UPDATES

ട്രെന്‍ഡിങ്ങ്

രാഷ്ടപതിഭവനില്‍ നിന്ന് ആര്‍ എസ് എസ് ആസ്ഥാനത്തിലേക്ക്, വീണ്ടും ഭാരത് രത്ന വാങ്ങാന്‍ രാഷ്ട്രപതി ഭവനിലേക്ക്; പ്രണബ് മുഖര്‍ജിയെ ആദരിക്കുന്നതിന് പിന്നിലെ രാഷ്ട്രീയ ലാക്ക്

ഒരിക്കലും പ്രധാനമന്ത്രിയായില്ല. ഈ വിഷമമാണ് കോണ്‍ഗ്രസ് ഇതര ബിജെപി ഇതര ഫെഡറല്‍ മുന്നണി സംബന്ധിച്ച ചര്‍ച്ചയുടെ തീന്‍മേശയിലേയ്ക്ക് വരെ പ്രണബിനെ എത്തിച്ചത്.

രാഷ്ട്രീയ താല്‍പര്യത്തിന് അനുസൃതമായി മാത്രം, വിരുദ്ധ പ്രത്യയശാസ്ത്രങ്ങളുള്ളവരെ ഒഴിവാക്കി മാത്രം ഭാരത് രത്‌ന അടക്കമുള്ള സിവിലിയന്‍ ബഹുമതികള്‍ നല്‍കുന്ന സര്‍ക്കാരുകളുടെ രീതിയില്‍ നിന്ന് വേറിട്ട സമീപനമാണ് ഇത്തവണ മോദി സര്‍ക്കാര്‍ സ്വീകരിച്ചത് എന്നാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്. കോണ്‍ഗ്രസ് നേതാവായ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഭാരത് രത്‌ന പുരസ്‌കാരം നല്‍കിയതാണ് ഇതിന് ഉദാഹരണമായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇത്തവണത്തെ ഭാരത് രത്‌ന പുരസ്‌കാരങ്ങള്‍ നോക്കിയാല്‍ ഇത് വസ്തുതാവിരുദ്ധമാണ് എന്ന് വേണം കാണാന്‍. ആര്‍എസ്എസ് ക്ഷണപ്രകാരം നാഗ്പൂരിലെ സംഘടന ആസ്ഥാനത്ത് പോയി സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെ പുകഴ്ത്തി പ്രസംഗിച്ച പ്രണബ് മുഖര്‍ജി, ഒരു കാലത്തും ബിജെപിയുടെയോ സംഘപരിവാറിന്റെയോ നിശിത വിമര്‍ശകനൊന്നും ആയിരുന്നില്ല. ‘ഭാരതത്തിന്റെ മഹാനായ പുത്രന്‍’ എന്നാണ് ഹെഡ്‌ഗേവാറിനെ പ്രണബ് വിശേഷിപ്പിച്ചത്.

രാഷ്ട്രപതിയെന്ന നിലയില്‍ പലപ്പോളും മോദി സര്‍ക്കാരിന് കീഴില്‍ രാജ്യത്ത് ശക്തമാകുന്ന വര്‍ഗീയ അസഹിഷ്ണുതയ്‌ക്കെതിരെയും ആള്‍ക്കൂട്ട കൊലയ്‌ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെ പോലെ പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്ക് അപ്രിയനായിരുന്നില്ല പ്രണബ് മുഖര്‍ജി. ഹാമിദ് അന്‍സാരിയോടുള്ള നീരസവും ‘പ്രണബ് ദാ’യോടുള്ള ആദരവും മോദി പലപ്പോഴും പ്രകടിപ്പിക്കുകയും ചെയ്തു. ഗായകന്‍ ഭൂപന്‍ ഹസാരികയാണെങ്കില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചിട്ടുള്ളയാണ്. നാനാജി ദേശ് മുഖിന് ഭാരത് രത്‌ന നല്‍കാന്‍ മോദി സര്‍ക്കാരിന് മുന്നിലുള്ള ഒരേയൊരു യോഗ്യത ആര്‍എസ്എസുകാരനാണ് എന്നതാണ്.

മദന്‍മോഹന്‍ മാളവ്യയും സര്‍ദാര്‍ വല്ലഭായ് പട്ടേലും മുതല്‍ പ്രണബ് മുഖര്‍ജി വരെ, നെഹ്രു – ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള കോണ്‍ഗ്രസ് നേതാക്കളെ പുകഴ്ത്തുന്നതില്‍ ബിജെപിയുടെ രാഷ്ട്രീയം വ്യക്തമാണ്. കടുത്ത ജാതിവാദിയും കീഴ്ജാതിക്കാരോട് അയിത്തം കാണിച്ചിരുന്ന നേതാവും ഹിന്ദു ദേശീയവാദിയുമായിരുന്നു ഹിന്ദു മഹാസഭാ സ്ഥാപക നേതാക്കളിലൊരാള്‍ കൂടിയായ മാളവ്യ. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിത മന്ത്രി രാജ്കുമാരി അമൃത് കൗര്‍ അടക്കമുള്ളവര്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സര്‍ദാര്‍ പട്ടേല്‍ ആണെങ്കില്‍ ഹിന്ദുത്വവാദികളോട് മൃദു സമീപനം കാണിച്ചുപോന്ന നേതാവായിരുന്നു. നെഹ്രു കുടുംബത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി അവഗണിക്കപ്പെട്ട നേതാവ് എന്ന പട്ടേല്‍ ചിത്രീകരണം തന്നെയാണ് പ്രണബിന്റെ കാര്യത്തിലും ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്.

അഫ്‌സല്‍ ഗുരുവും യാക്കൂബ് മേമനുമടക്കം 37 പേരുടെ ദയാഹര്‍ജി തള്ളിയ പ്രണബ്, സംഘപരിവാറിന്റെ പേശീബല ഹിന്ദുത്വ ആധിപത്യത്തിന് അനുയോജ്യനായ നേതാവാണ്. പ്രണബ് മുഖര്‍ജിയെ ആദരിക്കുന്നതിലൂടെ ബംഗാളില്‍ തങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കും എന്ന് ബിജെപി കരുതുന്നു. ബംഗാളി ഭദ്രലോകിനെയാണ് (മധ്യവര്‍ഗം) ബിജെപി പ്രധാനമായും ലക്ഷ്യം വക്കുന്നത്. മമത ബാനര്‍ജിയും സിപിഎമ്മും ബിജെപിയും ഒരുപോലെ പിന്തുണച്ച രാഷ്ട്രീയ വ്യക്തിത്വമാണ് പ്രണബ് മുഖര്‍ജി. നിയോലിബറല്‍ സാമ്പത്തികനയങ്ങളുടെ ശക്തനായ വക്താവായിരുന്ന പ്രണബ് മുഖര്‍ജിയെ സിപിഎം പിന്തുണച്ചത് പാര്‍ട്ടിക്കകത്ത് വിമര്‍ശനങ്ങളുയര്‍ത്തി. പ്രസേന്‍ജിത്ത് ബോസിനെ പോലുള്ളവര്‍ പാര്‍ട്ടി വിടുന്നതും പ്രണബിന് നല്‍കിയ പിന്തുണയില്‍ പ്രതിഷേധിച്ചാണ്. 2008ല്‍ സിപിഎം അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് യുഎസുമായുള്ള ആണവ കരാറില്‍ എതിര്‍പ്പ് ഉയര്‍ത്തിയാണ്. ആണവ കരാറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ തീരുമാനത്തിനൊപ്പം പ്രധാന പങ്ക് വഹിച്ചവരിലൊരാള്‍ പ്രണബ് മുഖര്‍ജി ആയിരുന്നു.

ഇന്ത്യക്ക് ഒരു കാലത്തും ഉണ്ടാകാത്ത പ്രധാനമന്ത്രി എന്ന് പ്രണബ് വിശേഷിപ്പിക്കപ്പെട്ടു. ഇന്ദിര ഗാന്ധിയുടെ വിശ്വസ്തനായിരുന്നു പ്രണബ്. ഇന്ദിരയുടെ അഭാവത്തില്‍ മന്ത്രിസഭ യോഗങ്ങള്‍ക്ക് അധ്യക്ഷത വഹിച്ചിരുന്നത് കോണ്‍ഗ്രസ് രാജ്യസഭ കക്ഷി നേതാവായിരുന്ന പ്രണബ് ആയിരുന്നു. 1984ല്‍ ഇന്ദിര കൊല്ലപ്പെട്ടപ്പോള്‍ താനായിരിക്കും പ്രധാനമന്ത്രി എന്ന് അന്ന് കാബിനറ്റിലെ രണ്ടാമനായിരുന്ന പ്രണബ് വിശ്വസിച്ചു. എന്നാല്‍ രാജീവ് ഗാന്ധിക്ക് മുന്നില്‍ ആ സാധ്യത അടഞ്ഞു പിന്നീടുള്ള അഞ്ച് വര്‍ഷം പ്രണബിനെ രാജീവ് ഗാന്ധി അടുപ്പിച്ചില്ല. കോണ്‍ഗ്രസ് വിട്ട് പുറത്തുപോയ പ്രണബ് രാഷ്ട്രീയ സമാജ് വാദി കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി തന്നെ 1986ല്‍ രൂപീകരിച്ചു. പിന്നീട് രാജീവിന്റെ മരണ ശേഷം 1993ലാണ് പ്രണബ് വീണ്ടും രാജ്യസഭയിലെത്തുന്നത്. നരസിംഹ റാവുവാണ് പ്രണബിനെ വീണ്ടും ഉയര്‍ത്തിയത്.

ജനവിധി നേടി ലോക്‌സഭയിലെത്താന്‍ കഴിയാതെ രാജ്യസഭ വഴി എളുപ്പത്തില്‍ അധികാരത്തിലെത്തുന്നയാള്‍ എന്ന വിമര്‍ശനവും ദുഷ്‌പേരും പ്രണബ് 2004ലെ തിരഞ്ഞെടുപ്പില്‍ ജംഗപ്പൂരില്‍ നിന്നുള്ള വിജയത്തോടെ കഴുകിക്കളഞ്ഞു. 2009ലും വിജയം ആവര്‍ത്തിച്ചു. എന്നാല്‍ രാജീവ് ഗാന്ധിക്ക് പ്രണബിലുണ്ടായിരുന്ന വിശ്വാസക്കുറവ് 2004ലും പ്രധാനമന്ത്രി സാധ്യതകള്‍ അടച്ചു.

2004ലെ തന്റെ പ്രധാനമന്ത്രി പ്രതീക്ഷകളെക്കുറിച്ച് The Coalition Years എന്ന തന്റെ ഓര്‍മ്മക്കുറിപ്പുകളുടെ പ്രകാശനവേളയില്‍ മന്‍മോഹന്‍ സിംഗിന്റെ സാന്നിധ്യത്തില്‍ പിന്നീട് പ്രണബ് തുറന്നുപറഞ്ഞു. 2009ലോ അല്ലെങ്കില്‍ 2012ലെങ്കിലും സോണിയ തന്നെ പ്രധാനമന്ത്രിയാക്കും എന്ന് വിചാരിച്ചു എന്ന് മറയില്ലാതെ പ്രണബ് തുറന്നുപറഞ്ഞു. 2012ല്‍ പ്രണബിനെ രാഷ്ട്രപതിയാക്കി പ്രധാനമന്ത്രി സ്ഥാനത്തിനുള്ള സാധ്യതകള്‍ സോണിയ അടച്ചു. മന്‍മോഹന്‍ സിംഗിനെ രാഷ്ട്രപതിയാക്കി പ്രണബിനെ പ്രധാനമന്ത്രിയാക്കുക എന്ന നിര്‍ദ്ദേശം സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് അടക്കമുള്ളവര്‍ ഒരു ഘട്ടത്തില്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഇത് കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചില്ല.

നെഹ്രു കുടുംബത്തിന്റെ താല്‍പര്യത്തിനനുസൃതമായി വിധേയനായി, വിശ്വസ്തനായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്തത് കൊണ്ടാണ് പ്രണബ് എക്കാലും തഴയപ്പെട്ടതെന്നും 2004ല്‍ Accidental Prime Minister ആയി മന്‍മോഹന്‍ സിംഗ് എത്തിയത് എന്നും ബിജെപി വ്യാപകമായി പ്രചരിപ്പിച്ചു. 2004 മുതല്‍ 2012 വരെ പ്രതിരോധവും വിദേശകാര്യവും ധനകാര്യവുമടക്കമുള്ള വകുപ്പുകള്‍ കൈകര്യം ചെയ്ത പ്രണബ് ഒരിക്കലും പ്രധാനമന്ത്രിയായില്ല. ഈ വിഷമമാണ് കോണ്‍ഗ്രസ് ഇതര ബിജെപി ഇതര ഫെഡറല്‍ മുന്നണി സംബന്ധിച്ച ചര്‍ച്ചയുടെ തീന്‍മേശയിലേയ്ക്ക് വരെ പ്രണബിനെ എത്തിച്ചത്. പ്രധാനമന്ത്രിയാക്കാമെന്ന ഓഫര്‍ വരെ ആര്‍എസ്എസ് പ്രണബിന് മുന്നില്‍ വച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍