UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം

75 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം

ഏത് നിമിഷവും തോല്‍വി പ്രതീക്ഷിച്ച ഇന്ത്യന്‍ ആരാധകരെ അമ്പരപ്പിച്ച് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ കോഹ്ലിയും സംഘവും വിജയം പിടിച്ചെടുത്തു. രണ്ടാം ഇന്നിംഗ്‌സില്‍ ജയിക്കാന്‍ 188 റണ്‍സ് മാത്രം തേടിയിറങ്ങിയ ഓസ്‌ട്രേലിയന്‍ ടീമിനെ കേവലം 112 റണ്‍സിന് തളച്ചാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ഇതോടെ പരമ്പര 1-1ന് തുല്യതയിലെത്തി.

75 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. രണ്ടാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റെടുത്ത ആര്‍ അശ്വനും ഒന്നാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റെടുത്ത രവിന്ദ്ര ജഡേജയും രണ്ടാം ഇന്നിംഗ്‌സില്‍ 92 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയും രണ്ട് ഇന്നിംഗ്‌സിലും അര്‍ദ്ധ സെഞ്ചുറി നേടിയ ലോകേഷ് രാഹുലും(90, 51), രണ്ടാം ഇന്നിംഗ്‌സില്‍ 52 റണ്‍സ് നേടിയ അജിന്‍ക്യ റഹാനയുമാണ് ഇന്ത്യയുടെ വിജയ ശില്‍പ്പികള്‍.

നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് എന്ന നിലയില്‍ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇന്ന് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ചതെങ്കിലും സ്‌കോര്‍ ബോര്‍ഡില്‍ 25 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അജിന്‍ക്യ റഹാനയെ നഷ്ടമായി. തൊട്ടടുത്ത പന്തില്‍ പകുതി മലയാളി ബാറ്റ്‌സ്മാന്‍ കരുണ്‍ നായരും പുറത്തായതോടെ ഇന്ത്യ മറ്റൊരു തകര്‍ച്ച മുന്നില്‍ രണ്ടു. മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു ഇരുവരുടെയും വിക്കറ്റ്.

സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് കൂടി ചേര്‍ത്തപ്പോഴേക്കും മികച്ച ഫോമില്‍ നിന്ന പൂജാരയും പുറത്തായി. അശ്വിന്‍(നാല്), ഉമേഷ് യാദവ്(ഒന്ന്) ചെറുത്തുനില്‍പ്പിന് ശ്രമിക്കാതെ പുറത്തായെങ്കിലും അവസാന വിക്കറ്റില്‍ ഇശാന്ത് ശര്‍മ്മ(ആറ്), വൃദ്ധിമാന്‍ സാഹ(പുറത്താകാതെ 20) എന്നിവര്‍ കളി കുറച്ചുകൂടി മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇരുപത്തിയഞ്ച് ഓവറിലാണ് ഇന്ത്യയുടെ അവസാന ആറ് വിക്കറ്റുകളും വീണത്. നേടിയതാകട്ടെ കേവലം 61 റണ്‍സും.

ഏതാണ്ട് രണ്ട് ദിവസം തന്നെ ബാക്കിനില്‍ക്കെ ഓസ്‌ട്രേലിയ നിസാരമായി കളി ജയിക്കുമെന്നാണ് കരുതിയത്. എന്നാല്‍ നാലാം ഓവറില്‍ റെന്‍ഷോയെ മടക്കി ഇശാന്ത് ഇന്ത്യന്‍ ബൗളര്‍മാരുടെ നിലപാട് വ്യക്തമാക്കി. രണ്ടാം വിക്കറ്റില്‍ വാര്‍ണറും(17), ക്യാപ്റ്റന്‍ സ്മിത്തും(28) പിടിച്ചു നിന്നത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കയുണ്ടാക്കി. എന്നാല്‍ ഒമ്പതാം ഓവറില്‍ വാര്‍ണറെ മടക്കി അശ്വിന്‍ മത്സരത്തെ ഇന്ത്യയ്ക്ക് അനുകൂലമാക്കി. ഷോണ്‍ മാര്‍ഷിനെയും(ഒമ്പത്) സ്മിത്തിനെയും മടക്കി ഉമേഷ് യാദവ് മത്സരം പൂര്‍ണമായും മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി.

മിച്ചല്‍ മാര്‍ഷ്(13), മാത്യു വേഡ്(പൂജ്യം), മിച്ചല്‍ സ്റ്റാര്‍ക്ക്(ഒന്ന്), ഹാന്‍ഡ്‌സ്‌കൊമ്പ്(24), നാതന്‍ ലിയോണ്‍(രണ്ട്) എന്നിവരെ അശ്വിന്‍ പുറത്താക്കിയപ്പോള്‍ ഒക്ലിഫിനെ പുറത്താക്കി ജഡേജ രണ്ടാം ഇന്നിംഗ്‌സിലെ ഏക വിക്കറ്റ് നേടി. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിലും ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഇന്നിംഗ്‌സിലും അര്‍ദ്ധ സെഞ്ചുറി നേടിയ ലോകേഷ് രാഹുലാണ് കളിയിലെ കേമന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍