UPDATES

നക്‌സല്‍ബാരിയുടെ അമ്പത് വര്‍ഷങ്ങള്‍

വളര്‍ന്നുകൊണ്ടിരിക്കുന്ന അപകടത്തെ കുറിച്ച് ഇടതുപക്ഷ കക്ഷികള്‍ ബോധവാന്മാരാണ്.

ഇനിയും ബിജെപിക്കും ഹിന്ദുത്വ ശക്തികള്‍ക്കും പൂര്‍ണമായും കീഴടങ്ങിയിട്ടില്ലാത്ത കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, ഒഡിഷ, തെലുങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ വളര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി 95 ദിവസം നീണ്ടുനില്‍ക്കുന്ന വിസ്താരക് യാത്രയുടെ തുടക്കം കുറിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഏപ്രില്‍ 25ന് പശ്ചിമ ബംഗാളിലെ നക്‌സല്‍ബാരി ഗ്രാമത്തില്‍ നിന്നുകൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇങ്ങനെ പ്രഖ്യാപിച്ചു: ‘ഇവിടെയാണ് കലാപങ്ങള്‍ ആരംഭിച്ചത്. ഇതേ നക്‌സല്‍ബാരിയില്‍ ഇപ്പോള്‍ മോദിജിയുടെ ‘എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം’ എന്ന മുദ്രാവാക്യം മുഴങ്ങുന്നു. അക്രമത്തെ അടിച്ചമര്‍ത്താന്‍ വികസനത്തിന് കഴിയുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്.’ എന്തുകൊണ്ടാണ് അമിത് ഷാ തന്റെ യാത്രയുടെ തുടക്കം നക്‌സല്‍ബാരിയില്‍ നിന്നും തന്നെ ആരംഭിച്ചത്?

ഇതിന്റെ കാരണം അറിയണമെങ്കില്‍ നമ്മള്‍ അമ്പത് വര്‍ഷം പിറകിലേക്ക് സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഭൂപ്രഭുക്കളുടെ ചൂഷണങ്ങള്‍ക്കും പീഢനങ്ങള്‍ക്കുമെതിരെ രാജ്യം കണ്ട ഏറ്റവും വലിയ പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും തുടക്കം കുറിച്ച സ്ഥലമാണിത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജന്മിത്വത്തിനും ചൂഷണങ്ങള്‍ക്കുമെതിരെ അതുവരെ പോരാടിയിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളരുകയും മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധികാരത്തിന്റെ രുചികള്‍ക്ക് വേണ്ടി സമരങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തുകയും ചെയ്തതില്‍ നിരാശരായ ഒരു സംഘം ചെറുപ്പക്കാര്‍ പുറത്തുവരികയും വിമോചനത്തിന്റെ പുതിയ പാതകള്‍ സ്വീകരിക്കുകയും ചെയ്തു.

1967 മാര്‍ച്ചിലാണ് ഇത്തരത്തിലുള്ള ഒരു മുന്നേറ്റത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. വടക്കന്‍ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലെ നക്‌സല്‍ബാരി ഗ്രാമത്തില്‍, പിന്നീട് പതിറ്റാണ്ടുകളായി തുടരുന്ന ഈ പോരാട്ടത്തിന്റെ ആദ്യകാഹളം മുഴങ്ങി. ചാരു മജുംദാര്‍, കനു സന്യാല്‍, ജംഗല്‍ സന്താള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഈ ജനമുന്നേറ്റം. ഭൂ ഉടമകളില്‍ നിന്നും ഭൂമിയും ധാന്യങ്ങളും പിടിച്ചെടുക്കുകയും അത് കര്‍ഷകത്തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തു.

ക്രൂരമായ പോലീസ് അതിക്രമം അഴിച്ചുവിട്ടുകൊണ്ട് സര്‍ക്കാരും ഭൂ ഉടമകളും തിരിച്ചടിച്ചു. ഇതില്‍ പ്രതിഷേധിച്ച് മേയ് 24ന് ജൂരുജോട്ടിലെ പോലീസ് സ്‌റ്റേഷന്‍ ആയിരക്കണക്കിന് ആളുകള്‍ ഘെരാവോ ചെയ്തു. ഇന്‍സ്‌പെക്ടര്‍ സോനം വാങ്ടി കൊല്ലപ്പെടുകയും മൂന്ന് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിരിച്ചടിച്ച പോലീസ് പിറ്റെ ദിവസം ബെങ്കായ് ജോട്ടെ ഗ്രാമത്തില്‍ എട്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ 11 ഗ്രാമീണരെ വെടിവെച്ചുകൊന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ സായുധ പ്രതിരോധത്തിന്റെ തുടക്കമായിരുന്നു അത്. ഇത് അയല്‍രാജ്യമായ നേപ്പാളിലേക്ക് പോലും വളര്‍ന്നു. ഇപ്പോഴത്തെ മാവോയിസ്റ്റുകള്‍ക്ക് പ്രചോദനമായി വര്‍ത്തിക്കുന്നതും ആ ജനമുന്നേറ്റമായിരുന്നു. അവിടെ നിന്നുകൊണ്ടാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ നവഅപ്പോസ്തലനായ അമിത് ഷാ പുതിയ സാമ്രാജ്യങ്ങള്‍ കീഴടക്കാന്‍ പുറപ്പെടുന്നത്.

സിപിഐ (എംഎല്‍) ലിബറേഷന്‍ എന്ന സംഘടനയും മറ്റ് ചില ചെറുസംഘങ്ങളും നക്‌സല്‍ബാരിയുടെ അമ്പതാം വാര്‍ഷികം ആഘോഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും നക്‌സല്‍ബാരി ഗ്രാമത്തിലെങ്കിലും അതൊരു ദുര്‍ബല ശ്രമമാണ്. എന്നാല്‍ മേയ് 29-ന് നടക്കുന്ന ചടങ്ങില്‍ പുതിയ 220 അംഗങ്ങളെ പാര്‍ട്ടിയില്‍ ചേര്‍ക്കുമെന്ന് നക്‌സല്‍ബാരി ബ്ലോക്ക് ബിജെപി അധ്യക്ഷന്‍ ദിലീപ് ബറൂയി പറയുന്നു. നക്‌സല്‍ബാരി, മതിഗാര, ബാഗ്‌ദോഗ്ര, ബാടാസി തുടങ്ങിയ ഗ്രാമങ്ങളിലെ സിപിഎം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേരുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. 2014ല്‍ നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്ലാ പഞ്ചായത്തിലും ബിജെപി ഒന്നോ രണ്ടോ സീറ്റുകള്‍ നേടിയതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി തൃണമൂലിന് തൊട്ടു പിന്നില്‍ മൂന്നാമതായി എത്തിയിരുന്നു. കോണ്‍ഗ്രസ്-സിപിഎം സഖ്യമാണ് ഇവിടെ വിജയിച്ചത്. ഇടതുപക്ഷത്തിന് മേധാവിത്വം ഉണ്ടായിരുന്ന മേഖലയില്‍ ഇപ്പോള്‍ ജനങ്ങള്‍ അവരെ അനുകൂലിക്കുന്നില്ലെന്നും ബിജെപിയാണ് ഭാവി എന്നവര്‍ തിരിച്ചറിഞ്ഞതായും ബറൂയി പറയുന്നു.

നക്‌സല്‍ബാരി പിടിച്ചടുക്കന്നതിന് അപ്പുറം ബിജെപിക്ക് ചില വിശാല ലക്ഷ്യങ്ങളുണ്ടെന്ന് സിപിഎം (എല്‍) ഡാര്‍ജിലിംഗ് ജില്ല സെക്രട്ടറിയും ചാരു മജുംദാറിന്റെ മകനുമായ അഭിജീത് മജുംദാര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ ഇഷ റോയിയോട് പറഞ്ഞു. രാജ്യത്തെ ഹിന്ദുത്വ ശക്തികളുടെ അഭൂതപൂര്‍വമായ വളര്‍ച്ചയെ ചെറുക്കാന്‍ ഇടതുപക്ഷത്തിനെ കഴിയൂ എന്ന് അമിത് ഷായ്ക്ക് അറിയാമെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ടാണ് ഉത്തര്‍പ്രദേശില്‍ ജയിച്ചപ്പോള്‍ ബംഗാളും കേരളവും കീഴടക്കുമ്പോള്‍ മാത്രമേ ബിജെപിയുടെ സുവര്‍ണകാലം ആരംഭിക്കൂവെന്ന് ഷാ പ്രഖ്യാപിച്ചതെന്നും അഭിജിത് ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തെ തുടച്ചുനീക്കുകയാണ് അവരുടെ ലക്ഷ്യം.

ഇതിന്റെ ഭാഗമായി നക്‌സല്‍ബാരിയിലേക്ക് സര്‍ക്കാര്‍ ധനസഹായങ്ങള്‍ ഒഴുകുന്നു. നേരത്തെ തേയില തോട്ടങ്ങള്‍ മാത്രമുണ്ടായിരുന്നു ഇവിടുത്തെ ആറ് പഞ്ചായത്തുകളെ വിഭജിക്കുന്ന ദേശീയപാത ആറുവരിയാക്കി മാറ്റിയിരിക്കുന്നു. ഭൂമിയുടെ വില കുതിച്ചുയരുന്നു. കൃഷിഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യം ഉയര്‍ന്ന അരനൂറ്റാണ്ടിനിപ്പുറം ഭൂമിയ്ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ കൂടുതല്‍ നിഗൂഢമായിരിക്കുന്നു. ഭൂമാഫിയ എന്ന പുതിയ ഭൂസ്വാമിമാരുടെ വര്‍ഗ്ഗത്തിന് തോക്കുകളെയോ പ്രതിഷേധങ്ങളെയോ നേരിടേണ്ടി വരുന്നില്ല. ഇന്‍സ്പെക്ടര്‍ വാങ്ടി കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത് ആദിവാസി കുട്ടികളെ പഠിപ്പിക്കുന്നതിനായി മണി മഹാതോ 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജാരുജോതെയില്‍ ആരംഭിച്ച പ്രൈമറി സ്‌കൂള്‍ 2011-ല്‍ അടച്ചുപൂട്ടി. മഹാതോ ഇപ്പോള്‍ പഠിപ്പിക്കുന്നില്ല. ഒരു ചെറിയ കടയില്‍ ചാട്ട് വിറ്റ് ജീവിക്കുന്നു.

1967ലെ പ്രസ്ഥാനത്തിലൂടെ തങ്ങക്കെല്ലാം ഭൂമി ലഭിച്ചതായി മഹാതോ ഓര്‍ക്കുന്നു. പക്ഷെ ഭൂമാഫിയയുടെ സഹായത്തോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂഉടമകളുടെ പിന്മുറക്കാര്‍ എന്ന് അവകാശപ്പെട്ട് ഒരു സംഘം എത്തി. നഷ്ടപരിഹാരം വാങ്ങി ഭൂമി ഒഴിഞ്ഞുകൊടുക്കാന്‍ ഭൂമാഫിയ തങ്ങളോട് ആവശ്യപ്പെട്ടതായി മഹാതോ പറയുന്നു. അല്ലെങ്കില്‍ ദീര്‍ഘകാലം കോടതിയില്‍ കയറിയിറങ്ങേണ്ടി വരുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. തന്റെ ഒന്നര ബിഗാസ് (ഏകദേശം 38 സെന്റ്. നാല് ബിഗാസ് ആണ് ഒരു ഏക്കര്‍) ഭൂമി വെറും രണ്ട് ലക്ഷം രൂപയ്ക്കാണ് വിട്ടുകൊടുത്തതെന്നും മഹാതോ പറയുന്നു.

ഇതില്‍ പലരും വ്യാജന്മാരായിരുന്നു. യഥാര്‍ത്ഥ പിന്മുറക്കാര്‍ വന്നപ്പോള്‍ അവരും ഭൂമാഫിയയുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കി. മണിപ്പൂര്‍, നാഗലാന്റ്, ഷില്ലോംഗ് എന്നിവിടങ്ങളില്‍ നിന്നുള്ള സമ്പന്നരാണ് ഇവിടെ വന്ന് ഭൂമിമാഫിയയില്‍ നിന്നും ഭൂമി വാങ്ങുന്നത്. നേപ്പാളില്‍ ഭൂമി വാങ്ങാന്‍ സാധിക്കാത്തവരും നക്‌സല്‍ബാരിയിലേക്ക് വരുന്നു. നേരത്തെ നാമമാത്രമായ ഭൂമിയുടെ ഉടമസ്ഥത ഉണ്ടായിരുന്ന ഇവിടുത്ത 50ല്‍ പരം ആദിവാസി കുടുംബങ്ങള്‍ എല്ലാം ദിവസക്കൂലിക്കാരായി മാറിക്കഴിഞ്ഞു. പലരും തൊഴില്‍ അന്വേഷിച്ച് കേരളത്തിലേക്കും ഗുജറാത്തിലേക്കും ചെന്നൈയിലേക്കും പോയിക്കഴിഞ്ഞു.

ഇവിടെ സിപിഎമ്മിനോ തൃണമൂലിനോ ഒന്നും ചെയ്യാനില്ലെന്ന് മഹാതോ പറയുന്നു. അതിനാല്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയോടൊപ്പം നിന്നതായി അദ്ദേഹം സമ്മതിക്കുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികള്‍ക്കും തങ്ങള്‍ അവസരം നല്‍കിയെന്നും അതിനാല്‍ ഇപ്പോള്‍ ബിജെപിയെ പരീക്ഷിക്കുകയാണെന്നും മഹാതോ വിശദീകരിക്കുന്നു.
നക്‌സല്‍ പ്രസ്ഥാനത്തിലെ ആദ്യകാല അംഗങ്ങളില്‍ ഒരാളായ കാന്ദ്ര മുര്‍മുവിന് ഇപ്പോള്‍ 62 വയസായി. ബിത്തന്‍ ജോട്ടെയിലാണ് അദ്ദേഹം ഇപ്പോഴും ജീവിക്കുന്നത്. പങ്കുകൃഷിക്കാരുടെ കുടുംബത്തില്‍ പിറന്ന മുര്‍മുവിന് ഇപ്പോഴും 25 സെന്റ് ഭൂമിയുണ്ട്. പക്ഷെ ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടം തിരികെ എത്തിയിരിക്കുന്നു. പ്രക്ഷോഭങ്ങളുടെ ഒടുവില്‍ എല്ലാവര്‍ക്കും ഭൂമി കിട്ടിയെന്ന് ചാരും മുജുംദാര്‍ ഉറപ്പാക്കിയിരുന്നു. പങ്കുകൃഷി അവസാനിക്കുകയും എല്ലാവര്‍ക്കും പട്ടയം ലഭിക്കുകയും ചെയ്തതായി മുര്‍മു പറുന്നു. പക്ഷെ രേഖകളില്‍ ഇപ്പോഴും ഭൂമി ഭൂഉടമയുടെ പേരിലാണ്. പഞ്ചായത്തില്‍ പരാതി പറഞ്ഞിട്ട് ഒരു ഫലവും ഉണ്ടായില്ല. സാഹചര്യങ്ങള്‍ മാറിയെന്നും ഇനി സായുധസമരത്തിന് പ്രസക്തിയില്ലെന്നും മുര്‍മു ചൂണ്ടിക്കാണിക്കുന്നു. 12-ാം വയസില്‍ നക്‌സല്‍ പ്രസ്ഥാനത്തില്‍ ചേര്‍ന്ന മുര്‍മു നിരവധി വര്‍ഷം ഒളിവിലായിരുന്നു. തന്റെ നല്ലകാലം ചിലവഴിച്ച സമരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അദ്ദേഹം നിരാശനാണ്. നക്‌സല്‍ബാരിയില്‍ മാത്രമല്ല രാജ്യത്ത് മിക്കയിടത്തും ഇപ്പോഴും ജന്മി സമ്പ്രദായം ഇപ്പോഴും നിലനില്‍ക്കുന്നതായി അദ്ദേഹം പറയുന്നു. ഇപ്പോഴത്തെ യുദ്ധം കൂടുതല്‍ സങ്കീര്‍ണമാണെന്നും സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സ്വയം സേവിക്കുക മാത്രമാണ് ചെയ്യുന്നതെന്നും മുര്‍മു നിരീക്ഷിക്കുന്നു.

നക്‌സല്‍ബാരി-മതിഗാര-ബാഗ്‌ദോഗ്ര പ്രദേശങ്ങളില്‍ ഭൂമികൈയേറ്റം നടക്കുന്നുണ്ടെന്ന് ഡാര്‍ജിലിംഗ് ജില്ല മജിസ്‌ട്രേട്ട് ജോയ്ശ്രീ ദാസ്ഗുപ്തയും സമ്മതിക്കുന്നുണ്ട്. ആദിവാസികള്‍ക്ക് ഇവിടെ കൃഷി ചെയ്യുന്നതിന് ഭൂമിക്ക് പട്ടയം നല്‍കിയിട്ടുണ്ടെന്നും അതിലെ നിബന്ധനകള്‍ക്ക് വിരുദ്ധമായി അവര്‍ അത് വിറ്റാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ല എന്നുമാണ് അവര്‍ പറയുന്നത്.

നക്‌സല്‍ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായി അറിയപ്പെടുന്ന ശാന്തി മുണ്ട പറയുന്നത് തന്റെ ഗ്രാമമായ ഹാസിഗിസയിലും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ലെന്നാണ്. തൊഴിലില്ല. ജനങ്ങള്‍ക്ക ഭക്ഷണം ലഭിക്കുന്നില്ല. അതിനാല്‍ തന്നെ മറ്റ് മാര്‍ഗ്ഗമില്ലാതെ അവര്‍ക്ക് ഭൂമി വില്‍ക്കേണ്ടി വരുന്നു. തേയിലത്തോട്ടങ്ങള്‍ അടച്ചു പൂട്ടുന്നു. തൊഴിലാളികള്‍ക്ക് ഒരു കിലോ അരി രണ്ട് രൂപ നിരക്കില്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ രണ്ട് രൂപ കൊടുക്കാന്‍ പോലും തങ്ങളുടെ കൈയില്‍ ഇല്ലെന്ന് ശാന്തി മുണ്ട പറയുന്നു. മോദിജിയുടെ ആളുകള്‍ തന്നെ തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടെന്ന് 1982ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ അവര്‍ പറയുന്നു. മേഖലയുടെ വികസനത്തിന് വലിയ വാഗ്ദാനങ്ങളാണ് അവര്‍ നല്‍കുന്നതെന്നും ശാന്തി മുണ്ട പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തകനായ സുജിത് ദാസ് 1999ല്‍ നക്‌സല്‍ബാരി ശ്രദ്ധ ശിശു തീര്‍ത്ഥ വിദ്യാലയ എന്ന സ്‌കൂള്‍ ആരംഭിച്ചു. അദ്ദേഹം തന്നെയാണ് സ്‌കൂളിന്റെ പ്രിന്‍സിപ്പാളും. വാടകയ്‌ക്കെടുത്ത ഒറ്റമുറി കെട്ടിടത്തില്‍ ആരംഭിച്ച സ്‌കളിന് വലിയ ധനസഹായം ലഭിക്കുകയും 2002ല്‍ രണ്ട് ഏക്കര്‍ ഭൂമി വാങ്ങുകയും ചെയ്തു. ഇപ്പോള്‍ എട്ടാം ക്ലാസുവരെയുള്ള സ്‌കൂളില്‍ കൂടുതലും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട കുട്ടികളാണ് പഠിക്കുന്നത്. സ്‌കൂള്‍ പത്താം ക്ലാസുവരെ ഉയര്‍ത്തുകയാണ് ലക്ഷ്യം. സാധാരണ ക്ലാസുകള്‍ക്ക് പുറമെ ഇവിടെ യോഗയും ധര്‍മ്മശാസ്ത്രവും സംഗീതവും അഭ്യസിപ്പിക്കുന്നു. ദേശഭക്തി ഗാനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നു. കുട്ടികളില്‍ സസ്യഭക്ഷണ ശീലം വളര്‍ത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ‘ശരിയായ ജീവിതചര്യ’ പഠിപ്പിക്കുന്നതിനായി വര്‍ഷത്തില്‍ രണ്ട് മൂന്ന് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.

വടക്കന്‍ ബംഗാളിലെ 60 ശതമാനം വോട്ടുകളും തേയിലത്തോട്ടങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. നക്‌സല്‍ബാരി പട്ടണത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് ശാഖയുടെ ഉപദേശകന്‍ കൂടിയാണ് ദാസ്. ആര്‍എസ്എസ് അംഗത്വം വര്‍ദ്ധിക്കുന്നതായി പറഞ്ഞ അദ്ദേഹം മുസ്ലീം ഭൂരിപക്ഷ മാല്‍ഡയില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനായി നക്‌സല്‍ബാരിയില്‍ നിന്നുള്ള 17 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോയിരിക്കുകയാണെന്നും വെളിപ്പെടുത്തി.

വളര്‍ന്നുകൊണ്ടിരിക്കുന്ന അപകടത്തെ കുറിച്ച് ഇടതുപക്ഷ കക്ഷികള്‍ ബോധവാന്മാരാണ്. സിപിഐ (എംഎല്‍) ലിബറേഷന്റെ ഓഫീസിന് മുന്നില്‍ ‘ബിജെപി-ആര്‍എസ്എസ് സഖ്യത്തിന്റെ ആക്രമണം ചെറുക്കുക’ എന്നൊരു ബാനര്‍ കാണാം. നക്‌സല്‍ബാരിയുടെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിനായി സിലിഗുഡിയില്‍ അവര്‍ പൊതുസമ്മേളനവും റാലിയും നടത്തുന്നുണ്ട്. രാജ്യത്തെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകള്‍ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇടതുപക്ഷത്തിലെ അനൈക്യമാണ് ബിജെപി മുതലെടുക്കുന്നതെന്ന് അഭിജിത് മജുംദാര്‍ കുറ്റപ്പെടുത്തുന്നു. ബിജെപിയുടെ കോര്‍പ്പറേറ്റ് ഫാസിസ്റ്റ് അജണ്ടയ്‌ക്കെതിരെ ഇടതു കക്ഷികള്‍ ഒന്നിച്ച് നില്‍ക്കണം എന്ന ആഹ്വാനം തങ്ങള്‍ 2014ല്‍ തന്നെ നടത്തിയിരുന്നുവെന്നും മുന്നണി ചേരാന്‍ ആം ആദ്മി പാര്‍ട്ടിയെ ഉള്‍പ്പെടെ ക്ഷണിച്ചിരുന്നുവെന്നും മജുംദാര്‍ പറയുന്നു. പ്രകാശ് കാരാട്ട് ഇതിനോട് അനുകൂലമായി പ്രതികരിച്ചെങ്കിലും നീക്കം ഇപ്പോഴും തുടങ്ങിയിടത്ത് തന്നെ നില്‍ക്കുകയാണ്.

ബിജെപി-ആര്‍എസ്എസ് സഖ്യം നക്‌സല്‍ബാരിയില്‍ പതിവ് സാമുദായിക രാഷ്ട്രീയം കളിക്കുകയാണെന്നും ഇതിനെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ തങ്ങള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും തൃണമൂല്‍ ഡാര്‍ജിലിംഗ് ജില്ല വൈസ്പ്രസിഡന്റ് അമര്‍ സിന്‍ഹ ചൂണ്ടിക്കാണിക്കുന്നു. ചിലരെ ആകര്‍ഷിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ടെങ്കിലും ഭൂരിക്ഷവും അവരെ തിരിച്ചിറിയുന്നുണ്ട് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ബിജെപിക്ക് ചില വെളിച്ചം നല്‍കുന്നു എന്നതിനപ്പുറം ഷായുടെ സന്ദര്‍ശനത്തിന് പ്രത്യേക പ്രസക്തിയൊന്നുമില്ലെന്നാണ് കോണ്‍ഗ്രസിന്റെ ബംഗാള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഒപി മിശ്ര പറയുന്നത്. ഇവിടെ കോണ്‍ഗ്രസ്-സിപിഎം സഖ്യം ശക്തമാണെന്ന് പറഞ്ഞ മിശ്ര, ഭൂമാഫിയയെ നിയന്ത്രിക്കുന്നത് തൃണമൂലാണെന്നും ആരോപിച്ചു. സിലിഗുഡിയുടെ താഴ്വരയിലാണ് നക്‌സല്‍ബാരി എന്നതിനാല്‍ ഭൂമി വില ഉയരുകയാണ്. ഇത് ഭൂമാഫിയ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഭരണകൂടവും പോലീസും അവര്‍ക്ക് ഒത്താശ ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് മിശ്ര ചൂണ്ടിക്കാണിക്കുന്നു.

നക്‌സലൈറ്റുകളെ പൂര്‍ണമായും തള്ളിക്കളയാന്‍ സമയമായിട്ടില്ലെന്ന് ശാന്തി മുണ്ട സമ്മതിക്കുന്നുണ്ട്. ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രസ്ഥാനം അപ്രസക്തമായി എന്നത് സത്യമാണ്. എന്നാല്‍ അവര്‍ ശക്തമായി തിരിച്ചുവരുമെന്ന് ജനങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. സിപിഐ (എംഎല്‍) ജനറല്‍ സെക്രട്ടറി പാര്‍ത്ത ഘോഷും ഇതേ വികാരം തന്നെയാണ് പങ്കുവെക്കുന്നത്. ‘ഞങ്ങളുടെ എണ്ണത്തില്‍ കുറവ് വരികയും നക്‌സലുകള്‍ തുടച്ച് നീക്കപ്പെടുകയും ചെയ്തിരിക്കാം. പക്ഷെ പ്രതിരോധിക്കുന്നത് ഇപ്പോഴും നക്‌സലുകളാണ്. അത് സ്മൃതി ഇറാനിക്കെതിരെ നിന്ന ജെഎന്‍യു വിദ്യാര്‍ത്ഥികളായാലും അടിച്ചമര്‍ത്തലിനെതിരെ പ്രതികരിച്ച മാരുതി ഫാക്ടറി തൊഴിലാളികളായാലും പോസ്‌കോയെ എതിര്‍ക്കുന്നവരായാലും,’ എന്ന് ഘോഷ് ചൂണ്ടിക്കാണിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍