‘മോദിജി വെറുപ്പോടെയാണ് സംസാരിക്കുന്നത്. അദ്ദേഹം എന്റെ അച്ഛനെയും മുത്തശ്ശിയെയും മുതുമുത്തച്ഛനെയും അധിക്ഷേപിക്കുന്നു.’
തന്റെ പിതാവിനെ അപമാനിച്ചു എന്ന കാരണത്താല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിതാവിനെതിരെ താന്‍ ഒരു വാക്കും ഉരിയാടില്ലെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയെ താന്‍ സ്നേഹം കൊണ്ടാണ് തോല്‍പ്പിക്കാന്‍ പോകുന്നതെന്നും ഉജ്ജൈനില്‍ ഒരു തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു.
‘മോദിജി വെറുപ്പോടെയാണ് സംസാരിക്കുന്നത്. അദ്ദേഹം എന്റെ അച്ഛനെയും മുത്തശ്ശിയെയും മുതുമുത്തച്ഛനെയും അധിക്ഷേപിക്കുന്നു. പക്ഷെ, ഞാനെന്റെ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും അദ്ദേഹത്തിന്റെ കുടുംബത്തെപ്പറ്റി, അദ്ദേഹത്തിന്റെ അമ്മയെപ്പറ്റി, അദ്ദേഹത്തിന്റെ അച്ഛനെപ്പറ്റി ദോഷം പറയില്ല. ഞാന്‍ മരിച്ചാലും അദ്ദേഹത്തിന്റെ മാതാപിതാക്കളെ അധിക്ഷേപിക്കില്ല,’ രാഹുല്‍ പറഞ്ഞു. ഇതിനു കാരണം താന്‍ ആര്‍എസ്എസ്സുകാരനോ ബിജെപിക്കാരനോ അല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. താനൊരു കോണ്‍ഗ്രസ്സുകാരനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“എനിക്കു നേരെ വെറുപ്പ് വര്‍ഷിക്കുകയാണെങ്കില്‍ ഞാന്‍ തിരിച്ച് സ്നേഹം മാത്രം നല്‍കും. ഞാന്‍ അദ്ദേഹത്തെ സ്നേഹിച്ചും ആലിംഗനം ചെയ്തും തോല്‍പ്പിക്കും,” രാഹുല്‍ പറഞ്ഞു.
രാജീവ് ഗാന്ധിക്കും ഇന്ദിരാഗാന്ധിക്കും നെഹ്റുവിനുമെതിരെ നിരന്തരമായ ആക്രമണങ്ങള്‍ അഴിച്ചു വിട്ടുകൊണ്ടിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണനേട്ടങ്ങള്‍ പറയാനില്ലാത്തതു കൊണ്ടാണ് മോദി ഇത് ചെയ്യുന്നതെന്ന് ആരോപണങ്ങളുയര്‍ന്നിട്ടും പൂര്‍വ്വകാല നേതാക്കളെ വിമര്‍ശിക്കുന്നത് മോദി നിര്‍ത്തിയില്ല.