UPDATES

കെയ് ബെനഡിക്ട്

കാഴ്ചപ്പാട്

Perspective

കെയ് ബെനഡിക്ട്

ട്രെന്‍ഡിങ്ങ്

ശരിക്കും മോദിക്കും ബിജെപിക്കും വേണ്ടി പ്രാര്‍ത്ഥിക്കാനായിരുന്നില്ലേ ആര്‍ച്ച്ബിഷപ്പ് ആവശ്യപ്പെടേണ്ടിയിരുന്നത്?

അല്‍ഫോണ്‍സ് രാജാവിനെക്കാള്‍ വലിയ രാജഭക്തി കാട്ടി; “പ്രധാനമന്ത്രിയെ ഇഷ്ടപ്പെടാത്ത ചില ഒറ്റപ്പെട്ട ശബ്ദങ്ങളുണ്ട്,” അയാള്‍ പറഞ്ഞു.

പ്രാര്‍ത്ഥനയെ ആര്‍ക്കാണ് ഭയം? വിശ്വാസികള്‍ പറയും ചെകുത്താനാണെന്ന്. പരിണാമകാലം മുതല്‍ തന്നെ പരസ്പരം മത്സരിക്കുന്ന വിശുദ്ധിയുടെയും തിന്മയുടെയും പ്രതീകങ്ങളായാണ് മനുഷ്യരാശി ദൈവങ്ങളെയും ചെകുത്താന്‍മാരേയും കൊണ്ടുനടക്കുന്നത്. നിരീശ്വരവാദികള്‍ക്ക് തീര്‍ച്ചയായും ഇതൊന്നുമില്ലതാനും. നിഷേധാത്മകമായ പ്രാര്‍ഥനകളോട് ദൈവം ഒരിക്കലും മറുപടി നല്‍കാറുമില്ല. അപ്പോള്‍ എന്താണീ പ്രാര്‍ത്ഥനയെച്ചൊല്ലിയുള്ള കോലാഹലം? ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോയുടെ പ്രാര്‍ത്ഥനാഹ്വാനം വലിയതോതില്‍ നിഷേധാത്മക പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്; ഒരു പുതിയതരം അസഹിഷ്ണുതയുടെ പ്രതിഫലനമെന്നോണം. 2019-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി “രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍” മെയ് 8-നു ഡല്‍ഹി രൂപതയ്ക്കുള്ള ഒരു കത്തില്‍ പുരോഹിത ഗണത്തോട് കൂട്ടോ ആവശ്യപ്പെട്ടു. “നമ്മുടെ ഭരണഘടനയിലെ ജനാധിപത്യമൂല്യങ്ങളെയും രാജ്യത്തിന്റെ മതേതര ഘടനയെയും അപകടത്തിലാക്കുന്ന പ്രക്ഷുബ്ധമായ ഒരു രാഷ്ട്രീയാന്തരീക്ഷത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നതു,” ഏതെങ്കിലും രാഷ്ട്രീയ കക്ഷിയെ പേരെടുത്ത് പരാമര്‍ശിക്കാതെ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. “നമ്മുടെ നിയമ നിര്‍മ്മാണ സഭകളെ വിവേചനബുദ്ധിയുള്ള മനസുകളുടെ ഇടമായി സംരക്ഷിക്കണം; നമ്മുടെ നീതിപീഠത്തെ സ്വഭാവദാര്‍ഢ്യത്തിന്റെയും വിവേകത്തിന്റെയും നീതിയുടെയും അടയാളമാക്കി ഉയര്‍ത്തണം. ഉദ്ദീപ്തമായ വ്യവഹാരങ്ങളുടെ സത്യമാര്‍ഗങ്ങളായി നിര്‍ത്തണം നമ്മുടെ അച്ചടി, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങളെ. തിന്മയുടെ ശക്തികളുടെ നുഴഞ്ഞുകയറ്റങ്ങളില്‍ നിന്നും നമ്മുടെ സ്ഥാപനങ്ങളെ സംരക്ഷിക്കണം,” പ്രാര്‍ത്ഥനയില്‍ പറയുന്നു.

സാധാരണ സമയങ്ങളില്‍, ഈ പ്രാര്‍ത്ഥന നിരുപദ്രവകരമായ, കക്ഷി രാഷ്ട്രീയമില്ലാത്ത ഒന്നായി കരുതിയേനെ. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല. ചില ദേശീയ ടെലിവിഷന്‍ അവതാരകര്‍ ഇത്തരമൊരു കത്തെഴുതാനുള്ള ബിഷപ്പിന്റെ ധൈര്യത്തെ ചോദ്യം ചെയ്യുകയും മോദി സര്‍ക്കാരിനെതിരാണ് ഇതെന്ന് പറയുകയും ചെയ്തതോടെ വലിയ വിവാദങ്ങള്‍ ഉണ്ടായി. കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ ഗിരിരാജ് സിംഗ് ദൈവത്തിനെതിരെ ദൈവത്തേയിറക്കുന്ന മറുപ്രാര്‍ത്ഥന ഉണ്ടാകുമെന്ന് ആര്‍ച്ച് ബിഷപ്പിന് മുന്നറിയിപ്പ് നല്കി. “ഓരോ പ്രവര്‍ത്തനത്തിനും പ്രതിപ്രവര്‍ത്തനമുണ്ട്. ഞാന്‍ സാമുദായിക ഐക്യം തകര്‍ക്കുന്ന ഒന്നും ചെയ്യില്ല. പക്ഷേ മോദി സര്‍ക്കാര്‍ വരുന്നില്ല എന്നുറപ്പാക്കാന്‍ പ്രാര്‍ത്ഥിക്കണമെന്ന് പള്ളി ആളുകളോട് പറഞ്ഞാല്‍, മറ്റ് മതങ്ങളില്‍ നിന്നുള്ളവര്‍ ‘കീര്‍ത്തന്‍ പൂജ’ നടത്തണമോ എന്നു രാജ്യത്തിന് ആലോചിക്കേണ്ടി വരും,”സിങ് പറഞ്ഞു. ആ കത്തിലെവിടെയും സര്‍ക്കാരിനെ തോല്‍പ്പിക്കാനുള്ള ആഹ്വാനം ഉണ്ടായിരുന്നില്ല എന്നതാണു വാസ്തവം.

ബി ജെ പിയുടെ പുതിയ ക്രിസ്ത്യന്‍ മുഖം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമടക്കമുള്ള നിരവധി മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ വിവാദ കത്തിനെ അപലപിച്ചു. അല്‍ഫോണ്‍സ് രാജാവിനെക്കാള്‍ വലിയ രാജഭക്തി കാട്ടി; “പ്രധാനമന്ത്രിയെ ഇഷ്ടപ്പെടാത്ത ചില ഒറ്റപ്പെട്ട ശബ്ദങ്ങളുണ്ട്,” അയാള്‍ പറഞ്ഞു. “പുരോഹിതരും മതവും രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കണം” എന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷം, ഗുജറാത്തിലെ സ്വാമി നാരായണ്‍ ക്ഷേത്രത്തിലെ മഹാരാജ് ഘന്‍ശ്യാം പ്രസാദ് ദാസ്, മോദിക്ക് വോട്ടുചെയ്യാന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ നിശബ്ദനായിരുന്നു. മഹാരാജ് പറഞ്ഞു, “രണ്ടു പേരുടെ വിജയത്തിനായാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്- ആചാര്യ രാകേഷ് മഹാരാജ്, നരേന്ദ്ര മോദിജി… നരേന്ദ്ര മോദി വിജയിക്കണം.”

കൂട്ടോ ഒരു രാഷ്ട്രീയ കന്നിക്കാരനാണ്. ആശങ്കാകുലമായ ഒരു ആത്മാവിന്റെ വിലാപമാണ് അയാളുടെ പ്രാര്‍ത്ഥന. Persecution Relief പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2014-നു ശേഷം ക്രിസ്ത്യാനികള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ‘രാജ്യത്ത് 736 അതിക്രമങ്ങള്‍ രേഖപ്പെടുത്തി. 2016-ല്‍ ഇത് 318 ആയിരുന്നു.” ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകളും കാണിക്കുന്നത് സാമുദായിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു എന്നാണ്. എന്നാലും തീവ്രനിലപാടുകാര്‍ക്ക് അവരുടെ അജണ്ടകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പാകത്തില്‍ ഒരു അവസരം നല്കിയതിന് വിമര്‍ശകര്‍ ബിഷപ്പിനെ കുറ്റപ്പെടുത്തുന്നുണ്ട്.

വെറും 2.5 കോടി വരുന്ന ക്രിസ്ത്യാനികള്‍ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ ഭയപ്പെടുത്താന്‍ മാത്രമൊന്നുമില്ലെങ്കിലും മോദി സര്‍ക്കാര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത് അട്ടിമറിക്കാന്‍ പള്ളി ശ്രമിക്കുന്നു എന്ന പ്രചാരണം ആര്‍ എസ് എസ് തുടങ്ങിക്കഴിഞ്ഞു. മൊറാര്‍ജി സര്‍ക്കാരിനെ അസ്ഥിരമാക്കുന്നതിലെ ക്രിസ്ത്യന്‍ പങ്കിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട്, ആര്‍ എസ് എസ് മുഖപത്രം ഓര്‍ഗനൈസര്‍ എഴുതിയത്. പള്ളി അനാവശ്യമായി ആശങ്ക സൃഷ്ടിച്ചുവെന്നും ക്രിസ്ത്യാനികള്‍ തെരുവിലിറങ്ങി എന്നുമാണ്. നൂറുകോടി ഹിന്ദുക്കളുള്ള ഈ നാട്ടില്‍ ഈ ആരോപണം സത്യത്തെ കൊഞ്ഞനം കുത്തലാണ്. ചുരുങ്ങിയകാലം നിലനിന്ന, ജനസംഘത്തിന്റെ നേതാക്കള്‍ അടല്‍ ബിഹാരി വാജ്പേയിയും എല്‍ കെ അദ്വാനിയും മന്ത്രിമാരായി ഉണ്ടായിരുന്ന ജനത പാര്‍ട്ടി സര്‍ക്കാര്‍, വിരുദ്ധ രാഷ്ട്രീയ സംഘങ്ങളുടെ ഒരു കേന്ദ്രമായിരുന്നു. ആ സര്‍ക്കാരിനെ പൊളിച്ചത് ക്രിസ്ത്യാനികളായിരുന്നില്ല, കോണ്‍ഗ്രസ് വിരുദ്ധ സോഷ്യലിസ്റ്റ് നേതാക്കളായ മധു ലിമായേ, രാജ് നാരായണ്‍ തുടങ്ങിയവര്‍ വാജ്പേയിയും അദ്വാനിയും മന്ത്രിമാരായി ഇരിക്കുമ്പോഴും ആര്‍ എസ് എസ് ആസ്ഥാനത്ത് നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനെ എതിര്‍ത്തതിനെ തുടര്‍ന്നാണ് ആ സര്‍ക്കാര്‍ താഴെ വീണത്. മന്ത്രിസഭയിലെ ജനസംഘം അംഗങ്ങളുടെ ‘ഇരട്ട വിധേയത്വം’ എന്ന പ്രശ്നത്തില്‍ രാജ് നാരായണ്‍ മന്ത്രിസഭയില്‍ നിന്നും രാജിവെച്ചു. ക്രിസ്ത്യാനികള്‍ അത്ര ശക്തരാണെങ്കില്‍ വാജ്പേയി എങ്ങനെ രണ്ടുവട്ടം പ്രധാനമന്ത്രിയാകും, 2014-ല്‍ മോദിക്ക് എങ്ങനെ ഇത്ര വലിയ ഭൂരിപക്ഷം കിട്ടും?

പ്രാര്‍ത്ഥനയ്ക്കുള്ള ആഹ്വാനത്തെ അപലപിച്ചുകൊണ്ട്, പള്ളി “രാഷ്ട്രീയ എതിര്‍പ്പ് കാണിച്ചുകൊടുക്കുകയും ഉണ്ടാക്കിയെടുക്കുകയും ചെയ്തു” എന്ന് ഓര്‍ഗനൈസര്‍ ആരോപിച്ചു. വസ്തുത എന്തെന്നാല്‍, കൂട്ടോക്കും മുമ്പ് മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും അടക്കം പൌരസമൂഹത്തില്‍ നിന്നും പലരും സമാനമായ അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട് എന്നാണ്. ജനുവരിയില്‍ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന നാല് ന്യായാധിപന്മാര്‍ “ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണ്” എന്നു പരസ്യമായി പറഞ്ഞു. ഏപ്രിലില്‍ അന്താരാഷ്ട്ര പ്രശസ്തരായ 633 പണ്ഡിതന്മാര്‍ (നോം ചോംസ്കിയും അമിത ചൌധരിയും അടക്കമുള്ളവര്‍) ഒപ്പുവെച്ച “ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കും, ദളിതര്‍ക്കും, ആദിവാസികള്‍ക്കും, സ്ത്രീകള്‍ക്കും എതിരായി വര്‍ധിച്ചു വരുന്ന ആക്രമണങ്ങളില്‍” ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുള്ള ഒരു തുറന്ന കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചു. തുടര്‍ന്ന് 49 വിരമിച്ച ഉന്നതോദ്യഗസ്ഥര്‍ “കാര്യങ്ങളുടെ ഭയപ്പെടുത്തുന്ന അവസ്ഥയ്ക്ക് കാരണം” മോദിയാണെന്ന് കുറ്റപ്പെടുത്തി അയാള്‍ക്ക് കത്തയച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മൂന്നു സായുധ സേനകളില്‍ നിന്നും വിരമിച്ച 114 ഉയര്‍ന്ന സൈനികര്‍ രാജ്യത്ത് മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തെഴുതി. തങ്ങള്‍ “എന്റെ പേരില്‍ വേണ്ട” എന്ന പ്രചാരണത്തോടൊപ്പമാണെന്നും, രാജ്യത്ത് ഇപ്പോഴുള്ള അവസ്ഥ “ഭയത്തിന്റെയും ഭീഷണിയുടെയും വെറുപ്പിന്റെയും സംശയത്തിന്റെയും” ആണെന്നും അവര്‍ പറഞ്ഞു.

ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ കൂട്ടോ ‘കര്‍മ്മ’ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നുണ്ടാകില്ല. അതില്‍ വിശ്വസിക്കുന്നവര്‍ തിന്മ ചെയ്യുന്നവരെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല, അവര്‍ക്കുള്ള ശിക്ഷ എന്തായാലും കിട്ടിയിരിക്കും. മൂന്നുതരം കര്‍മ്മങ്ങളില്‍- പരബാധ, സഞ്ചിത, അഗാമി- അവസാനത്തേത് ‘ഇനിയും വരാത്തത്’ എന്നാണ് അര്‍ത്ഥമാക്കുന്നത്, ഭാവിയില്‍ സംഭവിക്കാനുള്ളതാണ്. അതുകൊണ്ട്, ആള്‍ക്കൂട്ട കൊലപാതകികളും വിദ്വേഷ പ്രചാരകരും ബലാത്സംഗികളും ഓര്‍ത്തുകൊള്ളുക; കര്‍മ സിദ്ധാന്തമനുസരിച്ച് നിങ്ങള്‍ നല്ലതോ ചീത്തയോ എന്തു ചെയ്താലും നിങ്ങളിലേക്ക് മടങ്ങിവരും. ആര്‍ച്ച് ബിഷപ്പ് കൂട്ടോ മോദിയെ ദുഷ്ടവിചാരത്തോടെ നിന്ദിക്കാന്‍ ശ്രമിച്ചെങ്കില്‍ അത് ക്രിസ്തുവിന്റെ പാഠങ്ങള്‍ക്ക് വിരുദ്ധമാണ്, “നിന്റെ ശത്രുവിനെ സ്നേഹിക്കുക”. (ലൂക്ക 6:27-38) “പക്ഷേ കേള്‍ക്കുന്നവരോട് ഞാന്‍ പറയുന്നു, നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുവിന്‍, നിങ്ങളെ വെറുക്കുന്നവര്‍ക്ക് നന്മ ചെയ്യുവിന്‍, നിങ്ങളെ ശപിച്ചവരെ അനുഗ്രഹിക്കുവിന്‍, നിങ്ങളെ അധിക്ഷേപിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുവിന്‍…” അതുകൊണ്ട്, ക്രിസ്തുവിന്റെ ഒരു യഥാര്‍ത്ഥ അനുയായി എന്ന നിലയില്‍, പുരോഹിതരോടും വിശ്വാസികളോടും മോദിക്കും ബി ജെ പിക്കും വേണ്ടി പ്രാര്‍ത്ഥിക്കാനാണ് ആര്‍ച്ച്ബിഷപ്പ് ആവശ്യപ്പെടേണ്ടിയിരുന്നത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെയ് ബെനഡിക്ട്

കെയ് ബെനഡിക്ട്

ഡല്‍ഹിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. പ്രമുഖ മാധ്യമങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം, പാര്‍ലമെന്‍റ്, പൊതു തിരഞ്ഞെടുപ്പ് എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട്. കാരവന്‍ മാസികയില്‍ മാധ്യമ പ്രവര്‍ത്തന ജീവിതം ആരംഭിച്ചു. പിന്നീട് ദി ഇന്ത്യന്‍ എക്സ്പ്രസ്സ്, ഏഷ്യന്‍ ഏജ്, ദി ടെലഗ്രാഫ്, ഡിഎന്‍എ , ഇന്ത്യാ ടുഡെ, ക്വിന്‍റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്വന്തന്ത്ര മാധ്യമ പ്രവര്‍ത്തകന്‍. കോട്ടയം സ്വദേശിയാണ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍