന ഇത് നല്‍കുന്നുണ്ട്.

ബിഹാറില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സീറ്റ് വിഭജനം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ബിജെപിയും ജെഡിയുവും 17 സീറ്റുകളില്‍ വീതം മത്സരിക്കാനും ലോക് ജനശക്തി പാര്‍ട്ടി ആറ് സീറ്റുകളില്‍ മത്സരിക്കാനുമാണ് ധാരണയായിരിക്കുന്നത്. ബിഹാറില്‍ ഏകകണ്‌ഠേനയാണ് സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനമെടുത്തതെന്നും 2014നേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് മിണ്ടിയില്ല.

അയോധ്യയിലെ രാമക്ഷേത്രം എന്‍ഡിഎയുടെ അജണ്ടയിലില്ലാത്ത വിഷയമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. കേന്ദ്ര മന്ത്രിയും എല്‍ജെപി നേതാവുമായ രാം വിലാസ് പാസ്വാന്‍ മോദിയെ ചെറുതായി പരാമര്‍ശിച്ചെങ്കിലും ബിജെപിയെ അവഗണിച്ചു. മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എന്ന് പറഞ്ഞതുമില്ല. ബിജെപിയുടെ സഖ്യകക്ഷികള്‍ പുലര്‍ത്തുന്ന ഈ നിശബ്ദതയെക്കുറിച്ചാണ് ദ ടെലഗ്രാഫ് പറയുന്നത്. ബിജെപി ഓഫീസിന് പകരം അമിത് ഷായുടെ വീട്ടുമുറ്റത്താണ് വാര്‍ത്താസമ്മേളനം വിളിച്ചത്. സഖ്യകക്ഷികള്‍ മോദിയെ അവഗണിച്ചതിന് പിന്നില്‍ വ്യക്തമായ സന്ദേശമുണ്ടെന്ന് ടെലഗ്രാഫ് അഭിപ്രായപ്പെടുന്നു. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ കഴിയാതെ വന്നാല്‍ മോദി അല്ലാതെ മറ്റാരെങ്കിലും പ്രധാനമന്ത്രിയാകണം എന്ന് സഖ്യകക്ഷികള്‍ ആവശ്യപ്പെടും എന്ന സൂചന ഇത് നല്‍കുന്നുണ്ട്.

2014ല്‍ മോദി തരംഗത്തില്‍ ബിജെപി 22 സീറ്റ് പിടിച്ചിരുന്നു. എന്‍ഡിഎക്ക് 31 സീറ്റാണ് കിട്ടിയത്. ജെഡിയു എന്‍ഡിഎ വിട്ട് ഒറ്റയ്ക്ക് മത്സരിക്കുകയാണ് ചെയ്തത്. ജെഡിയു ഒപ്പമുണ്ടായിരുന്ന 2009ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് 32 സീറ്റാണ് കിട്ടിയത് എന്ന് തൊട്ടടുത്ത് നിന്നിരുന്ന അമിത് ഷായെ നിതീഷ് ഓര്‍മ്മിപ്പിച്ചു. 2014നേക്കാള്‍ കൂടുതല്‍ സീറ്റുകളല്ല, 2009നേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാനാണ് ശ്രമിക്കേണ്ടത്. കൂടുതല്‍ സീറ്റുകള്‍ ഇത്തവണ വേണമെന്ന രാം വിലാസ് പാസ്വാന്റെ ആവശ്യത്തെ ഒതുക്കിയത് പാസ്വാന് രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്തുകൊണ്ടാണ്. മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് പരാജയവും അധികാരം നഷ്ടമായതും ബിജെപിയെ വിട്ടുവീഴ്ചകള്‍ക്ക് പ്രേരിപ്പിക്കുന്നുണ്ട്.

വായനയ്ക്ക്: https://goo.gl/sKfRr3

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍