UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യ-പാകിസ്ഥാന്‍ വെള്ളക്കളികള്‍ തീക്കളികള്‍ ആകരുത്‌

നിലവിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ വിഹിതത്തില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് പാകിസ്താനിലേയ്ക്ക് ഒഴുകുന്നത്

പാകിസ്താനിയ്ക്കുള്ള മൂന്ന് നദികളുടെ ഒഴുക്ക് ജമ്മു കാശ്മീരിലേയ്ക്കും പഞ്ചാബിലേയ്ക്കും തിരിച്ചുവിട്ട് പുല്‍വാമ ഭീകരാക്രണത്തിന് മറുപടി നല്‍കുമെന്നാണ് കേന്ദ്ര ജലവിഭവമന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇക്കാര്യം പുറത്തു വന്നതിനു പിന്നാലെ രാഷ്ട്രീയ ചര്‍ച്ചകളും സജീവമായതോടെ, കേന്ദ്രം ഈ പ്രഖ്യാപനത്തില്‍ നിന്ന് പതിയെ പിന്‍വലിഞ്ഞു. മന്ത്രി ഏറെക്കാലമായി പറയുന്ന കാര്യം ഒരു ഓര്‍മിപ്പിച്ചു എന്നു മാത്രമേ ഉള്ളൂ എന്നായിരുന്നു ജലവിഭവ വകുപ്പ് സെക്രട്ടറിയുടെ മറുപടി. ഇതിനിടെ ഇന്ത്യ, പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് തടഞ്ഞാലും തങ്ങള്‍ക്ക് പ്രശ്നമില്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാനും രംഗത്തെത്തി.

ഇതിനിടെ, പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് തടഞ്ഞാലും പ്രത്യേകിച്ച് വലിയ നേട്ടമൊന്നുമുണ്ടാകില്ലെന്നാണ് ദ വയറില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം ചൂണ്ടിക്കാട്ടുന്നത്.  ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ നദീജലം പങ്കുവയ്ക്കല്‍ സംബന്ധിച്ച തര്‍ക്കം എക്കാലവും പ്രധാനമനമായിരുന്നു. ഇതിന്റെ ഭാഗമായാണ് 1960ല്‍ സിന്ധുനദീജല കരാര്‍ (ഇന്‍ഡസ് വാട്ടര്‍ ട്രീറ്റി) ഉണ്ടാകുന്നത്. പാകിസ്താനുമായി സംഘര്‍ഷമുണ്ടാകുമ്പോളെല്ലാം നദീജല കരാറില്‍ നിന്ന് പിന്മാറുമെന്ന് ഇന്ത്യ ഭീഷണി മുഴക്കിയിട്ടുണ്ട്.

ടിബറ്റില്‍ ഉദ്ഭവിക്കുന്ന ആറ് നദികളിലെ – സിന്ധു, ചെനാബ്, ഝെലം, രവി, ബിയാസ്, സത്‌ലജ് എന്നിവയിലെ ജലത്തിന്റെ വിനിയോഗം സംബന്ധിച്ചാണ് കരാര്‍. ഇവയില്‍ പടിഞ്ഞാറന്‍ നദികളായ സിന്ധു (ഇന്‍ഡസ്), ചെനാബ്, ഝെലം നദികളിലെ വെള്ളം പാകിസ്താന് അവകാശപ്പെട്ടതാണ്. കരാര്‍ പ്രകാരം ഇന്ത്യക്കും ഈ മൂന്ന് നദികളിലെ വെള്ളത്തില്‍ പരിമിതമായ അവകാശങ്ങളുണ്ട്. കിഴക്കന്‍ നദികളായ രവി, ബിയാസ് ഝെലം എന്നിവയിലെ വെള്ളം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍ ഈ നദികളിലെ വെള്ളം നിലവില്‍ പാകിസ്താനും ലഭിക്കുന്നുണ്ട്. ഈ നദികളിലെ വെള്ളം വഴി തിരിച്ച് പൂര്‍ണമായും ഇന്ത്യ ഉപയോഗിക്കുന്നതില്‍ തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല എന്നാണ് പാകിസ്താന്‍ ജലവിഭവ വകുപ്പ് സെക്രട്ടറി ഇന്നലെ പ്രതികരിച്ചത്. പടിഞ്ഞാറന്‍ നദികളിലെ വെള്ളം വഴിതിരിച്ചുവിടാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്നും പാക് വക്താവ് വ്യക്തമാക്കി.

നിലവിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ വിഹിതത്തില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് പാകിസ്താനിലേയ്ക്ക് ഒഴുകുന്നത്. 2016ല്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായപ്പോള്‍ തന്നെ ഇന്ത്യ എന്തുകൊണ്ട് ഇന്ത്യക്ക് അവകാശപ്പെട്ട വെള്ളം ഉപയോഗിക്കാതെ പാഴാക്കുന്നു എന്ന ചോദ്യം ഉയര്‍ന്നിരുന്നു. കൃഷിക്കും വൈദ്യുതോല്‍പ്പാദനത്തിനും മറ്റുമായി എന്തുകൊണ്ട് ഈ ജലം ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്ന ചോദ്യം ഉയര്‍ന്നിരുന്നു. പുല്‍വാമ ഭീകരാക്രണത്തിന് ഒരാഴ്ചയ്ക്ക് ശേഷം കിഴക്കന്‍ നദികളിലെ വെള്ളം ഇന്ത്യ ഗതിതിരിച്ച് പഞ്ചാബിലേയ്ക്കും കാശ്മീരിലേയ്ക്കും വിടുമെന്ന് വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറയുമ്പോളും ഈ ചോദ്യം ഉയരുന്നു. രണ്ട് വര്‍ഷം മുമ്പത്തെ തീരുമാനം വീണ്ടും പൊടിതട്ടിയെടുത്ത് പുതിയ അന്താരാഷ്ട്ര നീക്കമെന്ന മട്ടില്‍ അവതരിപ്പിക്കുകയായിരുന്നു വാസ്തവത്തില്‍ മോദി സര്‍ക്കാര്‍. ഇത്തരം വികാര പ്രകടനങ്ങല്‍ അന്താരാഷ്ട്ര സമൂഹത്തില്‍ ഇന്ത്യയുടെ വാക്കുകള്‍ക്ക് ഒരു വിലയുമുണ്ടാക്കില്ല.

ഉത്തരവാദിത്തപ്പെട്ട രാജ്യമെന്ന നിലയ്ക്കും വളര്‍ന്നുവരുന്ന ഒരു സാമ്പത്തികശക്തി എന്ന നിലയിലും ഇത്തരം നദീജല ഉടമ്പടികള്‍ അടക്കമുള്ളവോട് പ്രതിബദ്ധത പുലര്‍ത്താന്‍ ഇന്ത്യക്ക് ബാധ്യതയുണ്ട്. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നമാണിത്. അതുകൊണ്ടാണ് പരസ്പരം നിരന്തര സംഘര്‍ഷത്തിലുള്ള രാജ്യങ്ങളായിട്ടും ഇന്ത്യയും പാകിസ്താനും തമ്മില്‍ ഇത്തരമൊരു കരാര്‍ നിലവിലുള്ളത്. ബംഗ്‌ളാദേശിലെ 230 നദികളില്‍ 54 എണ്ണവും ഇന്ത്യയിലൂടെ ഒഴുകുന്നവയാണ്. ബംഗ്‌ളാദേശുമായും ഇന്ത്യക്ക് ദൈര്‍ഘ്യമുള്ള നദീജല തര്‍ക്കങ്ങളുണ്ട്.

ഇന്ത്യ എന്തുകൊണ്ട് നദീജല കരാറുകളില്‍ നിന്ന് പിന്‍വാങ്ങുന്ന വിധം കടുത്ത നടപടികളിലേയ്ക്ക് ഇതുവരെ പോയില്ല എന്നതിന് ഇന്ത്യ – പാകിസ്താന്‍ ബന്ധം സൂക്ഷ്മമായി വിശകലനം ചെയ്തിട്ടുള്ള നയതന്ത്ര വിദഗ്ധര്‍ക്കും നദീജല തര്‍ക്കങ്ങള്‍ സംബന്ധിച്ച് പഠിക്കുന്നവര്‍ക്കും മറുപടിയുണ്ട് – ജലത്തിന്റെ പേരില്‍ ഒരു യുദ്ധം ഒഴിവാക്കുക എന്നത് തന്നെ. ഭീകര ഗ്രൂപ്പുകള്‍ക്ക് സഹായം നല്‍കുന്ന പാകിസ്താന് വെള്ളം നിഷേധിച്ചുകൊണ്ട് മറുപടി നല്‍കാന്‍ ഇന്ത്യയ്ക്ക് കഴിയില്ലെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.

വായനയ്ക്ക്: https://thewire.in/diplomacy/indus-treaty-why-india-paksitan-water-sharing

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍