UPDATES

ഓഫ് ബീറ്റ്

ശബരിമല ഒരു ‘പ്രത്യേക മത ഉപശാഖ’ അല്ല; സ്ത്രീ പ്രവേശനം എതിര്‍ത്തവര്‍ മലയിറങ്ങിയതിങ്ങനെ

ശബരിമലയുടെ കാര്യത്തില്‍ കാര്യമായ ആചാരാനുഷ്ഠാന വ്യത്യാസങ്ങൾ എടുത്തുകാണിക്കാനില്ല.

ഭരണഘടനയുടെ ഇരുപത്തിയാറാം വകുപ്പാണ് പ്രത്യേക മത ഉപശാഖ എന്ന പ്രയോഗത്തിന് ഇടം നൽകിയിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ഈ മത ഉപവിഭാഗങ്ങൾക്ക് നൽകുന്നുണ്ട്. ഇത് പൊതുസമൂഹത്തിന്റെ ക്രമങ്ങൾക്കും സദാചാരത്തിനും സാമൂഹികാരോഗ്യത്തിനും ആസ്പദമായിട്ടായിരിക്കണം. മതസ്ഥാപനങ്ങൾ സ്ഥാപിക്കാനും ചാരിറ്റബിൾ സൊസൈറ്റികൾ സ്ഥാപിക്കാനും ഇവർക്ക് കഴിയും. മതപരമായ ആചാരങ്ങളിന്മേൽ സ്വന്തമായി തീരുമാനമെടുക്കാനും ഇവർക്ക് സാധിക്കും. ഈ വകുപ്പിനെയാണ് ശബരിമലയുടെ കാര്യത്തിൽ ഉപയോഗിക്കാൻ സ്ത്രീപ്രവേശനത്തെ എതിർക്കുന്ന കക്ഷികളുടെ അഭിഭാഷകർ കോടതിയിൽ ശ്രമിച്ചത്. എന്നാല്‍ പ്രത്യേക മത ഉപശാഖ എന്ന പദവിക്ക് ശബരിമല അർഹമല്ലെന്ന് ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ വിധി ചൂണ്ടിക്കാട്ടി.

ഒരു മതത്തിനകത്തു തന്നെ തികച്ചും വ്യത്യസ്തമായ ആചാരങ്ങളിൽ വിശ്വസിക്കുന്ന വിഭാഗങ്ങളെന്ന് ഈ മത ഉപശാഖകളെ ലളിതമായി വ്യാഖ്യാനിക്കാം. കർണ്ണാടകത്തിലെ ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മത ഉപശാഖയെന്ന പദവി നൽകണമെന്ന ആവശ്യം കർണാടകത്തിലെ മുൻ കോൺഗ്രസ്സ് സർക്കാർ മുമ്പോട്ടു വെച്ചിരുന്നു. ഇത്തരമൊരു പദവി ശബരിമലയ്ക്ക് ലഭിക്കുകയാണെങ്കിൽ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവരുടെ വാദങ്ങൾക്ക് കുറെക്കൂടി ശക്തി കിട്ടുമെന്ന് അഭിഭാഷകർ കരുതി. സ്വന്തം ആചാരങ്ങളിൽ തീർപ്പ് കൽപ്പിക്കാനുള്ള അധികാരം ഇവർക്കുണ്ടെന്ന് ഭരണഘടനയിൽ അസന്ദിഗ്ധമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വാദിക്കാം.

ഒരു മതത്തിനകത്ത് പ്രത്യേകമായ ആചാരങ്ങൾ പുലർത്തുന്ന വിഭാഗമെന്നതാണ് റിലീജിയസ് ഡിനോമിനേഷൻ അഥവാ മത ഉപശാഖ എന്നതിന്റെ വിശാലമായ വ്യാഖ്യാനം. മിക്ക മതങ്ങൾക്കകത്തും ഇത്തരം ഉപവിഭാഗങ്ങളെ കാണാം. ഹിന്ദുമതത്തിനകത്ത് ശൈവം, വൈഷ്ണവം, ശാക്തേയം എന്നിവയെ മതോപശാഖകളായി കണക്കാക്കാം. പല മത ഉപശാഖകളും തങ്ങളെ സ്വയം അങ്ങനെ കാണുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. പ്രത്യേകിച്ചും മതത്തിനകത്തെ ഇത്തരം ധാരകൾ ഭൂരിപക്ഷത്തിന്റെ വിശ്വാസമായി മാറുന്നതോടെ അവ മതത്തിന്റെ ‘ഔദ്യോഗിക’ മുഖമായി മാറുന്നു. വളരെ ചെറിയ ധാരകളെയാണ് മത ഉപവിഭാഗങ്ങളായി പൊതുവിൽ പരിഗണിക്കാറുള്ളതെന്ന് കാണാം. സുന്നി, ഷിയ, കത്തോലിക്ക, പ്രൊട്ടസ്റ്റന്റ് തുടങ്ങിയവയെല്ലാം വിശാലമായ അർത്ഥത്തിൽ അടിസ്ഥാനപരമായി ഉപശാഖകളാണെങ്കിലും അവയെ അത്തരത്തിൽ പരിഗണിക്കാറില്ല.

ആരാധനാരീതികളിലെ വ്യത്യസ്തത ശബരിമലയിലുണ്ടെന്ന് സ്ഥാപിക്കാനാണ് സ്ത്രീപ്രവേശനത്തെ എതിർക്കുന്ന കക്ഷികൾ മത ഉപശാഖാ വാദത്തിലൂടെ ശ്രമിച്ചത്. കെട്ടു നിറയ്ക്കൽ, മാലയിടൽ, വ്രതകാലം തുടങ്ങിയ നിരവധി കാര്യങ്ങൾ ഉന്നയിക്കപ്പെട്ടു. എന്നാൽ ഈ വാദങ്ങളൊന്നും കാര്യക്ഷമമായി സ്ഥാപിക്കാൻ അഭിഭാഷകർക്ക് സാധിച്ചില്ലെന്നാണ് വിധിപ്രസ്താവങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഭൂരിപക്ഷത്തോട് വിയോജിച്ച് വിധിയെഴുതിയ ഇന്ദു മൽഹോത്ര മാത്രമാണ് ശബരിമല ഒരു ഉപശാഖയാണെന്ന് അംഗീകരിച്ചത്.

നേരത്തെ ശ്രീ അരബിന്ദോയെ ഒരു മത ഉപശാഖയായി തിരിച്ചറിയണമെന്ന ആവശ്യമുയർന്നിരുന്നു. എസ്‌പി മിത്തൽ vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ 1982ൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ ജസ്റ്റിസ് ആർബി മിശ്ര ഈ ആവശ്യത്തെ നിരാകരിച്ചു. മതത്തിനകത്തെ വ്യത്യസ്തമായ പേരോടും ഒരേ വിശ്വാസത്തോടും കൂടിയ ഒരു വിഭാഗമോ യോഗമോ എന്ന് മിശ്രയുടെ വിധിന്യായത്തിൽ പ്രത്യേക മത ഉപശാഖയെ നിർവ്വചിക്കുകയുണ്ടായി. മതത്തിന്റെ മുഖ്യധാരാ ആചാരങ്ങളിൽ നിന്ന് വ്യത്യാസമുണ്ട് എന്ന ഒറ്റക്കാരണത്തിന്മേൽ ഈ പദവി നൽകാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. അരബിന്ദോയുടെ കാര്യത്തിൽ ചില സാമാന്യമായ വ്യത്യാസങ്ങൾ മാത്രമാണ് കാണിക്കാനുണ്ടായിരുന്നത്. ശബരിമലയെ ഒരു സെപ്പറേറ്റ് റിലിജിയസ് ഡിനോമിനേഷൻ ആയി തിരിച്ചറിയാനുള്ള തടസ്സങ്ങൾ ഇവയെല്ലാമാണ്:

1. ശബരിമലയുടെ കാര്യത്തിലും കാര്യമായ ആചാരാനുഷ്ഠാന വ്യത്യാസങ്ങൾ എടുത്തുകാണിക്കാനില്ല. സാധാരണ ഹിന്ദു ക്ഷേത്രങ്ങളിലുള്ള അതേ ആചാരങ്ങളാണ് ശബരിമലയിലും പിന്തുടരുന്നത്.

2. സ്വന്തമായ യോഗമല്ല ശബരിമലയുടെ ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നത്. 1950ൽ ട്രാവൻകൂർ കൊച്ചിൻ ഹിന്ദു റിലിജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് പ്രകാരം സ്ഥാപിക്കപ്പെട്ട ബോർഡാണ് ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നത്.

3. സംസ്ഥാനത്തിന്റെ ഫണ്ട് ലഭിക്കുന്നുണ്ട് എന്നതും പ്രത്യേക മത ഉപശാഖയായി ശബരിമലയെ തിരിച്ചറിയുന്നതിന് തടസ്സമാണ്. ഭരണഘടനയുടെ 290-എ വകുപ്പ് പ്രകാരം സ്റ്റേറ്റ് ഫണ്ട് കിട്ടുന്ന സ്ഥാപനമാണ് ശബരിമല.

4. മറ്റ് ഹിന്ദു ദേവതകളെ ആരാധിക്കുന്നവർ തന്നെയാണ് ശബരിമലയിൽ വരുന്ന ആരാധകരും.

അതായത് വ്യത്യസ്തമായ ആചാരങ്ങളുള്ളതോ, സ്വന്തമായി ഭരണസ്ഥാപനമുള്ളതോ, ഏതെങ്കിലും തരത്തിലുള്ള സർക്കാർ ഫണ്ട് ലഭിക്കാത്തതോ, സ്വന്തമായി ആരാധകരുള്ളതോ ആയ മതസ്ഥാപനമല്ല ശബരിമല എന്ന് ചുരുക്കം. മത ഉപശാഖ എന്ന പദവി ലഭിക്കാൻ ഈ യോഗ്യതകൾ ആവശ്യമാണ്.

“സുപ്രിം കോടതി എന്തു വിധിച്ചാലും ഞങ്ങളാരും ശബരി മല കയറാന്‍ പോകുന്നില്ല”

തന്ത്രി പദം പെണ്ണുങ്ങള്‍ക്ക് കൊടുക്കുമോ? ഹിന്ദു മതത്തില്‍ ആര് എപ്പോഴാണ് സ്ത്രീകളോട് റെഡിയാണോ എന്ന് ചോദിച്ചിട്ടുള്ളത്?-ജെ ദേവിക

സന്ദീപ് കരിയന്‍

സന്ദീപ് കരിയന്‍

അഴിമുഖം സ്റ്റാഫ് റൈറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍