UPDATES

ട്രെന്‍ഡിങ്ങ്

നിങ്ങളെന്തിന് ‘യുദ്ധവും സമാധാനവും’ വീട്ടില്‍ വച്ചു? വെര്‍ണന്‍ ഗോണ്‍സാല്‍വസിനോട് ബോംബെ ഹൈക്കോടതിയുടെ വിചിത്ര ചോദ്യം

ലിയോ ടോള്‍സ്‌റ്റോയിയുടെ വിഖ്യാതമായ നോവലിനെപ്പറ്റിത്തന്നെയാണ് ചോദ്യം.

നിങ്ങള്‍ എന്തിന് യുദ്ധവും സമാധാനവും വീട്ടില്‍ വച്ചു എന്നാണ് ഭീമ കോറിഗാവ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലുള്ള സാമൂഹ്യപ്രവര്‍ത്തകന്‍ വെര്‍ണന്‍ ഗോണ്‍സാല്‍വസിനോട് ബോംബെ ഹൈക്കോടതിയുടെ വിചിത്രമായ ചോദ്യം. ലിയോ ടോള്‍സ്‌റ്റോയിയുടെ വിഖ്യാതമായ നോവലിനെപ്പറ്റിത്തന്നെയാണ് ചോദ്യം. ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ബോംബെ ഹൈക്കോടതി ഈ ചോദ്യം ചോദിച്ചത്.

ഭരണകൂടത്തിനെതിരായത് എന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായത് എന്ന് പറഞ്ഞാണ് ചില പുസ്തകങ്ങളേയും സിഡികളേയും കുറിച്ച് ഗോണ്‍സാല്‍വസിനോട് ചോദിച്ചത്. മാര്‍ക്‌സിസ്റ്റ് പുസ്തകങ്ങള്‍, കബീര്‍ കലാ മഞ്ചിന്റെ രാജ്യദാമന്‍ വിരോധി, ടോള്‍സ്‌റ്റോയിയുടെ യുദ്ധവും സമാധാനവും ഇതെല്ലാം രാജ്യത്തിനെതിരാണ് എന്ന പറഞ്ഞ ബോംബെ ഹൈക്കോടതി സിംഗിള്‍ ബഞ്ചിലെ ജസ്റ്റിസ് സാരംഗ് കോട്‌വാള്‍ എന്തുകൊണ്ട് ഇത്തരം പുസ്തകങ്ങളുടെ സിഡികളും കൈവശം വയ്ക്കുന്നത് എന്നാണ് ചോദിച്ചത്. രാജ്യദ്രോഹപരം എന്ന് ആരോപിച്ച് പിടിച്ചെടുത്ത സിഡികളിലൊന്ന് ആനന്ദ് പട് വര്‍ദ്ധന്റെ പ്രശസ്തമായ ‘ജയ് ഭീം കോമ്രേഡ്’ എന്ന ഡോക്യുമെന്ററിയുടേതാണ്.

ഈ പുസ്തകങ്ങളുടേയും സിഡികളുടേയും സ്വഭാവം കാണുമ്പോള്‍ നിങ്ങളൊരു നിരോധിത സംഘടനയിലെ അംഗമാണ് എന്നാണ് മനസിലാകുന്നത്. അതേസമയം ഏതെങ്കിലും പുസ്തകം കൈവശം വച്ചതുകൊണ്ട് ആരും ഭീകരരാകില്ല എന്ന് ദേശായ് മറുപടി നല്‍കി. വാദം കേള്‍ക്കല്‍ നാളെയും തുടരും. ഒരു വര്‍ഷം മുമ്പ് മുംബയ് അന്ധേരിയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത വെര്‍ണന്‍ ഗോണ്‍സാല്‍വസിനെതിരെ ഒരു തെളിവ് പോലും കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല എന്ന് മിഹിര്‍ ദേശായ് ചൂണ്ടിക്കാട്ടി.

2017 ഡിസംബര്‍ 31ന് പൂനെയ്ക്ക് സമീപം ഭീമ കോറിഗാവില്‍ സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷദ് പരിപാടിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് വെര്‍ണന്‍ ഗോണ്‍സാല്‍വസ്, സുധ ഭരദ്വാജ്, അരുണ്‍ ഫെരേര, വരാവര റാവു തുടങ്ങിയവരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2018 ജനുവരി ദലിതര്‍ക്കെതിരെ മറാത്ത വിഭാഗക്കാരുടെ അക്രമവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും ഇവരടക്കമുള്ളവര്‍ ആസൂത്രണം ചെയ്തതാണ് എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള ആസൂത്രണത്തില്‍ പങ്കളികളായി എന്ന ആരോപണം വരെ ഇവര്‍ക്കെതിരെ ഉയര്‍ത്തിയിരുന്നു.

മറ്റുള്ളവരുടെ കംപ്യൂട്ടറുകളില്‍ നിന്ന കണ്ടെത്തിയ ഇ മോയിലുകളും കത്തിന്റെ കോപ്പികളും മറ്റും അടിസ്ഥാനമാക്കിയാണ് ഗോണ്‍സാല്‍വസിനെതിരെ കേസെടുത്തിരിക്കുന്നത് എന്നും ഇതില്‍ ഒന്ന് പോലും ഗോണ്‍സാല്‍വസ് എഴുതിയത് അല്ലെന്നും അഭിഭാഷകന്‍ മിഹിര്‍ ദേശായ് വാദിച്ചു. ഗോണ്‍സാല്‍വസിന് ജാമ്യം നിഷേധിക്കാന്‍ യാതൊരു കാരണവുമില്ലെന്നും ദേശായ് ചൂണ്ടിക്കാട്ടി.

ബുക്കുകളും സിഡികളും ഗോണ്‍സാല്‍വസിനെതിരായ തെളിവുകളാണ് എന്ന് പൂനെ പൊലീസിന് വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അരുണ പൈ വാദിച്ചു. ഇലക്ട്രോണിക് തെളിവ് കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് സയന്‍സ് ലൈബ്രറിയുടെ ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ്. ക്ലോണ്‍ കോപ്പികളില്‍ നിന്ന് ഇതുവരെ തെളിവൊന്നും കിട്ടിയിട്ടില്ലെന്നും അരുണ പൈ അറിയിച്ചു.

അതേസമയം ഗോണ്‍സാല്‍വസ് കുറ്റം ചെയ്തു എന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടതായി നിരീക്ഷിച്ച ജഡ്ജി, അതേസമയം എന്തുകൊണ്ട് ഇത്തരം പുസ്തകങ്ങളും സിഡികളും ലഘുലേഖകളും മറ്റും കൈവശം വച്ചും എന്ന് അദ്ദേഹം വിശദീകരിക്കേണ്ടതുണ്ട് എന്ന് അഭിപ്രായപ്പെട്ടു. തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ ഗോണ്‍സാല്‍വസിനെതിരായ വാദങ്ങള്‍ അവഗണിക്കേണ്ടി വരുമെന്നും കോടതി പ്രോസിക്യൂഷന് മുന്നറിയിപ്പ് നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍