അഴിമുഖം പ്രതിനിധി
ക്യാപ്റ്റന്‍ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ വെസ്റ്റിന്‍ഡിസിനെതിരെയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. വിരാട് കോഹ്ലി നേടിയ സെഞ്ച്വറിയുടെ മികവില്‍ ആദ്യ ദിവസം അവസാനിച്ചപ്പോള്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് എന്ന നിലയിലാണ്.
ലോകേഷ് രാഹുലിനെ പുറത്തിരുത്തി ധവാന്‍-വിജയ് ഓപ്പണിംഗ് കൂട്ടുകെട്ടാണ് കുംബ്ലെ പരീക്ഷിച്ചത്. എന്നാല്‍ ഏഴ് റണ്‍സുമായി വിജയ് പുറത്തായതോടെ ഇന്ത്യ പരുങ്ങലിലായി. ഒരറ്റത്തു ധവാന്‍ പിടിച്ചു നിന്നെങ്കിലും വിജയ്ക്ക് ശേഷമെത്തിയ പുജാരക്കും അധിക നേരം ആയുസുണ്ടായില്ല. 22 റണ്‍സുമായി പുജാര പുറത്തായതോടെയാണ് കോഹ്ലി ക്രീസിലെത്തിയത്. അതു വരെ മെല്ലെ ഇഴഞ്ഞിരുന്ന സ്‌കോര്‍ ബോര്‍ഡിന് അനക്കം വച്ചത് അതിനു ശേഷമാണ്. 79 പന്തില്‍ അര്‍ധ സെഞ്ച്വറിയുലെത്തിയ കോഹ്ലി 134 പന്തില്‍ മുന്നക്കവും കടന്നു ആദ്യ ദിവസമവസാനിക്കുമ്പോള്‍ 143 റണ്‍സെടുത്തിട്ടുണ്ട്.
എന്നാല്‍ 84 റണ്‍സോടെ ധവാനും ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന രഹാനയും പോയതോടെ ഇന്ത്യക്ക് അപകടം മണത്തു. അതു കൊണ്ട് വൃദ്ധമാന്‍ സാഹക്ക് പകരം ആര്‍ അശ്വിനാണ് രഹാനക്കു ശേഷം എത്തിയത്. ഇരുപത്തിരണ്ട്‌റണ്‍സുമായി കോഹ്ലിക്കു കൂട്ടായി നിന്ന് അശ്വിന്‍ ക്യാപ്റ്റന്റെ പ്രതീക്ഷ കാത്തു.ശക്തമായി നിലയിലേക്ക് കുതിച്ച് ഇന്ത്യക്ക് കടിഞ്ഞാണിട്ടത് വിന്‍ഡീസിന്റെ സ്പിന്നര്‍ ദേവേന്ദ്ര ബിഷുവാണ്. ധവാനെയും പൂജാരെയും രഹാനെയെയും മടക്കിയത് ബിഷുവാണ്.
ബാറ്റിംഗിനു അനുകൂലമെന്ന് കരുതുന്ന പിച്ചില്‍ അഞ്ച് ബോളര്‍മാരുമായാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്. രവിന്ദ്ര ജഡേജയെ ഒഴിവാക്കി അമിത് മിശ്രയും ടീമിലെത്തുമെന്ന് കരുതിയിരുന്ന സ്റ്റുവാര്‍ട്ട് ബിന്നിക്കു പകരം ഉമേഷ് യാദവും ടീമിലിടം പിടിച്ചു. ഹിറ്റ് മാന്‍ രോഹിത്ത് ശര്‍മക്കും ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. ശമിയും ഇഷാന്തും പേസ് ആക്രമണം നയിക്കുമ്പോള്‍ ബുവനേശ്വര്‍ കുമാറും പുറത്തിരിക്കും.