UPDATES

ട്രെന്‍ഡിങ്ങ്

ഗുജറാത്തില്‍ ഹാര്‍ദിക് പട്ടേല്‍ എന്തുകൊണ്ട് ആളെ കൂട്ടുന്നു?

എന്ത് വിഷയം സംബന്ധിച്ചും രാഹുല്‍ തുറന്ന് സംസാരിക്കുന്നു. അതേസമയം ബിജെപിക്ക് ദീവാറിലെ പഴയ ഡയലോഗ് പോലെ “മേരേ പാസ് മോദി ഹേ” എന്ന് മാത്രമേ പറയാനുള്ളൂ.

ഏറെക്കാലം ഗുജറാത്തില്‍ ചിലവഴിച്ച ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ഒരു ബിജെപി നേതാവ് ഇങ്ങനെ പറഞ്ഞു ഓരോ തിരഞ്ഞെടുപ്പ് വര്‍ഷവും (2002, 2007, 2012) ഗുജറാത്തിലെത്തിയപ്പോള്‍ കേട്ടത് ഇത്തവണ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്നായിരുന്നു. പക്ഷെ ഓരോതവണയും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ബിജെപി കൂടുതല്‍ ശക്തമായ നിലയില്‍ അധികാരം നിലനിര്‍ത്തി. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും ഞങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്നാണ് ആളുകള്‍ പറഞ്ഞിരുന്നത്. അപ്പോള്‍ ആരാണ് പാട്ടിദാര്‍ നേതാവും 23 വയസ് മാത്രം പ്രായമുള്ള യുവാവും കക്ഷി രാഷ്ട്രീയ പരിചയമില്ലാത്തയാളുമായ ഹാര്‍ദിക് പട്ടേലിനെ കേള്‍ക്കാന്‍ തടിച്ചുകൂടുന്നത്? തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായമായിട്ടില്ലാത്ത വ്യക്തിയാണ് ഹാര്‍ദിക് പട്ടേല്‍. എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോകള്‍ക്ക് വന്‍ ജനാവലിയെത്തുന്നത്? എന്തുകൊണ്ടാണ് ഒബിസി നേതാവ് അല്‍പേഷ് താക്കൂറും ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും ജനങ്ങളാല്‍ കാര്യമായി പരിഗണിക്കപ്പെടുന്നത്? ഇത്തരം കാര്യങ്ങളാണ് ദ ഇന്ത്യന്‍ എക്സ്പ്രസില്‍ ലീന മിശ്രയുടെ റിപ്പോര്‍ട്ട് പരിശോധിക്കുന്നത്.

റായ്ബറേലിയിലെ എന്‍ടിപിസി താപനിലയത്തിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് രാഹുല്‍ഗാന്ധി കുറച്ച് സമയം വിട്ടുനിന്നപ്പോള്‍ റാലികളിലെ തിരക്ക് കുറഞ്ഞെങ്കിലും ഒരു കോണ്‍ഗ്രസ് നേതാവിനെതിരെ പോലും പ്രതിഷേധമോ ചെരുപ്പേറോ മുദ്രാവാക്യം വിളികളോ എവിടെയും ഉണ്ടായില്ല. ബിജെപിയുടെ കാര്യത്തില്‍ ഇല്ല സ്ഥിതി. ഗൗരവ് യാത്രക്കിടെ മുഖ്യമന്ത്രി വിജയ് രുപാണിയുടെ പരിപാടി വരെ പ്രതിഷേധക്കാര്‍ തടസപ്പെടുത്തി. 2006ല്‍ നര്‍മ്മദ ബച്ചാവോ ആന്ദോളനേയും മേധ പട്കറേയും പിന്തുണച്ചതിനെ തുടര്‍ന്ന് ആമിര്‍ ഖാന്റെ ചിത്രമായ ഫന കാണരുതെന്ന് ബിജെപി ഗുജറാത്തിലെ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതിക്കെതിരെ രംഗത്തുവരുമ്പോളേക്കും സാഹചര്യങ്ങള്‍ ഏറെ മാറിയിരിക്കുന്നു.

പരിഹാസ കഥാപാത്രമായി പപ്പു എന്ന പേരില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന, അല്ലെങ്കില്‍ ബിജെപി അടക്കമുള്ളവര്‍ ചിത്രീകരിച്ച രാഹുല്‍ ഗാന്ധി വളരെ ശാന്തനും പക്വമായി ഇടപെടുന്നയാളുമായ രാഷ്ട്രീയ നേതാവായി ഉയര്‍ന്നിരിക്കുന്നു. വ്യക്തിപരമായ ചോദ്യങ്ങള്‍ക്ക് പോലും ഒരു മടിയുമില്ലാതെ രസകരമായി രാഹുല്‍ മറുപടി പറയുന്നു. 47കാരനായ തന്റെ വിവാഹമാകട്ടെ, ഐകിഡോ ബ്ലാക്‌ബെല്‍റ്റാകട്ടെ, അങ്ങനെ എന്ത് വിഷയം സംബന്ധിച്ചും രാഹുല്‍ തുറന്ന് സംസാരിക്കുന്നു. അതേസമയം ബിജെപിക്ക് ദീവാറിലെ പഴയ ഡയലോഗ് പോലെ “മേരേ പാസ് മോദി ഹേ” എന്ന് മാത്രമേ പറയാനുള്ളൂ.

ഗുജറാത്തില്‍ നിലവില്‍ പകുതിയിലധികം വോട്ടര്‍മാര്‍ 40 വയസില്‍ താഴെ പ്രായമുള്ളവരാണ്. ബിജെപി സര്‍ക്കാരിനെക്കുറിച്ച് മാത്രമേ ഭൂരിപക്ഷം പേരും കേട്ടിട്ടുള്ളൂ. അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതും ഹിന്ദുത്വ സംരക്ഷണവും പശുവിനെ മാതാവായി ആരാധിക്കുന്നതുമൊക്കെയാണ് തിരഞ്ഞെടുപ്പ് വഴി ലക്ഷ്യമാക്കുന്നത് എന്നാണ് അവര്‍ കേട്ടിരിക്കുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്താരാഷ്ട്ര മെഗാഷോ വൈബ്രന്റ് ഗുജറാത്ത്, സംസ്ഥാനത്തെ യുവാക്കളെ വലിയ തോതില്‍ ആകര്‍ഷിച്ചിരുന്നു. സമ്പത്തുണ്ടാക്കലിന്റെ പ്രാധാന്യത്തെ പറ്റി മോദി പറഞ്ഞു. ബീഫ് തിന്നുന്ന മുസ്ലീം, ക്രിസ്ത്യന്‍ രാജ്യങ്ങളുമായുള്ള സഹകരണം ശക്തമാക്കുന്നത്. ഗുജറാത്തിനും ഇന്ത്യക്കും ഗുണമുണ്ടാക്കുമെന്ന് മോദി പറഞ്ഞു. റോഡുകള്‍, പാലങ്ങള്‍, വലിയ ബഹുനിലക്കെട്ടിടങ്ങള്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, ബുള്ളറ്റ് ട്രെയിന്‍ തുടങ്ങിയവയാണ് വികസനമെന്ന് മോദി അവരോട് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അവരോട് ബിജെപി ഇപ്പോള്‍ അവരോട് പറയുന്നത് ഹിന്ദു രജപുത്ര രാജകുമാരിയും മുസ്ലീം സുല്‍ത്താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞാല്‍ അത് കലാപമുണ്ടാക്കുമെന്നാണ്.

കോണ്‍ഗ്രസ് ജാതിയമായി ധ്രുവീകരണമുണ്ടാക്കുന്നു എന്നാണ് ബിജെപിയുടെ പരാതി. 1980ല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് ജയിച്ചത് ഇപ്പോളത്തെ പിസിസി അദ്ധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കിയുടെ പിതാവ് മാധവ് സിംഗ് സോളങ്കിയുടെ ജാതിസമവാക്യ തന്ത്രങ്ങളിലൂടെയാണെന്ന് ഉപഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞത്. KHAM (ക്ഷത്രിയ, ഹരിജന്‍, ആദിവാസി, മുസ്ലീം) എന്നാണ് ഈ കൂട്ടായ്മക്ക് പറയുന്നത് (ദലിത് എന്നതിന് ഏറെ വിവാദമായ ഹരിജന്‍ എന്ന വാക്കാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്). പട്ടിദാര്‍മാരെ ഒറ്റപ്പെടുത്തിയാണ് ഈ ഐക്യമുണ്ടാക്കിയതെന്ന് നിതിന്‍ പട്ടേല്‍ പറയുന്നു.

വദ്‌നഗറില്‍ ജനിച്ചുവളര്‍ന്ന് ചായ വിറ്റ് നടന്ന് ആര്‍എസ്എസ് പ്രവര്‍ത്തനത്തിലൂടെ വളര്‍ന്ന് മുഖ്യമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമായ 67കാരന്‍ വികസനത്തക്കുറിച്ച് സംസാരിക്കുന്നു. അദ്ദേഹത്തിന്റെ വാചകക്കസര്‍ത്തുകള്‍ ബുള്ളറ്റ് ട്രെയിനിലും ഫെറികളിലും റോഡുകളിലും പാലങ്ങളിലും ഡാമുകളിലും ഡിജിറ്റല്‍വത്കരണത്തിലും ദേശീയതയിലും കേന്ദ്രീകരിക്കുന്നു. മറ്റൊന്ന് 47കാരനായ കോണ്‍ഗ്രസുകാരനാണ്. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചുവീണയാള്‍. അയാള്‍ സംസാരിക്കുന്നതാകട്ടെ ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന തരത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്ന ജി എസ് ടി, നോട്ട് നിരോധനം, തൊഴില്‍, അഭിപ്രായ സ്വാതന്ത്ര്യം, കര്‍ഷകരുടെ അവകാശങ്ങള്‍, ആരോഗ്യസുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്. ബിജെപിയെ സംബന്ധിച്ച് പ്രാധാന്യം സ്ഥാനാര്‍ത്ഥിക്കല്ല, പ്രധാനമന്ത്രി മോദിക്കാണ്. നേരെ മറിച്ച് കോണ്‍ഗ്രസിനെ സംബന്ധിച്ച് രാഹുല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകാന്‍ പോകുന്നില്ലാത്തതിനാല്‍ സ്ഥാനാര്‍ത്ഥി പ്രധാനമാണ്.

2001ലെ ഭൂകമ്പത്തിനും 2002ലെ വര്‍ഗീയ കലാപത്തിനും ശേഷം ആ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്ത് ബിജെപിയെ വലിയ നേട്ടത്തോടെ ജയിപ്പിച്ചു. എന്നാല്‍ അത് 15 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. നോട്ട് നിരോധനത്തിന് ഒരു വര്‍ഷവും ജിഎസ്ടിക്ക് ഏതാനും മാസങ്ങളും പ്രായമാകുമ്പോള്‍ ഗുജറാത്തികള്‍ അസ്വസ്ഥരാണ്. ഒരു മാറ്റം വേണോ, അതോ പരിചിത മുഖങ്ങളെ തന്നെ വീണ്ടും അധികാരത്തിലെത്തിക്കണോ എന്ന സംശയം വരുന്നുണ്ട്. ഗുജറാത്തികള്‍ ഏത് വഴി തിരിയും എന്ന് അടുത്ത മാസം അറിയാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍