UPDATES

എബിപിയില്‍ എന്താണ് സംഭവിച്ചത്? ഞാനടക്കമുള്ളവര്‍ രാജി വയ്‌ക്കേണ്ടി വന്നതെങ്ങനെ? പുണ്യപ്രസൂണ്‍ ബാജ്‌പേയ് പറയുന്നു

മാസ്റ്റ്രര്‍ സ്‌ട്രോക്ക് നാട്ടുകാര്‍ കാണുന്നു, സര്‍ക്കാരിന്‍റെ അവകാശവാദങ്ങളുടെ വസ്തുതയും യാഥാര്‍ത്ഥ്യവും അവരെ അറിയിക്കുന്നു എന്നതൊക്കെയാണ് മോദി സര്‍ക്കാരിന്റെ പ്രശ്‌നം. ഇങ്ങനെയാണ് ഞങ്ങള്‍ എബിപിയില്‍ നിന്ന് പുറത്തായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മോദി സര്‍ക്കാരിനേയും വിമര്‍ശിച്ചതിനെ തുടര്‍ന്ന് എബിപി ചാനലിലെ മാസ്റ്റര്‍ സ്‌ട്രോക്ക് പരിപാടി നിര്‍ത്തുകയും പരിപാടിയുടെ അവതാരകനായ മാധ്യമപ്രവര്‍ത്തകന്‍ പുണ്യപ്രസൂണ്‍ ബാജ്‌പേയി, ചാനല്‍ മാനേജിംഗ് എഡിറ്റര്‍ മിലിന്ദ് ഖണ്ഡേല്‍ക്കര്‍ എന്നിവര്‍ രാജി വയ്ക്കുകയും രണ്ട് മാധ്യമപ്രവര്‍ത്തകരെ ചാനല്‍ നിര്‍ബന്ധിത അവധിയില്‍ വിട്ടതുമെല്ലാം വലിയ വിവമാദമായിരിക്കുകയാണ്. മാധ്യമ സ്വാതന്ത്ര്യത്തിലെ മോദി സര്‍ക്കാരിന്റെ ഏറ്റവും പുതിയ കൈകടത്തലായാണ് എബിപിയിലെ പൊട്ടിത്തെറി വിലയിരുത്തപ്പെടുന്നത്. എബിപിയില്‍ എന്താണ് നടന്നതെന്നും തങ്ങള്‍ പുറത്തുപോകാന്‍ നിര്‍ബന്ധിതരായ സാഹചര്യവുമാണ് ദ വയറിലെഴുതിയ ലേഖനത്തില്‍ പുണ്യപ്രസൂണ്‍ ബാജ്‌പേയി പറയുന്നത്.

2018 ജൂലായ് 14ന് ആനന്ദ് ബസാര്‍ പത്രിക ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചാനല്‍ എബിപിയുടെ പ്രൊപ്രൈറ്ററും എഡിറ്റര്‍ ഇന്‍ ചീഫുമായ വ്യക്തി എന്നെ ഫോണില്‍ വിളിച്ചു.

ഞങ്ങള്‍ തമ്മിലുള്ള സംഭാഷം താഴെ കൊടുക്കുന്നു:

പ്രൊപ്രൈറ്റര്‍ – താങ്കളുടെ പരിപാടിയില്‍ പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കാമോ സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചോളൂ ഏതെങ്കിലും മന്ത്രിമാരെ വേണമെങ്കില്‍ പേരെടുത്ത് വിമര്‍ശിച്ചോളൂ. എന്നാല്‍ പ്രധാനമന്ത്രിയെക്കുറിച്ച് ഒന്നും പറയരുത്.

പുണ്യപ്രസൂണ്‍ – പക്ഷെ എല്ലാ പദ്ധതികളും പ്രധാനമന്ത്രി തന്നെ പ്രഖ്യാപിക്കുമ്പോള്‍, എല്ലാ മന്ത്രാലയങ്ങളിലും പ്രധാനമന്ത്രി ഇടപെട്ട് കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍, എല്ലാ മന്ത്രിമാരും പ്രധാനമന്ത്രിയുടെ പേര് ഇങ്ങനെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മോദിയുടെ പേര് എങ്ങനെ പറയാതിരിക്കും.

പ്രൊപ്രൈറ്റര്‍ – നിങ്ങള്‍ പറയുന്നത് വസ്തുതാപരമായി ശരിയായിരിക്കും. എന്നാല്‍ തല്‍ക്കാലത്തേയ്ക്ക് ഇത് ഒഴിവാക്കൂ.

വസ്തുനിഷ്ഠമായി കാര്യങ്ങളെ വിലയിരുത്തുകയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന എന്റെ പരിപാടി മാസ്റ്റര്‍ സ്‌ട്രോക്ക്, ചാനലിന്റെ വിശ്വാസ്യത ഉയര്‍ത്തിയതായി പ്രൊപ്രൈറ്റര്‍ സമ്മതിച്ചിരുന്നു. പരിപാടിക്കായി നടത്തുന്ന വിവര ശേഖരണം, അന്വേഷണം, ഗ്രൗണ്ട് റിപ്പോര്‍ട്ടിംഗ്, സര്‍ക്കാര്‍ നയങ്ങളുടെ വിശകലനം, വസ്തുനിഷ്ഠവും വിശദവുമായ റിപ്പോര്‍ട്ടിംഗ്, മികച്ച ഗ്രാഫിക്‌സുകളും സ്‌ക്രിപ്റ്റും – ഇതെല്ലാം എബിപിയില്‍ ആദ്യമായി കാണുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചാനലിന്റെ വാര്‍ത്താവതരണ ശൈലിയില്‍ വന്ന മാറ്റത്തില്‍ വളരെയധികം താല്‍പര്യം കാണിച്ച അദ്ദേഹം പ്രധാനമന്ത്രിയുടെ പേര് പറയാതിരിക്കുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് എന്നത് അറിയില്ല.

നൈപുണ്യ വികസന (skill development) പദ്ധതിയുടെ കാര്യമെടുക്കാം. 2022നകം 40 കോടി യുവാക്കള്‍ക്ക് പരിശീലനം നല്‍കുമെന്ന് മോദി പറയുന്നു. എന്നാല്‍ 2018 ആകുമ്പോളേക്ക് രണ്ട് കോടി യുവാക്കള്‍ക്ക് പോലും പരിശീലനം നല്‍കാനായിട്ടല്ല. തുറന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളില്‍ 10ല്‍ എട്ടും പ്രവര്‍ത്തനരഹിതമാണ്. മോദി സര്‍ക്കാരിനെക്കുറിച്ച് പറയുമ്പോള്‍ മോദിയുടെ ദൃശ്യങ്ങള്‍ കാണിക്കാതിരിക്കുന്നതെങ്ങനെ. നാല് വര്‍ഷത്തെ ഭരണത്തിനിടെ മോദി സര്‍ക്കാര്‍ 106 പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇതില്‍ എല്ലാം പ്രഖ്യാപിച്ചത് മോദി തന്നെ. വിളകള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയോ മുദ്ര യോജനയോ എല്ലാം മോദിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ബിജെപിയുടേയും സംഘപരിപാറിന്റേയും മുഖവും ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറും മോദി തന്നെ. ഇങ്ങനെയുള്ള മോദിയെ രാജ്യത്തെ ഹിന്ദി വാര്‍ത്താ ചാനലുകളില്‍ റേറ്റിംഗില്‍ ആറാം സ്ഥാനത്തുള്ള എബിപിയിലെ ഒരു മണിക്കൂര്‍ പരിപാടി വിമര്‍ശിക്കുമ്പോള്‍ ഇത്രയ്ക്ക് അസ്വസ്ഥരാകുന്നത് എന്തിനാണ്.

ചാനലുകളെ നിരീക്ഷിക്കാന്‍ ഐ ആന്‍ഡ് ബി മന്ത്രാലയത്തിന് കീഴില്‍ 200 അംഗ കമ്മിറ്റിയെ മോദി സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് മാധ്യമ സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ട്. സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എങ്ങനെ കൊടുക്കണമെന്ന് ചാനലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. നിര്‍ദ്ദേശങ്ങള്‍ പിന്നീട് ഭീഷണികളായി മാറും. മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചാനലുകളില്‍ ചര്‍ച്ചയ്ക്ക് പോകരുതെന്ന് ബിജെപി വക്താക്കള്‍ക്ക് നിര്‍ദ്ദേശമുണ്ട്. ഇതുകൊണ്ടാണ് ജൂണ്‍ അവസാന വാരം മുതല്‍ ബിജെപി പ്രതിനിധികള്‍ എബിപി ചാനലിനെ ബഹിഷ്‌കരിച്ചുതുടങ്ങിയത്. മന്‍ കി ബാത്തിനെ കുറിച്ചുള്ള ലൈവ് ചര്‍ച്ചയില്‍ നിന്ന് ഒരു ആര്‍എസ്എസ് നേതാവ് ഇറങ്ങിപ്പോയി. തത്സമയം കിട്ടിയ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. ജൂലായ് അഞ്ചിനും 12നും വന്ന ടിആര്‍പി റേറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് എറ്റവുമധികം പേര്‍ കാണുന്ന രണ്ടാമത്തെ ഹിന്ദി ന്യൂസ് ചാനലായി എബിപി മാറിയിട്ടുണ്ട്.

ഝാര്‍ഖണ്ഡിലെ ഗൊദ്ദയിലുള്ള തെര്‍മല്‍ പവര്‍ പ്ലാന്റ് അദാനി ഗ്രൂപ്പിന്റേതാണ്. എല്ലാ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് ഈ പ്ലാന്റ് പ്രവര്‍ത്തനം നടത്തുന്നത്. അദാനിയോടുള്ള മോദിയുടെ അടുപ്പം എങ്ങനെയാണ് ചടങ്ങള്‍ ലംഘിക്കാന്‍ ഝാര്‍ഖണ്ഡ് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത് എന്നാണ് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശവാസികളായ കൃഷിക്കാര്‍ നേരിട്ട ഭീഷണികളെക്കുറിച്ച് ഞങ്ങള്‍ പറഞ്ഞു. മാസ്റ്റര്‍ സ്‌ട്രോക്കിന്റെ ശരാശരി റേറ്റിംഗിനേക്കാള്‍ അഞ്ച് പോയിന്റ് കൂടുതലായിരുന്നു ആ ഷോയുടെ ടിആര്‍പി റേറ്റിംഗ്.

എന്നാല്‍ മാധ്യമ സ്വാതന്ത്ര്യം മോദി സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതായി കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, എബിപിയിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ലോക്‌സഭയില്‍ പറഞ്ഞപ്പോള്‍, ആരും കാണാനില്ലാത്തതിനാല്‍ ടിആര്‍പി റേറ്റിംഗ് ഇടിഞ്ഞതുകൊണ്ട് ചാനല്‍ പരിപാടി നിര്‍ത്തിവയ്ക്കുകയും മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കുകയുമാണുണ്ടായത് എന്നായിരുന്നു ഐ ആന്‍ഡ് ബി മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന്‍റെ മറുപടി. സത്യത്തില്‍ മാസ്റ്റ്രര്‍ സ്‌ട്രോക്ക് നാട്ടുകാര്‍ കാണുന്നു, സര്‍ക്കാരിന്‍റെ അവകാശവാദങ്ങളുടെ വസ്തുതയും യാഥാര്‍ത്ഥ്യവും അവരെ അറിയിക്കുന്നു എന്നതൊക്കെയാണ് മോദി സര്‍ക്കാരിന്റെ പ്രശ്‌നം. ഇങ്ങനെയാണ് ഞങ്ങള്‍ എബിപിയില്‍ നിന്ന് പുറത്തായത്.

വായനയ്ക്ക്: https://goo.gl/d2jkM9

‘മാസ്റ്റര്‍ സ്‌ട്രോക്ക്’ തരുന്നവര്‍ക്ക് മോദി സര്‍ക്കാരിന്റെ മുന്നറിയിപ്പ്: വിമര്‍ശിച്ച പരിപാടിയും അവതാരകനും ചാനലിന് പുറത്ത്

മോദി വിമര്‍ശകര്‍ക്കെതിരെ നടപടി, പരിപാടി നിര്‍ത്തി, എഡിറ്റര്‍മാര്‍ രാജി വച്ചു; എബിപി ചാനലില്‍ പൊട്ടിത്തെറി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍