UPDATES

ട്രെന്‍ഡിങ്ങ്

കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാന്‍ ലോകം വേണ്ടത് ചെയ്യുന്നില്ലെന്ന് മോദി; ഇന്ത്യ പാരമ്പര്യേതര ഊര്‍ജ്ജലക്ഷ്യം വര്‍ധിപ്പിക്കുമെന്ന് വാഗ്ദാനം

ഫോസ്സില്‍ ഇതര ഇന്ധനങ്ങളിലേക്ക് രാജ്യത്തെ കൂടുതല്‍ അടുപ്പിക്കുമെന്ന പ്രഖ്യാപനവും മോദി നടത്തുകയുണ്ടായി.

കാലാവസ്ഥാ പ്രതിസന്ധിക്കെതിരെ വേണ്ടത് ചെയ്യാത്ത ലോകത്തെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പ്രശ്നത്തില്‍ ആഗോളതലത്തില്‍ ഒരു സമീപനമാറ്റം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മോദി.

കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാന്‍ രാജ്യം എടുക്കുന്ന നടപടികളെ മോദി വിശദീകരിച്ചു. ഇന്ത്യ തങ്ങളുടെ പാരമ്പര്യേതര ഊര്‍ജ്ജ ലക്ഷ്യം 450 ജിഗാവാട്സായി ഉയര്‍ത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഫോസ്സില്‍ ഇതര ഇന്ധനങ്ങളിലേക്ക് രാജ്യത്തെ കൂടുതല്‍ അടുപ്പിക്കുമെന്ന പ്രഖ്യാപനവും മോദി നടത്തുകയുണ്ടായി. 2022ാമാണ്ടോടെ പാരമ്പര്യേതര ഊര്‍ജ്ജ ലക്ഷ്യം 175 ജിഗാവാട്സ് മറികടക്കാന്‍ രാജ്യത്തിനാകും. പാരിസ് ഉടമ്പടിയുടെ ഭാഗമായി രാജ്യം നല്‍കിയ ഉറപ്പാണിത്. ലോകം കാലാവസ്ഥാ പ്രതിസന്ധിയെ ഗൗരമായി ചര്‍ച്ച ചെയ്യണമെന്നും പ്രവര്‍ത്തിച്ചു തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് ഡോണള്‍‌ഡ് ട്രംപും സദസ്സിലിരിക്കെയാണ് മോദി ഈ പ്രസ്താവന നടത്തിയത്.

2017ല്‍ പാരിസ് ഉടമ്പടിയില്‍ നിന്നും ഏകപക്ഷീയമായി പിന്മാറിയിരുന്നു അമേരിക്ക.

ആഗോള താപനത്തിന്റെ ലക്ഷണങ്ങളും പ്രത്യാഘാതങ്ങളും വേഗത്തിലാക്കുന്നുവെന്നാണ് ഐക്യരാഷ്ട്രഭ പറയുന്നത്. വേൾഡ് മെറ്റീറോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2014 മുതൽ 2019 വരെയുള്ള അഞ്ച് വർഷത്തെ കാലയളവ് ഏറ്റവും ചൂടേറിയ കാലമെന്ന റെക്കോര്‍ഡിട്ടിരിക്കുകയാണ്. കാര്‍ബണ്‍ പുറന്തള്ളുന്നത് വര്‍ധിക്കുന്ന അതേ അളവില്‍ സമുദ്രനിരപ്പ് ഉയരുന്നുമുണ്ട്. 1993 മുതൽ ഇതുവരെ ശരാശരി ഓരോ വര്‍ഷവും 3.2 മില്ലി മീറ്റര്‍ സമുദ്രനിരപ്പ് ഉയര്‍ന്നു വരുന്നതായാണ് കണക്കാക്കപ്പെടുന്നത്. 2015 നും 2019 നും ഇടയിൽ അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്ന കാര്‍ബണിന്റെ അളവ് അതിനു മുന്‍പുള്ള അഞ്ച് വർഷങ്ങളെ അപേക്ഷിച്ച് 20% വർദ്ധിച്ചു.2014 മെയ് മുതൽ 2019 വരെ വർദ്ധനവ് പ്രതിവർഷം ശരാശരി 5 മില്ലിമീറ്ററായി ഉയർന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ട് ദശലക്ഷക്കണക്കിന് ചെറുപ്പക്കാർ ലോകമെമ്പാടും തെരുവിലിറങ്ങിയിരുന്നു. അതിനു ശേഷമാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനം നടന്നത്. സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തകയായ കൗമാരക്കാരി ഗ്രെറ്റ തൻബെർഗ് ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. കാലാവസ്ഥാ പ്രതിസന്ധി അതീവ ഗുരുതരമായി തുടരുമ്പോഴും ആലസ്യം കൈവിടാതെ യുവാക്കളെ ‘ഒറ്റിക്കൊടുക്കുന്ന’ ലോക നേതാക്കള്‍ക്കെതിരെ ഗ്രെറ്റ തൻബെർഗ് രംഗത്തെത്തിയിരുന്നു.

ഐക്യരാഷ്ട്രസഭാ ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകവെയായിരുന്നു ഗ്രെറ്റ തൻബെർഗ് പ്രതികരിച്ചത്. അപകടകരമായ ആഗോള താപനത്തെ അഭിസംബോധന ചെയ്യുന്നതിന് പുതിയ നൂതന മാര്‍ഗ്ഗങ്ങള്‍ മുന്നോട്ടുവെക്കുന്നതില്‍ ലോക രാജ്യങ്ങള്‍ പരാജയപ്പെട്ടുവെന്ന് ഗ്രെറ്റ കുറ്റപ്പെടുത്തി. ‘ഇപ്പോഴും ഇതുപോലെ പറയാനുള്ള പക്വത നിങ്ങള്‍ക്കില്ല. നിങ്ങൾ ഞങ്ങളെ പരാജയപ്പെടുത്തുകയാണ്. എന്നാൽ നിങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്ന വിശ്വാസവഞ്ചന യുവാക്കൾ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു’- ലോകനേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക വ്യക്തമാക്കിയിരുന്നു.

കാര്‍ബണ്‍ പുറന്തള്ളുന്നത് തടയാന്‍ പുതിയ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുക എന്നതായിരുന്നു ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടി പ്രധാന ലക്ഷ്യം. എന്നാല്‍, ഹരിതഗൃഹ വാതകം പുറന്തള്ളല്‍ സമൂലമായി ഇല്ലാതാക്കുന്നതിന് ഉച്ചകോടി പുതിയ പദ്ധതികളൊന്നും മുന്നോട്ടു വെക്കുന്നില്ലെന്ന് ഗ്രെറ്റ പറയുന്നു. ‘നിങ്ങള്‍ നിങ്ങളുടെ ശൂന്യമായ വാക്കുകളാൽ കവര്‍ന്നെടുത്തത് എന്റെ കുട്ടിക്കാലവും സ്വപ്നങ്ങളുമാണ്’ എന്നാണ് വൈകാരികമായി അവള്‍ പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍