UPDATES

ട്രെന്‍ഡിങ്ങ്

ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട 15 നഗരങ്ങളിൽ 14ഉം ഇന്ത്യയിൽ; ഈ പട്ടികയിൽ എന്തുകൊണ്ട് ദക്ഷിണേന്ത്യന്‍ നഗരങ്ങളില്ല?!

കേരളത്തെ സംബന്ധിച്ചിടത്തോളം, വൻ വ്യവസായങ്ങൾ ഇല്ല എന്നതു തന്നെ പരിസ്ഥിതിയെ സംബന്ധിച്ചും അന്തരീക്ഷത്തെ സംബന്ധിച്ചും വലിയൊരു അനുഗ്രഹമാണ്.

ലോകാരോഗ്യ സംഘടനയുടെ മലിനീകരണ റിപ്പോര്‍ട്ടാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന്. ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട വൻനഗരങ്ങളിൽ നാലാംസ്ഥാനം മുംബൈ നഗരത്തിനാണ്. ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട 15 നഗരങ്ങളിൽ പതിനാലും ഇന്ത്യയിലാണെന്നും റിപ്പോർട്ട് പറഞ്ഞു. കാൺപൂരും ദില്ലിയുമാണ് ഇതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതെന്നും റിപ്പോർട്ട് പറയുന്നുണ്ട്. രസകരമായ ഒരു വസ്തുത ഈ നഗരങ്ങളിൽ ഒറ്റ ദക്ഷിണേന്ത്യൻ നഗരം പോലുമില്ല എന്നതാണ്!

ഇതിന്റെ കാരണം പലതാണ്. മലിനീകരണ നിയന്ത്രണ സംവിധാനങ്ങളിൽ ഇടക്കിടെ പരിഷ്കാരങ്ങൾ വരുത്തുകയും പുതുക്കുകയും ചെയ്യുന്നതാണ് ചെന്നൈ നഗരത്തെ മലിനീകരണ നിയന്ത്രണാധീനമാക്കാൻ സഹായിക്കുന്നതെന്ന് മലിനീകരണനിയന്ത്രണ അധികാരികൾ പറയുന്നു. മലിനീകരണം നിയന്ത്രിക്കാനായി പുതിയൊരു കർമപദ്ധതി കൂടി തയ്യാറായി വരുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ഉയർന്ന ഗുണനിലവാരമുള്ള സാങ്കേതികോപകരണങ്ങള്‍ ഉപയോഗിച്ചാണ് മലിനീകരണത്തിന്റെ തോത് അളക്കുന്നത്. തത്സമയ നിരീക്ഷണം സാധ്യമാക്കുന്ന ഉപകരണങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇവയെ അടിസ്ഥാനമാക്കിയാണ് നടപടികളെടുക്കുന്നത്.

എന്നാൽ, നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഉയർന്ന തോതിലുള്ള മലിനീകരണമുണ്ടെന്ന വസ്തുതയെ ഉദ്യോഗസ്ഥർ പരോക്ഷമായി അംഗീകരിക്കുന്നുണ്ട്. വിവിധ സർക്കാർ ഏജൻസികൾ ഒത്തൊരുമിച്ച് നേരിടേണ്ട കാര്യമാണ് മലിനീകരണമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. തൂത്തുക്കുടി, മേട്ടൂർ, എന്നൂർ, കൂടല്ലൂർ എന്നിവിടങ്ങളിൽ മലിനീകരണത്തിന്റെ നില അപകടകരമാംവിധം ഉയർന്നതാണ്. പ്ലാസ്റ്റിക്, കെമിക്കലുകൾ, ചെമ്പ്, രാസവളങ്ങൾ തുടങ്ങിയവ നിർമിക്കുന്ന ഫാക്ടറികളുടെ സാന്നിധ്യം ഇവിടെ അധികമാണ്.

കർണാടകത്തിലാകട്ടെ ജനങ്ങളുടെ അവബോധമാണ് മലിനീകരണം കുറയ്ക്കുന്നതിന് കാര്യമായി സഹായിക്കുന്നതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ ലക്ഷ്മൺ പറയുന്നു. ബെംഗളൂരുവില്‍ പൊതുഗതാഗത സംവിധാനങ്ങൾ ശക്തമാക്കിയിട്ടാണ് മലിനീകരണം പിടിച്ചുനിറുത്തുന്നത്.

ഫ്ലൈഓവറുകൾ നിർമിച്ചും ഗട്ടറുകൾ സമയാസമയം അടച്ചും റോഡ് വീതി കൂട്ടിയുമെല്ലാം മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികളെടുക്കുന്നുണ്ടെന്ന് ലക്ഷ്മൺ പറയുന്നു.

കാർബൺ പുറന്തള്ളലും മറ്റും നിരന്തരമായി നിരീക്ഷിക്കുന്ന സംവിധാനം ആന്ധ്രയിലുണ്ടെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയർമാൻ ബിഎസ്എസ് പ്രസാദ് പറയുന്നു. എട്ടു വർഷം മുമ്പ് അപകടകരമാം വിധം മലിനീകരിക്കപ്പെട്ടതെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട വിശാഖപട്ടണം ഇന്ന് മലിനീകരണം വൻതോതിൽ കുറച്ചു കൊണ്ടുവന്നു കഴിഞ്ഞതായും പ്രസാദ് ചൂണ്ടിക്കാട്ടി.

കേരളത്തെ സംബന്ധിച്ചിടത്തോളം, വൻ വ്യവസായങ്ങൾ ഇല്ല എന്നതു തന്നെ പരിസ്ഥിതിയെ സംബന്ധിച്ചും അന്തരീക്ഷത്തെ സംബന്ധിച്ചും വലിയൊരു അനുഗ്രഹമാണ്. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ മലിനീകരണ പ്രശ്നങ്ങളുണ്ടെങ്കിലും നിയന്ത്രണവിധേയമാണ് അവയെന്ന് മലനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ കെ സജീവന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍