UPDATES

ട്രെന്‍ഡിങ്ങ്

എന്ത് വിലകൊടുത്തും ജയിക്കുന്നതല്ല ജനാധിപത്യമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍

നിയമസഭ സാമാജികരെ വിലയ്‌ക്കെടുക്കുന്നത് മികച്ച രാഷ്ട്രീയ തന്ത്രമായി വിലയിരുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു

ഒരു ധാര്‍മ്മികതയുമില്ലാതെ എന്ത് വിലകൊടുത്തും ജയിക്കുന്നതല്ല ജനാധിപത്യമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ മുന്നറിയിപ്പ്. ഗുജറാത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പില്‍ നടന്ന കുതിരക്കച്ചവടത്തിന്റെയും അസാധാരണ രാഷ്ട്രീയ നാടകങ്ങളുടെയും പശ്ചാത്തലത്തില്‍ വേണം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ പി റാവത്തിന്റെ പുതിയ പരാമര്‍ശങ്ങളെ വീക്ഷിക്കാന്‍. ഗുജറാത്തില്‍ നടന്ന രാജ്യസഭ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ട് പരസ്യമാക്കിയ രണ്ട് കോണ്‍ഗ്രസ് വിമത എംഎല്‍എമാരുടെ വോട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ അസാധുവാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേല്‍ തിരഞ്ഞെടുക്കപ്പെട്ടത്.

‘രാഷ്ട്രീയ ധര്‍മ്മശാസ്ത്രത്തിലേക്ക് നുഴഞ്ഞുകയറുന്ന പുതിയ സാധാരണത്വത്തിന്’ എതിരെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കിയത്. സ്വതന്ത്രവും നീതിപൂര്‍വവും സുതാര്യവുമായി തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മാത്രമാണ് ജനാധിപത്യം അഭിവൃദ്ധിപ്പെടുകയെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാല്‍ എന്ത് വിലകൊടുത്തും ജയിക്കുക എന്ന ഒറ്റലക്ഷ്യത്തിന് വേണ്ടിയാണ് ആഖ്യാനങ്ങള്‍ ഉണ്ടാകുന്നതെന്ന് ഒരു സാധാരണക്കാരന് തോന്നിയാല്‍ കുറ്റം പറയാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇന്നുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സംഘടിപ്പിച്ച കണ്‍സള്‍ട്ടേഷന്‍ ഓണ്‍ ഇലക്ട്രല്‍ ആന്റ് പൊളിട്ടിക്കല്‍ റിഫോംസ് എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഒ പി റാവത്ത്.

ഇത്തരം സാഹചര്യങ്ങളില്‍ നിയമസഭ സാമാജികരെ വിലയ്‌ക്കെടുക്കുന്നത് മികച്ച രാഷ്ട്രീയ തന്ത്രമായി വിലയിരുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പണം കൊടുത്ത് വശീകരിക്കലും സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചുള്ള ഭീഷണിപ്പെടുത്തലുമെല്ലാം രാഷ്ട്രതന്ത്രമായി വ്യാഖ്യാനിക്കപ്പെടുന്നു. ജയിക്കുന്ന ആള്‍ക്ക് ഒരു തെറ്റും ചെയ്യാന്‍ പറ്റില്ല. ഭരിക്കുന്നവരുടെ പക്ഷത്തേക്ക് കൂറുമാറുന്ന അപരാധികള്‍ ക്രിമിനല്‍ കുറ്റം ചെയ്തവരായാല്‍ പോലും കുറ്റവിമുക്തരാക്കപ്പെടുന്നു. പുതിയ ഒരു രാഷ്ട്രീയ സദാചാരമാണ് നടപ്പിലാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ മികച്ച തിരഞ്ഞെടുപ്പുകളും മികച്ച നാളെയും പ്രതീക്ഷിക്കുന്ന ജനാധിപത്യവിശ്വാസികളായ രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയക്കാരും മാധ്യമങ്ങളും പൗരസമൂഹ സംഘടനകളും ഭരണഘടന അധികാരികളും വിശ്വസിക്കുന്ന തലത്തിലേക്ക് രാഷ്ട്രീയ ധാര്‍മ്മികത വളരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന നാടകങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പരമാര്‍ശങ്ങള്‍ പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. ശങ്കര്‍ സിംഗ് വഗേലയോടൊപ്പം ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് കൂറുമാറിയതോടെയാണ് ഗുജറാത്തില്‍ പ്രതിസന്ധി ഉണ്ടായത്. ഓഗസ്റ്റ് എട്ടിന് നടക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മുമ്പായിരുന്നു ഇത്. സ്വന്തം നിയമസഭ സാമാജികരെ പാളയത്തില്‍ നിറുത്താന്‍ കോണ്‍ഗ്രസ് അവരെ ഗുജറാത്തില്‍ നിന്നും സ്വന്തം പാര്‍ട്ടി ഭരിക്കുന്ന കര്‍ണാടകത്തിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് കര്‍ണാടക ഊര്‍ജ്ജ മന്ത്രി ഡി കെ ശിവകുമാറിനെതിരെ കേന്ദ്ര ആദായ നികുതി വകുപ്പ് അന്വേഷണം നടത്തി.

എന്നാല്‍ ഗുജറാത്ത് രാജ്യസഭ തിരഞ്ഞെടുപ്പിലെ ഏറ്റവും നാടകീയ രംഗങ്ങള്‍ നടന്നത് സംസ്ഥാന നിയമസഭയില്‍ വോട്ടെടുപ്പ് സമയത്ത് തന്നെയായിരുന്നു. രണ്ട് കോണ്‍ഗ്രസ് വിമത അംഗങ്ങള്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായെ തങ്ങളുടെ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാണിച്ചതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനിതരസാധാരണമായ നടപടിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും അഹമ്മദ് പട്ടേല്‍ വിജയിയാവുകുയും ചെയ്തത്.
കാശുവാങ്ങിയുള്ള വാര്‍ത്തകള്‍ക്കെതിരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രതികരിച്ചു. ഇത്തരക്കാരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും രണ്ട് വര്‍ഷമെങ്കിലും തടവ് വിധിക്കാവുന്ന ശിക്ഷയായി അതിനെ മാറ്റണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. നിര്‍ദ്ദിഷ്ട തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ നീക്കണമെന്നും സംഭാവനയെ കുറിച്ചുള്ള വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കേണ്ടതില്ല എന്ന നിര്‍ദ്ദേശം പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരമെന്നും ഒ പി റാവത്ത് വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍