UPDATES

ട്രെന്‍ഡിങ്ങ്

വിദ്വേഷകാലത്ത് സ്‌നേഹത്തിന്റെ മാതൃക തീര്‍ത്ത് സ്ത്രീകള്‍; മുസ്ലിമായതിനാല്‍ ഒരു കുട്ടി അധിക്ഷേപിക്കപ്പെട്ടപ്പോള്‍ വീട്ടമ്മമാര്‍ പ്രതിരോധിച്ചതിങ്ങനെ

പ്രതിദിനം രാജ്യമാകെ വ്യാപിക്കുന്ന മതവിദ്വേഷം കണക്കിലെടുക്കുമ്പോള്‍ ഈ ഹൗസിംഗ് സൊസൈറ്റിയുടെ നിലപാട് ധീരവും നവോന്മേഷകരവുമാണ്

നീയൊരു മുസ്ലിം ആയതുകൊണ്ട് കൂടെക്കളിക്കാനാകില്ലെന്ന് ഒരു പെണ്‍കുട്ടിയോടെ രണ്ട് കുട്ടികള്‍ പറഞ്ഞപ്പോള്‍ അവള്‍ വീട്ടിലേക്ക് കരഞ്ഞുകൊണ്ട് ഓടി. ഒരു ആറുവയസ്സുകാരിക്ക് അതിലപ്പുറം എന്തു ചെയ്യാനാകും? എന്നാല്‍ മക്കള്‍ക്കിടയില്‍ മതത്തിന്റെ പേരില്‍ വിദ്വേഷം വളരുന്നത് കണ്ടുനില്‍ക്കാന്‍ ആ അമ്മമാര്‍ക്ക് സാധിക്കുമായിരുന്നില്ല. അതിനെതിരെ മുംബൈയിലെ മലാദ് ഹൗസിംഗ് സൊസൈറ്റിയിലെ സ്ത്രീകള്‍ ചേര്‍ന്നപ്പോള്‍ അത് രാജ്യത്തിനാകെ മാതൃകയായിരിക്കുകയാണ്.

മതത്തിന്റെ പേരിലെ വിദ്വേഷ പ്രചരണം ഒരു ഫാഷനോ വീമ്പു പറച്ചിലോ ആകുന്ന ഈ കെട്ടകാലത്താണ് നൂറോളം കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന മലാദ് ഹൗസിംഗ് സൊസൈറ്റി മാതൃകയാകുന്നത്. മുസ്ലിം മതവിശ്വാസത്തിന്റെ പേരില്‍ ആ ആറ് വയസ്സുകാരി കളിസ്ഥലത്ത് മാറ്റിനിര്‍ത്തപ്പെടുകയും അവള്‍ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടുകയും ചെയ്തുപ്പോള്‍ അവളെയും അവളുടെ കുടുംബത്തെയും പിന്തുണച്ചുകൊണ്ട് സ്ത്രീകളുടെ നേതൃത്വത്തില്‍ ഒരു കൂട്ടായ്മ രൂപപ്പെടുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് പടിഞ്ഞാറന്‍ മലാദിലെ റോയല്‍ ഒയാസിസ് സൊസൈറ്റിയിലെ കളിസ്ഥലത്തുനിന്നും പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഓടിയത്. കളിസ്ഥലത്തേക്ക് പോയ പെണ്‍കുട്ടി മിനിറ്റുകള്‍ക്കകം കരഞ്ഞുകൊണ്ട് ഓടിവരികയായിരുന്നുവെന്ന് അവളുടെ മാതാപിതാക്കള്‍ പറയുന്നു. ചോദിച്ചപ്പോള്‍ രണ്ട് കുട്ടികള്‍ മുസ്ലിം ആയതിന്റെ പേരില്‍ അപമാനിച്ചുവെന്ന് വ്യക്തമായി.

ഇതോടെ തന്റെ മകള്‍ നേരിട്ട ദുരവസ്ഥ പെണ്‍കുട്ടിയുടെ അമ്മ ഹൗസിംഗ് സൊസൈറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ എല്ലാവരെയും അറിയിക്കുകയായിരുന്നു. നിരവധി പേര്‍ ഇവരെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുകയും ചിലര്‍ അവരെ നേരിട്ട് സന്ദര്‍ശിച്ച് ഇത്തരം പെരുമാറ്റങ്ങള്‍ സൊസൈറ്റിയില്‍ അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയുടെ അമ്മ കണ്ട് കുട്ടികളുടെയും കുടുംബത്തെയും സമീപിച്ചു. എന്നാല്‍ ഇത് മറ്റാരില്‍ നിന്നോ ആണ് കുട്ടികള്‍ കേട്ട്പഠിച്ചതെന്നാണ് മനസിലായത്. അതോടെ കുട്ടികള്‍ക്ക് ഇരു കുടുംബങ്ങളും ജാതി മത ഭേദമില്ലാതെ എല്ലാവരെയും ബഹുമാനിക്കുന്നതിനെക്കുറിച്ച് മനസിലാക്കി കൊടുക്കുകയും ചെയ്തു.

പിന്നീട് സൊസൈറ്റിയിലെ സ്ത്രീകള്‍ ഒരു യോഗം വിളിച്ചു ചേര്‍ത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മക്കളെ പഠിപ്പിക്കുമെന്ന് തീരുമാനമെടുത്തു. കൂടാതെ സമൂഹത്തിലെ വൈവിധ്യത്തിന്റെയും നാനാത്വത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ ആഘോഷങ്ങളും കൊണ്ടാടാനും തീരുമാനിച്ചു. വ്യാഴാഴ്ച എല്ലാവരും മക്കളുമായി ഒരു പൊതുസ്ഥലത്ത് ഒത്തുകൂടി ഗണേഷോത്സവം നടത്തുകയും ചെയ്തു.

പ്രതിദിനം രാജ്യമാകെ വ്യാപിക്കുന്ന മതവിദ്വേഷം കണക്കിലെടുക്കുമ്പോള്‍ ഈ ഹൗസിംഗ് സൊസൈറ്റിയുടെ നിലപാട് ധീരവും നവോന്മേഷകരവുമാണ്. ഗോസംരക്ഷണത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളുണ്ടാകുകയും ജനങ്ങള്‍ ജയ് ശ്രീ രാം വിളിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്ന ഈ കെട്ടകാലത്ത് ന്യൂനപക്ഷങ്ങള്‍ ഭയത്തോടെയാണ് ജീവിക്കുന്നതിനാല്‍ പ്രത്യേകിച്ചും. ശനിയാഴ്ചത്തെ സംഭവത്തിന് ശേഷം തനിക്കും തന്റെ കുടുംബത്തിനും ലഭിച്ച പിന്തുണയില്‍ നിന്നും തന്റെ മക്കള്‍ ശരിയായ കാലാവസ്ഥയിലാണ് വളരുന്നതെന്ന് ഉറപ്പായതായി പെണ്‍കുട്ടിയുടെ അമ്മ മുംബൈ മിററിനോട് പ്രതികരിച്ചു.

ചില പ്രത്യേക സമുദായക്കാര്‍ക്ക് മാത്രം വീട് വാടകകയ്‌ക്കെടുക്കാനോ വാങ്ങാനോ സാധിക്കുന്ന രണ്ട് ഹൗസിംഗ് സൊസൈറ്റികളെങ്കിലും ഈ മേഖലയിലുണ്ടെന്ന് ഇവിടുത്തെ താമസക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതുപോലെ സസ്യേതര ആഹാരം പാചകം ചെയ്യരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്ന ഏതാനും സൊസൈറ്റികളും ഇവിടെയുണ്ട്. തങ്ങള്‍ എല്ലാ വിശ്വാസത്തിലുള്ളവരെയും ഉള്‍ക്കൊള്ളുന്നുണ്ടെന്നും അതിനാല്‍ തന്നെ ഒരു പുതിയ മാറ്റം ആവശ്യമുണ്ടെന്നും ഇവര്‍ പറഞ്ഞു. ഇപ്പോള്‍ നിലനില്‍ക്കുന്ന എല്ലാത്തിനെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ മതഭ്രാന്തിനെ അംഗീകരിക്കുന്നതുമില്ല- റോയല്‍ ഒയാസിസിലെ താമസക്കാരിയായ ഗരിമ ശ്രിവാസ്തവ പറയുന്നു.

കുട്ടികള്‍ക്ക് വിവിധ സംസ്‌കാരങ്ങളെക്കുറിച്ചുള്ള അവബോധമുണ്ടാകാന്‍ ഒരുമിച്ച് ചേര്‍ന്നുള്ള അത്താഴങ്ങളും കൂടിച്ചേരലുകളും സംഘടിപ്പിക്കാനൊരുങ്ങുകയാണ് സൊസൈറ്റിയിലെ അംഗങ്ങള്‍. കുട്ടികളുടെ ആദ്യ അധ്യാപകര്‍ അമ്മമാരാണെന്നും തന്റെ കുട്ടികള്‍ എല്ലാവരെയും ബഹുമാനിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും യാതൊരു വിധത്തിലുള്ള വിവേചന ചിന്തകളുമായാകരുത് അവര്‍ വളരേണ്ടതെന്നും മറ്റൊരു സൊസൈറ്റി അംഗം റുക്‌സാന പറഞ്ഞു.

also read:എന്തുകൊണ്ടാണ് മരട് ഫ്ലാറ്റുകള്‍ പൊളിക്കേണ്ടി വരുന്നത്? തുടക്കം മുതല്‍ ക്രമക്കേട്, നിയമലംഘനം, അഴിമതി; വിവാദത്തിന്റെ പൂര്‍ണ വിവരങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍